Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണോ?

സമൂഹത്തിൽ ഒരു വർഗ്ഗത്തിന് ആധിപത്യം കൈവരിക്കണമെങ്കിൽ ആ സമൂഹത്തിന്റെ അവബോധതലത്തിലും സമൂഹ സ്ഥാപനത്തിലും ആ വർഗ്ഗത്തിന് ഒരുപോലെ മേൽകൈ ഉണ്ടായിരിക്കണമെന്ന് നവ മാർക്സിയൻ ചിന്തകനായ അൻ്റോണിയോ ഗ്രാംഷി പറയുന്നു.
അതായത് ഒരു വിഭാഗത്തിന് ആധിപത്യം ഉറപ്പുവരുന്നത് കേവലം ഉപകരണങ്ങളിലൂടെ മാത്രമല്ല. മറിച്ച്, ജനങ്ങളുടെ അവബോധപരമായ ഘടകങ്ങളിലൂടെ വരുന്ന മേൽക്കൈ കൊണ്ടുകൂടിയാണ്.
യൂറോപ്പിൽ, മുതലാളിത്ത വ്യവസ്ഥിതിക്കുള്ളിലുണ്ടായ സ്വാഭാവിക വൈരുദ്ധ്യങ്ങളും ശൈഥില്യങ്ങളും എങ്ങനെ ഫാസിസ്റ്റ് ഘടനയിലേക്ക് വഴിയൊരുക്കപ്പെട്ടു എന്ന് ‘ഹെജിമണി’യുടെ (Hegemony) പശ്ചാത്തലത്തിലാണദ്ദേഹം വ്യക്തമാക്കുന്നത്.

Antonio Gramsci

ഇതേ നോട്ടക്കോണിൽ ഇന്ത്യയിലേക്ക് വന്നാൽ, ഇവിടെ ഫാസിസ്റ്റ്‌ ഭരണകൂടം നടപ്പാക്കുന്ന തീവ്ര ദേശീയതയും അവർ നിരന്തരം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന അക്രമവാസനയും അബോധത്തിൽ സമൂഹത്തെ എത്രത്തോളം ഹിംസാത്മക ജന്തുക്കളാക്കുമെന്നതിന്റെ നിരന്തര ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഭരണവർഗ്ഗത്തിന്റെ ഇങ്കിതത്തിനനുസരിച്ച് പ്രവർത്തിപ്പിക്കാനാകുന്ന എന്തിനും മടിയില്ലാത്ത ഉപകരണങ്ങളായി അനുകൂലികൾ മാറിയിരിക്കുമ്പോൾ തന്നെ, അധീശ പ്രത്യയശാസ്ത്രങ്ങൾക്കിണങ്ങിയ നാട്ടാചാര വഴക്കങ്ങൾ വഴി സാധാരണ ജനങ്ങളിലും അബോധപരമായ ഒരു സഹകരണം രൂപപ്പെടുത്തിയെടുക്കാൻ ഫാസിസം ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ നിലയിൽ വിലയൊരു വിഭാഗത്തിലേക്ക് വർഗ്ഗീയ വിഷം കുത്തിവയ്ക്കാനും തങ്ങൾക്കനുഗുണമായ രീതിയിൽ അതിനെ മുതലെടുക്കാനും സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്.
പൊതുവെ സംവാദാത്മകമായ സ്ഥാനങ്ങളിലൊന്നും പ്രത്യക്ഷപ്പെടാതെ, പ്രത്യക്ഷമായ ഹിംസയിലൂന്നി എതിർ സ്വരങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ സാംസ്കാരിക ഇടങ്ങളിൽ കൂടി സ്വാധീനമുറപ്പിക്കുവാനുള്ള ശ്രമത്തിലാണിപ്പോൾ.

ഗ്രാംഷിയുടെ തന്നെ ‘ ബുദ്ധിജീവി ‘ (intellectual) ആശവുമായി ബദ്ധിപ്പിച്ച് ഇതിനെ വിശദീകരിച്ചാൽ,നിലവിലുള്ള അധികാര ബോധ്യങ്ങളോട് കലഹം പ്രഖ്യാപിക്കുകയും പുരോഗമനപരമായ ആശയങ്ങളിലൂടെ സമൂഹ്യ ബോധത്തെ നിർത്തരം പുതുക്കിപ്പണിയുകയും ചെയ്യുന്ന ജൈവിക ബുദ്ധിജീവികളിൽ നിന്നോ(Organic intellectual), അവർ വിപ്ലവം നയിക്കുന്ന സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നോ ഒരു അകലത്തിലായിരുന്ന കൂട്ടങ്ങൾ വർദ്ധിത താൽപര്യവുമായി വരുന്നത് കാണാം.

ഭരണകൂടത്തിന്റെ ‘അവബോധപരമായ ആധിപത്യ’ത്തിനു പുറത്ത് നിൽക്കുന്ന പൊതുഇടങ്ങളിലെ ലിബറൽ വാദികളെ കേന്ദ്രീകരിച്ചുകൊണ്ടാണ് സംഘശക്തികൾ പുതിയ പദ്ധതികൾ ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ‘പൊതുഇട’ങ്ങളായിമാറിയ സൈബർ സ്പേസുകളിൽ ഈ കർമ്മ പരിപാടിക്ക് പ്രതീക്ഷിച്ചതിലും അധികം വേരോട്ടം കിട്ടിയെന്നു വേണം കരുതാൻ.

സാംസ്കാരിക വിഷയങ്ങളിൽ, വിശേഷിച്ചും കല – സാഹിത്യങ്ങളിൽ താല്പര്യമുള്ളവർക്ക് ഒത്തുചേരാനുള്ള സൈബർ ഇടങ്ങൾ ഒരുക്കിക്കൊണ്ട് വളരെ എളുപ്പത്തിൽ അവർക്കതിനു കഴിഞ്ഞിട്ടുണ്ട്. തങ്ങളിൽ തങ്ങളിൽ കണ്ടിട്ടില്ലാത്ത, താല്പര്യങ്ങളാൽ ബന്ധിപ്പിക്കപ്പെട്ടവരിലേക്ക് ഒത്തുചേരുന്ന ഗ്രൂപ്പുകൾ, ചാനലുകൾ, ഒക്കെ വഴി സ്ഥാപിത താല്പര്യങ്ങളും ആശയ പ്രചരണവും (propaganda) നടത്തിവരികയും അതിലൂടെ ജൈവിക ബുദ്ധിജീവികളുടെയും അവരുടെ ആശയങ്ങളെ പിൻപറ്റുന്ന വലിയ വിഭാഗത്തിന്റെയും എതിർവശത്ത് പാരമ്പര്യ ബുദ്ധിജീവികളുടെ (Traditional intellectuals) വലിയ കൂട്ടത്തെ തന്നെ സ്ഥാനപ്പെടുത്താനാകും.
ഇക്കുറി സാഹിത്യ വിഭാഗത്തിലെ പത്മശ്രീ അവാർഡ് ജേതാവിനെ ഓർത്താൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകും.
സൈബർ ഇടങ്ങളിൽ എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കുള്ള കാവി ചായ് വ് ആസൂത്രിതമാണ്.
കേരളത്തിൽ ആറായിരത്തോളം ശാഖകൾ ഉണ്ടായിട്ടും നടക്കാത്തത് നിസ്സാരമായി ഇതുവഴി നടത്താനാകുമെന്ന് ചുരുക്കം.

ഈ നിലയിൽ അതീവ പ്രധാന്യത്തോടെ കാണേണ്ട ഒന്നാണ് കഴിഞ്ഞ ദിവസം എഴുത്തുകാരനായ അമലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ച സംഭവവും.

അമൽ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ മൂന്നു മാസത്തോളമായി തെരുവിൽ സമരത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന കർഷകർക്കു നേരെ ഭരണകൂടവും പോലീസും, സർക്കാർ അനുകൂലികളും ചേർന്ന് അള്ളുകളൊരുക്കുന്ന, കർഷകരുടെ വഴി തടയുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതുമാണ് അദ്ദേഹത്തിന്മേൽ ആരോപിക്കപ്പെടുന്ന കുറ്റം.
കുടുംബത്തോടൊപ്പം ജപ്പാനിൽ സ്ഥിരതാമസക്കാരനാണ് അമൽ. കർഷക സമരത്തെ അമർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രചരണം ചെയ്യൽ ഫേസ്ബുക്ക് ഉൾപ്പടെ പല സാമൂഹ്യ മാധ്യമങ്ങളും തടഞ്ഞിട്ടുണ്ട്. ട്വിറ്ററിലും കഴിഞ്ഞ ദിവസം സമാനമായ സംഭവങ്ങൾ ഉണ്ടായി.

കൂടുതൽ അപകടകരമായ കാര്യം, നമുക്കിടയിൽ തന്നെ പതിയിരിക്കുന്നവർ, വർഗ്ഗീയത തലയ്ക്കു പിടിച്ചു തുടങ്ങിയവർ, അവരെ നിയന്ത്രിക്കുന്നവരുടെ ഇച്ചകൾക്കനുസരിച്ച് അവസരോചിതമായി നിങ്ങളെ ഒറ്റുകൊടുക്കും എന്നതാണ്. ഇത് തീർച്ചപ്പെടുത്തുന്നതാണ് അമലിനു നേരെയുണ്ടായ സംഭവം.
ഇന്ത്യയിൽ പലയിടത്തും കേട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും കേരളത്തിൽ, നൈതികമായ ഒരു സാമൂഹിക സമസ്യയിൽ ഇടപെട്ടതിന്റെ പേരിൽ ഒരു പക്ഷേ ആദ്യമായിരിക്കും ഇങ്ങനെയൊരു വിലക്ക് ഒരെഴുത്തുകാരൻ നേരിടേണ്ടി വരുന്നത്. വിദൂര ഭാവിയിലെവിടെയോ സംഭവിച്ചേക്കാമെന്നു മാത്രം കരുതിയിരുന്ന ഒന്ന് കണ്ഠം മുറിക്കുന്ന ഖഡ്ഗമായി തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുകയാണിപ്പോൾ.
വലിയ വിപത്തിന്റെ ഏറ്റവും ചെറിയ അപായ സൂചനയായ് ഇതിനെ തിരിച്ചറിയുകയും എത്രയും പെട്ടെന്ന് ചെറുക്കുകയും വേണം.

2 thoughts on “ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണോ?

  1. ഏകധിപത്യത്തിലേക്കുള്ള കാൽവപ്പോ… പ്രതിരോധം തീർക്കാം ഒന്നിച്ച്.

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner