Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ദേ.. അവരിങ്ങെത്തി !

തുലാമാസത്തിന് മുമ്പേ ഇങ്ങെത്തി, നൂറുകണക്കിന് തുലാത്തുമ്പികൾ. എവിടെനിന്നാണെന്നോ? അങ്ങ് ആഫ്രിക്കയിൽ നിന്നാണെന്ന് ചിലർ.
ഭൂമിയിൽ എവിടെ നിന്ന് വേണമെങ്കിലും ആവാം എന്നതാണ് വാസ്തവം. 😗

അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ സഞ്ചാരിത്തുമ്പികളെ (Wandering glider – Pantala flavescens) കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കെല്ലാം ചേർന്ന് ഒരൊറ്റ ‘ജനിതക കുളം’ (gene pool) ആണുള്ളത്. അതായത്, ആഫ്രിക്കയിൽ നിന്നുമുള്ള ഒരാൺത്തുമ്പി ഇണയായി തിരഞ്ഞെടുക്കുന്നത് ഒരു ഓസ്‌ട്രേലിയക്കാരി പെൺത്തുമ്പിയെ ആവാം! അവൾ മുട്ടയിടുന്നതോ, നമ്മുടെ മുണ്ടകൻ പാടത്തുമാവാം!! 😊
ഇവിടെനിന്ന് തിരിച്ചുപോകുന്നത് വന്ന തുമ്പികളായിരിക്കില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം- വന്നവരെ പക്ഷികളോ വാർധക്യമോ കൊന്നുകളഞ്ഞിട്ടുണ്ടാകും.
മുട്ടവിരിഞ്ഞു വരുന്ന അടുത്ത തലമുറ ഏകദേശം ഒരു മാസംകൊണ്ട് ജലജീവിതം വെടിഞ്ഞ് പറന്നുയരുന്നു. അവ പോകുന്നത് എവിടേക്കായിരിക്കും? 🤔

പക്ഷികളുടെ ദേശാടനം നിങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവയെ പോലെ വലിയ ചിറകുകളോ, പറയത്തക്ക ബുദ്ധിസാമർഥ്യമോ ഇല്ലാത്ത ഈ ചെറുപ്രാണികളുടെ കാര്യമോ?
കയ്യടിക്കെടാ! 👏

ഇവയുടെ ദേശാടനത്തെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങളിലേ വ്യക്തതയുള്ളൂ. സഞ്ചരിക്കാൻ കാറ്റിന്റെ സഹായം തേടുന്നു എന്നതാണൊരു വസ്തുത. വായുവിലുള്ള സൂക്ഷ്മജീവി (aerial planktons) കളാണ് ദേശാടനകാലത്തെ പ്രധാന ഭക്ഷണം. ഈ പറഞ്ഞ ജീവികളെ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയില്ല. 😳

മനുഷ്യൻ എത്രയെത്ര തണ്ണീർത്തടങ്ങൾ നികത്തിയിട്ടും, ജലസ്രോതസുകളിൽ വിഷം കലർത്തിയിട്ടും ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ മനുഷ്യന്റെ കടന്നാക്രമത്തെ എത്രനാൾ ഇവയ്ക്ക് ചെറുത്തു നിൽക്കാൻ കഴിയും? ഭൂമിയിൽ സർവസാധാരണമായ ഈ ജീവിവർഗ്ഗത്തെയും മനുഷ്യൻ കൊന്നൊടുക്കുമോ? അതോ ദിനോസറുകളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ച ഇവ മനുഷ്യനെയും റ്റാറ്റ പറഞ്ഞു യാത്രയാക്കുകയാണോ ചെയ്യുക? 😮

നിങ്ങൾക്ക് സുപരിചിതരായിരിക്കും ഈ തുമ്പികൾ. 5 സെന്റിമീറ്ററോളം മാത്രം വലിപ്പം, ചുവപ്പ് കലർന്ന മഞ്ഞ ശരീരത്തിൽ നെറുകെയുള്ള പാട്, ചെടികളിൽ കൂട്ടത്തോടെ തൂങ്ങി കിടക്കുന്ന സ്വഭാവം- ഇതെല്ലാം ശ്രദ്ധിച്ചാൽ തുലാത്തുമ്പികളെ എളുപ്പത്തിൽ തിരിച്ചറിയാം.

മാലിദ്വീപിൽ കടൽജീവികളെ കുറിച്ച് പഠിച്ചിരുന്ന ശാസ്ത്രജ്ഞനായ ചാൾസ് ആന്ഡേഴ്സനാണ് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്കും, തിരിച്ച് ആഫ്രിക്കയിലേക്കുമുള്ള ഇവയുടെ ദേശാടനത്തെ കുറിച്ചുള്ള ശാസ്ത്രീയ തെളിവുകൾ സമാഹരിച്ചത്. ഇപ്പോഴിതാ, കേരളത്തിലെ തുമ്പികളെ കുറിച്ച് പഠിക്കാൻ രൂപംകൊണ്ട സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റടീസ് (SOS) പൗരശാസ്ത്ര മാർഗങ്ങളിലൂടെ തുലാത്തുമ്പികളുടെ ദേശാടനത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ഒരുങ്ങുന്നു. അവയെ നിരീക്ഷിച്ച് ഈ ശ്രമത്തിൽ നമുക്കും പങ്കാളികളാവാം…

1 thought on “ദേ.. അവരിങ്ങെത്തി !

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner