അമേരിക്കയിലിപ്പോൾ വൈറസിന് മാത്രമല്ല വസന്തകാലം
വീടുകളിലേക്ക് തിരിച്ചു കയറ്റപ്പെട്ട ഒരുകൂട്ടമായി മനുഷ്യർ എവിടെയെല്ലാമോ കുടുങ്ങി പോയിരിക്കുന്നു. വീട് രാജ്യവും ശക്തിയും മഹത്വവും ആയിരിക്കുന്നു. വീടില്ലാത്തവരുടെ ലോകം വളർന്നു വലുതായിരിക്കുന്നു. അവരുടെ ആകാശം വലുതാവുകയും ഭൂമി വിസ്തൃതമാവുകയും ചെയ്തിരിക്കുന്നു. അടച്ചുപൂട്ടിയിരിക്കാനൊരു മുറി അനിവാര്യതയുടെ ഏറ്റവും പുതിയ അളവുകോലായിരിക്കുന്നു, സാമൂഹികതയുടെ ഏറ്റവും വലിയ അടയാളമായി അവനവനിൽ തന്നെയുള്ള കെട്ടിക്കിടപ്പ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അകലങ്ങളൊക്കെയും മറികടക്കാൻ മനുഷ്യർ അടുപ്പങ്ങളുടെ പുതുവഴികൾ വെട്ടിത്തുറക്കുന്നു.
ഇന്നലെ വരെ തുറക്കാത്ത പുസ്തകങ്ങൾ തുറക്കണമെന്നും, വായിക്കാതെ വച്ചിരിക്കുന്നതിൽ നിന്നൊരു കവിതയെടുത്തു കൊറിക്കണമെന്നും, കരുതി വച്ചിരിക്കുന്നതിൽ നിന്നുമൊരു കഥ ഒറ്റയിരിപ്പിനു തീർക്കണമെന്നും, ഇതുവരെ കേൾക്കാത്ത ഒരു പാട്ടു കേട്ടുറങ്ങണമെന്നും കിനാവ് കാണുന്നു. എന്തെല്ലാമോ ചെയ്യണമെന്നു കരുതുകയും, യാതൊന്നും ചെയ്യാതെ സമയം കുത്തിയൊഴുകിപ്പോവുകയും ചെയ്യുന്നു. തിരക്കുകൾ ഇല്ലാതാവുമ്പോൾ നമ്മളും മാറ്റിവയ്ക്കാൻ തുടങ്ങുന്നു. നാളെ എന്നൊരു സാധ്യത മുന്നിലുള്ളപ്പോൾ, അത്യാവശ്യങ്ങളെല്ലാം അവധിയിലായിരിക്കുമ്പോൾ, നമ്മളും അടച്ചുവയ്ക്കുന്നു; ഒരുവാതിലിനുകൂടി കുറ്റിയിട്ടു അകത്തേക്കു കയറുന്നു.
അലസതയുടെ ദിനങ്ങളാണ്, ആലസ്യത്തിന്റെ അടയിരിപ്പുകളാണ്. മുറുകി നിൽക്കുമ്പോൾ മാത്രം മുഴുങ്ങുന്ന ഒരു പാട്ടായിരിക്കും മനുഷ്യൻ. തിരക്കുകൾ കൊണ്ടുമാത്രം ചാർജ് ചെയ്യപ്പെടുന്നൊരു ജീവി. ചലിച്ചുകൊണ്ടു മാത്രം പിടിച്ചുനിൽക്കുന്ന തുടർച്ചകൾ. ലോകം മുഴുവൻ അകത്തിരിക്കുമ്പോൾ അകത്തിരുന്നു മലമറിക്കാൻ മനുഷ്യനെ കിട്ടില്ല, എന്നാൽ ലോകം മുഴുവൻ പുറത്തായിരിക്കുമ്പോൾ മനുഷ്യൻ ആരുമറിയാതെ അകത്തുകയറും, വാതിലടയ്ക്കും; അത്ഭുതങ്ങൾക്കു അടയിരിക്കും. ശബ്ദങ്ങളെല്ലാം നിലയ്ക്കുമ്പോൾ ചെവിപൊത്തിപ്പോകുന്ന നിശബ്ദതയുടെ പാവം കാമുകീകാമുകന്മാർ.
ഇപ്പോൾ നമ്മൾ അണക്കെട്ടുകളുടെ അകത്താണ്, ഷട്ടറുകൾ തുറന്നാൽ കുതിച്ചു പായാൻ കാത്തുനിൽക്കുന്നൊരു വെമ്പലാണ് ഓരോ മനുഷ്യനും. കെട്ടിക്കിടക്കാൻ കഴിയാതെ ചാലുകൾ സ്വപ്നം കാണുന്ന വീർപ്പുമുട്ടലിലാണ് നമ്മളുടെ അടച്ചിരിപ്പുകൾ പുലരുന്നത്. അമേരിക്കയിൽ ഇപ്പോൾ വൈറസിനു മാത്രമല്ല വസന്തകാലം, വഴിയിലും വളവിലും വസന്തമാണ്. പുല്ലും പൂക്കുകയാണ്. യാതൊന്നും സംഭവിക്കാത്ത പോലെ അവർ വിടരുകയും കൊഴിയുകയും ചെയ്യുന്നു. മനുഷ്യൻ മാത്രം ലോകത്തെ പുറത്താക്കി പൂക്കളെല്ലാം നഷ്ടപ്പെട്ട് അകത്തിരിക്കുന്നു.
© ഷിബു ഗോപാലകൃഷ്ണൻ