Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ക്വീർ രാഷ്ട്രീയവും ഹിന്ദുത്വവും

ഇന്ത്യൻ സാഹചര്യത്തിൽ തീവ്ര വലതുപക്ഷ ഹിന്ദുത്വത്തിന് എളുപ്പത്തിൽ ഏറ്റെടുക്കാൻ പാകത്തിലാണ് ക്വീർ(Queer) മുന്നേറ്റങ്ങളുടെ പോക്കെന്ന വിമർശനം പൊടുന്നനെ ഉയർന്നു വരുന്നതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ഏറ്റെടുക്കൽ ശ്രമങ്ങൾ പല നിലയിലായരങ്ങേറുന്നു. ഹിന്ദുത്വത്തിന് അതാവശ്യപ്പെടുന്ന വിധത്തിൽ രൂപമാറ്റം വരുത്താനുള്ള ശേഷിയൊക്കെയുള്ളതിനാൽ ഈ ഏറ്റെടുക്കലൊക്കെ വളരെ നിസ്സാരമാണ്. ഒരു ഘട്ടത്തിൽ സ്വവർഗ്ഗലൈംഗികതയെ പാശ്ചാത്യഇറക്കുമതിയെന്നും ആർഷഭാരത സംസ്കാരത്തിന് പുറത്തുള്ളതെന്നുമൊക്കെ പ്രചരിപ്പിച്ചതിന്റെ നേതൃനിരയിലും ഇക്കൂട്ടരുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

പ്രധാനമായും ഈ ഏറ്റെടുക്കൽ യുക്തികളുടെയൊരു തുടർച്ച രണ്ടു നിലകളിലാണ് സാധ്യമാകുന്നതെന്ന് തോന്നുന്നു.

(1) അശോക് റോ കവിയുൾപ്പടെയുള്ള തീവ്ര വലതുപക്ഷ ക്വീർ ആക്ടിവിസ്റ്റുകൾ സ്വവർഗ്ഗഭീതി (Homophobia) കേവലം കൊളോണിയലിസത്തിന്റെ സ്വാഭാവികോൽപ്പന്നമാണ് എന്ന നിലയിലങ്ങേയറ്റം ചുരുങ്ങിയൊരു വിശദീകരണമേകി, ഹിന്ദുത്വയെ ക്വീർ ഇൻക്ലൂസീവായൊരു ആധുനിക പുരോഗമന മതമായി സ്ഥാപിച്ചെടുക്കുന്നു. ഹിന്ദുത്വത്തിന് വളരെയെളുപ്പത്തിൽ ട്രാൻസ്ജെന്റർ മനുഷ്യരെ ഉൾക്കൊള്ളാൻ സാധിക്കുന്നത് പോലും, പുരാണേതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന സവിശേഷസൂചനകളുടെ അടിസ്ഥാനത്തിലാണ്. ഈയൊരു ഐക്യപ്പെടൽ ഹിന്ദുത്വരാഷ്ട്ര നിർമ്മിതിയ്ക്ക് അത്യാവശമാണ്. ഈയിടെയായ് വലിയ തോതിൽ ട്രാൻസ്നോർമാറ്റീവായൊരു ഉണർവുണ്ടായി വരുന്നതും, ഹിന്ദുത്വത്തിന് ട്രാൻസ് വിഷയത്തെ അനുകൂലിക്കാനും സ്വീകരിക്കാനും പറ്റുന്നതുമിങ്ങനെയാണെന്നും ലേഖകൻ കരുതുന്നു. റൂത്ത് വനിതയും സലീം കിദ്വായിയും ചേർന്നെഴുതിയ ‘Same-Sex Love in India: A Literary History’ (2000), എന്ന പുസ്തകമുൾപ്പടെ ക്വീർ വിഷയത്തെ മുൻനിർത്തിയുള്ള ഏകപക്ഷീയമായൊരു ബ്രാഹ്മണിക വായനയാണ് മുന്നോട്ട് വെച്ചത്. ഹിന്ദു പുരാണങ്ങളും ഇതിഹാസങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇത്തരമൊരു ക്വീർപക്ഷ(ഹിന്ദു)വ്യാഖ്യാനം സാധ്യമായത്.

(2) ഇന്ത്യയിൽ ലൈംഗികതന്മയും (Sexual identity), ലിംഗതന്മയും (Gender identity) തുറന്നുപറഞ്ഞ ക്വീർമനുഷ്യർക്ക് ലഭ്യമായിട്ടുള്ള സാംസ്കാരിക മൂലധനത്തിന്റെ സ്വഭാവമെന്താണ് എന്ന അന്വേഷണമിവിടെ പ്രസക്തമാണ്.

ജാതീയവും സാമ്പത്തികവുമായ സവിശേഷാധികാരങ്ങളുള്ളവരാണേറെയും സ്വന്തം ഐഡന്റിറ്റിയിൽ ജീവിക്കുന്നതെന്ന് കാണാനാകും. ഈ ഉപരിവർഗ്ഗമാകട്ടെ ഹിന്ദുത്വ അനുവദിച്ചുകൊടുക്കുന്ന എല്ലാ തരം പ്രിവിലേജുകളുടെയും ഉപഭോക്താക്കളായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്.

അശോക് റോ കവി ഇതിനേറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയിലെ ഏറ്റവും വലിയതും സജീവവുമായ LGBTIQ+ സംഘടനകളിലൊന്നായ ഹംസഫർ ട്രസ്റ്റിന്റെ സ്ഥാപകൻ. ഹിന്ദുത്വ സ്വവർഗലൈംഗികതയെ പാപമായി കണക്കാക്കിയിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അതുപോലെ ദലിത്-മുസ്ലീം ക്വീർ ശബ്ദങ്ങളെ എതിർക്കുന്ന അശോക് റോ കവിയ്ക്ക് പരസ്യമായി തീവ്രദേശീയത, ജാതീയത, ഇസ്ലാംവിരുദ്ധത എന്നിവയെ അനുകൂലിക്കാനും സങ്കോചമേതുമില്ലാതെ തീവ്രഹിന്ദുത്വവാദികൾക്ക് വേണ്ടി വലിയ രീതിയിൽ ആക്ടിവിസം നടത്താനും സാധിക്കുന്നുണ്ട്.

പ്രമുഖ കിന്നര ആക്ടിവിസ്റ്റായ ലക്ഷ്മി നാരായൺ ത്രിപാഠിയാകട്ടെ 2018 ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിർമിക്കണമെന്ന ഹിന്ദുത്വവാദികളുടെ പ്രഖ്യാപനത്തെ പരസ്യമായി തന്നെ പിന്തുണച്ചയാളാണ്.

“ലക്ഷ്യ” എന്ന LGBTIQ+ സംഘടനയുടെ സ്ഥാപകൻ മാനവേന്ദ്ര സിങ് ഗോയൽ ഗുജറാത്ത് രാജപിപ്പള്ള ഗോയൽ രാജവംശത്തിൽ നിന്നാണ്. ദീപ മേത്തയുടെ ഫയർ റിലീസ് ചെയ്ത സമയത്ത് ‛ശിവസേന’യുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധങ്ങളും അതിക്രമങ്ങളും മൊത്തം പ്രസ്ഥാനത്തിന്റെതാണെന്ന് വിശ്വസിക്കുന്നില്ലെന്നും, പ്രതിഷേധങ്ങൾ തികച്ചും വൈയക്തികമാണെന്നുമാണ് അദ്ദേഹം ഒരഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.

പത്മ അയ്യർ സ്വവർഗ്ഗാനുരാഗിയായ മകൻ ഹരീഷ് അയ്യർക്ക് വേണ്ടി നൽകിയ മാട്രിമോണിയൽ പരസ്യത്തെ കുറിചുള്ള ആലോചനകളും ഇതോടൊപ്പം ചേർത്തുവെക്കാവുന്നതാണ്. “Seeking 25-40, well placed animal loving vegetarian groom for my son (36,5′ 11″) who works with an NGO,Caste no bar (Though Iyer Preferred)” എന്ന പരസ്യം അതു പുറത്തുവന്ന സമയത്തുതന്നെ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.

പൊതുവെ, ക്വീർമുന്നേറ്റങ്ങളെയും അവ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെയും ഒരു പുരോഗമന ആശയമെന്ന നിലയിൽ സ്വീകരിക്കാൻ “ഇടതുപക്ഷം” തയ്യാറാകുന്നുണ്ട്. ക്വീർ മനുഷ്യരുടെ വർഷങ്ങളോളം നീണ്ട അവകാശ സമരങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു ഐക്യപ്പെടൽ പോലും സാധ്യമാകുന്നത്. പുരോഗമന ചിന്തയെന്ന നിലയിൽ വിഷയത്തെ മനസ്സിലാക്കുന്നതിനോടനുബന്ധമായ് ഇതിനകമേ പല മട്ടിലുള്ള പുറന്തള്ളൽ യുക്തികളും സന്നിഹിതമാകുന്നു. പ്രതി(ശത്രു)പക്ഷത്ത് “ഇസ്ലാ”മിനെ നിർത്താനൊക്കുന്നുവെന്നത് ഹിന്ദുത്വത്തിന് അവരുടെ പൊതുശത്രുവിനോടുള്ള വെറുപ്പിന് കുറേക്കൂടി സമ്മതി ക്വീർ മനുഷ്യർക്കിടയിലാകമാനം നേടിയെടുക്കാൻ സഹായകരമാകുന്നുവെന്നതാണ് ഇതിലെയേറ്റവും വലിയ പരിമിതി(അപകടം). അടുത്ത കാലത്ത് കേരളത്തിലും ശക്തമായുയർന്നുവന്ന ക്വീർ-മുസ്ലീം സംവാദങ്ങൾ വലിയ തരത്തിൽ തന്നെ ഇസ്ലാംവിരുദ്ധമായൊരു വ്യവഹാരം ക്വീർകമ്മ്യൂണിറ്റികൾക്കുള്ളിൽ ശക്തിപ്പെടുത്താൻ ഒരു പരിധിവരെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്.

ജാതീയവും മതപരവുമായി പിളർന്ന ഇന്ത്യയിലെ സവിശേഷമായ സാമൂഹികാവസ്ഥയെ അഭിസംബോധന ചെയ്യാതെ, ഏകമുഖമായൊരു ദിശയിലാണ് ആദ്യഘട്ടം മുതൽക്കേ ക്വീർമുന്നേറ്റങ്ങളൊക്കെ നീങ്ങിയത്. ഇന്ത്യയിൽ നടക്കുന്ന പ്രധാന ക്വീർ പ്രൈഡുകളിൽ പങ്കെടുക്കുന്നവരുടെ സാമൂഹികമായ നില എന്താണ് ? അവർക്ക് ലഭ്യമായ സാംസ്കാരികമായ മൂലധനത്തിന്റെ സ്വഭാവമെന്താണ് ? എന്നീ ചോദ്യങ്ങൾക്ക് പ്രസക്തിയേറെയുണ്ട്. ആഘോഷിക്കപ്പെട്ട സ്വവർഗ്ഗവിവാഹങ്ങളെ മുൻനിർത്തിയുള്ള ആലോചനകളും ഈയൊരു കാഴ്ച്ചയ്ക്ക് കുറേക്കൂടി വ്യക്തത നൽകുന്നതാണ്. ആർക്കാണ് ക്വീർ ഐഡന്റിറ്റിയുമായി അതിജീവനം സാധ്യമാകുന്നതെന്ന് ചോദിച്ചാൽ, സാമ്പത്തികവും ജാതീയവും സാമൂഹികമായ പ്രിവിലേജുകളുള്ളവർക്ക് എന്നു തന്നെയാണ് ഉത്തരം. ഇതൊന്നുമില്ലാത്ത വലിയൊരു ഭൂരിപക്ഷമുണ്ട്. തുറന്നുപറച്ചിലുകൾ (coming out) വലിയൊരു രാഷ്ട്രീയപ്രഖ്യാപനമെന്ന വിധം വിലയിരുത്തുമ്പോഴും, തുറന്നുപറച്ചിലുകൾ സാധ്യമാകുന്നതേതു തരം മനുഷ്യർക്കാണെന്ന ചോദ്യമവിടെ പ്രസക്തമാണ്.

നിലവിലെ അവസ്ഥയിൽ ഹിന്ദുത്വത്തെ നേരിടാൻ ക്വീർ മുന്നേറ്റങ്ങൾക്കകമേ നിന്ന് ഉറക്കെ കേൾക്കേണ്ട ദളിത്-മുസ്ലീം ബഹുജൻ ക്വീർ ഇടപെടലകൾക്കേ സാധിക്കൂവെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ക്വീർ മുന്നേറ്റങ്ങളിൽ “പ്രത്യക്ഷമായൊരു” ഹിന്ദുത്വാഭിമുഖ്യമത്ര സജീവമല്ലെന്നതും ആശ്വാസകരമാണ്. ഉയർന്നു കേൾക്കുന്ന റോസ ഫെലിസിയയുടെയും ചിഞ്ചുവിന്റെയും ദളിത്-ട്രാൻസ് ശബ്ദങ്ങളും, മുഹമ്മദ് ഉനൈസിന്റെ മുസ്ലീം ക്വീർ ശബ്ദവും ഏറെ പ്രതീക്ഷ നൽകുന്നുമുണ്ട്. ജാതീയതയെയും ഹിന്ദുത്വയെയും ഇസ്ലാംവിരുദ്ധതയെയും അഭിസംബോധന ചെയ്യാതെ ഇന്ത്യൻ സാഹചര്യത്തിൽ ക്വീർപ്രശ്നങ്ങളെ അഭിമുഖീകരിക്കാനൊക്കില്ലെന്ന് ഉറക്കെ പറയേണ്ട സന്ദർഭം കൂടിയാണിത്.

1 thought on “ക്വീർ രാഷ്ട്രീയവും ഹിന്ദുത്വവും

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner