Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

സൂസൻ സോൺറ്റാഗ്: ക്യാംപ് സെൻസിബിലിറ്റി & LGBTQ+

“One should either be a work of art, or wear a work of art.” Oscar Wilde, Phrases& Philosophies for the Use of the Young.

1964-ൽ പ്രസിദ്ധീകരിച്ച ‘Notes on Camp’ എന്ന ലേഖനത്തിലാണ് അമേരിക്കൻ എഴുത്തുകാരിയും സൈദ്ധാന്തികയുമായ സൂസൻ സോൺറ്റാഗ് ‘ക്യാംപ്’ എന്ന ആശയം പുനരാവിഷ്‌ക്കരിക്കുന്നത്. ഓസ്കാർ വൈൽഡിനെയും അദ്ദേഹത്തിന്റെ അമിതത്വം തുളുമ്പുന്ന ജീവിതരീതിയെയും ഈ കുറിപ്പുകൾ പലതവണ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെ ബൗദ്ധികപാരമ്പര്യം പൗരാണിക ഗ്രീക്ക് സംസ്കാരത്തോളോം പിന്നിലേക്ക് കടന്നുചെല്ലുന്നു. 1909ലെ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ‘ക്യാംപ്’ നിർവചിക്കപ്പെട്ടിരിക്കുന്നത് അതിശയോക്തിയും ആഡംബരപ്രിയതയും നാടകീയയും കലർന്ന ഒരു ശൈലി എന്ന രീതിയിലാണ്. ‘ക്യാംപ്‌’ സ്വവർഗ്ഗരതിയും അതിനോടൊപ്പം സ്വവർഗാനുരാഗികളുടെ സ്വഭാവസവിശേഷതയും ധ്വനിപ്പിക്കുന്ന ഒന്നായും പരാമർശിക്കപ്പെടുന്നുണ്ട്. സോൺറ്റാഗിന്റെ കുറിപ്പുകൾ ‘ക്യാംപ്’ എന്ന പദത്തെ അതിന്റെ ഉറഞ്ഞുപോയ സൂചകസാധ്യതകളിൽനിന്നും (signifying possibilities) ആധുനിക സ്വവർഗ സൗന്ദര്യാത്മകതയുടെ തലങ്ങളിലേക്ക് നയിച്ചെന്നുപറയുന്നതിൽ അതിശയോക്തിയില്ല.

സോൺ‌റ്റാഗിനെക്കുറിച്ച് സംസാരിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് അവരുടെ നരകൊണ്ട് സുന്ദരമായ മുടിയും ആകാശമിടിഞ്ഞുവീണാലും കൂസലില്ലാത്ത ഭാവവുമാണ്. ഒരു ബൈസെക്ഷ്വലായിരുന്ന സോൺറ്റാഗിന്റെ ജീവിതം പോലെത്തന്നെ വൈവിധ്യപൂർണമായിരുന്നു അവരുടെ എഴുത്തും. അതിബൗദ്ധികതയുടെ ജഡഭാഷയിൽ കുടുങ്ങിപ്പോകാതെ മികച്ച ആശയങ്ങൾ കളിമട്ടിൽ അവതരിപ്പിക്കാനുള്ള സോൺറ്റാഗിന്റെ കഴിവാണ് ‘ക്യാംപ്’ കുറിപ്പുകൾക്കും ഊർജ്ജം പകരുന്നത്.

‘Notes on Camp’ സോൺറ്റാഗിന്റെ കരിയറിന് തുടക്കമിടുക മാത്രമല്ല, അത് വിമർശനാത്മക സിദ്ധാന്തത്തിനു ഒരു പുതിയ ചിന്താരീതിയും സൗന്ദരബോധവും സമ്മാനിച്ചു. കുറിപ്പുകളിൽ സോൺറ്റാഗ് ഒരു സാഹിത്യനിരൂപകയെന്ന നിലയയിലാണ് സംസാരിക്കുന്നതെങ്കിലും കലയുടെ വിഭിന്നമായ മുഖങ്ങളെ സ്വാംശീകരിക്കുന്നവണ്ണമാണ് ആശയങ്ങളുടെ വിന്യാസം. കലയോട് യുക്തിഭദ്രവും ബൗദ്ധികവുമായ ഒരു സമീപനത്തിനപ്പുറം സൗന്ദര്യശാസ്ത്രപരമായ ഒരു ഇടപെടലാണ് വേണ്ടതെന്നള്ള വാദം ശ്രദ്ധേയമാണ്.

‘ക്യാംപ്’ പെട്ടെന്നു പിടിതരാത്ത ഒരു ആശയമാണ്. ഒരു പ്രത്യേക ചരിത്രമുഹൂർത്തത്തിലേക്ക് അതിന്റെ പ്രാധാന്യത്തെ പരിമിതപ്പെടുത്താൻ കഴിയില്ല. ഹൈ-കൾച്ചർ/ ലോ-കൾച്ചർ എന്ന് വേർതിരിക്കാനാവാത്തവിധത്തിലുള്ള കലർപ്പുകളാണ് ക്യാംപ് സൗന്ദര്യാത്മകതയെ കുറെയെങ്കിലും ചിട്ടപ്പെടുത്തുന്നതെന്നു പറയാം. മേലാളര്‍ക്ക് വേണ്ടത് പറയാനും അതിലൂടെ നിലനിൽക്കുന്ന അസമത്വങ്ങളെ ഊട്ടിയുറപ്പിക്കാനും ഹൈ – ആർട്ട് പലപ്പോഴും ഒരു ഉപാധിയായിമാറുമ്പോൾ കീഴാളരുടെ സ്വത്വബോധം ആവിഷ്കരിക്കപ്പെടുന്നത് പോപ്പുലർ ആർട്ട് രൂപങ്ങളിലൂടെയായിരിക്കും. പ്രതിനിധാനവ്യവസ്ഥയുടെ ഈ ഗുരുതരമായ അപചയത്തെ അതിശയോക്തിയിലൂടെയും ആഡംബരത്തിലൂടെയും ക്യാംപ് ഹാസ്യാത്മകമാക്കുകയും ദ്വന്ദ്വങ്ങൾക്കുപുറത്തേക്ക് വളരാൻ സഹായിക്കുകയും ചെയ്യുന്നു. ക്യാംപ് എല്ലാറ്റിനുമുപരിയായി ആസ്വാദനത്തിന്റെ ഒരു രീതിയാണ്. വ്യത്യസ്ഥമായ അനുഭൂതികളുടെ ആഹ്ളാദപരമായ ആഘോഷമാണ്. അത് നിസ്സാരതയെക്കുറിച്ച് ഗൗരവമുള്ളതും ഗൗരവമുള്ളതിനെപറ്റി നിസ്സാരവുമായ വീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു.

ക്യാംപ് പരമ്പരാഗത സൗന്ദര്യാത്മക വിധിന്യായത്തിന്റെ നല്ലത്/ മോശം (good/ bad) എന്ന വൈരുദ്ധ്യാത്മകതയ്‌ക്കെതിരെ നിലകൊള്ളുന്നു. സോൺറ്റാഗ് ചില കലാനിർമിതികളെ ക്യാംപ് എന്ന ഗണത്തലും മറ്റുചിലതിനെ ഈ ടെംപ്ലേറ്റിനു അർഹരല്ലാത്തരീതിയിൽ മാറ്റിനിർത്തുകയും ചെയ്യുന്നത് ഒറ്റനോട്ടത്തിൽ സംശയാസ്പദമായി തോന്നാം. സോൺറ്റാഗിന്റെ നിർവചനമനുസരിച്ചു King Kong (1933), ബെല്ലീനിയുടെ ഓപ്പറകൾ, ക്യൂബൻ സംഗീതജ്ഞൻ ല ലൂപ്പിന്റെ പാട്ടുകൾ (La Lupe) തുടങ്ങിയവ ക്യാംപ് സെൻസിബിലിറ്റി പുലർത്തുന്നു. എന്നാൽ ഹിച്ച്കൊക്കിന്റെ സിനിമകൾ ക്യാംപ് ആകുന്നില്ല; കാരണം ഈ ചിത്രങ്ങൾക്ക് കലാപരമായി അധികം പിഴവുളില്ല എന്നുള്ളതാണ്. മാത്രമല്ല അവയുടെ കലാമൂല്യം ബോധപൂർവ്വമായ തയ്യാറെടുപ്പുകളുടെ സൃഷ്ടിയാണ്. അപ്പോൾ കലാസൃഷ്ടികൾ മോശമായാൽ അവ ക്യാംപ് ആകുമോ എന്ന ചോദ്യം ഉയർന്നു വരും. യാഥാസ്ഥിതിക കലാസങ്കൽപ്പങ്ങളനുസരിച്ചു മോശമാണെന്നു മുദ്രകുത്തപ്പെടുന്നവ ക്യാംപ് ആയേക്കാമെന്നും, പക്ഷെ ക്യാംപ് സെന്സിബിലിറ്റി പുലർത്താൻവേണ്ടിമാത്രം മോശമായിമാറുന്ന കലാസൃഷ്ടികൾ മുഴച്ചുനിൽക്കുമെന്നും സോൺറ്റാഗ് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ കിച്ച്‌ (kitsch) ക്യാംപ് സെൻസിബിലിറ്റിയുമായി കൂട്ടിക്കുഴക്കൻ കഴിയില്ല. ക്യാംപ് സ്വയംബോധമുള്ള കിച്ച് ആണെന്ന് പറയാം.

ചില ഉത്തരാധുനികവാദികളെങ്കിലും, ഫെമിനിസ്റ്റുകളും ക്വിയർ തിയറിസ്റ്റുകളുമുൾപ്പടെ, സ്വാഭാവികവും അന്തർലീനവുമാണെന്നു വിശ്വസിക്കപ്പെടുന്ന ലിംഗഭേദത്തെ ക്യാംപ് സെന്സിബിലിറ്റി ഉപയോഗിച്ചു അപനിർമ്മിക്കാനുള്ള ശ്രമംനടത്തിയിട്ടുണ്ട്. കലാകാരനും എഴുത്തുകാരനുമായ ഫിലിപ്പ് കോർ 1984-ൽ എഴുതിയ ‘From Camp: The Lie that Tells the Truth’ എന്ന പുസ്തകം ഇത്തരത്തിൽ ഒരു പഠനമാണ്.

1960കളിൽ സ്വവർഗരതിക്ക് നേരിടേണ്ടിവന്ന വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ക്യാംപ് സെൻസിബിലിറ്റിയുടെ ആകർഷണം സങ്കൽപ്പിക്കാൻ എളുപ്പമാണ്. അത് LGBTQ+ ഐഡന്റിറ്റികളെ അതിശയോക്തിയിലൂടെ മുഖ്യധാരാസമൂഹത്തിലേക്ക് ഒരു ആഘോഷമെന്നവണ്ണം സന്നിവേശിപ്പിച്ചു. എന്നാൽ അനാവശ്യമായ സാമാന്യവൽക്കരണം എൺപതുകളിലെ LGBTQ+ കമ്മ്യൂണിറ്റികളുടെ ഇടയിൽ ക്യാംപ് ഒരു അവഹേളനത്തിന്റെ ചുവയുള്ള പദമായി മാറാൻ കാരണമായി.

സമകാലിക സാമൂഹികസാഹചര്യങ്ങളിൽ ക്യാംപ് സെൻസിബിലിറ്റി ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കുന്നത് ഡ്രാഗ് ആർട്ടിസ്റ്റുകളാണ് (drag artists). ഡ്രാഗിന്റെ ഉദ്ദേശ്യം അതിശയോക്തിയിലൂടെ വിനോദം പകരുക എന്നതാണെന്ന് തോന്നിയാലും അത് ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും അതിശയോക്തികലർന്ന സ്ത്രൈണതയോടുകൂടി പെരുമാറുകയും ചെയ്യുന്ന പുരുഷന്മാരെയാണ് ‘ഡ്രാഗ് ക്വീൻസ്’ (drag queens) എന്നു വിളിക്കുന്നത്. വർണ്ണപ്പകിട്ടോടുകൂടിയ (flamboyant) വസ്ത്രധാരണവും (വിഗ്ഗുകൾ, വെപ്പ്കൺപീലികൾ, കൈയുറകൾ തുടങ്ങിയവ) ചേഷ്ടകളുംകൊണ്ട് അവർ ക്യാംപ് സെൻസിബിലിറ്റി പ്രകടിപ്പിക്കുന്നു. എല്ലാ ഡ്രാഗ് ക്വീനുകളും ഹോമോസെക്ഷ്വൽ ആകണമെന്ന് നിർബന്ധമില്ല. പക്ഷെ കൂടുതലും ഹോമോസെക്ഷ്വൽ ഓറിയന്റേഷൻ ഉള്ളവരാണ്. ഡ്രാഗ് ക്വീൻസ് സ്ത്രൈണത ‘പെർഫോം’ ചെയ്യുന്ന പുരുഷന്മാരായി നിർവചിക്കപ്പെടുന്നതിനാൽ ട്രാൻസ്ജെൻഡർ ഡ്രാഗ് രാജ്ഞികൾ ഈ ഗണത്തിൽ കണക്കാക്കപ്പെടുന്നുണ്ടോ എന്നത് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. പുരുഷത്വം ‘പെർഫോം’ ചെയ്യുന്ന ജീവശാസ്ത്രപരമായ സ്ത്രീകളാണ് ഡ്രാഗ് കിംഗ്സ്. ബയോക്കിംഗ്സ്, ബയോക്വീൻസ് എന്നും തരംതിരിവുണ്ട്. ഇവർ അതിശയോക്തിപരമായ ലിംഗാവതരണത്തിലൂടെ ജൈവിക ലൈംഗികതയെ ആഘോഷിക്കുന്നു.

ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തെ അതിന്റെ സ്ത്രീ-പുരുഷ ദ്വന്വങ്ങളിൽനിന്നു അതിശയോക്തി നിറഞ്ഞ ‘പെർഫോമിറ്റിവിറ്റി’യിലൂടെ മോചിപ്പിക്കാൻ ക്യാംപ്‌ ശ്രമിക്കുന്നു. ലൈംഗികസവിശേഷതകളും സ്വഭാവരീതികളും പെരുപ്പിച്ചു കാണിക്കുന്നതിലൂടെ ക്യാംപ് പെരുമാറ്റചട്ടങ്ങളുടെ ഉള്ളിൽ ഹോമിക്കപ്പെടുന്ന ആവിഷ്കാരസാധ്യതകളെ പുറത്തുകൊണ്ടുവരുന്നു. സോൺറ്റാഗ് പറയുന്നതുപോലെ, ക്യാംപ് സെന്സിബിലിറ്റി ഉദ്ധരണി ചിഹ്നങ്ങളുടെ സ്വയംപ്രഖ്യാപനത്തിലൂടെ വിനിമയം ചെയ്യപ്പെടുന്നു. ഒരു സ്ത്രീയല്ല, മറിച്ച് ഒരു ‘സ്ത്രീയാണ്’ ക്യാംപ് സൗന്ദര്യാത്മകതയിൽ വിഷയമാകുന്നത്. ഈ രീതിയിൽ ക്യാംപ് പാരഡിയെക്കുറിച്ചുള്ള ലിൻഡ ഹച്ചിയണിന്റെ (Linda Hutcheon) സമാനമായ തിയറികളോട് ചേർത്തുവായിക്കാവുന്നതാണ്.ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഡ്രാഗ് ആർട്ടിസ്റ്റുകളുടെ എണ്ണം വളരെക്കുറവാണ്. പലപ്പോഴും സ്വവർഗ്ഗലൈംഗികതയുടെ സ്വത്വരാഷ്ട്രീയത്തിനുള്ളിൽ ഇവരുടെ പ്രാതിനിധ്യം മുങ്ങിപോകാറുണ്ട്. സോൺറ്റാഗിന്റെ ക്യാംപ് കുറിപ്പുകൾ ഡ്രാഗ് ആർട്ടിസ്റ്റുകളുടെ സ്വത്വത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടാത്തെ രാഷ്ട്രീയപരമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കാൻ നമ്മെ സഹായിക്കുമെന്നുള്ളതു കൊണ്ടുതന്നെ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

©ശംഭു ആർ

1 thought on “സൂസൻ സോൺറ്റാഗ്: ക്യാംപ് സെൻസിബിലിറ്റി & LGBTQ+

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner