Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

അധിനിവേശ സസ്യങ്ങളും ജീവികളും

‘അധിനിവേശ സസ്യങ്ങളും ജീവികളും'(Invasive Plants and Animals)- സ്കൂൾ പാഠപുസ്തകങ്ങൾ മുതൽ നമ്മൾക്ക് സുപരിചിതമായ ഒരു പദപ്രയോഗമാണിത്. ആവാസവ്യവസ്ഥയുടെ നാശത്തിനു കാരണമാകുന്നു എന്ന് നമ്മൾ പലവട്ടം കണ്ണടച്ച് മനപ്പാഠമാക്കിയ കുറച്ചു കാരണങ്ങളിൽ ഒന്ന് മാത്രം. പക്ഷേ ഈ പദപ്രയോഗത്തിന്റെ ഭീകരത എത്രത്തോളം വലുതാണെന്ന് പഠിക്കുന്നവരും ചിലപ്പോൾ പഠിപ്പിക്കുന്നവരും ഒരു പരിധിവരെ മനസ്സിലാക്കിയിട്ടില്ല എന്നു തന്നെ വേണം കരുതാൻ.

വയനാട് വന്യജീവി സങ്കേതവും അവിടെ ധാരാളമായി പടർന്നുപന്തലിച്ച നിലവാക അഥവാ Cassia senna എന്ന സസ്യത്തെ കുറിച്ച് ഈയിടെ വീണ്ടും ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഒരു സാമൂഹിക വനവൽക്കരണ പരിപാടിയുടെ ഭാഗമായി അബദ്ധത്തിൽ കാടുകയറിയ നിലവാകയെ പിടിച്ചുകെട്ടാൻ കഴിയാതെ കിതക്കുകയാണ് ഇന്ന് ഉദ്യോഗസ്ഥർ.

70 ചതുരശ്ര കിലോമീറ്ററോളം സ്വാഭാവിക വനത്തെ ഈ സസ്യം കാർന്നു തിന്നു എന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ എങ്കിലും യഥാർത്ഥ കണക്കുകൾ അതിലും കൂടുതലവാനേ സാധ്യതയുള്ളൂ. ചുരുങ്ങിയ സമയം കൊണ്ട് വളരുന്ന ഈ സസ്യം പ്രത്യേകതരം അല്ലിലോ കെമിക്കൽസ് (Allelo Chemicals) പുറന്തള്ളുന്നു (Allelopathy- ഒരു സസ്യം പുറപ്പെടുവിക്കുന്ന പ്രത്യേക രാസപദാർത്ഥങ്ങൾ മറ്റ് സസ്യങ്ങളുടെ വളർച്ചയ്ക്കും പ്രജനനത്തിനും തടസ്സമാകുന്ന പ്രതിഭാസം) നമ്മുടെ പ്രാദേശിക വൃക്ഷങ്ങളുടെ വളർച്ചയ്ക്കും വിത്തുകൾ മുളക്കുന്നതിനും ഈ പദാർത്ഥങ്ങൾ തടസ്സം സൃഷ്ടിക്കുന്നു. ഈ മരത്തിന് ഏതെങ്കിലും ഒരു ഭാഗം വന്യജീവികൾ കഴിക്കുന്നതായി ഒരു പഠനത്തിലും കാലമിത്രയായിട്ടും പറഞ്ഞുകേട്ടിട്ടില്ല. ഇത്രയും സ്ഥലത്തുനിന്നും വന്യജീവികൾക്ക് ലഭിച്ചിരുന്ന ഭക്ഷണവും മറ്റും ഇല്ലാണ്ടായിരിക്കുന്നു. വന്യജീവികൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നതിനും ഇത്തരം ക്ഷാമവും ഒരു കാരണമായിരിക്കാം.

നമ്മുടെ ചെറിയ അശ്രദ്ധ പോലും ഇത്തരം വിനാശങ്ങൾക്ക് എങ്ങനെ ഹേതുവാവുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വയനാട്ടിലെ കാടുകൾക്ക് പറയാനുള്ളത്.

സസ്യങ്ങളെ മാത്രമാണ് പലപ്പോഴും നമ്മൾ അതിനിവേശ ഗണത്തിൽപ്പെടുന്നത്. മറ്റു പല ജീവികളുടേയും കാര്യം നമ്മൾ വിസ്മരിക്കുന്നു. നമ്മുടെ വനങ്ങളിലും മറ്റും കാണുന്ന സ്വാഭാവിക ജലാശയങ്ങളിൽ ആഫ്രിക്കൻ മുഷിയെ (African catfish) കാണുന്ന അവസ്ഥ എത്രത്തോളം പരിതാപകരമാണ്! നമ്മുടെ മാത്രമെന്ന് നമ്മൾ പലപ്പോഴും അഹങ്കാരത്തോടെ എടുത്തു പറഞ്ഞിട്ടുള്ള മറ്റു മത്സ്യങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നമ്മൾക്ക് ഊഹിക്കാമല്ലോ. ഈ സഹവാസത്തിലൂടെ നമ്മുടെ മത്സ്യസമ്പത്ത് നേരിടുന്ന ഭീഷണി വളരെ വലുതാണ്.

OLYMPUS DIGITAL CAMERA

2018,19 വർഷങ്ങളിലെ പ്രളയത്തിൽ അധിനിവേശ സസ്യങ്ങളുടെ വലിയൊരു പകർച്ച തന്നെ നടന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ആഫ്രിക്കൻ പായൽ(Salvina molesta), കുളവാഴ (Eichornia crassipes) എന്നിവയെല്ലാം നിയന്ത്രിക്കാവുന്നതിനുമപ്പുറം വളർന്നിരിക്കുന്നു. നാട്ടിൻപുറങ്ങളിൽ വീടുകൾക്കു ചുറ്റും വേലിയായി ചിലർ വളർത്തുന്ന അരിപ്പൂച്ചെടിയും (Lantana camara), നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ചയും(Chromalena odorata), ധൃതരാഷ്ട്രപ്പച്ചയും അധിനിവേശസസ്യങ്ങൾ ആണെന്ന് ആർക്കൊക്കെ അറിയാം!

ഇത്തരം പ്രശ്നങ്ങളിൽ ഗവേഷണങ്ങൾ പോലെതന്നെ പ്രധാനമാണ് പൊതുജന പങ്കാളിത്തവും. കേവലം ഒരു വിഭാഗം മാത്രം പ്രയത്നിച്ചാൽ തീർക്കാവുന്ന ഒരു പ്രശ്നമല്ലയിത്. പൊതുജന പങ്കാളിത്തവും ശാസ്ത്ര സാങ്കേതിക വിദ്യയുമെല്ലാം ഉപയോഗിച്ചുകൊണ്ട് മനുഷ്യന്റെ ഇച്ഛാശക്തിക്ക് മുകളിലായി ഒരു മുഷിയും നീന്തുകയോ ഒരു നിലവാകയും പൂക്കുകകയോ ചെയ്യുന്നില്ല എന്ന് നമ്മൾക്ക്‌ ഉറപ്പുവരുത്താം.

1 thought on “അധിനിവേശ സസ്യങ്ങളും ജീവികളും

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner