Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

അതിനാടകീയതയുടെ ക്രിസ്റ്റോറിയൻ പരിസരങ്ങൾ

കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ജോർദാൻ പീറ്റേഴ്സൺ, അതിനാടകീയ പരിസരങ്ങൾ/ വിഷയങ്ങൾ /സംഭവങ്ങൾ ക്രിയേറ്റ് ചെയ്യുന്നതിൽ ഏറ്റവും മിടുക്കുള്ളത് സ്ത്രീകൾക്കാണ് എന്നൊരു അഭിപ്രായപ്രകടനം നടത്തി. ആ അഭിപ്രായത്തിന്റെ അടിസ്ഥാനം കൃത്യമായ സ്ത്രീവിരുദ്ധതയാണ് എന്ന് തോന്നാമെങ്കിലും യാഥാർഥ്യം അതല്ല. അതിനാടകീയത ഉല്പാദിപ്പിക്കുക എന്നതൊരു സ്കിൽ ആണ്. സ്വാഭാവികമായ ഒരു ചലനത്തെ സവിശേഷവൽക്കരിക്കുക എന്ന ക്രിയാത്മകപ്രവർത്തനമാണ് ഈ അതിനാടകീയത. കുറ്റാന്വേഷണകഥകളുടെ റാണി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഡിറ്റക്റ്റീവ് നോവലിസ്റ്റ് ആയ അഗത ക്രിസ്റ്റിയിൽ ഈ സ്വാധീനം പ്രകടമാണ്. ഋജുവായി പോകുന്ന ഒരു ലൈനിനെ സങ്കീർണ്ണവത്കരിക്കുന്നതാണ്/ഡ്രമാറ്റിക് ആക്കിമാറ്റി പ്രതിഭാവനം ചെയ്യുന്നതാണ് അവരുടെ പല നോവലുകളുടേയും സാമാന്യസവിശേഷത. കഥാഗതിയെ അപ്പാടെ പൊളിച്ചെഴുതുന്ന ട്വിസ്റ്റുകൾ, അതിനാടകീയ കൊലപാതകപശ്ചാത്തലങ്ങൾ, ഐഡന്റിറ്റി മോഷണം തുടങ്ങി ത്രില്ലർ സിനിമ കാണുന്ന മൂഡോടെ നിർമ്മിക്കപ്പെട്ട അവരുടെ ഒരു നിരയോളം നോവലുകൾ ഉണ്ട്. കേവലമൊരു ഡിറ്റക്റ്റീവ് നോവലിന്റെ ചട്ടക്കൂടിനകത്തു ഒതുങ്ങിനിൽക്കാതെ സങ്കീർണമായ ഡ്രമാറ്റിക് പസിലുകൾ തുറന്നിടുന്ന അവതരണമാണ് അവ കയ്യാളുന്നത്. ‘എബിസി മർഡേഴ്സ്’ എന്ന അവരുടെ വിഖ്യാതനോവൽ മുതൽ കെട്ടുപൊട്ടിയ ഒരു വിചിത്രഭാവനയുടെ ആധിക്യം അഗതാക്രിസ്റ്റിയിൽ വ്യക്തമാണ്.


ഏൾ ഡെൽ ബിഗേഴ്സും റെക്സ് സ്റ്റോട്ടും ഡേവിഡ് ഹ്യൂമും അടങ്ങുന്ന സമകാലീനരായ ആൺ ഡിറ്റക്റ്റീവ് എഴുത്തുകാരുടെ ആഖ്യാനരീതിയുമായും ക്രാഫ്റ്റുമായും ഒരുതരത്തിലും തട്ടിച്ചു നോക്കാൻ പാറ്റാത്തതാണ് അഗത ക്രിസ്റ്റിയുടെ ആഖ്യാനശൈലി. ഹോംസിന്റെ സ്വാധീനം ഉണ്ടെങ്കിൽ കൂടി അത് കുറഞ്ഞ അളവിലേ കണ്ടത്താനാകൂ. സ്ത്രീസഹജമായ ഒരു നാടകീയ വ്യാഖ്യാനത്തിന്റെ വ്യതിരിക്തത അവരുടെ ഓരോ പുസ്തകവും പേറുന്നുണ്ട്. ക്രിസ്റ്റിയുടെ ’മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ്’ എന്ന വിഖ്യാതനോവൽ ഒരു ഉദാഹരണമാണ്. അവരുടെ ഒഫീഷ്യൽ ഇൻവെസ്റ്റിഗേഷൻ ടൂൾ ആയ ഹെർക്യൂൾ പെയ്‌റോട്ടിലൂടെ സഞ്ചരിക്കുന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ് ഈ നോവലിന്റെ ഉള്ളടക്കം. കഥാഗതിയുടെ മുക്കാൽഭാഗം പിന്നിടുമ്പോഴാണ് നമ്മൾ ഇതുവരെ കണ്ടതല്ല നോവലിന്റെ കോർ പോയിന്റ് എന്നും ഈ കൊലപാതകം തന്നെ, സംഭവിച്ചുകഴിഞ്ഞ ഒരു പ്രതികാരപദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും മനസ്സിലാകുന്നത്. ലോജിക്കിന്റെ സാധ്യതകളോട് ഒരുതരത്തിലും സംവദിക്കാത്ത അതിനാടകീയതയുടെ ഒരു അപരലോകത്തേക്കു നിഷ്പ്രയാസം ചെന്നുകയറുന്ന ആ നോവൽ ഒരസാധ്യ ത്രില്ലർ ആണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒരു സ്ത്രീയുടെ നാടകീയഭാവനയ്ക്ക് മാത്രം വഴങ്ങുന്ന ഒന്ന്.


ഐഡന്റിറ്റി മോഷണം, അത് മുഖാന്തരം നടക്കുന്ന ആൾമാറാട്ടങ്ങൾ ഇവയിൽ ക്രിസ്റ്റിയുടെ അത്ര താല്പര്യം ഉള്ള സ്ത്രീ എഴുത്തുകാരെ നിങ്ങൾ അധികം കണ്ടുകാണില്ല. ദി മിസ്റ്ററി ഓഫ് ബ്ലൂ ട്രെയിൻ, ആഫ്റ്റർ ദി ഫ്യൂണറൽ, ഹെർക്യൂൾ പെയ്‌റോട്ട്സ് ക്രിസ്മസ്, അപ്പോയ്ന്റ്മെന്റ് വിത്ത് ഡെത്ത്, തെർറ്റീൻ പ്രോബ്ലെംസ് എന്ന് തുടങ്ങി അനവധി നോവലുകളിൽ ഐഡന്റിറ്റി മോഷണവും അതുവഴിയുണ്ടാകുന്ന തെറ്റിദ്ധരിപ്പിക്കലുകളുടെയും അയ്യരുകളിയാണ്. ഇതിൽ മിസ് മേപ്പിൾ കേന്ദ്രകഥാപാത്രമായി വരുന്ന തെർറ്റീൻ പ്രോബ്ലെംസ്ൽ ‘ദി കംപാനിയൻ’ എന്ന ഒരു കഥയുണ്ട്. പണത്തിനുവേണ്ടി കൂട്ടുകാരിയെ കടലിൽ മുക്കിക്കൊന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ ഐഡന്റിറ്റി മോഷ്ടിച്ച് ആ ഐഡന്റിറ്റിയിൽ ജീവിക്കുന്ന മധ്യവയസ്കയാണ് അതിലെ നായിക. യുക്തി എന്ന സങ്കേതത്തെ പ്രശ്നവൽക്കരിക്കുന്നുണ്ടെങ്കിലും ചടുലമായ ആകാക്ഷയെ ചൂഷണം ചെയ്യുന്ന കഥാതന്തു ആണിത് .

എന്തു കൊണ്ടാണ് ഐഡന്റിറ്റി മോഷണം ഈ രീതിയിൽ അഗതാക്രിസ്റ്റിയുടെ നോവലുകളിലുടനീളം വന്നുപോകുന്നത്? കാരണം, ഈ പ്രക്രിയക്ക് അതിമനോഹരമായ ഒരു കാല്പനികതലമുണ്ട്. യുക്തിയുമായി ഒരു പോയിന്റിലും മുഖാമുഖം കണ്ടുമുട്ടാത്ത ഈ ഒരു തലത്തിൽ സ്വയം അഭിരമിച്ചാണ് അഗത ക്രിസ്റ്റി ഓരോ പ്രശ്നത്തെയും വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. അനിതരസാധാരണമായ ഈയൊരു റൊമാന്റിക് യുക്തിയെ ദുരൂഹവും നാടകീയവുമായി അവർ പുനർവ്യാഖ്യാനം ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ, ഒരു പുരുഷനും തോന്നാത്ത ഭയാനക ഭാവനയ്ക്കാണ് ഫ്രാങ്കൻസ്റ്റൈനിലൂടെ മേരി ഷെലി ജന്മം നൽകിയത്. അത്ര രൂക്ഷതയേറിയ ഒരു ഫാന്റസിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ഒരു സ്ത്രീ തനിച്ചു വഴക്കിയെടുത്ത കൊടിയ സവിശേഷ ക്രിയാശേഷിയുടെ പിൻബലമുണ്ട്. അതിനെ നിങ്ങൾക്കു അതിനാടകീയത എന്ന് തന്നെ വിളിക്കാം. കാരണം അത് ഒരു സാധാരണ വൈയക്തികബോധത്തെ അസാധാരണവൽക്കരിച്ചുകൊണ്ട് തന്റേടത്തോടെ നിങ്ങൾക്ക് മുൻപിൽ തലയുയർത്തി നില്ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ.

1 thought on “അതിനാടകീയതയുടെ ക്രിസ്റ്റോറിയൻ പരിസരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner