Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ചരിത്രത്തിൽ സമരം പോലെ മനോഹരമായ പദമില്ല…

(മാതൃഭാഷാ സമരത്തിന്റെ ഒരു വർഷം)

സമരം ഒരു ആഭാസമല്ല, ചരിത്രത്തിന്റെ അനിവാര്യതയാണ്. മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ സമരങ്ങളുടെ – പ്രതിഷേധങ്ങളുടെ – യുദ്ധത്തിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. ആധുനിക മൂല്യസങ്കല്പങ്ങൾക്ക് വിരുദ്ധമായ നീതിനിഷേധം, അവകാശധ്വംസനം, അസ്വാതന്ത്ര്യം, വിവേചനം എന്നിങ്ങനെ ഗൗരവതരമായ എത്രയെത്ര കാരണങ്ങളാലാണ് ഇന്ന് സമരമുഖത്തേക്ക് ജനത നയിക്കപ്പെടുന്നത്. ചുരുക്കത്തിൽ സമരം ഒരു ചെറിയ സംഗതിയല്ല എന്നതാണ് പറഞ്ഞു വന്നത്. ഇതെഴുതുമ്പോഴും ലോകം നിരവധി അതിജീവനസമരങ്ങൾക്ക് സാക്ഷിയാകുന്നുണ്ട്. വർണവിവേചനത്തിനെതിരെ, ഭാഷാവിവേചനത്തിനെതിരെ, പാരിസ്ഥിതിക, വർഗ്ഗ വിഷയങ്ങളെ മുൻനിർത്തിയൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരങ്ങൾ സംഭവിക്കുന്നുണ്ട്. ഭരണപരമായ അട്ടിമറിയും അധികാരം പിടിച്ചടക്കലുമെല്ലാം രാഷ്ട്രീയമായിക്കൂടിയ ഇനങ്ങളാണ്. കാണാസമരങ്ങളും കണ്ടസമരങ്ങളുമായെത്രയെണ്ണം കടന്നു പോയിരിക്കുന്നു. കഴിഞ്ഞവർഷം കേരളം കണ്ട ജനകീയസമരങ്ങളിലൊന്നിനെ ഓർമ്മിക്കാനാണ് ഈ കുറിപ്പ്…

1956 ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു സംസ്ഥാനം അതിന്റെ ആറുപതിറ്റാണ്ടിനിപ്പുറവും അധികാരവികേന്ദ്രീകരണത്തിന് വേണ്ടിയുള്ള ഒരു സന്ദർഭത്തെയാണ് ഈ ജനകീയസമരം അഭിമുഖീകരിച്ചത്. കേരളത്തിന്റെ പബ്ലിക് സർവീസ് കമ്മീഷന് മുന്നിൽ 2019 ആഗസ്റ്റ് 29 മുതൽ സെപ്തംബർ 16 വരെ അനിശ്ചിതകാല നിരാഹാര സമരം നടന്നു. കേരളത്തിന്റെ ഭരണപരമായ വികേന്ദ്രീകരണത്തിൽ മർമപ്രധാനമായ സ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയുടെ മാധ്യമം മലയാളത്തിലും അനുവദിക്കുക, കേരള പി എസ് സി യുടെ തൊഴിൽ പരീക്ഷകൾ മലയാളത്തിൽ കൂടി എഴുതാൻ അനുമതി നൽകുക, ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുക, സർക്കാരിന്റെ ഭാഷാനയം പി എസ് സി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളെ മുൻനിർത്തിക്കൊണ്ടായിരുന്നു ഈ സമരം. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, പുരോഗമന – സാസ്കാരിക – രാഷ്ട്രീയ സംഘടനകളെയും കേരളത്തിലെ എല്ലാ മേഖലയിലുമുള്ള മനുഷ്യരെയും സഹകരിപ്പിച്ചുകൊണ്ട്, പുതിയൊരു സൗന്ദര്യാത്മക സമരപദ്ധതി രൂപപ്പെടുത്തുന്നതിന് കഴിഞ്ഞു. സമരമുദ്രാവാക്യങ്ങൾ പ്രയോഗത്തിലെത്തുന്നതോടെ കേരളത്തിലെ സിവിൽ സർവീസ് കൂടുതൽ ജനാധിപത്യപരമാവുകയും അതിൽ നിലനിൽക്കുന്ന ഭാഷാപരമായ വിവേചനം പരിഹരിക്കുകയുമായിരുന്നു സമരത്തിന്റെ ലക്ഷ്യം.

മലയാളത്തിനു വേണ്ടിയുള്ള മൗലികവാദമോ ഭാഷാഭിനിവേശമോ അല്ല ഈ സമരത്തിന് പ്രേരിപ്പിച്ചത്. ഭരിക്കപ്പെടുന്ന ഭാഷയിൽ ഒരു ജനതയ്ക്ക് തൊഴിൽ പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു എന്നതാണ് ഇവിടുത്തെ വിഷയം. 1957 ലെ ആദ്യ ഗവൺമെന്റിന്റെ കാലത്തുതന്നെ ‘ജനങ്ങളുടെ ഭാഷയിൽ ഭരണം’ എന്ന മനുഷ്യാവകാശത്തെ മുൻനിർത്തി കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായ കമ്മിറ്റിയെ ഇടതു സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആറുപതിറ്റാണ്ട് പിന്നിട്ട്, 2017 മെയ് ഒന്നിന് ഭരണ ഭാഷ മലയാളം എന്ന് നിലവിലെ ഗവൺമെന്റ് പ്രഖ്യാപിച്ചു എന്നതും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. എന്നാൽ ഇതേ ജനവിഭാഗത്തിന് അവരുടെ മാതൃഭാഷയിൽ തൊഴിൽ നേടുന്നതിനുള്ള സാധ്യത നിഷേധിക്കപ്പെടുന്നു എന്നതാണ് വിഷയം. കേരളത്തിലെ ഭരണ സംവിധാനത്തെ ജനാധിപത്യപരമാക്കുന്നതിൽ നിർണായകമായ സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതു വേണ്ടിയുള്ള പരീക്ഷ, മറ്റൊരു മാധ്യമത്തിൽ ആകുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. ഭരണവ്യവസ്ഥയിൽ നിന്ന് സാധാരണ മനുഷ്യരെ ഭാഷകൊണ്ട് അകറ്റി നിർത്തുന്നതിന് ഇതൊരു കാരണം കൂടിയാകുന്നു. പി എസ് സി നടത്തുന്ന തൊഴിൽ പരീക്ഷകളിൽ നിന്നും ആരെ പടിക്കുപുറത്താക്കാനാണ് ഇത്തരത്തിലൊരു പരീക്ഷാക്രമം ഉപകരിക്കുക എന്നതാണ് ഇതിലെ അധികാരപ്രശ്നം. ഈ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഇതിന്റെ ജനാധിപത്യാവകാശം നിലനിൽക്കുന്നത്. അതുകൊണ്ടാണ് കെ എ എസ്‌ (KAS) ഉൾപ്പെടെയുള്ള തൊഴിൽ പരീക്ഷകൾ  മലയാളത്തിലും കൂടി നടത്തണം എന്ന ശബ്ദം ഉയരുന്നത്. കെ എ എസ്സിന്റെ ആദ്യ ഘട്ടം മലയാളമോ തമിഴോ കന്നടയോ മാധ്യമമാകാതെ ഭാഷാ ചോദ്യങ്ങളായി മാത്രം പരിഗണിച്ച് തന്നെ കടന്നുപോയി. 26. 08. 2020 ന് ആദ്യ ഫലവും പുറത്തു വന്നു. കോവിഡ്-19 പോലെയൊരു മഹാമാരിയുടെ സന്ദർഭത്തിലും ഇത്രയും ഉത്തരവാദിത്തത്തോടെ ഫലം പ്രഖ്യാപിച്ച പി എസ്സ് സിയെ നമുക്ക് അഭിനന്ദിക്കാം. ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷകൾക്ക് മലയാളവും തമിഴും കന്നടയും മാധ്യമങ്ങൾ അനുവദിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷാവഹമാണ്. പക്ഷേ, അടിസ്ഥാനപരമായി ഇതിലെ  അവസരം തുല്യതയുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട ചർച്ചകൾ നിലവിലും സംവാദങ്ങളിൽ ഇടംപിടിക്കുന്നില്ല എന്നത് ദയനീയമാണ്. സാമൂഹികമായി പിന്നോക്കം തള്ളിപ്പോയ ദളിതരും സാധാരണക്കാരും ലൈംഗിക ന്യൂനപക്ഷങ്ങളും ഉൾപ്പെടെയുള്ള ജനത ഈ സമരത്തോട് ഐക്യപ്പെടുന്നതും ഇത്തരമൊരു രാഷ്ട്രീയപ്രസക്തി കൊണ്ട് തന്നെയാണ്.

ഒരു ജനതയുടെ സ്വാധികാരത്തിനും സ്വാഭിമാനത്തിനും കാരണമായിരിക്കുന്ന മാതൃഭാഷയിൽ നിന്ന് അവരെ അകറ്റിനിർത്തുക വഴി എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ജനതയുടെ ഭരണ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുക കൂടിയാണ്.

സമരത്തെ മുൻനിർത്തിയുള്ള ചർച്ചകളിൽ മലയാളത്തിന്റെ വൈജ്ഞാനികശേഷി സംബന്ധിച്ച് സംശയങ്ങളും സാങ്കേതികപദങ്ങളുടെ അഭാവവും ചർച്ചയായി വന്നെങ്കിലും കെ എ എസ്സിന്റെ ആദ്യ പരീക്ഷ തന്നെ ഈ വാദത്തിന്റെ കാപട്യം തുറന്നു കാണിച്ചല്ലോ. കേരളത്തിന്റെ വൈജ്ഞാനിക ചരിത്രം ഒന്ന് പരിശോധിച്ചു നോക്കാവുന്നതാണ്. ആധുനിക പൂർവ്വധാരയും കൊളോണിയൽ ഇടപെടലും നവോത്ഥാനവും വൈജ്ഞാനികതയെ സംബന്ധിച്ച് കാതലായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. കൊളോണിയൽ ഇടപെടലുകളാണ് ആധുനിക ശാസ്ത്രത്തെ കേരളസന്ദർഭത്തിൽ പരിചയപ്പെടുത്തുന്നത്. തിയോളജിയോടൊപ്പം സാമാന്യശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം എന്നിവയാണ് പാഠ്യപദ്ധതിയിൽ ആദ്യം വന്ന വിഷയങ്ങൾ. ഇതിനായി പാഠപുസ്തകങ്ങളും പദകോശങ്ങളും ഈ സന്ദർഭത്തിൽ തന്നെ നിർമ്മിക്കുന്നുണ്ട്. ജെ ഹോക്സ്വർത്തിന്റെ വിഭക്ത പദസംഗ്രഹം (1861) ഫ്രോൺ മെയറിന്റെ പ്രകൃതിശാസ്ത്രവും(1883) ഇതിനു തെളിവാണ്. ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപപ്പെടുന്നതിലും വൈജ്ഞാനിക ഭാഷയെ മുൻനിർത്തി ആസൂത്രണങ്ങൾ നടന്നിരുന്നു. നവോത്ഥാനപ്രവർത്തനങ്ങൾ ഒരർത്ഥത്തിൽ ഭാഷാപ്രവർത്തനങ്ങൾ കൂടിയായിരുന്നു. കേരള രൂപീകരണത്തിനു ശേഷം, വൈജ്ഞാനികഭാഷയായും സർവ്വകലാശാലകളിലെ പഠനമാധ്യമമായും വികസിക്കാതെ തദ്ദേശഭാഷയെ തടഞ്ഞതിന്റെ ഉത്തരവാദിത്തം നാമേറ്റെടുത്തേ മതിയാകൂ. മലയാളത്തിലേക്ക് ചോദ്യങ്ങൾ വിവർത്തനം ചെയ്യുക വഴി ചോദ്യങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയും ചോർച്ച സംഭവിക്കുകയും ചെയ്യും എന്ന ഗുരുതരമായ വംശീയാധിക്ഷേപം പി എസ് സി ഒരു ഘട്ടത്തിൽ ഉന്നയിച്ചിരുന്നു. ഇത്തരം വാദങ്ങൾ ഒരു ഭരണഘടന സ്ഥാപനം പറയുന്നു എന്നത് അവബോധപരമായി ഈ ഇടങ്ങൾ ഇനിയും മാതൃഭാഷാവത്ക്കരിക്കപ്പെടേണ്ടതുണ്ട് എന്നതിന് തെളിവാണ്. ഡി എൽ ഇ ഡി കോഴ്സിൽ മലയാളം ഒരു വിഷയമായി പഠിക്കുന്നുണ്ടെങ്കിലും എൽ പി , യു പി അസിസ്റ്റൻ്റ് പരീക്ഷയുടെ ചോദ്യങ്ങളിൽ നിന്ന് മലയാളത്തെ സംബന്ധിച്ച ചോദ്യങ്ങൾ അപ്രത്യക്ഷമാകുന്നത് ഈ നയത്തിൻ്റെ തുടർച്ചയായി വേണം കരുതാൻ. പി എസ് സി നടത്തുന്ന തൊഴിൽ പരീക്ഷകൾ മലയാളത്തിലും ഇതര ന്യൂനപക്ഷഭാഷകളിലും കൂടി വരികയും മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ പരീക്ഷയിൽ ഉൾപ്പെടുകയും ചെയ്യുന്നതോടെ സാമൂഹികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാനുഷിക വിഭവശേഷിയുടെ ശോഷണം ഒരു പരിധിവരെ തടയുകയും സാമൂഹികമായി കൂടുതൽ ഉത്തരവാദിത്വമുള്ള ഒരു സിവിൽ സർവീസ് – അധ്യാപകസമൂഹത്തെ നിർമ്മിച്ചെടുക്കുക സാധ്യമാകുകയും ചെയ്യും.
സമരവും അതിന്റെ ഓർമ്മയും ചരിത്രത്തിന്റെ ഒരു നിമിഷത്തിൽ തറഞ്ഞു പോയ ഒന്നല്ല. സമരത്തിന്റെ വിജയം ലക്ഷ്യങ്ങളിൽ ഉറച്ചുപോകാതെ മാർഗ്ഗങ്ങളിലൂടെ ചലിക്കുകയും ഭാവിയെ നിർമ്മിക്കുകയും ചെയ്യുകയാണ് വേണ്ടത്. സത്യസന്ധമായി വിഭാവനം ചെയ്യുന്ന ഏതു സമരവും ഇങ്ങനെ വർത്തമാനത്തിൽ തറഞ്ഞു പോകാതെ ഭാവിയിലേക്ക് പടരുന്നതാണ്. ചരിത്രത്തിൽ “സമരം പോലെ മനോഹരമായ പദമില്ല” എന്ന് ജോസ് മർട്ടി പറഞ്ഞത് നമുക്ക് ഓർമ്മിക്കാം. ഒപ്പം നമ്മുടെ സമരം തുടരുകയും ചെയ്യാം.

(മാതൃഭാഷാ സമരത്തിൽ നിരാഹാരമനുഷ്ഠിച്ചയാളാണ് ലേഖിക)

1 thought on “ചരിത്രത്തിൽ സമരം പോലെ മനോഹരമായ പദമില്ല…

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner