Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ചില അപൂർവ്വ സ്വപ്നങ്ങളും സ്വപ്നങ്ങളുടെ ദൈർഘ്യം മാത്രമുള്ള ചില കാഴ്ചകളും

അരുൺകുമാർ പൂക്കോം

സ്വപ്നങ്ങൾ അവയുടെ രീതികൾ കൊണ്ട് ഏതാണ്ടൊക്കെ സിനിമകളാണ്. ഈശ്വരൻ കാണിച്ചു തരുന്ന സിനിമകളാണ് സ്വപ്നങ്ങൾ. ലൂമിയർ ബ്രദേഴ്സ് സിനിമ കണ്ടുപിടിക്കുന്നതിനും മുമ്പ് ദൈവം കണ്ടുപിടിച്ച സിനിമകളാണ് സ്വപ്നങ്ങൾ. സ്വപ്നം കാണുന്നയാളുടെ പിന്നിലെ ചതുര ദ്വാരങ്ങളിൽ നിന്നും സ്ക്രീനിലേക്ക് പ്രകാശ രശ്മികളോ നിലക്കടല വില്ക്കുന്നവർ മറ്റ് കാണികൾ എന്നിവരുടെ നിഴലുകളോ ഒന്നും പതിയാത്ത തരം സിനിമകൾ. രണ്ടര മണിക്കൂർ നീളമോ ഇടയിലൊരു ഇടവേളയോ ആ സമയത്തുള്ള പാട്ടിടലോ ഒന്നും ഇല്ലാത്ത തരം കുഞ്ഞുകുഞ്ഞു സിനിമകൾ. ആ കാര്യത്തിൽ എന്തിത്ര മാത്രം സംശയിക്കണം? സ്വപ്നങ്ങളും സിനിമകൾ തന്നെ. ദൃശ്യങ്ങളുടെ കാര്യത്തിൽ സിനിമകളിൽ എന്ന പോലെ സ്വപ്നങ്ങൾക്ക് മുമ്പും പിമ്പും ടൈറ്റിലുകൾ എഴുതി കാണിക്കുന്നില്ല എന്ന വ്യത്യാസം മാത്രമേയുള്ളു.

കാണുന്ന സ്വപ്നങ്ങൾ എല്ലാമൊന്നും ആർക്കും ഓർത്തുവെക്കാൻ കഴിഞ്ഞെന്ന് വരില്ല.. ചിലതൊക്കെ ഉണരുമ്പോൾ തന്നെ മറന്നു പോയിട്ടുണ്ടാകും. ചിലതാകട്ടെ നേർത്ത ഓർമ്മയായി തെല്ലു നേരം കൂടെ വന്നെന്നു വരാം. കണ്ട സിനിമകളുടെ കാര്യങ്ങളും അങ്ങനെയൊക്കെ തന്നെ. എല്ലാ ഭാഗങ്ങളും ഓർമ്മയിൽ കാണില്ല. ചില ഭാഗങ്ങളാകട്ടെ മങ്ങാതെ മായാതെ ഓർമ്മയിൽ കാണും. കണ്ട സിനിമകളിൽ ചിലതൊക്കെ തീരെ മറന്നു പോയിട്ടു പോലുമുണ്ടാകും. പക്ഷേ സിനിമാ നടീനടൻമാർ സ്വപ്നങ്ങളിൽ വന്ന് അഭിനയിച്ചാൽ അത്തരം സ്വപ്നങ്ങൾ മറക്കാൻ കഴിയുമോ? ഇല്ല തന്നെ.
വിശ്വസിച്ചാലും ഇല്ലെങ്കിലും 2019, 2020 എന്നീ വർഷങ്ങളിൽ അത്തരത്തിൽ ഓരോ സ്വപ്നങ്ങൾ വീതം കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പ്രണയിച്ച അനുഭവങ്ങൾ സ്ത്രീകൾ എഴുതിയാൽ വിശ്വസിക്കാൻ വായനക്കാർക്ക് തെല്ലും പ്രയാസം നേരിടാറില്ലെങ്കിലും പുരുഷൻമാർ പ്രണയിച്ച കാര്യങ്ങളൊക്കെ സ്വന്തം നിലക്ക് പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന തരം ചുറ്റുപാടുകൾ വായനയിലുണ്ട്. സ്ത്രീകൾ അവരുടെ പ്രണയം പറയുമ്പോൾ തെളിവുകൾ തേടാതെ വിശ്വസിക്കുന്ന വായനക്കാരുടെ മനസ് പുരുഷൻമാരുടെ പ്രണയ അനുഭവങ്ങൾക്ക് തെളിവുകൾ തേടി എന്നു വരാം. അത്തരമൊരു അവസ്ഥ തന്നെ സിനിമാ നടീനടൻമാർ അഭിനയിച്ച സ്വപ്നങ്ങളെ പറ്റി പറയുമ്പോഴും വന്നു പെടാൻ സാധ്യതയുണ്ട്. സിനിമാരംഗത്തെ പ്രഗത്ഭരായ നടീനടൻമാരാകുമ്പോൾ കാശൊന്നും വാങ്ങാതെ സ്വപ്നങ്ങളിൽ വന്ന് അഭിനയിക്കുമോ എന്നും തോന്നിപ്പോകാൻ ഇടയുണ്ട്. മറ്റൊരു വലിയ വിഷയം സ്വപ്നങ്ങളിൽ വന്ന് അഭിനയിച്ച നടീനടൻമാർ തന്നെ രാത്രി രണ്ടര മൂന്നു മണിക്കൊക്കെ സ്വപ്നങ്ങളിലേക്ക് വന്ന് അഭിനയിച്ച് തിരിച്ചു പോയ കാര്യം സമ്മതിച്ചു തരാൻ ഇടയില്ല എന്നതാണ്. അവരുടെ വീട് നിൽക്കുന്ന എറണാകുളത്ത് നിന്നൊക്കെ അത്രമേൽ ദൂരം താണ്ടി നയാപൈസ പ്രതിഫലം വാങ്ങാതെ സ്വപ്നങ്ങളിൽ അഭിനയിച്ച് രാത്രി രണ്ടര മൂന്നരക്കൊക്കെ അവർ തിരിച്ചുപോയി എന്നതും വിശ്വസനീയമായ കാര്യമല്ല.   എങ്കിലും സ്വപ്നങ്ങളിൽ അവർ വന്ന് അഭിനയിച്ചതിൻ്റെ  വലിയൊരു അമ്പരപ്പും കൗതുകവും അവർ അഭിനയിച്ച സ്വപ്നങ്ങൾ കണ്ട ഒരാൾക്ക് ബാക്കി കാണുമല്ലോ.

2019 വർഷം സ്വപ്നത്തിലേക്ക് വന്ന് അഭിനയിച്ചത് മറ്റാരുമായിരുന്നില്ല. 2020 വർഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കനി കുസൃതിയായിരുന്നു. തികച്ചും അബ്സേഡായ ഒരു സ്വപ്നമായിരുന്നു അത്. പൂക്കോത്ത് നിന്നും പാനൂരിലേക്ക് പോകുന്ന രണ്ടു കിലോമീറ്റർ ദൂരമുള്ള വഴിയിൽ ഏതാണ്ട് മദ്ധ്യഭാഗത്തായി ശങ്കരൻ ഗുരിക്കൾ മൊട്ട എന്ന പേരിൽ റോഡിന് ചെറിയൊരു കയറ്റവും ഇറക്കവുമുണ്ട്. പാനൂരിൽ ഉണ്ടായിരുന്ന സിനിമാ തീയേറ്റർ അടച്ചു പൂട്ടിപ്പോയതിൽ പിന്നെ ആ പരിസരത്ത് പുതിയൊരു സിനിമാ ടാക്കീസ് വരുന്നുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്തിരുന്നാലും ഇതുവരെ വന്നിട്ടില്ല. ഒരു സിനിമാ തീയേറ്റർ ആ പരിസരത്ത് വരുന്നതായി പറഞ്ഞു കേട്ടതിനാലാണോ എന്തോ കനി കുസൃതി ആ പരിസരത്ത് ബസ് കാത്തു നിൽക്കുന്നതായാണ് സ്വപ്നം കണ്ടത്. സിനിമകളുടെ കാലഘട്ടങ്ങളെ നടൻമാരുടെ കാലത്തേക്കാൾ നായികമാരുടെ കാലത്തെ പറ്റി പറയുകയാണെങ്കിലാണ് ഏതാണ്ട് കാലഘട്ടം മനസ്സിലാക്കാൻ എളുപ്പമെന്ന് തോന്നുന്നു. മലയാള സിനിമയിൽ ദിവ്യ ഉണ്ണിയും ജോമോളുമൊക്കെ നായികമാരായുള്ള കാലത്ത്   മലയാളത്തിലെ പ്രമുഖ നടീനടൻമാർ ഉൾപ്പെടെ അക്കാലത്തെ മിക്ക നടീനടൻമാരും പാനൂരിൽ സമാധാന ദൂതുമായി വരികയുണ്ടായിട്ടുണ്ട്. പൂക്കോത്തെ ഒരു മരമില്ല് ഉദ്ഘാടനം ചെയ്തത് ബാലതാരമായിരുന്ന കാലത്ത് കാവ്യ മാധവനായിരുന്നു. മംമ്ത മോഹൻദാസിൻ്റെ അമ്മവീട് പൂക്കോത്തായിരുന്നു എന്ന് പറയുന്നതായി കേട്ടിട്ടുണ്ട്. ആയത് സത്യമാണെങ്കിൽ മംമ്ത മോഹൻദാസ് കുട്ടിക്കാലത്തൊക്കെ ഒരു പക്ഷേ പൂക്കോത്ത് വന്നു കാണുമായിരിക്കും. ആ കാര്യത്തിൽ എന്തിരുന്നാലും നിശ്ചയം പോര. പൂക്കോത്ത് നിന്നും പാനൂരിലേക്ക് പോകുന്ന വഴി ശങ്കരൻ ഗുരിക്കൾ മൊട്ട പരിസരത്ത് കനി കുസൃതി ഒരാളുടെ സ്വപ്നത്തിൽ വന്ന് ബസ് കാത്ത് നിൽക്കാൻ സാധ്യതയുണ്ടോ എന്ന് ചോദിക്കുകിൽ എന്താണ് ഉത്തരം പറയേണ്ടത്? എന്തിരുന്നാലും ഒരു കാര്യത്തിൽ നല്ല നിശ്ചയമുണ്ട്. കാട്ടി മുക്ക്, താഴെ പൂക്കോം വഴി തലശ്ശേരിക്കോ വടകരക്കോ ആയിരുന്നു കനി കുസൃതി ബസ് കാത്ത് നിന്നിരുന്നത്. പാനൂരേക്കോ കൂത്തുപറമ്പിലേക്കോ ആയിരുന്നു കനി കുസൃതിക്ക് പോകേണ്ടിയിരുന്നതെങ്കിൽ റോഡിൻ്റെ മറുഭാഗത്തായിരുന്നു ബസ് കാത്തു നിൽക്കുക. ഇനിയിപ്പോൾ കനി കുസൃതി കരുതും പോലെ ബസ് അവിടെ നിർത്തുമോ എന്തോ? ചെറിയൊരു ബസ്സ്റ്റോപ്പ് അവിടെയുണ്ടെങ്കിലും അധികമാരും അവിടം ബസ് കാത്ത് നിൽക്കാറില്ല. തെല്ലൊന്ന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നടന്നു ചെന്ന് എല്ലാ  ബസുകളും നിർത്താറുള്ള ബസ്സ്റ്റോപ്പിൽ നിൽക്കുന്നതാകും ബുദ്ധി. അങ്ങനെ എന്തൊക്കെയോ ചിലത് സ്വപ്നത്തിൽ കനി കുസൃതിയോട് പറഞ്ഞോ എന്നൊരു സംശയമില്ലാതില്ല. 2019-ലെ കാര്യമല്ലേ? സ്വപ്നം മുഴുവനായും ഇപ്പോൾ ഓർമ്മയിലില്ല. എങ്കിലും കനി കുസൃതി അഭിനയിച്ച സ്വപ്നമാകയാൽ ഓർമ്മയിൽ ആ സ്വപ്നം തങ്ങി നിൽപുണ്ട്.

എന്തുകൊണ്ടാകാം കനി കുസൃതി സ്വപ്നത്തിലേക്ക് വന്നത്? ഒരു വിദൂര സാധ്യത മനസ്സിൽ തോന്നുന്നത് കനി കുസൃതി പങ്കുവെക്കുന്ന കുട്ടിക്കാലത്തെ ഫോട്ടോകളിൽ എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന സിനിമയുടെ സ്വാധീനമുണ്ട് എന്നതായിരിക്കാം. കനി കുസൃതിയുടെ കുട്ടിക്കാലത്തെ ഫോട്ടോകളിലെ ഹെയർകട്ടുകൾ മാമാട്ടിക്കുട്ടിയുടേത് പോലെയാണ്.  ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ആ സിനിമ ഇറങ്ങുന്നത്. അന്നത്തെ നോട്ടുപുസ്തകങ്ങളുടെ കവറുകളിൽ പലതും എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന സിനിമയിലെ രംഗങ്ങളായിരുന്നു. അന്ന് കൂടെ കളിച്ചിരുന്ന പ്രായത്തിൽ കുറവുള്ള ബന്ധുക്കളായ പല പെൺകുട്ടികൾക്കും മാമാട്ടിക്കുട്ടിയമ്മയുടെ ഹെയർ കട്ടുകളായിരുന്നു. കനി കുസൃതി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള തരം ഫോട്ടോകൾ പലതും അതേ നിറവിന്യാസത്തോടെ അവരുടെ വീടുകളിലുമുണ്ടായിരുന്നു.

സ്വപ്നങ്ങളുടെയും സിനിമകളുടെയും കാര്യത്തിൽ പേടിപ്പിക്കുന്നവ അത്രമേൽ ഇഷ്ടമില്ലാത്ത മനസ്സ് കാത്തുസൂക്ഷിക്കുന്നുണ്ട്. പോസ്റ്ററുകളിലെ ഭംഗി കണ്ട് അത്യന്തം കാല്പനികമായ സിനിമ എന്ന് തെറ്റിദ്ധരിച്ച് തീയേറ്ററിൽ ചെല്ലുമ്പോൾ ആ സിനിമ പേടിപ്പിക്കുന്ന പശ്ചാത്തല സംഗീത അകമ്പടിയോടെ ചായക്കപ്പ് കാര്യമൊന്നുമില്ലാതെ വീണു പൊട്ടുന്നതും കണ്ണാടി ഉടയുന്നതും കസേര തനിയെ ആടുന്നതുമൊക്കെയായ ഹൊറർ സിനിമയാണെന്ന് തിരിച്ചറിയുമ്പോൾ സിനിമ മുഴുവൻ കാണാതെ കസേരയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങി പോരാറുണ്ട്. പേടിപ്പെടുത്തുന്ന സ്വപ്നങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഇറങ്ങിപ്പോരലുകൾ സാധിക്കാറില്ല. പേടിയിൽ പൊങ്ങുതടി പോലെ കിടന്നു പോകുന്നതിനാൽ കൈകളും കാലുകളുമൊന്നും മനസ് വിചാരിക്കും പോലെ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. തൊണ്ടയിൽ കുറച്ച് ഏറെ നേരം ശബ്ദം തടഞ്ഞു നിൽക്കും. പിന്നെ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചെടുത്ത് എവിടെയാണ് കിടക്കുന്നത് എന്നൊന്നും ഓർക്കാതെ സഹായത്തിന് ആളുകളെ ഒച്ചയെടുത്ത് വിളിക്കും. അമ്മ അപ്പുറത്തെ മുറിയിൽ നിന്നും ഓടിയെത്തും. എന്താണ്, എന്താണ് എന്നും ചോദിച്ച് അടുത്തിരുന്ന് ആശ്വസിപ്പിക്കും. ഭാര്യ അടുത്ത് കിടപ്പുള്ള വേളകളിൽ ടപ്പോ എന്ന് അവൾ ഒറ്റ അടി വെച്ചു തരും. എന്തോന്ന് മനുഷ്യാ, നട്ടപ്പാതിരക്ക് മറ്റുള്ളോരെ മെനക്കെടുത്താനായിട്ട് എന്നൊരു ഡയലോഗും പറഞ്ഞ് അവൾ തിരിഞ്ഞു കിടക്കും. അതൊന്നും പക്ഷേ അത്രമേൽ ചമ്മൽ തോന്നുന്ന കാര്യമല്ല. ബന്ധുവീടുകളിലോ മറ്റെവിടെയെങ്കിലുമോ കിടക്കുന്ന വേളയിൽ അത്തരം സ്വപ്നങ്ങൾ വരുമ്പോഴാണ് ഏറെ ബുദ്ധിമുട്ട് എന്ന് പറയാതെ വയ്യ. ബന്ധുവീടുകളിൽ രാത്രി രണ്ട് രണ്ടരക്കൊക്കെ ബന്ധുക്കൾ ശബ്ദം കേട്ട് ഓടിയെത്തും. തെല്ലൊരു ചമ്മലോടെ കിടക്കുമ്പോൾ ബന്ധുക്കളിൽ ചിലർ സ്വപ്നം കണ്ടതാണോ, ഞാളാകെ പേടിച്ചു പോയല്ലോ, കള്ളനാറ്റം കാരീന്നല്ലേ ഞാള് വിചാരിച്ചത് എന്നൊക്കെ പറയുന്നുണ്ടാകും. പിറ്റേന്നും തലേന്നത്തെ സ്വപ്ന ബഹളത്തെ കുറിച്ച് ചോദ്യങ്ങളുണ്ടാകും. അപ്പോൾ തെല്ലൊരു ഗമയൊക്കെ ഇച്ചിരി പൊടിക്ക് കൂട്ടിയിട്ട് മൗനം സമം ചേർത്ത്  ഇരിക്കേണ്ടി വരും. പക്ഷേ ആ ഗമയൊന്നും ആള് പേടിത്തൊണ്ടനാണ് എന്ന അവരുടെ ചിന്തക്ക് മാറ്റം വരുത്താറില്ല.

ഒരു നാൾ ഒരു രാത്രി സുഹൃത്തുക്കൾക്കിടയിൽ ഒരു ക്യാമ്പിൽ വെച്ച് ഉറക്കത്തിൽ ധൈര്യം സംഭരിച്ച് സഹായത്തിനായി ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് പിറ്റേന്ന് കാലത്ത് തെല്ലുനേരം ഘനഗംഭീരമായ ഒരു സംവാദത്തിന് തന്നെ ചെവികൊടുക്കേണ്ടി വന്നിട്ടുണ്ട്. മനസ്സിൻ്റെ അസ്വസ്ഥത, സർഗ്ഗാത്മകത, ആത്മാവിഷ്കാരം എന്നൊക്കെയുള്ള വലിയ കാര്യങ്ങൾ ഉറക്കത്തിൽ ബഹളം വെക്കുന്നതിനെ കുറിച്ച് കൂട്ടത്തിൽ ചിലർ പറയുകയുണ്ടായി. അവർ പറഞ്ഞതൊന്നും കേൾക്കാൻ പക്ഷേ ചെവി കൊടുത്തില്ല. സ്വപ്നങ്ങൾ കാണുന്നതിനെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്ന ചില ഹോമിയോപ്പതി ഡോക്ടർമാരെ പറ്റി മാത്രം ആലോചിച്ചു. എത്ര നല്ല മനുഷ്യരാണവർ. താത്വികമായ കാര്യങ്ങളൊന്നും സ്വപ്നങ്ങൾ കണ്ട് ബഹളം വെക്കുന്നതിനെ പറ്റി തിരിച്ച് പറയാതെ മധുരമുള്ള വെളുത്ത ഗുളികകളോ വെളുത്ത പൊടിയോ തരുന്നു.

2019 വർഷം അമ്മവീട്ടിലെ സെറ്റിയിൽ കിടന്നു കൊണ്ടുള്ള ഉറക്കത്തിൽ നന്നേ പുലർച്ചക്ക്  ശബ്ദമുണ്ടാക്കിയപ്പോൾ അടുത്ത് തറയിൽ പുല്ലുപായയിൽ മറ്റു ബന്ധുക്കൾക്കൊപ്പം കിടന്നിരുന്ന ഒരു ബന്ധു അദ്ദേഹത്തിൻ്റെ കൈകൾ കൊണ്ട് ആശ്വസിപ്പിക്കാനായി പതുക്കെ തടവാൻ തുടങ്ങി. അമ്മ വീട്ടിൽ അന്നൊരു ചടങ്ങ് നടക്കുകയായിരുന്നു. ഉറക്കത്തിൽ പേടിയാൽ തീർത്ത ശബ്ദമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കളിൽ പലരും അതിനെ കുറിച്ച് പലതും പറഞ്ഞ് കളിയാക്കുമ്പോൾ വേറിട്ട അനുഭവമായിരുന്നു അത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും ശാസ്ത്രമേഖലയിലെ ഗവേഷണത്തിന് പുരസ്കാരം വാങ്ങിയ കൈയായിരുന്നു അത്. പത്താം ക്ലാസിൽ ഏറെ മികച്ചത് എന്നൊന്നും പറയാൻ പറ്റാത്ത വിധം തെല്ല് ഉയർന്ന ഫസ്റ്റ് ക്ലാസ് വാങ്ങിയപ്പോൾ ശാസ്ത്ര മേഖലയിലേക്ക് എടുക്കാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഇവൻ കഥയൊക്കെ എഴുതുന്നത് തന്നെയാകും നല്ലത് എന്ന് അദ്ദേഹം പറഞ്ഞത് ഓർമ്മയുണ്ട്. അദ്ദേഹം അന്ന് നന്നേ പുലർച്ചെ തടവിയതിൽ പിന്നെ ഉറക്കത്തിൽ ശബ്ദമുണ്ടാക്കുന്ന അനുഭവം എന്തുകൊണ്ടോ ഉണ്ടായിട്ടില്ല. എങ്കിലും ഉറപ്പിച്ചു പറയാനായിട്ടില്ല. എങ്കിലും അതിൽ പിന്നെ ഉറക്കത്തിൽ സ്വപ്നം കണ്ട് ബഹളം തീർത്തിട്ടില്ല.

2019 വർഷം കനി കുസൃതിയായിരുന്നു സിനിമയിൽ നിന്നും സ്വപ്നത്തിലേക്ക് വന്നത് എങ്കിലും 2020 വർഷം സ്വപ്നത്തിൽ വന്ന് അഭിനയിച്ചത് പറഞ്ഞാൽ ആരുമാരും വിശ്വസിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത പ്രമുഖനായ നടനായിരുന്നു. അദ്ദേഹം ഒരു മേശയിൽ കൈകൾ വെച്ച് കണ്ണുകൾ വശങ്ങളിൽ ചെറുതാകും വിധം പല്ലുകൾ കാണിച്ച്  നിറഞ്ഞു ചിരിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ മൂക്കിന് അടുത്ത് മുഖത്ത് വലതുഭാഗത്തുള്ള മറുകിനെ കുറിച്ച് എഴുതിയത് കാണിക്കുകയായിരുന്നു. അത്തരത്തിൽ മൂക്കിൻ്റെ വലതു ഭാഗത്ത് മുഖത്ത് മറുകുകളുള്ള നടൻമാർ മലയാള സിനിമയിൽ ഒട്ടേറെയുണ്ടെന്ന് മനസ്സിലാക്കി വെച്ചിട്ടുണ്ടെങ്കിലും ആയതിനെ പറ്റി ഞാൻ എഴുതിയിട്ടൊന്നും ഉണ്ടായിരുന്നില്ല.  എന്നിട്ടും അത്തരത്തിൽ എഴുതിയതിനെ കുറിച്ച് അദ്ദേഹം എന്നോട് ചിരിച്ചു കൊണ്ട് ചോദിക്കുകയുണ്ടായി. മറുകു ശാസ്ത്രം എന്നൊരു വിശ്വാസ മേഖല ഹസ്ത രേഖാശാസ്ത്രം പോലെ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ടെങ്കിലും തേടിപ്പിടിച്ച് പഠിക്കാനൊന്നും ശ്രമിച്ചിട്ടില്ല. എങ്കിലും അഭിനയ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പറ്റുന്ന എന്തോ ഒന്ന് മൂക്കിന് അടുത്ത് വലതുഭാഗത്ത് മുഖത്ത് കാണുന്ന മറുകിൽ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.  ഒരു പക്ഷേ അബദ്ധ ധാരണയാകാം. തീർച്ചയായും തീരെ നിനച്ചിരിക്കാതെ സ്വപ്നത്തിൽ അഭിനയിക്കാൻ എത്തിയ മമ്മൂട്ടിക്ക് മുഖത്ത് മൂക്കിനടുത്തായി അത്തരത്തിലൊരു മറുകുണ്ട്. എനിക്കും ഒരു മറുക് ആ ഭാഗത്ത് ഉണ്ടെങ്കിലും മമ്മൂട്ടിയുടേത് പോലെ വ്യക്തത ആ മറുകിനില്ല. ചിലപ്പോഴൊക്കെ കണ്ണാടിക്ക് മുമ്പിൽ ചെന്നു നിന്ന് മറുകിൻ്റെ ആ വ്യക്തതക്കുറവിൽ കൈവിരൽ കൊണ്ട് തൊട്ടു നോക്കി നിരാശപ്പെടാറുണ്ട്. നേർത്ത കറുപ്പടയാളത്തിന് പകരം നല്ല വ്യക്തതയുള്ള ഒരു മറുക് ആ ഭാഗത്ത് ഉണ്ടായിരുന്നെങ്കിൽ കോടമ്പാക്കത്തേക്ക് സംശയം ലേശവുമില്ലാതെ വണ്ടി കയറിപ്പോകാമായിരുന്നേനേ. പക്ഷേ എൻ്റെ മുഖത്തെ മറുകിന് വ്യക്തതക്കുറവുള്ളതിനാൽ വണ്ടി കയറാൻ തെല്ലും ധൈര്യം വരുന്നില്ല.

മമ്മൂട്ടി സ്വപ്നത്തിൽ വരാൻ കാരണം ഇബ്രൂസ് ഡയറി എന്ന യുട്യൂബ് ചാനലിനെ പല വീഡിയോകളും കണ്ടതു കൊണ്ടാകണം. മമ്മൂട്ടിയുടെ അനുജൻ  ഇബ്രാഹിം കുട്ടി പഴയ ഓർമ്മകൾ പലതും ആ ചാനലിൽ പങ്കു വെക്കുന്നുണ്ട്. കുട്ടിക്കാലത്ത് അപ്പുറത്തെ വീട്ടിൽ ചെന്ന് ചമയങ്ങളില്ലാതെ എന്ന മമ്മൂട്ടിയുടെ ആത്മകഥ മലയാളമനോരമ ആഴ്ചപ്പതിപ്പിൽ വരുന്ന കാലത്ത് ആഴ്ച തോറും വായിച്ച ഓർമ്മ ഇപ്പോഴുമുണ്ട്.  മമ്മൂട്ടി മലയാളത്തിൽ അഭിനയിച്ച മറ്റുള്ളവരിൽ നിന്നും പുറന്തള്ളപ്പെടുകയും മറ്റുള്ളവരിൽ തെറ്റിദ്ധരിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന തരത്തിലുള്ള പല കഥാപാത്രങ്ങളും എൻ്റെ അത്തരത്തിലുള്ള പല തരം സങ്കടങ്ങളോട് ചേർത്ത് കാണാൻ വേണ്ടിയാണെന്ന് പോലും പലപ്പോഴും തോന്നിപ്പോകാറുണ്ട്. മറ്റൊരു നടനും എൻ്റെ പല തരം സങ്കടങ്ങളോട് ചേർത്ത് കാണാൻ പറ്റും വിധമുള്ള കഥാപാത്രങ്ങളെ അത്രമേൽ അവതരിപ്പിച്ചിട്ടില്ല തന്നെ.

2020 വർഷം അത്രമേൽ സർഗാത്മക മേഖലയിലെ പുസ്തകങ്ങളൊന്നും വായിക്കുകയുണ്ടായിട്ടില്ല. പലരും മികച്ച വായനക്കാരനാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെങ്കിലും അത്രമേൽ വായനയുള്ള വ്യക്തി എന്നൊന്നും പറയാൻ പറ്റാത്ത വിധം വായിക്കാറാണ് പതിവ്. ഇൻ്റർനെറ്റിലെ വായനയൊക്കെയാണ് കൂടുതൽ ആശ്രയിക്കാറുള്ളത് എന്നതിനാൽ അത്രമേൽ വായനയില്ലാത്ത ഒരാൾ എന്ന നിലയാണ് കൂടുതൽ ഉള്ളതെങ്കിലും ചിലത് തീർച്ചയായും വായിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിലെ വായനയിൽ ചിലതിൽ പുസ്തകങ്ങളിലെ വായന പോലെ എവിടെ എന്നൊന്നും വ്യക്തമായി ഓർമ്മിക്കാൻ പിന്നീട് പറ്റി എന്നു വരില്ല. 2020 വർഷം ചെസ്സ് കളിയിലെ അസാമാന്യ പ്രതിഭയായ മിഖായേൽ താലിനെ പറ്റി അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ സാലി ലാൻഡേ എഴുതിയ ചെക്ക്മേറ്റ് എന്ന പുസ്തകത്തെ കുറിച്ച് വായിച്ച വർഷമായിരുന്നു. ഓൺലൈനിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്ത ഒരു പുസ്തകത്തിൽ നിന്നാണ് ആ പുസ്തകത്തെ കുറിച്ച് വായിക്കുന്നത്. ചെക്ക്മേറ്റ് എന്ന പുസ്തകം വായിക്കണമെന്ന ചിന്ത തീർച്ചയായുമുണ്ട്. മിഖായേൽ താൽ എന്ന പ്രമുഖ ചെസ്സ് കളിക്കാരൻ സ്വന്തമായി അദ്ദേഹത്തിൻ്റെ കാര്യങ്ങൾ പലതും ചെയ്യാൻ മടി കാണിച്ച വ്യക്തിയായിരുന്നു എന്ന് സാലി ലാൻഡേ എഴുതിയതായുള്ള കാര്യം വായിച്ചതാണ് ഏറെ ആകർഷിച്ചത്. സത്യസന്ധമായി പറഞ്ഞാൽ പഴയൊരു തറവാട് വീട്ടിൽ ജനിച്ചതിൻ്റെ ഭാഗമായി അച്ഛനിൽ നിന്നും എന്നിലേക്കും കണ്ണട എടുക്കാനും പേന എടുക്കാനും വെള്ളമെടുക്കാനും എന്നു വേണ്ട പല തരം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കുന്ന രീതി എനിക്കുണ്ട്. അത്തരം കാര്യങ്ങൾ കണ്ടു ശീലിച്ചിട്ടില്ലാത്ത ചുറ്റുപാടുകളിൽ നിന്നും വരുന്ന വ്യക്തി എന്ന നിലക്ക് ഭാര്യക്ക് ഇടക്കിടെ അവളെ പലതിനും വിളിക്കുന്നത് അത്രമേൽ താല്പര്യമുള്ള കാര്യമൊന്നുമല്ല. അവളാകട്ടെ കാര്യമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴാകും എലിപ്പത്തായം സിനിമയിലെ കരമന ജനാർദ്ദൻ നായരുടെ കഥാപാത്രം ശാരദയുടെ കഥാപാത്രത്തെ വിളിക്കുന്നത് പോലെ ഇരിക്കുന്നിത് നിന്നും അനങ്ങാതെ അവളെ ഞാൻ എന്തെങ്കിലും നിസ്സാരസാധനങ്ങൾ എടുത്തു കൊണ്ടുവരാൻ വിളിക്കുന്നത്. നിസ്സാര കാര്യങ്ങൾക്ക് അവളെ ഇടക്കിടെ പേര് ചൊല്ലി വിളിക്കുന്നതിലും അവളും മറ്റുള്ളവരും എതിർപ്പ് രേഖപ്പെടുത്താറുണ്ട്. പക്ഷേ എന്തു ചെയ്യാനാണ്? പഴയൊരു തറവാടിൻ്റെ സ്വഭാവം എന്നിൽ നിന്നും വിട്ടൊഴിഞ്ഞു പോകുന്നുണ്ടായിരുന്നില്ല. 

2020 വർഷം മിഖായേൽ താലിനെ പോലെയും എലിപ്പത്തായത്തിലെ കരമന ജനാർദ്ദനൻ നായരെ പോലെയുമൊക്കെ ജീവിച്ചു പോന്ന എനിക്ക് ഒറ്റക്കൊരിടത്ത് നിന്ന് സ്വന്തം നിലക്ക് പാചകം ചെയ്യേണ്ടതും തുണി അലക്കേണ്ടതും മുറി തൂത്തുവാരി തുടക്കേണ്ടതും പാത്രങ്ങൾ കഴുകേണ്ടതും ഭക്ഷണ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരേണ്ടതും കോളിങ്ങ് ബെല്ലടിക്കുമ്പോൾ ചെന്നു നോക്കേണ്ടതുമൊക്കെയായ അവസ്ഥ വന്നുപെട്ടു. കോവിഡ് 19 സമൂഹത്തിൽ തീർത്ത നിയന്ത്രണങ്ങളാൽ ദിവസമുണ്ടായിരുന്ന തീവണ്ടിയാത്രകളൊക്കെ സാധിക്കാതെ വരികയായിരുന്നു. സ്വന്തം നിലക്കുള്ള പാചകത്തിനാകട്ടെ പല തരം പരിമിതികളുണ്ട് താനും. രുചിയൊക്കെയുണ്ടെങ്കിലും എന്തൊക്കെയോ ചേരുവകൾ ചേർക്കാതെയുള്ള പാചകമാണ്. ഭക്ഷണത്തിന് രുചി കണ്ടെത്താൻ 2020 വർഷം കണ്ടെത്തിയ സൂത്രവിദ്യയായിരുന്നു യുട്യൂബ് ചാനലിൽ നിന്നും യഥേഷ്ടം പാചകവും ഭക്ഷണവുമൊക്കെയായി ബന്ധമുള്ള പരിപാടികൾ കാണുക എന്നത്. ദയവായി തെറ്റിദ്ധരിക്കരുത്. ചാനൽ പരിപാടികൾ കണ്ടു മനസ്സിലാക്കി എൻ്റെ പാചകത്തിലെ ന്യൂനതകൾ പരിഹരിക്കുക എന്ന ലക്ഷ്യം തീർച്ചയായുമില്ല. സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്ന ഒരു തരം താദാത്മ്യപ്പെടലുകളുണ്ട്. നായകനിലേക്ക് പുരുഷൻമാരും നായികമാരിലേക്ക് സ്ത്രീകളും കൂടുവിട്ട് കൂടുമാറുമ്പോഴാണ് സിനിമകൾ ആസ്വദിക്കാൻ കഴിയുന്നത്.

വികെരിയസ് എന്ന ഇംഗ്ലീഷ് പദത്തെ കുറിച്ച് വേർഡ് പവർ മേഡ് ഈസി എന്ന പുസ്തകത്തിൽ പറയുമ്പോൾ നോർമൻ ലെവിസ് അത്തരത്തിലുള്ള താദാത്മ്യപ്പെടലുകളെ കുറിച്ച് പറയുന്നുണ്ട്. ആയത് കുറെ വർഷങ്ങൾക്ക് മുമ്പ് വായിച്ചത് മനസ്സിൽ കിടക്കുന്നതിനാൽ ഒത്തൊപ്പിച്ച് ഭക്ഷണം വെച്ചതിന് ശേഷം മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ ഇബ്രൂസ് ഡയറി എന്ന യു ട്യൂബ് ചാനലിൽ അദ്ദേഹം വളരെ ശ്രദ്ധയോടെ ഏറെ സമയമെടുത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കണ്ടും അത് കഴിക്കുമ്പോൾ അദ്ദേഹം മുഖം കൊണ്ട് തീർക്കുന്ന  പ്രത്യേക ഭാവങ്ങൾ കണ്ടും എൻ്റെ പാചകത്തിലെ പരിമിതികൾ മനസ് കൊണ്ട് ആദ്യമാദ്യം മറികടന്നു.  പല വീഡിയോകൾക്കും സ്വപ്നങ്ങളുടെ ദൈർഘ്യമേയുള്ളു എന്ന പ്രത്യേക ത തിരിച്ചറിഞ്ഞതോടെ യുട്യൂബിലെ കാഴ്ചകൾ കാട്ടുമരത്തിൻ ചില്ലകൾ തോറും കയറാം മറിയാം ചാടാം എന്ന പാട്ടിലെ പോലെ ആകയാൽ പാചകത്തോടാണ് എൻ്റെ താല്പര്യം എന്ന് കണ്ടതോടെ അന്നമ്മച്ചേടത്തി സ്പെഷ്യൽ എന്ന ചാനൽ എന്നിലേക്ക് വരികയും അതിലേക്ക് ഞാൻ ചാടിക്കടക്കുകയും ചെയ്തു. രുചിയുടെ വേറിട്ട കാഴ്ചകളായിരുന്നു ആ ചാനൽ നിറയെ. സദ്ദാം ഹുസൈനെ പിടിക്കാൻ പോയ അമേരിക്കൻ സൈന്യത്തിലെ കുക്കായിരുന്നത്രെ അന്നമ്മച്ചേടത്തിയെ പാചക കാര്യങ്ങളിൽ സഹായിച്ച് കൂടെ നിൽക്കുന്ന മകൻ ബാബു ദേവസ്യ. ആ യൂട്യൂബ് ചാനലിൻ്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന സച്ചിൻ, പിഞ്ചു എന്നിവർ  ചെയ്യുന്ന കമോൺ എവരിബഡി എന്ന യുട്യൂബ് ചാനലും രുചിയുടെ മറ്റ് തലങ്ങൾ ഇടക്കൊക്കെ കാഴ്ചയിലേക്ക് കൊണ്ടുവന്നു.  അവരുടെ ചാനലിൽ വന്നതോടെയാണ് റെജി ഗോപിനാഥ് എന്ന വയലിനിസ്റ്റിൻ്റെ മൊട്ടത്തലയൻ റെജി ഗോപിനാഥ് എന്ന യുട്യൂബ് ചാനൽ കാണാൻ ഇടയാകുന്നത്. വയനാട്ടിൽ മനുഷ്യരോട് ഇണങ്ങിയ കാട്ടുപന്നിയെ കുറിച്ച് റെജി ഗോപിനാഥ് വീഡിയോ ചെയ്തതിനെ തുടർന്ന് പ്രമുഖ ചാനലുകളിലൊന്ന് ആ വേറിട്ട കാഴ്ച ചെന്ന് ഷൂട്ട് ചെയ്ത് അവതരിപ്പിക്കുകയുണ്ടായി. യൂട്യൂബിൽ ചെയ്യുന്ന വീഡിയോകൾ പലതും മാധ്യമശ്രദ്ധ നേടുന്നതിൻ്റെ ഉദാഹരണങ്ങളിലൊന്നാണത്.

അന്നമ്മച്ചേടത്തിയുടെ പാചകവും അന്വേഷിച്ച് മീൻതലയുമായി വന്ന എബിൻ ജോസ് ചെയ്യുന്ന ഫുഡ് എൻ ട്രാവൽ എന്ന ചാനൽ മുന്നിലേക്ക് തുറന്നിട്ടത് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ രുചികളുടെ ദൃശ്യങ്ങളായിരുന്നു. അവയിൽ എരിവേറിയ കള്ളുഷാപ്പ് രുചികളുണ്ട്, വിനോദ സഞ്ചാരത്തിനായി എത്തുന്ന വിദേശികളെ ആകർഷിക്കുന്ന റെസ്സ്റ്റോറൻ്റുകളുണ്ട്, വളരെ സാധാരണ നിലയിൽ നടത്തുന്ന നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളുണ്ട്. അത്തരം വീഡിയോകളിൽ ചിലത് എബിൻ ജോസിനെ തേടി വന്ന മാർക്ക് വിയെൻസിൻ്റെ കൂടെയുള്ളവയായിരുന്നു.  മാർക്ക് വിയെൻസ്  ചാനലിൻ്റേത് വിവിധ രാജ്യങ്ങളിലെ രുചികൾ തേടിത്തേടി സഞ്ചരിച്ച് വീഡിയോകൾ ചെയ്യുന്ന രീതിയായിരുന്നു.

സ്ക്കൂൾ യുവജനോത്സവങ്ങൾക്ക് സദ്യ ഒരുക്കാറുള്ള പഴയിടം മോഹനൻ നമ്പൂതിരിയുടെ കൂടെ എബിൻ ജോസ്  വന്ന വീഡിയോ അക്ഷരാർത്ഥത്തിൽ അത്ഭുത കാഴ്ചയാണ് എന്നിൽ തീർത്തത്. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഓണപ്പൂക്കളമൊരുക്കുമ്പോൾ പച്ച നിറത്തിനായി ഉപയോഗിക്കുന്ന ചെടിയാണ് അവിടങ്ങളിൽ ശീവോതിക്കൈ എന്ന് പറയപ്പെടുന്ന ചെടി. ഇടവഴികളിൽ നിന്നൊക്കെ ധാരാളം പറിക്കാൻ കിട്ടുന്ന ചെടിയാണത്. വെള്ളമൊഴുകുന്ന ചെറിയ ഇടവഴികളാണെങ്കിൽ മണ്ണുകൊണ്ടു തീർത്ത കൊള്ളിൻമേൽ ആ ചെടി ധാരാളം കാണാം. ചെരവപ്പെപ്പുചീര എന്നാണ് ആ ചെടിക്ക് വീഡിയോയിൽ പേര് പറയുന്നതായി കാണുന്നത്. പൂക്കള മത്സരങ്ങളിൽ പൂക്കൾക്കൊപ്പം ആ ചെടി ചേർത്താൽ പൂക്കൾ മാത്രം ഉപയോഗിക്കാതെ ഇല കൂടി ചേർത്തു എന്ന കാരണത്താൽ  പൊതുവേ സമ്മാനം കിട്ടാറില്ല. എങ്കിലും പൂക്കളം തീർക്കുമ്പോൾ പച്ച നിറം ഭംഗിയായി ലഭിക്കാൻ ഉപയോഗിക്കുന്ന ചെടിയാണത്. ആ ചെടി കൊണ്ട് പായസം തീർക്കാമെന്നത് പുത്തൻ അറിവായിരുന്നു. ആയത് അറിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞു പോയ ഓണസദ്യകളിൽ ചിലതിലെങ്കിലും ആ ചെടി കൊണ്ട് പായസം തീർത്തേനേ. എബിൻ ജോസ് രുചി നോക്കുന്നത് ദൃശ്യങ്ങളിൽ കാണുമ്പോൾ തന്നെ വളരെ നല്ല പായസമായിരിക്കുമത് എന്ന് വ്യക്തമാകുന്നുണ്ട്. പഴയിടം മോഹനൻ നമ്പൂതിരി തയ്യാറാക്കിയ പായസത്തിന് രുചി കാണുമെന്ന കാര്യത്തിൽ ആർക്കെന്ത് സംശയമിരിക്കുന്നു! ആ വീഡിയോയിൽ നിന്നാണ് പഴയിടം മോഹനൻ നമ്പുതിരിയുടെ മകൻ്റെ യുട്യൂബ് ചാനലായ രുചി ബൈ യദു പഴയിടം എന്ന പാചകവീഡിയോകളിലേക്ക് എത്തുന്നത്.

കണ്ടം വഴി ഓടി മീൻപിടുത്തവും പാചകവും എന്ന തെല്ല് തമാശ ചേർത്ത പേരുമായി ഒ.എം.കെ.വി ഫിഷിംഗ് & കുക്കിംഗ് എന്ന വീഡിയോകളുടെ കാഴ്ചകളും കൂട്ടത്തിൽ കാണുകയുണ്ടായി. പേര് സൂചിപ്പിക്കുന്നത് പോലെ മീൻ പിടുത്തവും പാചകവുമാണ് ഒ.എം.കെ.വി -യിൽ ഏറെയുമുള്ളത്.

ഹിൽടോപ്പ് കിച്ചൺ ബൈ പി.കെ ബ്രദേർസ് എന്ന യുട്യൂബ് ചാനൽ മുഴുവൻ കുന്നിൻ മുകളിലെ വീടിൻ്റെ പരിസരത്ത് വെച്ച് ചെയ്യുന്ന പാചകവീഡിയോകളാണ്. കാണാൻ അത്യന്തം ഭംഗിയുള്ള പാചക ഉപകരണങ്ങളാണ് ആ വീഡിയോകളിൽ ഉപയോഗിച്ചു കാണുന്നത്. കുന്നിൻമുകളിലെ പാചകമാകയാൽ പ്രകൃതിയുടെ ദൃശ്യഭംഗിയും വീഡിയോയിൽ ചേരുന്നുണ്ട്.

കുക്കറി ഷോകൾ കാണാനാണ് എനിക്ക് ഏറെ താല്പര്യം എന്ന് മനസ്സിലായതോടെ യുട്യൂബ് ഒട്ടേറെ കുക്കറി വീഡിയോകൾ കാണിച്ചു തരാൻ തുടങ്ങി. കൂട്ടത്തിൽ മിയ കിച്ചണിൻ്റെ കാഴ്ചകൾ വന്നു. ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ മുട്ടയായ ഒട്ടകപ്പക്ഷിയുടെ മുട്ട പാചകം ചെയ്യുന്ന വീഡിയോ മിയ കിച്ചണിലെ കൗതുകകരമായ വീഡിയോയായിരുന്നു. ഫുഡ് ലവേഴ്സ് ടി.വി എന്ന ചാനൽ കാഴ്ചകൾ വന്നു. അവിടെ നിന്നും ഇന്ദ്രജിത്ത് ലാഹിരിയുടെ രുചികൾ തേടിയുള്ള യാത്രകളുടെ വീഡിയോ കാഴ്ചകളിലേക്ക് എത്തി. അവിടെ നിന്നും ഒട്ടേറെ പാചകപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ള ഉമ്മി അബ്ദുള്ളയുടെ ഉമ്മിസ് കോർണർ എന്ന ചാനലിലേക്കെത്തി. തലശ്ശേരിക്കാരനായ ഞാൻ അതോടെ മലബാറിൻ്റെ രുചികളിലേക്ക്, പ്രത്യേകിച്ച് തലശ്ശേരി രുചികളിലേക്ക് യുട്യൂബിൽ പലയിടങ്ങളിലെ പല രുചികൾ കറങ്ങിക്കണ്ട് തിരിച്ചെത്തുകയായി. ഒരിടത്ത് ഒറ്റക്കിരിക്കുന്ന അവസ്ഥയിലും എവിടെയൊക്കെയോ മനസ്സ് കൊണ്ട് യാത്ര പോയി നാട്ടിൽ തിരിച്ചെത്തിയത് പോലുള്ള അവസ്ഥയായിരുന്നു അത്. ഏതൊരാൾക്കും എളുപ്പം ചെയ്യാൻ കഴിയുന്ന  ചെറിയ മട്ടിലുള്ള ഭക്ഷണങ്ങൾ മാത്രമേ ഞാൻ ഒറ്റക്ക് തീർത്തുള്ളു എങ്കിലും ഒട്ടേറെ രുചിക്കാഴ്ചകളിൽ മനസ് നിറയെ ഭക്ഷണം കഴിച്ച വർഷമായിരുന്നു 2020 എന്ന് പറയാതെ വയ്യ. കണ്ടവയേക്കാൾ കാണാത്ത രുചികളാകും തീർച്ചയായും യുട്യൂബിൽ അവശേഷിക്കുന്നുണ്ടാകുക. എങ്കിലും ഒരു അണ്ണാനെ പോലെയോ കള്ളുണ്ണിയെ പോലെയോ കുരങ്ങിനെ പോലെയോ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാടിച്ചാടി രുചികൾ കണ്ടു കണ്ടു നീങ്ങിയ വർഷമായിരുന്നു 2020.

ജാതീയമായ വേർതിരിവുകളുടെ പുറത്ത് തങ്ങളുടെ വീടുകളിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്താൽ തന്നെയും ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നവരെ പറ്റി പലരും സങ്കടം പറഞ്ഞു കാണാറുണ്ട്. കവി സി. എസ്.രാജേഷ് ആ പ്രമേയത്തിൽ ശ്രദ്ധേയമായ ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ പന്തിഭോജനം എന്ന പ്രസിദ്ധമായ കഥ ചർച്ച ചെയ്തതും മനുഷ്യർക്കിടയിലെ വിവിധ വിഭാഗങ്ങളുടെ ഭക്ഷണ സംസ്കാരത്തെ കുറിച്ചാണ്. ഒന്നിച്ച് ഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ മാറ്റി നിർത്തുന്ന സഹപ്രവർത്തകയുടെ മീൻകറിക്ക് വൃത്തിക്കുറവും അതിൻ്റേതായ ഒരു പ്രത്യേക മണവുമുണ്ടെന്ന് ആ കഥയിലെ ചില കഥാപാത്രങ്ങൾ ചിന്തിക്കുന്നതായി ആ കഥയിലുണ്ട്. കാലങ്ങൾ എത്രയോ കഴിഞ്ഞിട്ടും സ്വന്തം വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നവർ മനസ്സിൽ തീർക്കുന്ന സങ്കടങ്ങൾ പറയുന്നവർ എത്രയോ എത്രയോ പേർ ഇപ്പോഴുമുണ്ട്. ജാതീയമായ വേർതിരിവുകൾ പ്രബലമായിരുന്ന കാലത്ത് താഴെക്കിടയിലെ മനുഷ്യർക്ക് ഭക്ഷണസാധനങ്ങളുടെ ലഭ്യത അത്രമേൽ ഉണ്ടായിരുന്നില്ല. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യമൊക്കെ പറഞ്ഞു വെക്കുന്നതും അത്തരം കാര്യങ്ങളാണ്. മനുഷ്യർക്ക് ലഭ്യമായിരുന്ന ആഹാരസാധനങ്ങളാൽ തീർക്കപ്പെട്ട ഭക്ഷണ സംസ്കാരമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. വലിയൊരു അർത്ഥത്തിൽ ബിരിയാണി എന്ന ഭക്ഷണമാണ് ചടങ്ങുകളിൽ മനുഷ്യർക്ക് ഏവർക്കും സ്വീകാര്യമായി തുടങ്ങിയത് എന്ന് തോന്നുന്നു. ബിരിയാണിയുടെ സ്വാദാണ് മറ്റുള്ളവരുടെ വീടുകളിലെ ചടങ്ങുകളിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കാൻ മടിച്ചവരെ അത്തരം മടികൾ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. കാലക്രമേണ ബിരിയാണി ഒരു ജനകീയ ഭക്ഷണമായി ചടങ്ങുകളുടെ ഭാഗമാകുകയായിരുന്നു. ഏതാണ്ട് അതേ പോലെ തന്നെ യുട്യൂബിലെ പാചക വീഡിയോകൾ ഇക്കാലത്ത് വലിയ തോതിൽ പല തരം ഭക്ഷണ സംസ്കാരങ്ങളുടെ പരസ്പര വിനിമയം സാധ്യമാക്കുന്നുണ്ട്. ഐ ട്രാവൽ ഫോർ ഫുഡ് എന്ന് വെളുപ്പിൽ എഴുതിയ കറുത്ത ടീ ഷർട്ടും ധരിച്ച് മാർക്ക് വിയെൻസ് വിവിധ തരത്തിലുള്ള ഭക്ഷണവും തേടിയുള്ള യാത്രകൾക്കിടയിൽ കണ്ട  ചിക്കൻ കരാഹി എന്ന ഭക്ഷണം വീട്ടിൽ സ്വന്തം നിലക്ക് തയ്യാറാക്കുന്ന വീഡിയോ പറയാതെ പറയുന്നത് മനുഷ്യർക്കിടയിലെ പല തരത്തിലുള്ള ദൂരങ്ങളും അകലങ്ങളും വേർതിരിവുകളും മാറിയുള്ള ഭക്ഷണ സംസ്കാരങ്ങളുടെ പരസ്പരവിനിമയത്തെ കുറിച്ചു തന്നെയാണ്.

2020 വർഷത്തെ ലോക് ഡൗൺ സമയത്ത് സോഷ്യൽ നെറ്റ് വർക്കുകളിൽ ചിലതിലെ ന്യൂസ് ഫീഡിലേക്ക് കടന്നു വന്ന തനതുരുചി, അവിയൽ എന്നൊക്കെ പേരുള്ള പാചക പരിപാടികൾ അതുവരെ വീടുകളിലെ അടുക്കളകളിൽ അത്രയൊന്നും തീർക്കാതിരുന്നതും ഹോട്ടലുകളിലും ബേക്കറികളിലും ചിലചടങ്ങുകളിലും ലഭ്യമായിരുന്ന പൊറോട്ട, പപ്സ് പോലുള്ള ഭക്ഷണ സാമഗ്രികളെ വീടുകളിൽ സ്വന്തം നിലക്ക് തന്നെ തീർക്കാൻ പറ്റും വിധമാക്കുകയായിരുന്നു. അത്തരം പരിപാടികൾ കണ്ടു കൊണ്ട് തുടങ്ങിയ താല്പര്യമായിരുന്നു പാചക വീഡിയോകളുടെ കാഴ്ചകളിലേക്ക് എത്താൻ ഇടയാക്കിയത് എന്നും പറയേണ്ടി വരും.

2020 വർഷത്തെ ലോക് ഡൗൺ കാലത്ത് സോഷ്യൽ നെറ്റ് വർക്കിൽ പലരും കവിതകൾ ചൊല്ലുകയും പാട്ടുകൾ പാടുകയും പുസ്തകങ്ങൾ വായിച്ച് അഭിപ്രായങ്ങൾ പറയുകയുമൊക്കെ ചെയ്യുകയാണുണ്ടായത്. തങ്ങളിലെ കലാകാരന്മാരെ തിരിച്ചറിഞ്ഞതോടെ പലരും വീഡിയോകൾ അപ്ലോഡ് ചെയ്യാൻ തുടങ്ങി.യു ട്യൂബിൽ ചാനലുകൾ തുടങ്ങാൻ പലർക്കും അതൊരു പ്രേരണയാകുകയായിരുന്നു. സ്ക്കൂളുകൾ  തുറക്കാൻ പറ്റാതെ വന്നതോടെ വിക്റ്റേഴ്സ് ചാനലിൽ വീടുകളിൽ പെട്ടു പോയ കുട്ടികൾക്കായി അദ്ധ്യാപകർ വീഡിയോ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അദ്ധ്യാപകരുടെ ക്ലാസുകൾ യു ട്യൂബിലും കാണാൻ പറ്റുന്ന അവസ്ഥ വന്നു. യുട്യൂബ് വീഡിയോകൾ കാണുന്നതിലും  ചെയ്യുന്നതിലും അതോടെ ജനകീയ സ്വഭാവം ഉരുത്തിരിഞ്ഞു വന്നു.  കോവിഡ് 19- ൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായ ദ്യശ്യവിസ്മയങ്ങളായിരുന്നു അവ.

യു ട്യൂബിൽ വീഡിയോകൾ കാണാറുണ്ടെങ്കിലും സ്വന്തമായി വീഡിയോ ചെയ്യാനൊന്നും എന്തുകൊണ്ടോ തോന്നിയില്ല. മറ്റു പലരും ക്രിയേറ്റീവായി പല കാര്യങ്ങളും വീഡിയോകൾ അപ്ലോഡ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ ലോക്ക് ഡൗൺ കാലം സജീവമായിരുന്നു. വീഡിയോകൾ ചെയ്യാൻ വയ്യെങ്കിലും അവരെ പോലെ  എന്തെങ്കിലുമൊക്കെ ക്രിയേറ്റീവായി ചെയ്യണമെന്ന് കരുതി മാത്രമാണ് ചിത്രങ്ങൾ കൂടുതലായും വരക്കാൻ തുടങ്ങിയത്. ചിത്രങ്ങൾ വരച്ചത് മനസ്സിന് ഏറെ സ്വാസ്ഥ്യം നൽകുകയും ചെയ്തു. അത്തരത്തിൽ വരച്ചവയിൽ വീണു കിടക്കുന്ന പ്ലാവില മറിച്ചിടാൻ ശ്രമിക്കുന്ന ബുദ്ധിജീവിയുടെ ചിത്രം വളരെ പ്രിയപ്പെട്ടതാണ്. സോഷ്യൽ നെറ്റ് വർക്കിൽ ആരാണ് എഴുതിയത് എന്ന് ഇപ്പോൾ ഓർമ്മയിൽ നിൽക്കാത്ത തരത്തിൽ  ഒരു കമൻ്റായി കണ്ടതായിരുന്നു  അത്തരത്തിൽ ഒരു  ചിത്രം വരയാൻ താല്പര്യം തോന്നിച്ചത്. ചിത്രങ്ങൾ വരച്ചും യുട്യൂബിലെ വിവിധ വീഡിയോ കാഴ്ചകൾ കണ്ടുമാണ് കോവിഡ് 19 നാട്ടിൽ  തീർത്ത സാമൂഹിക അകലത്തിൻ്റെ നാളുകളിൽ ഒഴിവു സമയങ്ങൾ പലതും ചെലവഴിച്ചത്.

എഴുത്തുകാരനായ ഇ.പി.രാജഗോപാലൻ www.wtplive.com എന്ന ഓൺലൈൻ പ്രസിദ്ധീകരണം വഴി യു ട്യൂബ് ലിങ്കോടെ ചെയ്യുന്ന മറ്റ് പല എഴുത്തുകാരെയും ഓർത്തെടുക്കുന്ന മികച്ച പരിപാടിയായ മന:പ്പൂർവ്വം എന്ന തുടർച്ചയായി ചെയ്യുന്ന പരിപാടികളിൽ ഒന്നിൽ എൻ.ശശിധരൻ്റെ കൂടെ  പ്രൊഫ.എം.എൻ.വിജയൻ്റെ കൊടുങ്ങല്ലൂരിലെ വീട്ടിൽ ചെന്നതിനെ പറ്റിയും അവിടെ തൊടിയിൽ പക്ഷികൾക്ക് കുടിക്കാനായി മരത്തിൻ്റെ സ്റ്റാൻ്റിൽ പാത്രത്തിൽ വെള്ളം വെച്ചു കൊടുത്തതിനെ പറ്റിയും പറയുന്നതായി കണ്ടിട്ടുണ്ട്. ആ ഭാഗം കണ്ടപ്പോൾ കൗതുകം തോന്നി ആയത് ചുമ്മാ വരച്ചു നോക്കുകയുമുണ്ടായി.
കേരളത്തിലെ പക്ഷികൾ എന്ന മികച്ച പുസ്തകം തയ്യാറാക്കിയ ഇന്ദുചൂഡൻ പലപ്പോഴും പക്ഷി നിരീക്ഷണം നടത്തിയിരുന്ന തൃശ്ശൂർ വിയ്യൂർ രാമവർമ്മപുരം പരിസരത്ത് കണ്ട പക്ഷിയുടെ ചിത്രം പേര് അറിയുന്നതിനായി ആ പക്ഷിയുടെ രൂപം ഓർമ്മയിൽ നിന്നുമെടുത്ത് ചുമ്മാ വരച്ചപ്പോൾ ആ പക്ഷി ഉപ്പൂപ്പ എപ്പോപ്സ്‌  ആണെന്ന് പറഞ്ഞു തന്നത് വി.രാജേഷ് പിലാത്തോട്ടത്തിൽ, സച്ചിൻ ചന്ദ്രൻ എന്നിവരാണ്. ഇന്ത്യൻ കോഫി ഹൗസിലെ വെയ്റ്റർമാരുടേത് പോലുള്ള ഉപ്പൂപ്പ എപ്പോപ്സിൻ്റെ തലയിലെ തൊപ്പിയായിരുന്നു കൗതുകകരമായി തോന്നിയത്. നിലത്തിറക്കി ഭക്ഷണം കൊത്തിത്തിന്നുമ്പോൾ അതേ തൊപ്പി അടുക്കി കൂട്ടി വെക്കുന്നതിനാൽ കലപ്പ പോലെ തോന്നിച്ചു. തലയിൽ കലപ്പയുമായി ഒരു പക്ഷി. ഫോട്ടോഗ്രാഫിയും പക്ഷി നിരീക്ഷണവും പോലുള്ള താല്പര്യങ്ങളുള്ള അവരെ പോലുള്ളവർക്ക് ചുമ്മാ വരച്ച ചിത്രത്തിൽ നിന്ന് തന്നെ ഉപ്പൂപ്പ എപ്പോപ്സിനെ മനസ്സിലായി എന്നത് ചിത്രംവരയിലെ സന്തോഷമായിരുന്നു.

ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം എന്ന പാട്ടിന് ആലായാൽ തറ വേണോ, അടുത്തൊരമ്പലം വേണോ എന്ന തിരുത്ത് പാട്ട് വന്നത് യു ട്യൂബിലായിരുന്നു. ആ ഗാനം കേട്ടപ്പോൾ തലശ്ശേരി എം.ജി റോഡിൽ ഹരിതം ബുക്സിന് മുന്നിലെ ആൽമരത്തിന് ചുവട്ടിൽ നിന്നു കൊണ്ട് കാർട്ടൂണിസ്റ്റ് പതഞ്ജലി കവിതാനിരൂപകനായ ആർ.ഐ.പ്രശാന്തിനോടും എന്നോടും ആൽമരത്തിൻ്റെ ഇലകൾ സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനെ പറ്റി പറഞ്ഞത് ഓർക്കുകയുണ്ടായി. ചിലപ്പോൾ ഒരു പൂർണ്ണവൃത്തത്തിൻ്റെ മുന്നുറ്റിയമ്പത് ഡിഗ്രിയിൽ പോലും ആൽമരത്തിൻ്റെ ഇലകളിൽ ചിലത് കാറ്റിൽ കറങ്ങുമത്രെ. സൂഫി നൃത്തം ചെയ്യുന്ന ആലില ഇലകൾ.

ഗോപു കൊടുങ്ങല്ലൂർ ഒട്ടേറെ മരങ്ങളും ചെടികളും പരിചയപ്പെടുത്തുന്നതായി കാണിക്കുന്ന വീഡിയോകൾ യുട്യൂബിൽ കാണാനിടയായിട്ടുണ്ട്. പല മരങ്ങളുടെയും കൂട്ടത്തിൽ ആലിനെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്. വേരുകൾ ആഴത്തിൽ ഭൂമിക്കടിയിലേക്ക് പോകാതെ പരന്നു കിടക്കുന്നതിനാൽ ആലുകൾക്ക് തറ തീർക്കുന്നത് പൊടുന്നനെ പിഴുതു വീഴാതിരിക്കാൻ നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. വെള്ളം സംഭരിക്കാനുള്ള കഴിവ് ആലിനുള്ളതിനാൽ അടുത്ത് കുളവും നല്ലതാണത്രെ.

ആലായാൽ തറ വേണോ എന്ന ഗാനം .കേട്ട കാലത്ത് തന്നെയാണ് കെ എസ് ഷിതിജ് ചൗധരിയുടെ ഉഡ ഐഡാ എന്ന പഞ്ചാബി സിനിമ കാണുന്നത്. ഇംഗ്ലീഷ് പഠിക്കുന്നതിലെ ഇസ്തിരിച്ചുളിവുകൾ വീഴായ്മയും പ്രാദേശിക ഭാഷയുടെ നന്മയുമൊക്കെ പറയുന്ന ഒരു സിനിമയാണത്. ഇംഗ്ലീഷ് അത്രമേൽ ഇസ്തിരിച്ചുളിവ് വീഴാത്ത ഭാഷയാണോ? ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചില യു ട്യൂബ് ചാനലുകൾ അത്യന്തം ആകർഷകമായി തോന്നിയ വർഷം കൂടിയാണ് 2020 എന്ന് പറയാതെ വയ്യ. മലർ തമിഴിൽ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലാസുകളും ചേതനയുടെ ചെത്ചാറ്റ് എന്ന ചാനലും നല്ല നിലവാരമുള്ളതായി തോന്നുകയുണ്ടായി. എങ്കിലും സിനിമകളും ലേഖനങ്ങളും എത് പ്രാദേശിക ഭാഷകളിലും സാമാന്യജനങ്ങളുടെ ഇംഗ്ലീഷ് പഠന താല്പര്യങ്ങളെ വിമർശിക്കും വിധം വന്നു കൊണ്ടേയിരിക്കും. ഇംഗ്ലീഷ് പഠനം അനായാസമാക്കാൻ ഉതകുന്ന എളുപ്പ വിദ്യകളെ പറ്റി ചിന്തിക്കുന്നതിന് പകരം ഇംഗ്ലീഷ് ഭാഷ വില്ലനാണെന്ന് അവ ഏതെങ്കിലും തരത്തിൽ പറഞ്ഞു കൊണ്ടേയിരിക്കും. ഇംഗ്ലീഷ് ഭാഷ മാത്രമല്ല, ചുറ്റുപാട് ഭാഷകളല്ലാത്ത ഏത് ഭാഷകളും പഠിച്ചെടുക്കാൻ തെല്ല് പ്രയാസം തന്നെയാണ്. മറ്റു ഭാഷകൾ പഠിച്ചെടുക്കാൻ സാഹചര്യങ്ങൾ ഒത്തു വരുന്നവർ ഭാഗ്യം ചെയ്തവർ എന്നു മാത്രമേ കരുതേണ്ടതുള്ളു.

ഉഡ ഐഡാ സിനിമയെ പറ്റി പറയാൻ കാരണം ആ സിനിമയിൽ ഗ്രാമവാസികളുടെ കൂടിക്കാഴ്ചകൾ പലതും സംഭവിക്കുന്നത് ആൽമരത്തണലിലായിരുന്നു എന്നതിനാലാണ്. ചുറ്റും തറ കെട്ടിയ ഭംഗിയുള്ള ആലുകൾ. മറ്റൊരു മരത്തിൻ്റെയോ കെട്ടിടത്തിൻ്റെയോ ഒരിടത്ത് നിന്നും പതിയെപ്പതിയെ മുളച്ചു തുടങ്ങി ആൽ മരം പടർന്നുയരുന്ന രീതി പോലെ ആലായാൽ തറ വേണം എന്ന പാട്ടിനെ മാറ്റം വരുത്തിയ പുതിയ പാട്ടിനെ തോന്നുകയുണ്ടായി. ഒരു പാട്ടിൻ്റെ ചില ഇടങ്ങളിൽ വിത്ത് വീണ് താഴേക്കു താഴേക്ക് വേരോടി ഇലകളും ചില്ലകളും വന്ന് പടരുന്ന മറ്റൊരു പാട്ട്. സൂരജ് സന്തോഷ് പാടിയ പഴയതും മാറ്റം വരുത്തിയ പുതിയതുമായ  രണ്ടു പാട്ടുകളും കേൾക്കാൻ തീർച്ചയായും ഇമ്പമുള്ളവ തന്നെ. പക്ഷേ തിരുത്താൻ ശ്രമിച്ച പാട്ട് കേട്ടതിൻ്റെ ഓർമ്മ മനസ്സിൽ വരുമ്പോഴൊക്കെ ജീവിതത്തിൽ പറ്റിപ്പോയ പല അബദ്ധങ്ങളും തിരിച്ചു ചെന്ന് തിരുത്താൻ  കഴിയില്ലല്ലോ എന്ന് വ്യക്തിപരമായി എനിക്ക് തോന്നിപ്പോകാറുണ്ട്. തോറ്റു തോറ്റു പോയ ഇടങ്ങളൊക്കെ തിരിച്ചു ചെന്ന് തിരുത്താൻ ജീവിതത്തിൽ ഒരാൾക്ക് സാധിക്കാറുണ്ടോ? പലയിടങ്ങളിലും ചെന്ന് തിരുത്താൻ പറ്റില്ലെന്ന് തന്നെയാണ് തോന്നിച്ച. ചെന്ന് തിരുത്താൻ പറ്റാത്ത വിധം പല ഘടകങ്ങളും അപ്പുറമിപ്പുറം ശക്തമായി നില നിൽക്കുന്നുണ്ടാകാം. തോറ്റു പോയ ഇടങ്ങൾ തിരിച്ചു ചെന്ന് തിരുത്താൻ പറ്റുന്നില്ലല്ലോ എന്ന തോന്നിച്ചയാൽ തിരുത്ത് വരുത്തിയ പാട്ട് കേൾക്കുമ്പോൾ ഒക്കെയും എന്നെ ആ പാട്ട് എന്തുകൊണ്ടൊക്കെയോ സങ്കടപ്പെടുത്തുകയാണുണ്ടായത്.

മരണമെത്തുന്ന നേരത്ത് നീയെൻ്റെ അരികിൽ ഒത്തിരി നേരമിരിക്കണേ എന്ന പാട്ട് ചിലർ  അതിമന്നോഹരമായി യുട്യൂബിൽ പാടുന്നതായി കണ്ടു. കേൾക്കാൻ ഇമ്പമാർന്ന പാട്ടായിരുന്നെങ്കിലും ആ പാട്ട് പക്ഷേ  എന്നെ കഠിനമായി സങ്കടപ്പെടുത്തി. ആർക്കും അരികിൽ ഇരിക്കാൻ പറ്റാത്ത വിധം ചിലർ മരിച്ചു പോയ വർഷമാണ് 2020. ഒന്നിച്ച് ചിലയിടങ്ങളിലേക്ക് സ്നേഹത്തോടെ യാത്ര ചെയ്തതും ഒന്നിച്ച് കളിച്ചതുമായ ചില സുഹൃത്തുക്കളും അവരുടെ കൂട്ടത്തിൽ പെട്ടു പോയിട്ടുണ്ട്. അത്യന്തം സങ്കടത്തോടെ അവരുടെ മരണവാർത്ത അറിഞ്ഞ് ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്.
കോവിഡ് 19-ൻ്റെ തീക്ഷ്ണത ലോകത്ത് നിന്നും മാഞ്ഞു പോകേണമേ എന്ന് അഗാധമായി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

വായിച്ച പുസ്തകങ്ങളുടെയോ കണ്ട സിനിമകളുടെയോ പേര് പറഞ്ഞാൽ മറ്റുള്ളവർക്ക് എളുപ്പം തിരിച്ചറിയാൻ പറ്റുന്നത് പോലെ യുട്യൂബിൽ കണ്ട വീഡിയോകളെ പറ്റി പറയുമ്പോൾ എളുപ്പം മറ്റുള്ളവരിലേക്ക് ഒരു പക്ഷേ എത്തില്ലായിരിക്കാം. എങ്കിലും അറിവുകളുടെ ലോകത്തേക്ക് അവയിൽ പലതും എനിക്ക് കൈ തരുന്നുണ്ട്. ഫോട്ടോഷോപ്പ് പഠിക്കാനും അഡോബ് ഇല്ലസ്ട്രേഷൻ പഠിക്കാനും തയ്യൽ പഠിക്കാനും സംഗീതം പഠിക്കാനുമൊക്കെ ഉതകുന്ന തരം വീഡിയോകൾ യുടൂബിൽ കാണുന്നുണ്ട്. ചിലരാകട്ടെ പല കളികളിലെയും സൂത്രവിദ്യകളും കളി രഹസ്യങ്ങളുമൊക്കെ പഠിപ്പിച്ചു തരുന്നതായും കാണുന്നുണ്ട്. റൂബിക്സ് ക്യൂബൊക്കെ ഒരേ വശത്ത് ഒരേ നിറമൊപ്പിക്കാൻ വീഡിയോകൾ കണ്ട് മനസ്സിലാക്കുക മാത്രമേ വേണ്ടി വരികയുള്ളു. അവയിലെ വിവിധ ഭക്ഷണക്കാഴ്ചകൾ  പോലും ഞാൻ കഴിച്ചത് പോലെ എനിക്ക് വികെരിയസായി അനുഭവപ്പെടുന്നുണ്ട്.

സ്വന്തമായി ഒരു യുട്യൂബ് ചാനലൊന്നും തുടങ്ങാൻ എന്തിരുന്നാലും ഉദ്ദേശിക്കുന്നില്ല എന്നതിനാൽ തന്നെ യാതൊരു മുതൽ മുടക്കുമില്ലാതെ വർഷാവർഷം എൻ്റെ ഉറക്കത്തിലെ സ്വപ്നങ്ങളിൽ അഭിനയിക്കാൻ എത്തുന്ന സെലിബ്രിറ്റികളോട് അകമഴിഞ്ഞ നന്ദി തീർച്ചയായും അറിയിക്കുന്നു. അവരറിയാതെ എൻ്റെ സ്വപ്നങ്ങളിൽ മാത്രം സംഭവിക്കുന്ന കാര്യമാണ് അതെങ്കിലും തീർച്ചയായും വലിയ സന്തോഷമാണ് ആ സ്വപ്നങ്ങൾ തരാറുള്ളത്. സോഷ്യൽ നെറ്റ് വർക്കിലെ ഒരു പെൺ സുഹൃത്ത് തമിഴ് നടൻ സൂര്യയെ സ്വപ്നത്തിൽ കണ്ടതായി എഴുതിയ പോസ്റ്റിന് താഴെ സെലിബ്രിറ്റികൾക്ക് പ്രതിഫലം കൂടില്ലേ, ലോ കോസ്റ്റ് സ്വപ്നങ്ങൾ കണ്ടാൽ മതിയാകില്ലേ എന്നൊരു കമൻ്റ് ഞാൻ തമാശയായി എഴുതി ചേർത്തിട്ടുണ്ടെങ്കിലും  സെലിബ്രിറ്റികൾ സ്വപ്നങ്ങളിൽ വരുന്നത് വലിയ ഭാഗ്യമാണ്. അവർ വരുന്ന ഇടങ്ങളിലേക്ക് അവരെ ഒരു മാത്ര കാണാനായി ചെല്ലണമെന്നോ ഒന്നിച്ച് സെൽഫി എടുക്കണമെന്നോ ആഗ്രഹിക്കാത്ത എന്നെ പോലുള്ളവരുടെ മനസ്സ് കണ്ടറിഞ്ഞ് ദൈവം തരുന്ന അനുഗ്രഹമാകാം ഒരു പക്ഷേ അത്തരം സ്വപ്നങ്ങൾ. സംഗതി അബ്സേന്ധ് ഒക്കെയായിരിക്കാം. എങ്കിലും അത്തരം സ്വപ്നങ്ങൾ ഒരു രസമാണ്. ഏതൊരാളും തുടങ്ങുന്നതു പോലെ യുട്യൂബ് ചാനൽ തുടങ്ങാനൊന്നും തീർച്ചയായും വയ്യ. ഞാൻ കാണി മാത്രമാകും വിധം യുടൂബിലെ നല്ല നിലവാരമുള്ള വീഡിയോകൾ തുടർന്നും കാണുന്നതായിരിക്കും. അതേ പോലെ തന്നെ ഞാൻ കാണി മാത്രമാകുന്ന അടുത്ത വർഷത്തെ സ്വപ്നത്തിൽ അഭിനയിക്കാൻ എത്തുന്ന സെലിബ്രിറ്റി ആരായാൽ തന്നെയും വന്നാൽ അത്യന്തം താല്പര്യത്തോടെ കാണുന്നതിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു.

1 thought on “ചില അപൂർവ്വ സ്വപ്നങ്ങളും സ്വപ്നങ്ങളുടെ ദൈർഘ്യം മാത്രമുള്ള ചില കാഴ്ചകളും

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner