Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

IPC 377; ചില ആലോചനകൾ

ഐ.പി.സി.377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള 2018 സെപ്റ്റംബർ 6 ലെ സുപ്രീംകോടതി വിധിയെ ഇന്ത്യയിലാകമാനമുള്ള ക്വീർമനുഷ്യർ വളരെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകിയ അഞ്ചംഗ ഭരണഘടനാബെഞ്ച് നടത്തിയ വിധി, രണ്ടു പതിറ്റാണ്ടിലേറെയായ് നീണ്ടുനിന്ന ക്വീർ മനുഷ്യരുടെ നിയമയുദ്ധത്തിന്റെ സ്വാഭാവികഫലമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ആം വകുപ്പ്, 1867-കളിലാണ് നിലവിൽ വരുന്നത്. പ്രകൃതിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ് സ്ത്രീയോടോ പുരുഷനോടോ മൃഗത്തോടോ ലൈംഗികമായി ബന്ധപ്പെടുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടുമെന്നതാണ് ഈ വകുപ്പിന്റെ ഉള്ളടക്കം. ബാല പീഡനം, സ്വവർഗ്ഗലൈംഗികത, മൃഗരതി തുടങ്ങിയവയെല്ലാം കുറ്റകൃത്യമായി പരിഗണിക്കുന്ന ഐ.പി.സി 377 വ്യക്തിയുടെ മൗലികാവകാശങ്ങൾ, ലൈംഗിക സ്വാതന്ത്ര്യം എന്നിവ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. വകുപ്പിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് ഇതിനുമുന്നേ 2009 ജൂലൈ 2-ന് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാഹ് ഒരു വിധി പ്രസ്താവിച്ചിരുന്നു. സ്വവർഗ്ഗലൈംഗികതയെ നിയമവിധേയമാക്കിയ ഈ വിധിയെ, സുരേഷ് കുമാർ കൗശൽ വേഴ്‌സസ് നാസ് ഫൗണ്ടേഷൻ കേസിലുണ്ടായ വിധി വീണ്ടും അട്ടിമറിക്കുകയാണുണ്ടായത്.

ഐ.പി.സി.377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിധിയുടെ വിമോചനാത്മക മൂല്യം ആഘോഷിക്കുന്നതിനൊപ്പം തന്നെ, പല നിലയിൽ വിമർശനാത്മകമായ് വിഷയത്തെ സമീപിക്കാവുന്നതാണ്. ദേശരാഷ്ട്രമെന്ന
നിലയിലുള്ള ബൃഹത്തായ ഒരു ചിഹ്നവ്യവസ്ഥ സ്ഥലപരമായും ആശയാടിത്തറകളോടെയും രൂപപ്പെടുന്നത് അധിനിവേശ ആധുനികതയോട് ചേർന്നാണ്. ലൈംഗികബന്ധങ്ങളിലെ അവ്യവസ്ഥയെയാണ് കൊളോണിയൽ താല്പര്യങ്ങൾ പ്രധാനമായും പ്രശ്നവത്കരിച്ചത്. പ്രാദേശികമായ രീതികൾക്ക് പകരമായി കൃത്യതയുള്ള ബന്ധങ്ങൾ ആവശ്യമാണെന്ന തോന്നൽ, നിലനിന്നിരുന്ന കുടുംബസങ്കല്പത്തെ പല നിലയിൽ ചോദ്യംചെയ്യുകയുണ്ടായി. ബഹുഭാര്യാത്വം, ബഹുഭർതൃത്വം തുടങ്ങിയ ലൈംഗികരീതികളെ വിലക്കി, ഭിന്നലൈംഗികമാനകതയിൽ ( Heteronormativity )അധിഷ്ഠിതമായ ഏകഭാര്യാ-ഭർതൃബന്ധം സ്ഥാപിക്കപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. വിവാഹമെന്ന സാമൂഹികരൂപത്തിന്റെ വിശ്വാസ്യത നിലനിർത്തേണ്ടത് പിതൃകേന്ദ്രിതമായൊരു കുടുംബഘടനയുടെ നിലനില്പിന് അത്യാവശ്യമായിവന്നു. പുതിയ കുടുംബം പാതിവ്രത്യം, കന്യകാത്വം, സദാചാരം തുടങ്ങിയ മൂല്യങ്ങളെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചാണ് നിലവിൽ വരുന്നത്. ആധുനിക ദേശരാഷ്ട്രനിർമ്മിതി ആവശ്യപ്പെടുന്നത് ഉൽപ്പാദനക്ഷമമായൊരു ബന്ധമാതൃകയെയാണ്. ഈയൊരു മാതൃകയെ നിയമപരമായി ഉറപ്പിച്ചെടുക്കാനുള്ള ഉപാധികളിലൊന്നായി ഐ.പി.സി 377-നെ മനസ്സിലാക്കേണ്ടതുണ്ടെന്ന് കരുതുന്നു. ആധുനിക വ്യക്തിസങ്കല്പത്തെ മുൻനിർത്തിയുള്ള ധാരണകളുമതിൽ സന്നിഹിതമാണ്. ശരീരത്തെ ആൺ-പെൺദ്വന്ദ്വത്തിലേക്ക് പിടിച്ചുകെട്ടുന്ന രീതിയും ലൈംഗികതയെ രേഖീയമായ് നിർവചിക്കുന്ന പതിവുകളും ആധുനിക വ്യക്തിചിന്തയുടെ സാംസ്കാരിക ഉല്പന്നമായിരുന്നു.

എന്നിരിക്കേ, സ്വവർഗ്ഗഭീതിയെ മുൻനിർത്തിയുള്ള ഏറ്റവും പുതിയ ചർച്ചകൾ പോലും 377-ആം വകുപ്പിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും, കേവലമൊരു കൊളോണിയൽ നിർമ്മിതിയായ് സ്വവർഗ്ഗഭീതിയെ പരിമിതപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാരിവിടെ വന്നില്ലെങ്കിൽ സ്വവർഗ്ഗലൈംഗികത നിയമവിധേയമായേനെ എന്ന ഉട്ടോപ്യൻ ധാരണകളാണ് ഇന്ത്യയിലെ പ്രമുഖ ക്വീർ ആക്ടിവിസ്റ്റുകൾ വരെ വെച്ചുപുലർത്തുന്നത്. ഇതുവഴി എല്ലാവിധ വൈവിധ്യങ്ങളെയുമുൾക്കൊള്ളുന്ന പൗരാണികമായൊരു ഹിന്ദു സംസ്കാരത്തെ എളുപ്പത്തിൽ ഭാവന ചെയ്തെടുക്കാനൊക്കുന്നുണ്ട്. ആദ്യകാലത്ത് നിലനിന്നിരുന്ന ലൈംഗിക സംസ്കാരത്തെ ലൈംഗികസ്വത്വവുമായ് സമീകരിച്ച് മാതൃകകളുണ്ടാക്കിയെടുക്കുന്നതിലും പല പരിമിതികളുമുണ്ട്.

ഇന്ത്യൻ ലൈംഗികപാരമ്പര്യത്തെ ജാതി-ലിംഗ-മതാധികാര ബാഹ്യമായ് വിശദീകരിക്കുക സാധ്യമല്ല. ജാതിവ്യവസ്ഥ പ്രബലമായിരുന്ന ഘട്ടം മുതൽക്കേ ലൈംഗികതയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. സ്ത്രൈണലൈംഗികതയെയും ജാതിയിൽ താണവരുടെ ലൈംഗികതയെയും വലിയ നിലയിൽ പ്രശ്നമണ്ഡലത്തിൽ നിർത്തി, അവ അതിലൈംഗികതയായി എളുപ്പം നിർവചിക്കാൻ മേൽജാതി വിഭാഗങ്ങൾക്ക് സാധിച്ചിരുന്നു. ദേവദാസിപാരമ്പര്യവും പുലപ്പേടി, മണ്ണാപ്പേടി പോലുള്ള അനാചാരങ്ങളും ഉദാഹരണമായെടുക്കാം. ബ്രാഹ്മണ കാമപൂർത്തിയാണവിടെ പരമപ്രധാനമായുള്ളത്. ഒരേ സമയം താണജാതിയിലുള്ളവരെ പിശാചുവത്കരിക്കാനും അവരുടെ ലൈംഗികത ആപത്കരമാണെന്ന് വരുത്തിതീർക്കാനും സ്ത്രീകളുടെ സ്വതന്ത്രമായ സഞ്ചാരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഈ അനാചാരങ്ങൾ സഹായിച്ചു. ജാതിയെ പരമാവധി പ്രയോജനപ്പെടുത്തി അപരലൈംഗികത നിയന്ത്രിക്കപ്പെട്ടു.

ക്രിസ്തു മതത്തെയും, ഇസ്ലാമിനേയും ശത്രുപക്ഷത്ത് നിർത്താനാണ് പുതിയ ഉൾക്കൊള്ളൽ-ആഖ്യാനമേറെയും പ്രയോജനപ്പെടുത്തുന്നത്. ഇതിന്റെയൊരു തുടർച്ചയിലാണ് ക്വീർ മുന്നേറ്റങ്ങളിലൊളിച്ചു കടത്തുന്ന തീവ്ര-ഹിന്ദുത്വാംശങ്ങളെയും അരാഷ്ട്രീയതയെയും തിരിച്ചറിയേണ്ടത്.

ആഷ്‌ലി ടെല്ലിസിനെപോലുള്ളവർ പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ സ്വകാര്യമായ സ്വവർഗലൈംഗികബന്ധം അംഗീകരിക്കപ്പെടുകയെന്ന ആവശ്യമായി ക്വീർമുന്നേറ്റങ്ങൾ ചുരുങ്ങിപ്പോകുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെ വിശദമായ് സൂചിപ്പിക്കുന്നുണ്ട്. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിലുള്ള ഉഭയകക്ഷി സമ്മതത്തോടെയുള്ള, സ്വകാര്യമായ സ്വവർഗലൈംഗിക ബന്ധം കുറ്റമായി കണക്കാക്കാവുന്നതല്ലെന്ന 2009 ലെ ദില്ലി ഹൈകോടതി വിധിയെ മുൻനിർത്തി സ്വകാര്യതയെന്ന അവകാശം ചിലർക്കു മാത്രം ഉപകാരപ്പെടുന്നൊന്നാണെന്ന് അവർ വാദിക്കുന്നു.

വഴിയരികിൽ ലൈംഗിക തൊഴിലിലേർപ്പെടുന്ന ഹിജഡകൾക്ക് ഒരിക്കലും ഈ പറയപ്പെടുന്ന സ്വകാര്യത ലഭ്യമാവുകയില്ല, എന്നാൽ വരേണ്യ ഗേ അഭിഭാഷകർ 377 ചുരുക്കാൻ വേണ്ടി നാസ് പെറ്റീഷനിൽ ഇവരെയും ഉപയോഗപ്പെടുത്തിയിരുന്നു. ഉയർന്ന ജാതി-വർഗ ശ്രേണിയിലുള്ള സവിശേഷാധികാരങ്ങൾ കൈയ്യാളുന്ന സ്വവർഗ്ഗാനുരാഗികൾക്ക്(സ്വന്തമായി കിടപ്പു മുറികളുള്ളവർക്ക്) സ്വകാര്യത എപ്പോഴും ലഭ്യമായിരുന്നുവെന്നതാണ് വസ്തുത. ഇതുകൊണ്ടു തന്നെ ഇതിനെ സംരക്ഷിക്കാൻ വേണ്ടി ഇത്തരത്തിലുള്ള നീണ്ടുനിൽക്കുന്ന നിയമയുദ്ധങ്ങൾ ആവശ്യമില്ല. സ്വകാര്യതയെന്നത് കുടുംബങ്ങൾക്കു പൊലീസിനെയും ആധുനികവൈദ്യശാസ്ത്രത്തെയും ഉപയോഗിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളുടെ മേൽ അതിക്രമം കാണിക്കാനുള്ള ഉപാധി കൂടെ തുറന്നു വെക്കുന്നുണ്ട്-ലൈംഗിക ന്യൂനപക്ഷ അവകാശങ്ങൾ പൊതുവായ അവകാശങ്ങളാണ്. അതല്ലാതെ സ്വകാര്യമായ ഒന്നല്ല. ദലിത്, ആദിവാസി, മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടേതെന്ന പോലെയുള്ള ഒന്നാണിത്. അതവർക്കു സ്വകാര്യതയിൽ ദലിതാവാനോ ആദിവാസിയാവാനോ മുസ്‌ലിമാവാനോ വേണ്ടിയല്ലെന്നും ആഷ്‌ലി ടെല്ലിസ് അഭിപ്രായപ്പെടുന്നു.

സ്വകാര്യതയിൽ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടാൻ സാധ്യതയുള്ളതാർക്കാണ് എന്ന ചോദ്യം വിഷയത്തെ കുറേക്കൂടി സങ്കീർണമാക്കുന്നതാണ്. ഇന്ത്യൻ സാഹചര്യത്തിൽ സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരിൽ ഭൂരിപക്ഷംപേരും വിവാഹം കഴിച്ച് ഭിന്ന ലൈംഗികജീവിതം നയിക്കുകയും ഇതിനു സമാന്തരമായ് സ്വവർഗ്ഗലൈംഗികബന്ധം സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. പുരുഷാധിപത്യവും ജാതിശ്രേണിയും നൽകുന്ന എല്ലാവിധ സവിശേഷാധികാരങ്ങളുടെയും ഉപഭോക്താക്കളാണിവർ. സ്വവർഗ്ഗാനുരാഗിയായ ഒരു സ്ത്രീയുടെ ലൈംഗികജീവിതമത്ര തന്നെയെളുപ്പമല്ല. മേൽപറഞ്ഞ വലിയ സാധ്യതകളോ, ലൈംഗികാവിഷ്ക്കാരം സാധ്യമാകും വിധം സ്വകാര്യതയുമവിടെ ഏറെക്കുറെ വിരളമാണ്. ജാതി, മത ഇതര തന്മകളുമായ് ലൈംഗികതന്മയ്ക്കുള്ള വിനിമയങ്ങളും വിശകലനവിധേയമാക്കാവുന്നതാണ്.

ഐ.പി.സി 377 റദ്ദ് ചെയ്തതിനു ശേഷവും സമൂഹത്തിന്റെ മനോഭാവത്തിൽ വിഷയത്തെ പ്രതി വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ക്വീർ മനുഷ്യർക്ക് നേരെ തൊഴിലിടങ്ങളിലും മറ്റുമായ് ഇപ്പോഴും വലിയ തോതിലുള്ള അതിക്രങ്ങളുമുണ്ടാകുന്നുണ്ട്. വിദ്യാസമ്പന്നരായ ഒരുപരിവർഗ്ഗത്തിന്റെ മനോഭാവങ്ങളിൽ വിഷയത്തെ അനുകൂലിക്കാൻപോന്ന പുരോഗമനമുഖമേറെ പ്രകടമാണെങ്കിലും, ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വിഷയത്തെ സംബന്ധിച്ച് യാതൊരറിവുമില്ല. പല ക്വീർ സംഘടനകളും ബോധവത്ക്കരണ പരിപാടികളൊക്കെ സംഘടിപ്പിച്ചുപോരുന്നുണ്ട്. ഇതോട് ചേർന്ന്, അവകാശങ്ങൾക്ക് വേണ്ടിയുള്ള കൂട്ടായ ബഹുജനസമരങ്ങളും നിയമപോരാട്ടങ്ങളും ഇനിയും ആവശ്യമായിട്ടുണ്ട്. എല്ലാ തരത്തിലുള്ള അടിച്ചമർത്തൽരൂപങ്ങളോടും പൊതുബോധത്തോടും സദാചാരത്തോടും പ്രതിരോധത്തിലേർപ്പെട്ടുകൊണ്ടാണത് ന്യായമായും സാധ്യമാകേണ്ടത്.

2 thoughts on “IPC 377; ചില ആലോചനകൾ

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner