Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ദുരിതകാലത്തെ കേരള പോലീസ്

പോലീസ് എന്ന ഭരണകൂട ഉപകരണം എല്ലാക്കാലത്തും ഒരുപാട് വിമർശനങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്.എല്ലായ്പ്പോഴും ഭരിക്കുന്ന ഗവണ്മെന്റുകളോട് കൂറ് പുലർത്തുന്ന നിലപാടുകൾ സ്വീകരിക്കുകവഴി പ്രതിപക്ഷപാർട്ടികളുടെയും പൗരാവകാശ സംരക്ഷകരുടെയും നിരന്തരമായ വിമർശനങ്ങൾ ഇവർ നേരിടാറുണ്ട്. പരമ്പരാഗത പോലീസിങ്ങിൽ മാറ്റങ്ങൾ ആവശ്യമാണ്‌ എന്ന മുദ്രാവാക്യവുമായി ലോകത്തിലെ പല ജനാധിപത്യസമൂഹങ്ങളും നിരന്തരമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾ പോലീസ് സേനയിൽ സംഭവിച്ചിട്ടുണ്ട്. അതിന്റെ കേരളാമോഡലിനെ ജനമൈത്രി സുരക്ഷ പ്രൊജക്റ്റ്‌ എന്ന നിലയിലാണ് അറിയപ്പെടുന്നത്. 2008 ൽ പ്രവർത്തനം തുടങ്ങിയ ഈ പുതിയ രീതി കേരളാ പോലീസിന്റെ പൊതുജനങ്ങളോടുള്ള സമീപനത്തിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ കോവിഡ് 19 എന്ന മഹാമാരി ദുരിതം വിതച്ച സമകാലിക കേരളയാഥാർഥ്യത്തിൽ പോലീസ് ഇടപെടൽ ഏതു രീതിയിലാണ് പൊതുഭരണസമ്പ്രദായത്തെ സഹായിക്കുന്നത് എന്ന് അന്വേഷിക്കുകയാണ് ഇവിടെ.

കേരളാ പോലീസിന്റെ ജനവിരുദ്ധസമീപനങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയുണ്ട്. അതിന്റെ ഏറ്റവും ഭീകരരൂപം അടിയന്തിരാവസ്ഥയുടെ കാലത്താണ് കേരളജനത ഏറ്റവുമധികം അനുഭവിച്ചത്. കേരളത്തിലെ പ്രമുഖ ഇടതുനേതാവായിരുന്ന സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന ആ കാലഘട്ടത്തിൽ കെ കരുണാകരൻ എന്ന ആഭ്യന്തരമന്ത്രിയുടെ ആജ്ഞകൾ നടപ്പിലാക്കാനുള്ള ഉപകരണം മാത്രമായി കേരളാപോലീസ് മാറുന്ന സ്ഥിതിവിശേഷം ഉണ്ടായി. പ്രതിപക്ഷ നേതാക്കളെയും ബഹുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകരെയും ക്രൂരമായ ലോക്കപ്പ്മർദ്ദനങ്ങൾക്ക് വിധേയമാക്കി. ഉരുട്ടിക്കൊല പോലുള്ള പ്രാകൃതരീതികൾ അക്കാലത്തു കേരളാ പോലീസ് പ്രാവർത്തികമാക്കി. ഇന്നും ഉത്തരമില്ലാതെ ഇരിക്കുന്ന രാജന്റെ മരണവും ഈച്ചരവാര്യർ എന്ന അച്ഛന്റെ നിയമപോരാട്ടങ്ങളും കേരള ചരിത്രത്തിലെ പോലീസ് അതിക്രമങ്ങൾ വെളിച്ചത്തു കൊണ്ടു വന്ന സംഭവങ്ങളാണ്. നക്സൽ നേതാവായിരുന്ന വർഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയത് എന്ന വെളിപ്പെടുത്തൽ ഏറെ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നു.പല ജനകീയസമരങ്ങളെയും അടിച്ചമർത്തുന്നതിലും ഗവണ്മെന്റുകൾ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.ജനകീയ സമരങ്ങൾ ഉയർത്തുന്ന ആവശ്യങ്ങളെ കൃത്യമായി അഡ്രസ് ചെയ്യാൻ മടിക്കുന്ന സർക്കാരുകൾ യാതൊരു സന്ധി സംഭാഷണങ്ങൾക്കും ഇടനല്കാതെയാണ് അത്തരം നീക്കങ്ങളിലൂടെ മുന്നോട്ട് പോയത്. കണ്ണൂർ കൂത്തുപറമ്പിൽ നടന്ന പോലീസ് വെടിവയ്പിലും മുത്തങ്ങയിലെ പോലീസ് നടപടിയിലും അനവധി ആളുകൾക്ക് ജീവഹാനിയും പലരും മൃതപ്രായരായ അവസ്ഥയിലേക്കും എടുത്തെറിയപ്പെട്ടു. തീർത്തും ഏകാധിപത്യ പരമായ സമീപനങ്ങളാണ് അക്കാലങ്ങളിലൊക്കെ പോലീസ് സേന കൈക്കൊണ്ടത്. അത്തരം സമീപനങ്ങൾ പോലീസ് സേനയോട് അവമതിപ്പുണ്ടാക്കുകയും അവർക്ക് പോലീസിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുന്നതിലേക്കും നയിച്ചു.

ലോകത്തിലെ പല ജനാധിപത്യസമൂഹങ്ങളും മുൻപ് തന്നെ നടപ്പിൽ വരുത്തിയ സാമൂഹികപോലീസ് എന്ന ആശയം കേരളത്തിൽ നടപ്പിൽ വരുത്താൻ 2008 ൽ കേരളാപോലീസ് തീരുമാനിച്ചത് ഈയൊരു സാഹചര്യത്തിലാണ്. ജനമൈത്രി സുരക്ഷാ പ്രൊജക്റ്റ്‌ എന്ന പേരിൽ പുതിയൊരു ആശയം കേരളാ പോലീസ് നടപ്പിൽ വരുത്തി. ആദ്യം 20 തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തിയ പദ്ധതി ഇന്ന് 500 നടുത്തു പോലീസ് സ്റ്റേഷൻ പരിധികളിലേക്ക് വിപുലപ്പെടുത്താൻ സാധിച്ചത് ഈയൊരു പ്രോജക്ടിന് പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ച പിന്തുണയുടെ സൂചനയാണ്. പോലീസിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമായമാക്കുകയും കേസന്വേഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പൂർണ സഹകരണം ഉറപ്പ് വരുത്താനും ഈയൊരു പദ്ധതിയിലൂടെ പോലീസിന് സാധിച്ചു. കുറ്റകൃത്യങ്ങളുടെ നിരക്ക് മുൻപുള്ളതിൽ നിന്നും ഗണ്യമായി കുറക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിച്ചു. ഇടക്കാലത്തു നടന്ന ലോക്കപ്പ് മർദ്ദനങ്ങളും മാവോയിസ്റ് വേട്ടകളും വിമർശനങ്ങൾ വിളിച്ചു വരുത്തിയെങ്കിലും പോലീസ് അതിന്റെ ഏകാധിപത്യ പ്രവണതകളിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നത് ആശാവഹമാണ്. കേരളം സമീപകാലത്ത് നിരവധി പ്രകൃതി ക്ഷോഭങ്ങളെ ആഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഓഖിയും രണ്ടു പ്രളയങ്ങളും നടന്ന സമയത്ത് സജീവമായ ഇടപെടലാണ് കേരളാ പോലീസ് നടത്തിയത്. ജനമൈത്രി പോലീസ് പ്രോജക്ടിന്റെ ഭാഗമായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മുൻപുണ്ടായിരുന്ന വിമുഖത മാറിയതും ജനങ്ങൾ വീണ്ടും പോലീസിൽ വിശ്വാസം അർപ്പിക്കാൻ തുടങ്ങിയതും ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിച്ചിട്ടുണ്ട്.

ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോർട്ട്‌ ചെയ്യപ്പെട്ടതു തൃശൂർ ജില്ലയിലാണ്. ആ സമയം മുതൽ ആരോഗ്യവകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും നടപ്പിൽ വരുത്താൻ അക്ഷീണം പ്രയത്നിക്കുന്ന സേനയാണ് കേരള പോലീസ്. എല്ലാ സേനകളെയും പോലെ തന്നെ പല തരത്തിലുള്ള അമിതാധികാരപ്രയോഗങ്ങളും നടപ്പിൽ വരുത്താൻ പല ഘട്ടങ്ങളിലും കേരള പോലീസ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ ദുരിതകാലത്ത് പോലീസ് സേന സ്വീകരിച്ച പല നടപടികളെയും മുക്തകണ്ഠം പ്രശംസിക്കേണ്ടതായിട്ടുണ്ട്. ലോക്ഡൗൺ കാലഘട്ടത്തിൽ പല ഇന്ത്യൻ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വഷളായപ്പോളും കേരളത്തിൽ രോഗ വ്യാപനം തടഞ്ഞു നിർത്താൻ സഹായകമായ കാരണങ്ങളിലൊന്ന് കേരളാ പോലീസിന്റെ സമയോചിതമായ ഇടപെടലുകളും ആരോഗ്യവകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങളുമാണ്. അനാവശ്യ ഇടപെടലുകൾ ചില സമയത്ത് ഉണ്ടായപ്പോയും അതാത് സമയത്ത് ഇടപെട്ട് ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത പോലീസ് മേധാവികൾക്ക് സാധിച്ചിട്ടുണ്ട്.

കേരളത്തിലെ എൽഡിഎഫ് ഗവണ്മെന്റ് എല്ലാ മേഖലകളിലും വലിയ മുന്നേറ്റങ്ങൾ സാധ്യമാക്കിയപ്പോയും ഏറ്റവും പഴികേട്ടത് ആഭ്യന്തരവകുപ്പായിരുന്നു. പോലീസ് സേനയെ കയറൂരിവിടുന്നെന്ന നിരന്തരവിമർശനങ്ങളെ പ്രതിരോധിക്കാൻ ഭരണകൂടം ഏറെ പണിപ്പെട്ടിരുന്നു. എന്നാൽ ഈ ദുരിതകാലത്തെ പോലീസിന്റെ സേവനങ്ങൾ അത്തരം വിമർശനങ്ങൾ ഒരു പരിധിവരെ അവസാനിപ്പിച്ചിട്ടുണ്ട്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയാണ് പോലീസിനുള്ളത്. ആ ഒരു ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയും ജനവിരുദ്ധ നയങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുമ്പോളാണ് ജനങ്ങൾ പോലീസിനെതിരെ തിരിയുന്നത്. ആ ഒരു യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തിച്ചാൽ പോലീസിന് എളുപ്പത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാം. അതിനായി ജനകീയപോലീസ് എന്ന നവീന ആശയത്തിലേക്ക് കേരളാപോലീസിന് സമീപഭാവിയിൽ തന്നെ മാറേണ്ടി വരും.
ചുരുക്കത്തിൽ മുൻപുണ്ടായിരുന്ന ഏകാധിപത്യ പ്രവണതകൾ മാറ്റിയെടുക്കാൻ ഈ സമീപകാലത്ത് പോലീസിന് സാധിച്ചിട്ടുണ്ട്. അതിനു ജനമൈത്രി പോലീസ് എന്ന പ്രൊജക്റ്റും, ഈ ദുരിതകാലത്തെ പ്രവർത്തനങ്ങളും പോലീസ് സേനയെ സഹായിച്ചിട്ടുണ്ട്. ആ ഒരു വിശ്വാസം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസ് സേനയ്ക്കുണ്ട്. ജനങ്ങളുടെ സംരക്ഷകരായി പോലീസ് മാറുന്നതോടെ പോലീസിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ജനകീയ പോലീസ് എന്ന നവീന ആശയത്തിലേക്ക് കേരളാ പോലീസ് ഉടനടി മാറുമെന്ന് പ്രത്യാശിക്കാം. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളായി ജനമൈത്രി സുരക്ഷ പ്രോജെക്റ്റിനെയും ദുരിതകാലത്തെ പ്രവർത്തനങ്ങളെയും നോക്കി കാണാവുന്നതാണ്.

© ഷബീർ അയനിക്കാട്.

1 thought on “ദുരിതകാലത്തെ കേരള പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner