Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

കാഴ്ച്ചയുടെ കല, ജീവിതത്തിന്റെ കലാപം

Painting is the silence of thought and the music of sight.

Orhan Pamuk, My Name is Red.

ഹൈമതഭൂവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ പൂത്തെഴുന്ന ഭൂരുഹങ്ങൾ നിറഞ്ഞ കാടുകൾ ചാരുചിത്രപടഭംഗിപോലെയാണ് ദിവാകരൻ കാണുന്നത്. അതിന്റെ സൗന്ദര്യം ആവോളം നുകരാനായി താഴ് വരയിലേക്ക് ഇറങ്ങുമ്പോഴാണ് ജീവിതത്തെ ആ യുവയോഗി അഭിമുഖീകരിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ കാണുന്ന നിറചാർത്തുകൾക്കിടയിൽ പ്രക്ഷുബ്ധവും ശോകനിർഭരവുമായ ജീവിത്തിന്റെ ചൂട് കാന്തിമാനായ ദിവാകരനെ സ്പർശിക്കുകയാണ്.

കല ഒരാൾക്ക് അയാളിലേക്ക് തന്നെ സഞ്ചരിക്കാനുള്ള വഴിയൊരുക്കുന്നു. ആ വഴിയാണ് നളിനിയെ കണ്ടുമുട്ടുമ്പോൾ ദിവാകരന് കണ്ടത്. അന്യജീവനുതകേണ്ടുന്ന സ്വജീവിതത്തെ സംബന്ധിച്ച ആലോചനകൾക്കായി അയാൾക്ക് ദൂരെ നിന്ന് കണ്ട ആ ചിത്രത്തിലേക്ക് കടക്കേണ്ടി വന്നു. മൂന്ന് ചിത്രകാരന്മാരെക്കുറിച്ചും അവരുടെ മൂന്ന് ചിത്രങ്ങളെക്കുറിച്ചും ആ ചിത്രങ്ങളിൽ നിന്ന് തളിർത്ത മൂന്ന് ആഖ്യാനങ്ങളെക്കുറിച്ചുമാണ് ഈ കുറിപ്പ്.

1

ബൈബിൾ പുതിയ നിയമഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ ലൂക്കായുടെ സുവിശേഷത്തിലാണ് ധൂർത്തപുത്രന്റെ ഉപമ എന്ന ഭാഗമുള്ളത്‌. കാണാതായ ആടിന്റെ ഉപമ, കാണാതായ നാണയത്തിന്റെ ഉപമ എന്നീ ഭാഗങ്ങൾക്ക് ശേഷമാണ് ധൂർത്ത പുത്രന്റെ ഉപമ വരുന്നത്. ഒരു മനുഷ്യന് രണ്ട് പുത്രന്മാരുണ്ടായിരുന്നു. ഇളയമകൻ പിതാവിനോട് സ്വത്തിന്റെ ഓഹരി വാങ്ങി അന്യദേശത്ത് പോയി ധൂർത്തിനാൽ കയ്യിലുള്ളതെല്ലാം നശിപ്പിച്ച് മുഴുത്ത പട്ടിണിയോടെ തിരിച്ചുവരുന്നു. പിതാവ് അവനെ സ്നേഹത്തോടെ സ്വീകരിക്കുന്നു, തഴുകുന്നു, ചുംബിക്കുന്നു. അവൻ വന്ന ആനന്ദത്തിൽ കാളകുട്ടിയെ കൊന്ന് ഭക്ഷിക്കുന്നു, ആ ദിനം ആഘോഷഭരിതമാക്കുന്നു.

ഇതറിഞ്ഞ മൂത്തമകൻ പിതാവിനോട് കോപിക്കുന്നു. ധൂർത്ത പുത്രനെ സ്വീകരിച്ചത് അനുചിതമായെന്ന് പിതാവിനെ അറിയിക്കുന്നു. പിതാവ് ഇപ്രകാരം പറയുന്നു
”മകനെ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്. ഇപ്പോൾ നമ്മൾ ആഹ്ലാദിക്കണം. എന്തെന്നാൽ നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു.”
കരുണയുടെയും പാപമോചനത്തിന്റെയും മഹത്തായ സന്ദേശമുൾക്കൊള്ളുന്ന ഈ ഭാഗത്തെ ആധാരമാക്കി നിരവധി രചനകൾ പിന്നീട് ഉണ്ടായിട്ടുണ്ട്. കവിതകളായും ശില്പങ്ങളായും പെയിന്റിങ്ങുകളായും ഈ കഥ കാലത്തിലൂടെ സഞ്ചരിച്ചു. നിരവധി കലാകാരന്മാർ ഈ കഥയെ ചായങ്ങളാൽ അടയാളപ്പെടുത്തി. ഓരോ കാലത്തിന്റെയും കലാസമീപനങ്ങൾക്ക് അനുസൃതമായി ‘ധൂർത്തപുത്രന്റെ ഉപമ’യ്ക്ക് രൂപഭേദങ്ങൾ സംഭവിച്ചു. റിൽകെയും ഷേക്സ്പിയറും ബെഞ്ചമിൻ ബ്രിട്ടണും റംബ്രാറ്റും ഈ കഥയില്‍ മുഗ്ദ്ധരായ കലാകാരന്മാരില്‍ പെട്ടുന്നു.

പെയിന്റിംഗുകളിൽ ഏറ്റവും പ്രസിദ്ധം റെംബ്രാന്റിന്റേതാണ്. സെന്റ് പീറ്റേഴ്സ് ബെർഗിലെ പൈതൃകമ്യൂസിയത്തിലുള്ള ഈ ഓയിൽ പെയിന്റിംഗ് റെംബ്രാന്റിന്റെ അവസാനകാല രചനകളിലൊന്നാണ്. എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഈ രചന കലാചരിത്രത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നു. കരുണാനിർഭരമായ പിതാവിന്റെ തലോടലും നോട്ടവും ഈ രചനയെ മഹത്തരമാക്കുന്നു. വിവിധ അടരുകളായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള രചന യിൽ പ്രചോദിതമായി നിരവധി പെയിന്റിംഗുകൾ ഉണ്ടായിട്ടുണ്ട്.

ലാസറും അതുവരെയുള്ള ജീവിതത്തെ വിസ്മരിക്കുന്നതും പുതിയ ജീവിതത്തിന്റെ വെള്ളിവെളിച്ചം കണ്ടെത്തുന്നതും ഈ പെയിന്റിംഗിലാണ്. കലാസൃഷ്ടിയിൽ ദർശിക്കുന്ന അനുപമമവും അനന്യവുമായ ജീവസത്തയുടെ പ്രകാശം, അതുവരെ കണ്ടതായിരുന്നില്ല സത്യമെന്നും, സത്യത്തിലേക്കുള്ള വാതിൽ തന്നിൽ തന്നെയാണുള്ളതെന്നും ചിന്തിക്കാൻ
ലാസറിനെ പ്രേരിപ്പിക്കുന്നു. ആ കലാസൃഷ്ടിയുടെ വ്യക്തിമനസ്സിലൂടെയുള്ള സഞ്ചാരത്തിന്റെ കഥയാണ് കരുണാകരൻ ”ദൈവത്തിന്റെ കൈകളിൽ ഒരു കൈ ആണിന്റേതും മറ്റേ കൈ പെണ്ണിന്റേതുമാണ്”
എന്ന കഥയിലൂടെ പറയുന്നത്.
” ഒരു ചിത്രത്തിന് മുന്നിലും ഞാനങ്ങനെ നിന്നിട്ടില്ല. യേശുവിന്റെ മുന്നിൽ ഒട്ടുമില്ല ” എന്ന വാക്യത്തിലാണ് കഥ ആരംഭിക്കുന്നത്. ഒരു ചിത്രത്തിന് മുന്നിൽ ശ്രദ്ധയോടെ നിന്നപ്പോൾ അതുവരെയറിഞ്ഞിട്ടില്ലാത്ത അനുഭവം ലാസറിനുണ്ടാവുന്നു. കാലങ്ങൾക്കപ്പുറത്ത് നിന്നുള്ള ഒരു പെയിന്റിംഗ് അയാളോട് എന്തോ വിനിമയം ചെയ്യുന്നു. റെംബ്രാന്തിന്റെ പെയിന്റിംഗ് ലാസറിൽ പരിവർത്തനമുണ്ടാക്കുന്നു.

ഒരു വാടകഗുണ്ടയായ ലാസറിൽ പിതാവിന്റെ പുത്രന്ന്മേലുള്ള സ്പർശം ആഴത്തിൽ തൊടുന്നു. ആനന്ദ് നച്ചായ ഏൽപ്പിച്ച കുറ്റകൃത്യം ചെയ്യാനായി പോകുന്ന വഴിയിൽ തലേനാൾ താൻ കൊലപ്പെടുത്തിയ വൃദ്ധന്റെ ശവം മറവുചെയ്യേണ്ടുന്ന സന്ദർഭത്തിൽ ആ കുഴിയിലേക്കിറങ്ങിയ ലാസർ അവിടെ ഉപേക്ഷിക്കപ്പെടുന്നു. അയാളിലേക്ക് ആദ്യമായി നോക്കാനും ഓർമ്മകളിലേക്ക് മടങ്ങാനും ആ ഏകാന്തത അയാളെ പ്രേരിപ്പിക്കുന്നു. റെംബ്രാന്തിന്റെ പെയിന്റിംഗിലെ വൃദ്ധപിതാവ് ലാസറിനെ ആവേശിക്കുന്നു. അയാളെ നഗരത്തിന്റെ പല ഭാഗങ്ങളിൽ കാണുന്നു. ആ ചിത്രത്തിന്റെ പല അടരുകളിലൂടെ ലാസർ തനിലേക്ക് സഞ്ചരിക്കുകയാണ്. മോണോലോഗാണ് ആഖ്യാനം. ലാസർ തന്റെ മനസ്സിലേക്ക് സഞ്ചരിക്കുകയാണ്‌. ഒരു കലാസൃഷ്ടി കാട്ടിയ വഴികളിലൂടെ സഞ്ചരിക്കുകയാണ്.
”ഒരിളം കാറ്റ്, എനിക്ക് അതുവരെ പരിചയമില്ലാത്ത മണത്തോടെ, എന്നെ തൊട്ടു. എവിടെ നിന്നോ പക്ഷികളുടെ ശബ്ദം കേട്ടു. അടുത്തനിമിഷം പൂക്കൾ പോലെ മൃദുവായ,ഇളംചൂടുള്ള രണ്ടുകൈപ്പത്തികൾ, രണ്ടാളുകളുടേതുപോലുള്ള കൈകൾ, എന്റെ ഉയർത്തിപ്പിടിച്ച ഉള്ളംകൈകൾ തൊട്ടു. ” ആദിമമായ സ്പർശത്തിന്റെ ആനന്ദത്തിലാണ് കരുണാകരൻ ആഖ്യാനം അവസാനിപ്പിക്കുന്നത്.

2

സച്ചിദാനന്ദന്റെ ‘കോവണിയിറങ്ങുന്ന നഗ്ന ‘എ ന്ന കവിത മാര്‍ഷെല്‍ ദുംഷാപിന്റെ വിഖ്യാത ചിത്രത്തിൽ നിന്നാണ് ജനിക്കുന്നത്. ദുംഷാപിന്റെ ഗോവണിയിലേക്കാണ് കവിത നോക്കുന്നത്. മാർഷെൽ ദുംഷാപിന്റെ (Marcel Duchamp) 1912 ലെ Nude Descending a Staircase എന്ന പെയിന്റിംഗാണ് കവിതയ്ക്ക് ആധാരം. ആധുനിക ക്ലാസ്സിക്ക് കലാസൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ രചന ആ കാലാതീതമായ ഒരു സൗന്ദര്യം വിനിമയം ചെയ്യുന്നുണ്ട്.

സച്ചിദാനന്ദന്റെ ‘മറന്നുവെച്ച വസ്തുകൾ’ എന്ന സമാഹാരത്തിലാണ് ദുംഷാപിന്റെ ചിത്രത്തെ ആധാരമാക്കിയ കവിത ഉള്ളത്. കാലങ്ങൾക്ക് മുൻപിലുള്ള ഒരു കലാസൃഷ്ടിയിൽ നിന്നും സച്ചിദാനന്ദൻ ഒരു കവിത കണ്ടെടുക്കുകയാണ്. ചലനത്തിലെ സ്ഥിതിയെയാണ് ദുംഷാപ്പ് വരച്ചത്. ആ സ്ഥിതിയിൽ നിന്ന് വാക്കിന്റെ ഒരു ചലനത്തെ കവി സൃഷടിക്കുന്നു. ഒരു സൃഷ്ടിയിൽ നിന്ന്, കാലങ്ങളുടെ നോട്ടം പതിഞ്ഞൊരു കലാവസ്തുവിൽ നിന്ന് മറ്റൊരു രചന ഉണർന്നെണീക്കുന്നു.
”നഗ്ന കോവണിയിറങ്ങുന്നു
കോവണിയും നഗ്നൻ
നഗ്നയുടെ വിരലുകൾ സ്പർശിക്കുമ്പോൾ
ഓരോ പടിയും പിയാനോക്കട്ടയാവുന്നു ‘

കവി ആ ചിത്രത്തിന് ഒരു താളം കണ്ടെത്തുന്നു. അതിൽ നിന്ന് സംഗീതത്തെ ഇഴപിരിച്ചെടുക്കുന്നു. ചലനത്തിൽ നിന്ന് ദുംഷാപ് ചലനരാഹിത്യത്തെ സൃഷ്ടിച്ചതുപോലെ. നഗ്നയായ യുവതിയും കോവണിയും പരസ്പരം ലയിക്കുന്നു. ദൂരകാഴ്ച്ചയിൽ വ്യക്തമല്ലാത്ത ഒരു ലയനം ആ ചിത്രത്തിൽ സംഭവിക്കുന്നു. കാഴ്ച്ചയിൽ അത് സൃഷ്ടിക്കുന്ന കലാപമാണ് കവിയുടെ താത്പര്യം. തനിക്ക് മുൻപെ നടന്നവരിൽ ചിത്രകാരൻ ചായങ്ങൾ സ്വീകരിക്കുന്നു.കലാകാരൻ ആത്മാവിനെ ആ ചിത്രത്തിൽ അലിയിച്ചുചേർക്കുന്നു. ആ നഗ്നതയിൽ ഒരാൾ താൻ ഇത്രയും കാലം അനുഭവിച്ച നഗ്നതയെ ഇണക്കിച്ചേർക്കുന്നു.

”ഇപ്പോൾ ദുംഷാപാണ് നഗ്നൻ
അവന്നു നൽകുന്നു പിക്കാസോ തന്റെ നീല
വാൻഗോഗ് തന്റെ മഞ്ഞ
ഗൊഗെൻ തന്റെ ഇളംതവിട്ടു നിറം
സെസാൻ തന്റെ പച്ച
മത്തീസ് തന്റെ ചുകപ്പ് ”

രണ്ടുപേരിൽ ഒതുങ്ങാതെ ആ നഗ്നത വിപുലപ്പെടുകയാണ്. ഒരോ വ്യക്തി ആ ചിത്രം ആസ്വദിക്കുമ്പോഴും അയാൾ തന്റെ നഗ്നതയെ അതിൽ നിക്ഷേപിക്കുന്നു. അതൊരു സ്നേഹമാകുന്നു. അത് കലാസൃഷ്ടിയെ കാലങ്ങളോളം പടർത്തി നിർത്തുന്നു.

3

അക്കിര കുറസോവയുടെ ‘ഡ്രീംസ്’ വാൻഗോഗ് എന്ന പ്രതിഭയ്ക്കുള്ള കുറസോവയുടെ ഉപചാരമാണ്‌. മാർട്ടിൻ സ്കോർസസീയാണ് ചിത്രത്തിൽ വാൻഗോഗായി അഭിനയിച്ചിരിക്കുന്നത്. ഒരു യുവചിത്രകാരൻ ആർട്ട് ഗാലറിയിൽ വാൻഗോഗിന്റെ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കെ ചിത്രത്തിന്റെ അകത്തേക്ക് സഞ്ചരിക്കുന്നു. വാൻഗോഗ് വരച്ച ചിത്രങ്ങളിലേക്ക് അയാൾ തന്നെ ചേർക്കുന്നു.

അയാളും ആ ചായങ്ങൾക്കിടയിൽ, ആ ബ്രഷ് സ്ട്രോക്കിൽ ലയിച്ചുതീരുന്നു. വാൻഗോഗിനെ അയാൾ അന്വേഷിച്ചുപോകുന്നു. കാലങ്ങൾക്കപ്പുറത്തേക്ക് അയാൾ സഞ്ചരിക്കുന്നു. നാം അനുഭവിക്കുന്ന ചിത്രമല്ല, അതിലുൾച്ചേർന്ന വേദനയുടെയും നിസ്സാഹായതയുടെയും അപമാനത്തിന്റെയും പാപഭാരങ്ങളാണ് സത്യമെന്ന് യുവാവായ കലാകാരന് ബോധ്യമാകുന്നു. ഗോതമ്പ് പാടങ്ങൾക്ക് നടുവിലിരുന്ന് വരയ്ക്കുന്ന വാൻഗോഗിനെ, ആത്മഛായയുടെ പൂർണ്ണതയ്ക്കായി ചെവികൾ വെട്ടിമാറ്റിയ വാൻഗോഗിനെ കുറസോവ സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ യാതനപൂർണ്ണമായ വേദനയാണ് വാൻഗോഗിൽ കാണുന്നത്. വാൻഗോഗ് അനുഭവിച്ച സംഘർഷങ്ങളുടെ കലാപഭൂമിയായി അയാളുടെ മഞ്ഞനിറം മാറുന്നു. ഒരാൾ ചിത്രം കണ്ട് ചിത്രമായി തീരുന്നു. കാലങ്ങൾക്കപ്പുറത്തേക്ക് ആത്മാവിനെ വ്യാപിപ്പിക്കുന്നു. ഗോതമ്പുപാടത്തിലൂടെ വാൻഗോഗ് നടന്നു നീങ്ങുന്നു. പൊടുന്നെ കാക്കകൾ അയാളിൽ നിന്നുയരുന്നു. അവ ഗോതമ്പുപാടത്തിലൂടെ പറക്കുന്നു.

ഈ മൂന്ന് വ്യത്യസ്ത രൂപങ്ങളും മൂന്നു വിധത്തിൽ വ്യത്യസ്ത കാലങ്ങളിൽ ദേശങ്ങളിൽ പിറന്ന സൃഷ്ടികളുടെ കാലങ്ങൾക്കിപ്പുറം നിന്നുള്ള നോട്ടമാണ്. ആ നോട്ടത്തിൽ മൂന്ന് വ്യത്യസ്ത രൂപങ്ങളിലുള്ള കല ജനിക്കുന്നു. കലയിലൂടെ മാത്രം സാധ്യമാകുന്ന ഒരു സ്പർശം അനുഭവപ്പെടുന്നു.

2 thoughts on “കാഴ്ച്ചയുടെ കല, ജീവിതത്തിന്റെ കലാപം

  1. എപ്പോഴോ ഞാനീ കഥ മറന്നിരുന്നു, ആ ചിത്രം പക്ഷെ മറന്നിരുന്നില്ല 🙂 നന്ദി കൃഷ്ണദാസ്‌ 🙂

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner