ഭൂമിയുടെ ഓസോൺ അരിപ്പ
കുറച്ചൊക്കെ വെയിൽ കൊള്ളുന്നത് ശരീരത്തിന് നല്ലതാണ്. എന്നാലത് കൂടുതലാകുമ്പോൾ ഹാനീകരമായും ഭവിക്കുന്നു.
സൂര്യനിൽ നിന്ന് വരുന്ന ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളാണ് പ്രകാശമായും ചൂടായും ലഭിക്കുന്നത്. ഈ കൂട്ടത്തിൽ നമുക്ക് കാണാനാകാത്ത സൂക്ഷ്മ തരംഗങ്ങളും സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്നുണ്ട്. അക്കൂട്ടത്തിലെ അൾട്രാ വയലറ്റ് (UV) കിരണങ്ങളാണ് വെയിലിനെ അപകടകാരിയാക്കുന്നത്. UV കിരണങ്ങൾക്ക് സൂക്ഷ്മജീവികളെവരെ കൊല്ലാൻ സാധിക്കും. അവ ശരീരത്തിൽ നേരിട്ട് പതിച്ചാൽ ചർമത്തിൽ പൊള്ളലേൽക്കാനും, ‘മെലനോമ’ ( Skin Cancer ) പോലുള്ള അസുഖങ്ങൾക്കും കാരണമായിത്തീരും !
പക്ഷേ വെയിലേറ്റാൽ എല്ലാവർക്കും ഇതൊന്നും സംഭവിക്കുന്നില്ലല്ലോ!
അതിന് നന്ദി പറയേണ്ടത് അന്തരീക്ഷത്തിന്റെ മേൽത്തട്ടായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണെന്ന വാതകപാളിയോടാണ്.
എന്താണ് ഓസോൺ ?
ഓസോൺ എന്നാൽ മൂന്ന് ഓക്സിജൻ അറ്റങ്ങൾ ചേർന്ന് രൂപപ്പെടുന്ന ഒരു വാതക തന്മാത്രയാണ്. സാധാരണ ഓക്സിജൻ ജീവവായു ആകുമ്പോൾ ഓസോൺ ഒരു വിഷവാതകമാണ് !
എന്നാൽ നമ്മളൊക്കെ ശ്വസിക്കുന്ന അന്തരീക്ഷപാളിയിൽ (ട്രോപോസ്ഫിയർ ) ഓസോൺ അധികം ഉണ്ടാവാറില്ല. ട്രോപോസ്ഫിയറിന് തൊട്ടു മുകളിലെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിലാണ് ഓസോൺ മുഖ്യമായുള്ളത്. ഈ ഓസോൺ വാതക പാളി ഒരു അരിപ്പ പോലെ പ്രവർത്തിച്ച് ജീവന് ഹാനികരമായ കിരണങ്ങളെ സ്ട്രാറ്റോസ്ഫിയറിൽ വച്ചു തടയുന്നു.
ഓസോണിലെ ദ്വാരം
1985-ൽ പുറത്തു വന്ന ഒരു ബ്രിട്ടീഷ് ജേർണലിൽ ഓസോൺ പാളിയെക്കുറിച്ച് പുറത്തുവന്ന പഠനം ലോകശ്രദ്ധയാകർഷിച്ചു. അന്റാർട്ടിക്കയുടെ മുകളിലെ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് വളരെ കുറവാണെന്നായിരുന്നു ആ പഠനത്തിന്റെ ഉള്ളടക്കം. ഈ കുറവിന്റെ കാരണം അവിടുത്തെ ഓസോൺ പാളിയിൽ രൂപപ്പെട്ട വിള്ളലാണ്. ഈ വിള്ളലിനെയാണ് പിന്നീട് ഓസോൺ ദ്വാരം എന്ന് വിശേഷിപ്പിക്കുന്നത്. ശേഷം നടന്ന പഠനങ്ങളിൽ മനുഷ്യനിർമ്മിത വാതകങ്ങളായ ഹാലോകാർബൺസി(Halocarbons) ലുൾപ്പെട്ട മീതൈൽ ബ്രോമൈഡ്, CFC, HCFC, ഫ്രിയോൺ എന്നീ വാതകങ്ങളാണ് ഓസോണുമായി പ്രതിപ്രവർത്തിക്കുന്നത് എന്ന് വ്യക്തമായി. പിന്നീട് അന്തരീക്ഷത്തിൽ പലയിടത്തായി വലുതും ചെറുതുമായ ഓസോൺ ദ്വാരങ്ങൾ കണ്ടെത്തുകയുണ്ടായി. തണുപ്പ് കൂടിയ പ്രദേശങ്ങൾക്ക് മുകളിലാണ് ഇവ കൂടുതലായി ഉണ്ടാകുന്നത്. ഓസോൺ നശിപ്പിക്കുന്ന വാതകങ്ങൾ തണുപ്പ് കൂടിയ ഭാഗങ്ങളിലേക്ക് വന്നു ചേരുന്നതാണ് ഇതിന് കാരണം. അതിനാൽ എല്ലാ വർഷവും സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ അന്റാർട്ടിക്കയിൽ ഓസോൺ ദ്വാരം വികസിക്കുന്നു. പിന്നീട് ഈ ദ്വാരം ചെറുതാവുകയും ചെയ്യുന്നു. ഈ സ്ഥിതി തുടർന്ന് ദ്വാരം വലുതായാൽ ഭൂമിയിലെ ജീവജന്തുജാലകങ്ങൾക്ക് മുഴുവൻ ആപത്താന്നെന്ന് മനസിലാക്കി 1987 സെപ്റ്റംബർ 16 ന് കാനഡയിലെ മോൺട്രിയലിൽ കൂടിയ ഐക്യരാഷ്ട്രസഭ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങളുടെ ഉപയോഗം കുറയ്ക്കാൻ തീരുമാനിച്ചുകൊണ്ട് മോൺട്രിയൽ കരാറിൽ (Montreal Protocol) ഒപ്പ് വച്ചു. അത്ഭുതാവഹമായ മാറ്റമാണ് പിന്നീടുണ്ടായത്.
ഈ വർഷം മാർച്ചിൽ കാറ്റിന്റെ ഗതിയുടെ മാറ്റം കാരണം ആർട്ടിക്കിൽ ആദ്യമായി ഒരു വലിയ ഓസോൺ ദ്വാരം രൂപപ്പെട്ടു. ഇത് പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
സെപ്റ്റംബർ 16- ഓസോൺ ദിനം
2000-ത്തിൽ ഡിസംബർ 19 നെ ഐക്യരാഷ്ട്രസഭ ഓസോൺ സംരക്ഷണദിനമായി പ്രഖ്യാപിച്ചു. “ഓസോൺ ജീവന്” എന്നതാണ് 2020-ലെ ഓസോൺ ദിന സന്ദേശം. ഈ വർഷം ഓസോൺ സംരക്ഷണ വിജയത്തിന്റെ മുപ്പത്തഞ്ചാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയുമാണ് ഐക്യരാഷ്ട്രസഭ. നിലവിലെ പഠനങ്ങൾ പ്രകാരം 2060 ഓടെ അന്റാർട്ടിക്കയിലെ ഓസോൺ ദ്വാരം അടയും എന്ന് കണക്കാക്കപ്പെടുന്നു.
കാലാവസ്ഥ വ്യതിയാനം അടക്കമുള്ള ഭീഷണികൾ നേരിടുന്ന ഭൂമിയിടെ സംരക്ഷണ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങളുടെ സഹകരണം എങ്ങനെ മാറ്റം സൃഷ്ടിക്കുന്നു എന്നതാണ് ഓരോ ഓസോൺ ദിനവും നമ്മെ ഓർമിപ്പിക്കുന്നത്. ഭൂമിക്ക് വേണ്ടി നമുക്ക് നിലകൊള്ളാം.
what is tadalafil: http://tadalafilonline20.com/ tadalafil 40 mg daily