Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

അൽപന്മാർക്ക് രസിക്കാൻ നല്ല- ചെറുപ്പക്കാരുടെ മോഹിനിയാട്ടം

കേവലം ശാസ്ത്രീയമെന്ന വിളിപ്പേരുചാർത്തിക്കിട്ടിയതോടെ എല്ലാം തികഞ്ഞ മട്ടാണ് മോഹിനിയാട്ടത്തിൽ. ശാസ്ത്രീയത, പാരമ്പര്യം എന്നൊക്കെയുള്ള വാക്കുകളാൽ ഊറ്റംകൊള്ളുന്നവർ സൗകര്യപൂർവ്വം വിസ്മരിച്ച ചില ചരിത്രസന്ധികളിൽ നിന്ന് മോഹിനിയാട്ടത്തിന്റെ സ്വത്വത്തെ വായിച്ചെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

രചയിതാവിന്റെ ‘പൗരാണിക്ക് വൊക്കാബുലറി’യിൽ വരച്ചെടുക്കേണ്ടതാണോ കലാചരിത്രം? ‘മോഹിനി’ എന്നൊരുവാക്കിലൂടെ ഭസ്മാസുര ‘മോഹിനി’യിലേക്കും, പാലാഴി മഥനത്തിലെ ‘മോഹിനി’യിലേക്കുമൊക്കെ കടന്ന് ചെന്ന് നിർമ്മിച്ചെടുത്ത ‘ചരിത്ര’പശ്ചാത്തലം. പുരാണകഥകളെയും കഥാപാത്രങ്ങളെയും കൂട്ടുപിടിച്ച് വളരെയെളുപ്പത്തിൽ മഹത്തായ ‘ക്ഷേത്രകല’യാക്കി ‘ഗ്ലോറിഫൈ’ചെയ്ത് ‘ശാസ്ത്രീയ’മാക്കിയെടുക്കുന്ന ഒരുതരം ‘ഇൻസ്റ്റന്റ്’ സ്വത്വനിർമ്മിതി. മിത്തിനെപ്പോലും ചരിത്രമായി അവതരിപ്പിക്കുന്ന കൺകെട്ടുവിദ്യ! ഉന്നതവിദ്യാഭ്യാസം നേടിയ ചില മോഹിനിയാട്ടക്കാർക്ക് പോലും ഈ വേർതിരിവ് (വകതിരിവ്?) മനസ്സിലാകാതെ പോകുന്നതെന്തു കൊണ്ടാവണം?

‘മോഹിനി’ മിത്തുപോലെ മറ്റൊന്നാണ് മോഹിനിയാട്ടത്തിൽ ഇടയ്ക്കിടെ കേൾക്കുന്ന പാരമ്പര്യവാദം. അതിൽ ഊറ്റം കൊള്ളുന്നവർ ഇന്നും അനവധിയാണ്. അങ്ങിനെ മിത്തും പാരമ്പര്യവും സമാസമം ചേർത്ത് ശൈശവദശയിൽ തന്നെ  ‘ശാസ്ത്രീയ’മെന്ന വിഭാഗത്തിലേക്ക് ചേക്കേറാൻ മോഹിനിയാട്ടത്തിന് വലിയ പ്രയാസമുണ്ടായില്ല എന്നത് വലിയൊരു ചരിത്രസത്യവും.

“കഥകളി, കൃഷ്ണാട്ടം, ചാക്കിയാർക്കൂത്ത്, പാഠകം പറയൽ, കൂടിയാട്ടം, സംഘകളി, തുള്ളൽ, കൈകൊട്ടിക്കളി, വാളേറ്, ഞാണിന്മേൽകളി, ചെപ്പടിവിദ്യ, സദിര്, മോഹിനിയാട്ടം ഇങ്ങനെയുള്ള അനേകവിധം വിനോദമാർഗങ്ങൾ ഇപ്പോൾ മലയാളത്തിലെങ്ങും പ്രചാരമായിട്ടുണ്ട്. ഈ കലകളിൽ എല്ലാറ്റിലും വച്ച് ഏറ്റവും അവമാനകരമായിട്ടുള്ളത് ഏതാണെന്ന് ബുദ്ധിയുള്ളവർ ആലോചിച്ചുനോക്കിയാൽ, മോഹിനിയാട്ടത്തോട് സദൃശ്യപ്പെടുത്താവുന്നത് മറ്റൊന്നും തന്നെയില്ലന്നത്‌ നിഷ്പക്ഷപാതമായി സമ്മതിക്കേണ്ടിവരും…”

Thomas vo van Tao
Picture Courtesy: Helen Foisac

1895ൽ‌ വിദ്യാവിനോദിനിയിൽ ഇപ്രകാരം പരാമർശിക്കപ്പെട്ട ഒരു സാമൂഹ്യകല, 1930കളിൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടപ്പോൾ കൂടിയാട്ടത്തിനും മുകളിലായി സ്ഥാനം നേടുന്നു. പിന്നീട് ആ കലയുടെ അവസാനവാക്കായി ആ സ്ഥാപനത്തെ പ്രതിഷ്ഠിക്കുന്നു. ഏതുനൂറ്റാണ്ടിൽ ഉണ്ടായതായാലും തികച്ചും പുരുഷകേന്ദ്രീകൃതമായൊരു കാഴ്ചശീലം തന്നെ നാമധേയമാവുന്ന – സ്വന്തം പേരിൽ പേറേണ്ടിവരുന്ന – മറ്റൊരു കലാരൂപവും വേറെയെങ്ങുമുള്ളതായി കേട്ടറിവ് പോലുമില്ല. മോഹിനിയാട്ടത്തെപ്പറ്റി വന്ന ആദ്യകാല പരാമർശങ്ങൾ കലാമേന്മയ്ക്കപ്പുറം പ്രയോക്താക്കളായിരുന്ന പാവം കലാകാരികളുടെ ഉടലിൽ ഉടക്കിനിൽക്കുന്നത് തള്ളിക്കളയേണ്ട വിഷയമല്ലല്ലോ.

“അല്പന്മാർക്ക് രസിക്കാൻ നല്ല-
ചെറുപ്പക്കാരുടെ മോഹിനിയാട്ടം”

“മാടണിമുലമാർ മോഹിനിയാട്ടം”
എന്നിങ്ങനെയൊക്കെയുള്ള പരാമർശങ്ങൾ മേൽസൂചിപ്പിച്ച കാഴ്ചശീലത്തെ സാധൂകരിക്കുന്നവയാണ്.

ഇതുവരെ പറഞ്ഞുവെച്ചത് പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിലെ ചരിത്രമാണെങ്കിൽ ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ചതും മറ്റൊന്നല്ല. ഏതാണ്ട് ഇതേ ഫ്യൂഡൽ കാഴ്ച്ചശീലങ്ങളാണോ അതോ കലാമൂല്യമാണോ മോഹിനിയാട്ടത്തെ കലാമണ്ഡലത്തിൽ എത്തിച്ചത് എന്നത് രേഖകളിൽനിന്ന് വ്യക്തമല്ലെങ്കിലും കളരിയിലെത്തിയതിനു ശേഷം മുൻപുപറഞ്ഞ ആൺകാഴ്ച മോഹിനിയാട്ടത്തെ വലുതായി സ്വാധീനിച്ചത് സൂക്ഷിച്ചുനോക്കുമ്പോൾ കാണാനാവുന്നുണ്ട്. അനേകം എതിർപ്പുകളെ വെല്ലുവിളിച്ച് വള്ളത്തോൾ ഈ കലയെ ‘കഥകളിയോടൊപ്പം അവതരിപ്പിക്കാൻ’ ആഗ്രഹിച്ചതിന്റെ ചില ചിന്തകൾ ലീലാ നമ്പൂതിരിപ്പാടിന്റെ ‘കലാമണ്ഡലം ചരിത്രം’ നമ്മളോട് പങ്കുവെക്കുന്നുണ്ട്.

“കേരളത്തിന് പുറത്ത് സഞ്ചരിക്കുമ്പോൾ സങ്കേതജടിലവും കടിച്ചാൽ പൊട്ടാത്തതുമായ കഥകളി കൂടാതെ, കളിച്ചുതുടങ്ങുന്നതിന് മുൻപോ രംഗങ്ങൾക്കിടയിലോ ലളിതവും എളുപ്പം ദഹിക്കുന്നതുമായ മറ്റുതരം നൃത്തനൃത്യങ്ങൾ കൂടി ചേർക്കാൻ കഴിഞ്ഞാൽ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കാനും സാമ്പത്തികമായ നേട്ടം ഉണ്ടാക്കാനും സഹായിച്ചേക്കു”മെന്നും ആയതിനെ “പുനരുജ്ജീവിപ്പിച്ചു കൈരളീനൃത്തം എന്ന് പേർ മാറ്റിയിട്ട് കലാമണ്ഡലത്തിലെ പാഠ്യവിഷയമാക്കണമെന്നും കൗതുകം തോന്നിക്കുന്ന പെൺകുട്ടികളെ മോഹിനിയാട്ടം പഠിപ്പിച്ച് പരിഷ്കൃതരും സംസ്കൃതാശയരുമായ വിദ്വജ്ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.”

ഡോ. ദിവ്യ നെടുങ്ങാടി
Picture courtesy: Bivin Lal

കൗതുകം തോന്നിക്കുന്ന പെൺകുട്ടികളുടെ നൃത്തം, കഥകളിക്ക് ആളെക്കൂട്ടൽ, സാമ്പത്തിക നേട്ടം ഉണ്ടാക്കൽ തുടങ്ങിയ വിഷയങ്ങളെ ചേർത്തുവായിക്കുമ്പോൾ നമ്പ്യാർ പറഞ്ഞുവച്ച മോഹിനിയാട്ടത്തിന്റെ അസ്തിത്വം പിൻകാല പരിചരണങ്ങളിലും മാറ്റമില്ലാതെ തുടർന്നുപോന്നുവെന്നത് കൃത്യമായി കാണാനാവും. ഫ്യൂഡൽ ആൺനോട്ടത്തെ പരിരക്ഷിച്ചും ലാളിച്ചും തന്നെയായിരുന്നു കലാമണ്ഡലത്തിനകത്തും ആദ്യകാലങ്ങളിൽ മോഹിനിയാട്ടത്തിന്റെ പരിചരണം. ഈ ആൺകാഴ്ചയാണ് ശൃംഗാരനായികമാരുടെ വികാരവിചാരങ്ങളിലേക്ക് ഒതുക്കിയുള്ള മോഹിനിയാട്ട ഇനങ്ങളുടെ നിർമ്മിതിയിലേക്ക് കലാമണ്ഡലത്തെ നയിച്ചതെന്ന് പറയേണ്ടിവരും.  പ്രയോക്താകളും ഗവേഷകരും  മോഹിനിയാട്ടത്തെ ഇന്നും “മോഹിപ്പിക്കുന്നവളുടെ നൃത്തമായി” പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞുവല്ലോ. അപ്പോൾ ആരെയാണ് മോഹിനിയാട്ടക്കാർ മോഹിപ്പിക്കുന്നത് അല്ലെങ്കിൽ മോഹിപ്പിക്കേണ്ടത് എന്നൊരു ചോദ്യമുണ്ട്. ഇത്തരം നിർവചനങ്ങൾ നിർമ്മിച്ചുനൽകുന്ന അശ്ലീല’ക്കാഴ്ച’ ഇന്നും മോഹിനിയാട്ടത്തെ വിടാതെ പിന്തുടരുന്നുണ്ട്. അത് വലിയതോതിൽ ആ നൃത്തരൂപത്തിന്റെ സ്വാഭാവികമായ വളർച്ചയെ പിറകോട്ടടിക്കുന്നുമുണ്ട്. അത്തരം കാഴ്ച്ചകൾക്കപ്പുറത്തേക്ക് മോഹിനിയാട്ടത്തെ കൊണ്ടുപോകാനും പ്രദർശിപ്പിക്കാനും ഇന്നത്തെ ചില പ്രയോക്താക്കളെങ്കിലും നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല.

ഇശൈ വെള്ളാളരുടെ പാരമ്പര്യ കലാരൂപമായിരുന്ന സദിരാട്ടത്തിൽ രുക്‌മിണിദേവി നടത്തിയ മാറ്റങ്ങളും ദർശനങ്ങളുമാണ് മറ്റേതൊരു കലാരൂപത്തിനും മുകളിലായി ഭരതനാട്യം പ്രതിഷ്ഠിക്കപ്പെട്ടതിനുള്ള പ്രധാനകാരണം. കഥകളിയും കൂടിയാട്ടവുമടക്കമുള്ള ഇതരകലാരൂപങ്ങളിലെ കലാപരമായ അംശങ്ങളെ കൃത്യതയോടെ സ്വാംശീകരിച്ച് സദിരിന്റെ ഭാഷയും വ്യാകരണവും  പുനർനിർവ്വചിച്ച് ക്ലാസിസത്തിൻെറ പര്യായമായി ഭരതനാട്യം എന്ന കലയെ അവർ അവതരിപ്പിച്ചു. ഒന്നുരണ്ടുപതിറ്റാണ്ടുകൾ നീണ്ട ടീം വർക്ക് ആയിരുന്നു അത്. അതിൽ അവരെ സഹായിച്ചവർ അനവധിയാണ്. അടിത്തറ വിപുലവും ദൃഢവുമായതിനാൽ തന്നെ തുടർന്നങ്ങോട്ടുള്ള ആ കലാരൂപത്തിന്റെ വളർച്ച സ്വാഭാവികമായിരുന്നു. ദാർശനികബോധത്തിൽ നിന്നുള്ള ഇത്തരം ഇടപെടലുകളാണ് കലാമണ്ഡലത്തിൽ പുതുജീവൻ നേടിയ മോഹിനിയാട്ടത്തിൽ നാളിതുവരെ നടക്കാതെപോയതും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും പുതിയ പാഠ്യക്രമങ്ങൾ രൂപപ്പെടുത്തുമ്പോൾ പാരമ്പര്യം എന്ന വാക്കിലൂന്നി വിരഹത്താൽ ഉത്കണ്ഠപ്പെടാനും, കിടക്കയൊരുക്കി നായകനെ കാത്തിരിക്കാനും, കാമക്രീഢകളിൽ തൽപരയായ നായികയാവാനുമാണ് പതിനാല് പതിനഞ്ച് വയസ്സുള്ള പെൺകുട്ടികളെ അഭ്യസിപ്പിക്കുന്നത്. ഈയൊരു സമീപനം തികഞ്ഞ സ്ത്രീവിരുദ്ധതയല്ലാതെ മറ്റെന്താണ്? ഇതിനെത്തന്നെയാണ് എന്തോ വലിയ പാരമ്പര്യമായി ഉയർത്തിക്കാട്ടുന്നതും.

Thomas vo van Tao
Picture Courtesy: Helen Foisac

സ്ത്രീശരീരസങ്കൽപനങ്ങളിൽ ഊന്നിയുള്ള പരിവർത്തനമാണ് മോഹിനിയാട്ടത്തിൽ നാളിതുവരെ നടന്നിട്ടുള്ളത്. ഒരു നൃത്തരൂപത്തിന്റെ സ്വത്വം നിൽക്കുന്നത് അതിന്റെ ആംഗിക പ്രകരണത്തിലാണ്. ഇതര ദക്ഷിണേന്ത്യൻ ക്ലാസ്സിക്കൽ കലകളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ അയഞ്ഞതും കൃത്യമായി നിർവചിക്കപ്പെടാത്തതുമാണ് മോഹിനിയാട്ടത്തിലെ ആംഗിക പ്രകരണം. കാര്യമായൊന്നും പഠിക്കാതെയും, കൃത്യമായ അഭ്യസനമില്ലാതെയും മോഹിനിയാട്ട നർത്തകിയാവാം എന്ന അവസ്ഥക്ക് കാരണവും ഇതുതന്നെയാണ്. വർത്തുളം, സർപ്പിതം, അതിക്രാന്തം എന്നിങ്ങനെയൊക്കെയുള്ള കുറേ പദങ്ങളിലൂടെ ആംഗികത്തെ പറഞ്ഞുവെക്കുന്നു എന്നല്ലാതെ ഉറപ്പുള്ളതും ഏകതാനവുമായ ഒരു ആംഗിക പ്രകരണം മോഹിനിയാട്ടത്തിൽ നാളിതുവരെയായി രൂപപ്പെട്ടിട്ടില്ല.

നൃത്തം അഭ്യസിക്കാൻ വരുന്ന കുട്ടിയുടെ ശരീരത്തെ മോഹിനിയാട്ടത്തിനുതകും വിധം അഭ്യസനത്തിലൂടെ പാകപെടുത്തുന്നതിനു പകരം കുട്ടികളുടെ ശരീരപ്രകൃതി നോക്കി ആ കുട്ടിക്ക് ‘മോഹിനിയാട്ടം ചേരുമോ?’ എന്ന് നിശ്ചയിക്കുന്ന വിരോധാഭാസം ഈ മലയാള നാട്ടിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണ്. നമ്പ്യാർ പറഞ്ഞ മോഹിനി സങ്കൽപ്പത്തിന്റെ വാർപ്പുമാതൃകയ്ക്ക് ചേരാത്തവരെ അരങ്ങുകളിൽ നിന്ന് ഇന്നും മാറ്റിനിർത്തുന്നു എന്നത് എതിർക്കപ്പെടേണ്ട പ്രവണതയാണ്.

സ്‌കൂൾ കലോത്സവങ്ങളിൽ ചെറിയ കുട്ടികളെപ്പോലും ‘വെച്ചുകെട്ടലു’കളിലൂടെ ‘മോഹിനി’മാരാക്കി അവതരിപ്പിക്കുന്നത് ആരുടെ കണ്ണുകളെ തൃപ്തിപ്പെടുത്താനാണ്? ലിംഗനിരപേക്ഷവും ശരീരത്തിൽ നിന്നും ഉയർന്ന് നൃത്തത്തിന്റെ തനത് സൗന്ദര്യസങ്കല്പങ്ങളിൽ അധിഷ്ഠിതവുമായൊരു ആംഗിക പ്രകരണം സ്വരൂപീക്കാൻ മോഹിനിയാട്ടത്തിന് സാധിക്കാതെ പോയത്  താക്കോൽസ്ഥാനത്തിരുന്ന ചിലരുടെയെങ്കിലും ഇടുങ്ങിയ മനോനിലകൊണ്ടാവണം. കലാലയങ്ങൾക്ക് പുറത്ത് ചില പ്രയോക്താക്കളെങ്കിലും മറിച്ചു ചിന്തിച്ചുതുടങ്ങുന്നുവെന്നത് ആശാവഹമാണ്.

2 thoughts on “അൽപന്മാർക്ക് രസിക്കാൻ നല്ല- ചെറുപ്പക്കാരുടെ മോഹിനിയാട്ടം

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner