Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ഹിന്ദുരാഷ്ട്രത്തിനു തറക്കല്ലിടുമ്പോൾ

വ്യാജചരിത്രത്തെയും കെട്ടുകഥകളേയും മുന്‍നിര്‍ത്തി പ്രതികാരത്തിന്റെ കൊലക്കളങ്ങള്‍ തീര്‍ക്കുന്ന ഒരു സമൂഹത്തിന് ഒരിക്കലും ഒരു ആധുനിക സമൂഹമായി നിലനില്‍ക്കാന്‍ സാധിക്കില്ല. അയോധ്യയില്‍ പണിതുയര്‍ത്തുന്ന പുതിയ രാമക്ഷേത്രത്തിനു ഭൂമിപൂജ നടത്താന്‍ പ്രധാനമന്ത്രി ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ സംഭവിക്കുന്നത് വ്യാജചരിത്ര നിർമ്മാണം ഔദ്യോഗികമായിത്തീരുന്നു എന്നതാണ്. ചരിത്രത്തെ ഉപയോഗിച്ചുള്ള മത രാഷ്ട്രവാദത്തിന്റെ കളികള്‍ക്ക് നമ്മുടെ രാജ്യം പൂര്‍ണ്ണമായി കീഴ്പെട്ടിരിക്കുന്നു എന്നതാണ്.

ഒരര്‍ഥത്തില്‍ നാം ദീർഘകാലം കൊണ്ട് രൂപപ്പെടുത്തിയെടുത്ത ആധുനിക ഇന്ത്യയെ സംബന്ധിക്കുന്ന രാഷ്ട്രീയ ആശയങ്ങളുടെ ചരമമുഹൂര്‍ത്തം കൂടിയാണ് അത് എന്നു പറയാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആധുനിക ഇന്ത്യ എന്ന ആശയം രൂപപ്പെട്ടുവന്ന സമയത്ത് ഏറിയപങ്കും മതപരമായ സങ്കല്‍പ്പങ്ങള്‍ക്ക് മുകളിലാണ് ദേശീയതാ സങ്കല്‍പം രൂപം കൊണ്ടതും വികസിച്ചതും. ആദ്യഘട്ടത്തിൽ കോളനി ഭരണത്തിനു കീഴിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ച മധ്യവര്‍ഗ്ഗ വിഭാഗങ്ങളും അഭിജാത വിഭാഗങ്ങളുമൊക്കെയായിരുന്നു ദേശീയതാ സങ്കല്‍പ്പത്തിന്റെ സാമൂഹ്യാടിത്തറയായി നിലകൊണ്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളാകുമ്പോള്‍ സ്വദേശിപ്രസ്ഥാനവും ബംഗാളിലെ പുതിയ തരത്തിലുള്ള ഉണര്‍വുകളും എല്ലാം ചേര്‍ന്ന് ദേശീയപ്രസ്ഥാനം അതിന്‍റെ അഭിജാത മധ്യവര്‍ഗ്ഗാടിസ്ഥാനത്തില്‍ നിന്നു കുറേക്കൂടി വ്യാപകത്വം കൈവരിക്കുന്നത് കാണുവാന്‍ കഴിയും. പക്ഷെ ഈ വ്യാപ്തി ദേശീയപ്രസ്ഥാനത്തിന് അന്ന് കൈവന്നത്, മുഖ്യമായും താഴ്ന്ന ഇടത്തരക്കാര്‍ക്കിടയിലേക്ക്, വളരെ ആഴത്തിൽ മതസങ്കല്‍പ്പങ്ങളെ കടത്തിവിട്ടുകൊണ്ടും അതിനെ ദേശീയതയുമായി ബന്ധിപ്പിച്ചുകൊണ്ടുമാണ്. ബാലഗംഗാധര തിലകും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും അരവിന്ദ ഘോഷും ഒക്കെ ഈ ദേശീയതാബോധത്തിന്റെ പലതരത്തിലുള്ള പ്രതിനിധികളായിട്ടുണ്ട്. മതാത്മക ദേശീയതയായാണ് അന്ന് ദേശീയഭാവന രംഗത്തെത്തിയത്.

ഈ മതാത്മക ദേശീയതയിൽ നിന്ന് ഒരു മതനിരപേക്ഷ ജനകീയ ദേശീയതാസങ്കല്പത്തിലേക്ക് ഇന്ത്യൻ ദേശീയപ്രസ്ഥാനം വഴിതിരിഞ്ഞത് 1920കളോടെയാണ്. തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ, വ്യത്യസ്ത ജാതികളിലും മതങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലുമൊക്കെ കഴിയുന്നവർ… ഇവരെല്ലാം ഒത്തുചേർന്ന് ബ്രിട്ടീഷ് വിരുദ്ധമായ സ്വാതന്ത്ര്യസങ്കൽപ്പത്തെ, അതിന്റെ സമരോത്സുകതയെ, അടിസ്ഥാനപ്പെടുത്തി ദേശീയതയിലേക്ക് എത്തിപ്പെടുന്നത് 1920കളോടെയാണ്.

ഈ ദേശീയതാസങ്കല്പമാണ് ആധുനിക ഇന്ത്യ എന്ന ആശയത്തിലേക്ക് പിന്നീട് വികസിച്ചുവന്നത്. മതനിരപേക്ഷത, സാമൂഹികനീതി, ജനാധിപത്യം, സമത്വം തുടങ്ങിയ മൂല്യങ്ങളൊക്കെയാണ് (അവ എത്രമേൽ പരിമിതമായ രീതിയിലാണ് നടപ്പിലായതെങ്കിലും) വേണ്ടത് എന്ന ബോധ്യം അന്നുണ്ടായിരുന്നു. സാമൂഹികമായ ഉൾക്കൊള്ളലാണ് (Social Inclusion) പ്രധാനം എന്ന കാഴ്ചപ്പാടുണ്ടായിരുന്നു. അതിലൂടെ വികസിച്ചുവന്ന ദേശീയതാസങ്കല്പമാണ് പിന്നീട് നമ്മുടെ ഭരണഘടനയിലേക്ക് വഴിതിരിഞ്ഞെത്തിയത്. ഇന്ത്യൻ ഭരണഘടന ആ നിലയ്ക്ക് ഇന്ത്യയിലെ ദേശീയപ്രസ്ഥാനം രൂപപ്പെടുത്തിക്കൊണ്ടുവന്ന ചരിത്രപരമായ വിശാല വീക്ഷണഗതിയുടെ, ഏറ്റവും സമുജ്വലമായ പ്രകാശനമാണ് എന്ന കാര്യം കൂടി നാം കാണേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടനയിലും ദേശീയപ്രസ്ഥാനത്തിന്റെ ദീർഘചരിത്രത്തിലും വേരുള്ള, അതുയർത്തിക്കൊണ്ടുവന്ന രാഷ്ട്രസങ്കല്പത്തെ അന്നുമുതലേ എതിർക്കുകയാണ് ഹിന്ദുത്വരാഷ്ട്രീയം ചെയ്തുപോന്നത്. അക്കാലം മുതൽ തന്നെ മതനിരപേക്ഷ – ജനകീയദേശീയത എന്നതിനുപകരം മതാധിഷ്ഠിതമായ ദേശീയതാസങ്കല്പത്തെയും സാമ്രാജ്യവിരുദ്ധതയ്ക്ക് പകരം സാംസ്കാരികദേശീയത എന്ന പേരിലുള്ള മതാത്മകദേശീയതയുടെ യുക്തിയെയുമാണ് ഹിന്ദുത്വം ഉയർത്തിപ്പിടിച്ചത്.

ഈ സംഘർഷം ദേശീയതയുടെ ചരിത്രത്തിനുള്ളിൽ എല്ലാ കാലത്തും കാണാൻ കഴിയും. 1980കളോടെ ഈ സാംസ്‌കാരികദേശീയതാസങ്കല്പവും ഹിന്ദുത്വദേശീയതയും കൂടുതൽ വികാസം പ്രാപിച്ചു.വൈകാതെ അത് രാഷ്ട്രീയാധികാരം കയ്യാളുന്ന നിലയിലേക്കെത്തി. ഇങ്ങനെ രാഷ്ട്രീയാധികാരം കൈവന്നതിനുശേഷം ഭരണഘടനാതത്ത്വങ്ങളെ ഏതാണ്ട് പൂർണ്ണമായിത്തന്നെ കയ്യൊഴിഞ്ഞുകൊണ്ട് ഒരു മതാധിഷ്ഠിതരാഷ്ട്രത്തിലേക്കുള്ള നീക്കം ആരംഭിച്ചു എന്നതാണ് നമ്മൾ കുറച്ചു കാലമായി കാണുന്നത്. 370-ാം വകുപ്പ് റദ്ദാക്കലിൽ അത് കാണാം. പൗരത്വനിയമ ഭേദഗതിയില്‍ നമുക്കത് എത്രയും വ്യക്തമായി കാണാന്‍ കഴിയും. രാമക്ഷേത്രനിര്‍മ്മിതിയിലുള്ളതും അതു തന്നെയാണ്.

ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി എന്ന വസ്തുത നിലനില്‍ക്കുന്നു. ആ കോടതിവിധിയെ സംബന്ധിച്ച് അന്ന് ധാരാളം എതിര്‍വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എങ്കിലും അങ്ങനെയൊരു വിധിയുണ്ട്. പക്ഷെ ആ ക്ഷേത്രനിര്‍മ്മാണത്തിന്റെ കേന്ദ്രത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടം നേരിട്ടുകടക്കുന്നതോടെ അത് മതരാഷ്ട്ര യുക്തിയിലേക്കുള്ള ഭരണകൂടത്തിന്റെ തന്നെ കടന്നു നിൽക്കലായി മാറുന്നു. അങ്ങനെ ചരിത്രത്തിലെ വലിയ കയറ്റിറക്കങ്ങളെ, ചരിത്രത്തിൽ ഇല്ലാത്തവയെ കല്പിച്ചുണ്ടാക്കിയ കെട്ടുകഥകളെയൊക്കെ മുന്‍നിര്‍ത്തി, ആധുനിക രാഷ്ട്രീയത്തിന്റെയും രാഷ്ട്രത്തിന്റെയും ജീവിതത്തിലിടപെടുന്ന, അതിന്‍റെ ക്രമങ്ങളെയാകെ മാറ്റിമറിക്കുന്ന, ഒരു സന്ദര്‍ഭമാണ് നമുക്കു മുന്‍പിലുള്ളത്. അതുകൊണ്ടാണു ചരിത്രത്തെ മറയാക്കിക്കൊണ്ടുള്ള പ്രതികാരത്തിന്റെയും പകയുടെയും കളിക്കളങ്ങള്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ തീര്‍ക്കാന്‍ ഒരു ജനത തയാറാകുന്നതോടെ വാസ്തവത്തില്‍ ആ ജനതയ്ക്ക് ആധുനികമായ മൂല്യങ്ങളെല്ലാം നഷ്ടപ്പെടുന്നു എന്ന് പറഞ്ഞത്. അങ്ങനെ ആധുനികമായ മൂല്യങ്ങൾ നഷ്ടപ്പെട്ട, അതിന്‍റെ നീതി ബോധവും സാമൂഹികതാസങ്കല്പങ്ങളുമൊക്കെ നഷ്ട്ടപ്പെട്ട, ഒരവസ്ഥയിലെക്ക് ഒരു രാജ്യമാകെ പരിണമിക്കുന്നതിന്‍റെ ഔപചാരികമായ ഉദ്ഘാടനമാണ് ഓഗസ്റ്റ്‌ അഞ്ചിനു നടന്നത്. ആ നിലയില്‍ അതിനെ നമ്മുടെ നാടിന്റെ മതരാഷ്ട്രത്തിലേക്കുള്ള പരിവര്‍ത്തനബിന്ദുവായി കാണേണ്ടിവരും.

ആ മതരാഷ്ട്രയുക്തി നമ്മുടെ സമൂഹത്തെയാകമാനം വിഴുങ്ങുന്നതിനെ നമുക്ക് എങ്ങനെയാണ് പ്രതിരോധിക്കാന്‍ കഴിയുക എന്നതിനെ അനുസരിച്ചിരിക്കും ഈ രാജ്യത്തിന്റെ ഭാവി എന്നാണ് ഞാന്‍ കരുതുന്നത്. വിജയിക്കുമോ പരാജയപ്പെടുമോ എന്നുറപ്പില്ലാത്ത ഒരു വലിയ സമരമായിരിക്കും നമുക്ക് മുന്‍പിലുള്ളത്. എങ്കിലും മതനിരപേക്ഷതയെയും സാമൂഹ്യനീതി എന്ന ആശയത്തെയും മനുഷ്യര്‍ക്കിടയിലെ സാഹോദര്യം എന്ന ബോധത്തെയും മുന്‍നിര്‍ത്തിയുള്ള അവസാനമില്ലാത്ത സമരങ്ങള്‍ നടത്താന്‍ നാം ബാധ്യതപ്പെട്ടിരിക്കുന്നു. കാരണം അത്തരം സമരങ്ങളിലൂടെയാണ് നമുക്ക് മനുഷ്യര്‍ എന്ന പദവിയെ കൂടുതല്‍ അഭിമാനമുള്ളതായി നിലനിര്‍ത്താൻ കഴിയുക.

സുനില്‍ പി. ഇളയിടം

(തയാറാക്കിയത്: ഡി പി അഭിജിത്ത്, അനശ്വർ കൃഷ്ണദേവ് )

1 thought on “ഹിന്ദുരാഷ്ട്രത്തിനു തറക്കല്ലിടുമ്പോൾ

  1. പ്രസക്തം..
    ഒപ്പം തന്നെ, ഇത്തരമൊരവസ്ഥയെ എങ്ങനെ ഒറ്റക്കെട്ടായി നേരിടാം എന്നതിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കേണ്ടതില്ലേ?

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner