Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ഹിന്ദിയും ഹിന്ദുത്വരാഷ്ട്രീയവും തമ്മിൽ?

ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദി മാറിയതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ ഹിന്ദി പണ്ഡിതരിൽ ഒരാളായിരുന്നു വ്യോഹാർ രാജേന്ദ്രസിംഹ. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 14 ‘ഹിന്ദി ദിവസ്’ എന്ന പേരിൽ വടക്കേ ഇന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലധികമായി. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനൊപ്പം ഹിന്ദികൂടി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഓർമപ്പെടുത്തലായോ, സ്‌കൂളുകളിലെ ചില ഹിന്ദിരചനാമത്സരങ്ങളായോ അടുത്തകാലം വരെ ഈ ദിനാചരണം ഒതുങ്ങിനിന്നിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ‘ഹിന്ദി ദിവസ്’ ആചരണം ദേശീയ പ്രാധാന്യമുള്ള ദിനം എന്ന രീതിയിൽ വമ്പിച്ച പ്രചാരം നേടിയത്.

ഹിന്ദിഭാഷയുടെ വളർച്ചക്കായി പ്രയത്നിച്ച ഭാഷാപണ്ഡിതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇക്കൊല്ലത്തെ ട്വീറ്റ് നമ്മളെ ചിലത് ഓർമപ്പെടുത്തുന്നുണ്ട്. നാഗരി പ്രചാരിണി സഭ, ഹിന്ദി സാഹിത്യ സമ്മേളൻ തുടങ്ങിയ സംഘടനകൾ കൊളോണിയൽ കാലഘട്ടം മുതൽക്കുതന്നെ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായും കോടതിഭാഷയായും ഉപയോഗത്തിൽക്കൊണ്ടുവരാനായി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണിത്. ഹിന്ദുക്കളുടെ രാഷ്ട്രീയ താൽപര്യങ്ങൾ മുന്നോട്ട് വെക്കാൻ കഴിയുന്ന ഭാഷ എന്ന നിലയിൽത്തന്നെയാണ് ഈ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന പല യാഥാസ്ഥിതിക ഹിന്ദുക്കളും ഹിന്ദിയെ കരുതിയിരുന്നതെന്ന് ജ്യോതിരിന്ദ്ര ദാസ്ഗുപ്ത തന്റെ Language, Conflict and National Development എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നീ ഭാഷകൾക്ക് ദേശീയതലത്തിൽ ഔദ്യോഗികഭാഷാപദവി ഉണ്ടായിരുന്നു. ഉർദുവിന് മാത്രം സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ യൂണിയനിൽ ഔദ്യോഗികഭാഷാപദവി നഷ്ടമായി എന്നത് ശ്രദ്ധേയമാണ്. ദ്വിരാഷ്ട്രസിദ്ധാന്തത്തിനനുസരിച്ച് നടന്ന വിഭജനങ്ങളിൽ ഒന്നായിരുന്നു ഹിന്ദി/ഉർദു ഭാഷകളുടെ വേർതിരിവ്. ഇവ രണ്ട് വ്യത്യസ്ത ഭാഷകളായി മാറിയതെങ്ങനെയെന്ന് Francesca Orsini – യുടെ ഭാഷാപഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഇംഗ്ലീഷിനെ പിൻതള്ളി ഹിന്ദിയെ മാത്രം ഇന്ത്യയുടെ ഔദ്യോഗികഭാഷാപദവിയിലേക്ക് ഉയർത്തിക്കാണിക്കുവാനുള്ള ശ്രമങ്ങൾ ഹിന്ദിയുടെ ഹൃദയഭൂമിയിൽ നിന്നും കാലാകാലങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. രാജ്‌ഭാഷ (official language) എന്ന പദവിക്കപ്പുറം രാഷ്ട്രഭാഷ (national language) എന്ന സങ്കൽപ്പനത്തിലേക്ക് ഹിന്ദിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ അടുത്തകാലത്തെ ഹിന്ദിപ്രചാരണത്തിന്റെ കാതലായ ഉദ്ദേശങ്ങളിലൊന്നാണ്. ഹിന്ദി ദിവസ് പോലെയുള്ള ദിവസങ്ങൾക്ക് കൊടുക്കുന്ന പ്രചുരപ്രചാരവും “ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാനി” എന്ന ഹിന്ദുത്വത്തിന്റെ മുദ്രാവാക്യവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടവയാണ്.

ഹിന്ദി പ്രചരണത്തിന്റെ ചരിത്രത്തിലേക്ക്

‘ഭാരതീയതയെ’ പ്രതിനിധീകരിക്കുന്ന ഏക ഇന്ത്യൻ ഭാഷ എന്ന നിലയിൽ 1920 കൾ മുതൽക്കു തന്നെ ഹിന്ദിയെ ഉയർത്തിക്കാണിക്കാനുള്ള പ്രചരണശ്രമങ്ങൾ പേഴ്‌സോ-അറബിക് ജ്ഞാനപാരമ്പര്യങ്ങളെയും, ഉർദുവിനെയും മറ്റു ലിഖിതപാരമ്പര്യങ്ങളെയും മാത്രമല്ല പിൻതള്ളിയത്. വ്രജ്ഭാഷ, മൈഥിലി, അവധി മുതലായ അനേകം വടക്ക്, വടക്കു-കിഴക്കേ ഇന്ത്യൻ വാമൊഴിപാരമ്പര്യങ്ങളെ ഹിന്ദി എന്ന പൊതുനാമകരണത്തിനടിയിലേക്ക് ചുരുക്കുക എന്നതുകൂടി ഇതിലൂടെ നിറവേറപ്പെട്ടു. ഉർദുവിനും, ഹിന്ദിക്കും ബദലായി ‘ഭാരതീയതയെ ഉൾക്കൊള്ളുന്ന ഭാഷ’ എന്ന നിലയിൽ ഹിന്ദിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ ദയാനന്ദ സരസ്വതിക്കും, ആര്യസമാജിനുമുള്ള പങ്ക് സുവ്യക്തമാണ്. ഇതുപോലെത്തന്നെ ശ്രദ്ധേയമാണ് ഇന്ത്യയിലെ സാധാരണക്കാരുടെയും, ഗ്രാമീണരുടെയും ‘ലളിത-ശുദ്ധമായ’ ഭാഷ എന്ന നിലക്ക് ഇന്ത്യക്കാരുടെ പൊതുഭാഷയായി ഹിന്ദിയെ പ്രചരിപ്പിക്കാൻ ഗാന്ധിജി നടത്തിയ ശ്രമങ്ങളും. സ്വാതന്ത്രത്തിനുവേണ്ടിയുള്ള രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ പൊതുഭാഷ എന്ന നിലയിൽ ഉപയോഗിക്കേണ്ടതും, പേർഷ്യൻ ലിപിയിലോ നാഗരിലിപിയിലോ എഴുതാവുന്നതുമായ ഹിന്ദി/ഹിന്ദുസ്ഥാനിയെപ്പറ്റി ഗാന്ധി തന്റെ ഹിന്ദ് സ്വരാജിൽ പരാമർശിക്കുന്നുണ്ട്. ഇംഗ്ലീഷിനെ അന്താരാഷ്ട്രവിനിമയങ്ങൾക്കു വേണ്ടിയുള്ള ഒരു ഭാഷയായി ചുരുക്കണം എന്ന നിലപാട് സ്വീകരിച്ച ഗാന്ധി “വികേന്ദ്രീകൃതമായഒരു യൂട്ടോപിയയായി ഇന്ത്യയെ വിഭാവനം ചെയ്യുമ്പോൾത്തന്നെ ഭാഷകളെ ശ്രേണീവൽകൃതമായ ഒരു ചട്ടക്കൂട്ടിൽ ക്രമീകരിക്കാൻ” ആഗ്രഹിച്ചിരുന്നു എന്ന വൈരുദ്ധ്യത്തെ David Lelyveld ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതാത് പ്രദേശങ്ങൾക്ക് അവയുടെ പ്രാദേശികഭാഷകൾ ആവാമെങ്കിലും ഇന്ത്യക്കാർ എല്ലാവരും ഹിന്ദി പഠിക്കണം എന്ന നിലപാടാണ് ഗാന്ധി സ്വീകരിച്ചത്. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള തന്നെപ്പോലെയുള്ള പൊതുപ്രവർത്തകർ തന്നെയാണ് ഇന്ത്യയുടെ അടിമത്തത്തിനു കാരണക്കാർ എന്ന് ഗാന്ധി പറഞ്ഞുവെക്കുമ്പോൾ, ദേശീയ പ്രസ്ഥാനത്തിൽ അക്കാലത്ത് സജീവമായിരുന്ന നേതാക്കളിൽ ഭൂരിപക്ഷവും സാമൂഹ്യശ്രേണിയിൽ ഉയർന്നുവരും, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരുമായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ!
എന്നാൽ ഗാന്ധിയുടെ തന്നെ കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി സാഹിത്യ സമ്മേളൻന്റെയും മറ്റും പ്രവർത്തനഫലമായി സംസ്കൃതപ്രധാനമായതും, ഉർദു പദങ്ങൾ നീക്കം ചെയ്തതുമായ മാനനീകരിക്കപ്പെട്ടൊരു സാഹിത്യഭാഷയായി 1940 കളിൽ ഹിന്ദി മാറിക്കഴിഞ്ഞിരുന്നു. ഉർദുവിനോട് പ്രത്യക്ഷമായിത്തന്നെ എതിർപ്പ് പുലർത്തുന്നതും, ഉത്തരേന്ത്യൻ മുസ്ലിങ്ങളുടെ സാംസ്കാരികസാഹിത്യപാരമ്പര്യത്തെ ഒഴിവാക്കി നിർത്തുന്നതുമായ ഒരു സാഹിത്യസംസ്കാരത്തെ ഉൾക്കൊള്ളുന്ന ഭാഷ എന്ന നിലയിൽ ഹിന്ദി മാറിക്കഴിഞ്ഞു എന്ന തിരിച്ചറിവുണ്ടായതിനു ശേഷം ഹിന്ദി സാഹിത്യ സമ്മേളൻ ന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഗാന്ധി വിട്ടുനിൽക്കാൻ തുടങ്ങി. 1942 ൽ ഹിന്ദുസ്ഥാനി പ്രചാർസഭ എന്ന ഒരു സംഘടന രൂപീകരിച്ച അദ്ദേഹം ഹിന്ദുസ്ഥാനിയിൽ പ്രാവീണ്യം നേടുന്നതിന് ആവശ്യമായ പഠനസാമഗ്രികൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും Lelyveld രേഖപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത അഭിപ്രായങ്ങളെക്കുറിച്ച്

ആധുനികവിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ മാധ്യമം ഹിന്ദിയോ മറ്റു നാട്ടുഭാഷകളോ അല്ല, മറിച്ച് ഇംഗ്ലീഷ് തന്നെയാണ് എന്ന തന്റെ നിലപാട് 1953 ഇൽ അംബേദ്‌കർ വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാദേശിക ഭാഷക്കും ഹിന്ദിയോളം പ്രാമുഖ്യം നൽകാനാവില്ലെന്ന് കരുതുമ്പോൾത്തന്നെ, ഇംഗ്ലീഷിനോളം ആഴമോ, സാഹിത്യസമ്പത്തോ ഇല്ലാത്ത ഭാഷയായാണ് അംബേദ്‌കർ ഹിന്ദിയെ അക്കാലത്ത് കണക്കാക്കിയത്.

പെരിയാറിന്റെയും, ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനത്തിന്റെയും കാഴ്ച്ചപ്പാടിൽ ഹിന്ദി ബ്രാഹ്മണമേധാവിത്വത്തെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന ഒരു ഭാഷയാകുന്നത്, ഒരു ആര്യഭാഷ എന്ന നിലയിൽ അതിന് സംസ്കൃതവുമായുള്ള അടുപ്പം കാരണമാണ്. താഴ്ന്നജാതിക്കാർക്കും, സ്ത്രീകൾക്കും, തൊഴിലാളികൾക്കുമൊക്കെ സമത്വപൂർണ്ണമായ ഒരു അസ്തിത്വത്തെ നിഷേധിക്കുന്ന ഭാഷയായ സംസ്കൃതത്തിനോട് സാമ്യത പുലർത്തുന്നതിനാലാണ് സ്വയമരിയാദൈ ഇയക്കവും (Self Respect Movement) ഇ. വി. രാമസ്വാമിയും ഹിന്ദിയെ നിഷേധിച്ചതെന്ന് M.S.S. പാണ്ട്യൻ വ്യക്തമാക്കുന്നുണ്ട്. മറിച്ച്, ആധുനികതയുടെ വാഹകം എന്ന നിലക്ക് ദ്രാവിഡപ്രസ്ഥാനങ്ങൾ ഇംഗ്ലീഷിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇത്രയധികം മത- ഭാഷാ- സാംസ്കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതീകവൽക്കരിക്കാൻ ഒരൊറ്റ ഭാഷാക്കേ അവകാശമുള്ളൂ എന്ന ബോധ്യത്തിൽ നിന്നാണ് ഹിന്ദിയെ മാത്രം ഇന്ത്യയുടെ സാംസ്കാരികപ്രതീകമായി ഉയർത്തിക്കാണിക്കാനുള്ള ശ്രമങ്ങൾ ഉടലെടുക്കുന്നത്.

“നിരവധി ഭാഷാ- സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ ഭാരതത്തിൽ, അവയെ കോർത്തിണക്കുന്ന ഒരു ചരടായി ഹിന്ദി കാലാകാലങ്ങളായി വർത്തിക്കുന്നു” എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായം ഇത് വ്യക്തമാക്കുന്നുണ്ട്. രണ്ട് സഹസ്രാബ്ദക്കാലത്തോളം പ്രാർത്ഥനാക്രമങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ഹീബ്രുവിനെ 1948 ഇൽ ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതിനു ശേഷം ക്രമേണ ആ ഭാഷയെ സാധാരണ ജനങ്ങളുടെ സംസാരഭാഷയാക്കി മാറ്റിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഒരു ‘പൊതു അറബ്-ശത്രു’വിനെ വിഭാവനം ചെയ്യുകവഴിയാണ് ഒരു ദേശീയദൗത്യം എന്ന നിലയിൽ ഹീബ്രുവിനെ സംസാരഭാഷയായി പ്രചരിപ്പിച്ചത്. വീണ്ടെടുക്കപ്പെടേണ്ട ഒരു ജൂതരാജ്യത്തിന്റെ പ്രതീകം എന്നവണ്ണം ഹീബ്രു പഠിച്ചു സംസാരിക്കാൻ തയ്യാറായ ഇസ്രായേലി ജനസമൂഹത്തിന്റെ ഉദാഹരണം, ഭാഷാദേശീയതയുടെ വികാരപരമായ മാനങ്ങൾ നമുക്ക് മുൻപിൽ തുറന്നുകാണിക്കുന്നുണ്ട്. ഹിന്ദുത്ത്വത്തിന്റെ മുദ്രാവാക്യമായ “ഹിന്ദി- ഹിന്ദു- ഹിന്ദുസ്ഥാൻ” എന്നതിലെ ഒരോ വാക്കും പെഴ്‌സോ-അറബിക് വേരുകൾ ഉള്ളവയാണെന്ന സത്യം മറച്ചുവെച്ച്കൊണ്ട് തന്നെ സംസ്കൃതപ്രധാനമായ ഒരു ഹിന്ദിയെ ഇന്ത്യയുടെ രാഷ്ട്രഭാഷയായി ഹിന്ദുത്വശക്തികൾ ഉയർത്തിക്കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്തുകൊണ്ട് ഹിന്ദിക്ക് വേണ്ടി മാത്രം ഒരു ദിനാചരണം? കന്നഡ ഉൾപ്പെടെ പ്രാദേശികതലത്തിലെ ഔദ്യോഗിക/ ഭരണ ഭാഷകളായ മറ്റു 22 ഭാഷകൾക്കും ഓരോ ദിനങ്ങൾ എന്തുകൊണ്ട് ദേശിയ തലത്തിൽ ആഘോഷിച്ചുകൂടാ എന്ന മുൻകർണാടക മുഖ്യമന്ത്രി H D . കുമാരസ്വാമിയുടെ ചോദ്യം ഈ അവസരത്തിൽ പ്രസക്തമാവുന്നുണ്ട്.

റഫറൻസുകൾ

David Lelyveld. “Words as Deeds: Gandhi and Language.” Competing Nationalisms in South Asia: Essays for Asghar Ali Engineer. Ed. Paul R. Brass and Achin Vanaik. Hyderabad: Orient Longman, 2002.
Francesca Orsini. The Hindi Public Sphere 1920–1940: Language and Literature in the Age of Nationalism. New York: Oxford University Press. 2002.
Jyotirindra DasGupta. Language Conflict and National Development. Berkeley: University of California Press, 1970.
M.S.S. Pandian. “Towards National-Popular: Notes on Self Respecters’ Tamil.” Economic & Political Weekly. Vol. 31, Issue No. 51, 21 Dec, 1996.
https://www.hindustantimes.com/india-news/pm-modi-amit-shah-extend-greetings-on-occasion-of-hindi-diwas/story-TWFDZ1CzuBPGWMWZHNML3H.html
https://www.thehindu.com/news/national/karnataka/hd-kumaraswamy-accuses-centre-of-imposing-hindi-diwas-across-country/article32604151.ece

2 thoughts on “ഹിന്ദിയും ഹിന്ദുത്വരാഷ്ട്രീയവും തമ്മിൽ?

  1. Thank you for another wonderful write-up. Where else could anyone get that kind of details in this kind of a ideal way of writing? Ive a presentation next week, and I am on the appear for these information and facts.

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner