Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ഭരണഘടനയെ രക്ഷിച്ച വിധിന്യായം Kesavanandabharati v/s state of Kerala (AR 1973 SC 1461)

1972 ഒക്ടോബർ 31 മുതൽ 1973 മാർച്ച് 23 വരെ, തുടർച്ചയായി 68 ദിവസത്തെ വാദം.!! ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടന ബെഞ്ച്. 13 ന്യായാധിപന്മാർ. ചീഫ് ജസ്റ്റിസ് എസ് എം സിക്രി, ജസ്റ്റിസുമാരായ ജെ എം ഷെലാത്ത്, കെ എസ് ഹെഗ്‌ഡെ, എ എൻ ഗ്രോവർ, ബി ജഗൻമോഹൻ റെഡ്ഡി, ഡി ജി പലേക്കർ, എച്ച് ആർ ഖന്ന, എ കെ മുഖർജി, വൈ വി ചന്ദ്രചൂഡ്, എ എൻ റേ, കെ കെ മാത്യു, എം എച്ച് ബേഗ്, എസ് എൻ ദ്വിവേദി. വാദിഭാഗത്ത് നാനി പൽക്കിവാലയും സർക്കാരിന് വേണ്ടി നിരൻ ഡേയും തുടങ്ങിയ അഭിഭാഷകർ. നൂറുക്കണക്കിന് മുൻ ഉത്തരവുകൾ, കോടതി വിധികൾ പരിശോധിക്കപ്പെട്ടു, എഴുപ്പത്തിയൊന്ന് രാജ്യങ്ങളിലെ ഭരണഘടനകൾ വാദത്തിനിടെ റഫർ ചെയ്യപ്പെട്ടു. അവസാനം 1973 ഏപ്രിൽ 24ന് 703 പേജുകൾ ഉള്ള ചരിത്രവിധി 7:6 ഭൂരിപക്ഷത്തിന് ഇന്ത്യയുടെ പരോമോന്നത നീതിപീഠം പ്രസ്താവിച്ചു.

(©Bar and Bench) കേസിലെ 13 ജഡ്ജിമാർ

ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ പരമോന്നത നീതിപീഠം എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിച്ചത് എന്നതിന്റെ രത്നച്ചുരുക്കമാണ് കേശവാനന്തഭാരതി കേസ്. വിധി മറിച്ചായിരുന്നുവെങ്കിൽ ഇന്ത്യയുടെ ഭാവി മറ്റൊന്നാകുമായിരുന്നു. നാൾക്കുനാൾ ചെല്ലുന്തോറും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ കേശവാനന്ദഭാരതി കേസിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. കേവലമായ ഒരു സ്വത്തവകാശതർക്കത്തിൽ നിന്നും ഒരു രാജ്യത്തിന്റെ ഭരണഘടനയുടെ പരമാധികാരത്തെ സംബന്ധിച്ച ആധികാരിക തീർപ്പിലേയ്ക്ക് എത്തിച്ചേർന്ന ഒന്നായിരുന്നു കേശാവനന്ദഭാരതി കേസിലെ വിധി.

കാസർകോഡ് ജില്ലയിലെ എടനീർ മഠം മഠാധിപതിയായ സ്വാമി കേശവാനന്ദ ഭാരതി, മഠത്തിന്റെ സ്വത്തുക്കൾ ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള കേരള സർക്കാർ തീരുമാനത്തിനെതിരെയാണ് 1970 ഫെബ്രുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചത്. വാസ്തവത്തിൽ കേസിൽ കേശവാനന്ദഭാരതിക്ക് പരാജയമാണ് ഉണ്ടായത്. സ്വാമി ഒരു വിശുദ്ധപ്രവൃത്തിക്കായിരുന്നില്ല കോടതിയിൽ എത്തിയത് എന്നതിനാൽ തന്നെ ഭൂപരിഷ്കരണ നിയമപ്രകാരം മഠത്തിന്റെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള കേരള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു. എന്നാൽ വാദത്തിനിടെ സുപ്രധാനമായ ഒരു ഭരണഘടനാപ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ കേശവാനന്ദ ഭാരതിയുടെ അഭിഭാഷകനായ നാനി എ പൽക്കിവാലയ്ക്ക് സാധിച്ചു എന്നതാണ് കേശവാനന്ദ ഭാരതി കേസിനെ ചരിത്രമാക്കിയത്. വാസ്തവത്ഇയിൽ

കേശവാനന്ദ ഭാരതി © alchetron

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 368ൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവകാശം പാർലമെൻ്റിന് നൽകുന്നുണ്ട്. എന്നാൽ പാർലമെൻ്റിന് നൽകപ്പെട്ടിരിക്കുന്ന ഈ അവകാശത്തിന്റെ പരിധിയെ സംബന്ധിച്ചാണ് കേശവാനന്ദ ഭാരതി കേസിൽ സുപ്രീകോടതി തീർപ്പ് പറഞ്ഞത്. ഭരണഘടനയെ ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിന്റെ അധികാരം പരിധിയില്ലാത്തതല്ല
(not unlimited) എന്നതായിരുന്നു നേരിയ ഭൂരിപക്ഷത്തിലൂടെ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് പ്രസ്താവിച്ചത്. അതായത്, ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം അല്ലങ്കിൽ അടിസ്ഥാനതത്വങ്ങളെ ഭേദഗതി ചെയ്യാൻ നിയമനിർമ്മാണ സഭയ്ക്ക് അധികാരമില്ല. ഈ വിധി പ്രസ്താവത്തിലൂടെ ഭരണഘടനയെ സംബന്ധിച്ചുള്ള ബേസിക്ക് സ്ട്രക്ചർ സിദ്ധാന്തം (Basic structure doctrine) ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും അംഗീകരിക്കപ്പെട്ടു.

ഈ ബേസിക്ക് സ്ട്രക്ചർ സിദ്ധാന്തത്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. ഈ സിദ്ധാന്തം നാം കടം കൊണ്ടത് പാക്കിസ്ഥാൻ സുപ്രീം കോടതിയിൽ നിന്നാണ്! 1964ൽ സജ്ജൻ സിങ് കേസിൽ (Sajjan Singh v/s state of Rajasthan (AIR 1965 SC 845)) ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റീസ് ജെ. ആർ. മുദലോക്കറാണ് ആദ്യമായി ഈ സിദ്ധാന്തം സംബന്ധിച്ചു പരമാർശിച്ചത്.
അദ്ദേഹം അത് കടം കൊള്ളുന്നത് 1963ൽ ഫസൽ ബാദർ ചൗധരീ കേസിലെ (Fazul Quader Chowdhary V/S Mohd Abdul Haque 1963 PLC 486) പാക്കിസ്ഥാൻ സുപ്രീകോടതിയുടെ ചീഫ് ജസ്റ്റീസായിരുന്നു കോർണലിസിന്റെ വിധിയിൽ നിന്നാണ്. പക്ഷേ സജ്ജൻ സിങ് കേസിൽ മുദലോക്കറിന്റെ വിധി ന്യൂനപക്ഷ വിധിയായതുകൊണ്ട് പ്രാബല്യം ലഭിച്ചില്ല. പത്ത് വർഷങ്ങൾക്ക് കേശാവന്ദ ഭാരതി കേസിലെ വിധി തീർപ്പിലൂടെ ബേസിക്ക് സ്ട്രക്ചർ സിദ്ധാന്തം ഇന്ത്യൻ നീതിന്യായവ്യവസ്ഥയും അംഗീകരിച്ചു.

ഈ വിധിന്യായത്തിലൂടെ ജനാധിപത്യവും, ഫെഡറിലിസം, മതേതരത്വം, ജൂഡിഷ്യൽ റിവ്യൂ അടക്കമുള്ള ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ ഇല്ലാതാക്കുന്ന നിയമങ്ങൾ നിർമ്മിക്കാൻ ഒരു നിയമനിർമ്മാണസഭകൾക്കും കഴിയില്ല. പാർലമെൻ്റിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുഴുവൻ സീറ്റും ലഭിച്ചാൽ പോലും ഭരണഘടനയുടെ മൗലികതത്വങ്ങളെ മാറ്റിമറിക്കാൻ കഴില്ല. ഇതാണ് കേശവാനന്ദഭാരതി കേസിന്റെ വിധിന്യായം ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്ക് നൽകുന്ന ആത്മവിശ്വാസം.

ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സ്രോതസ്സുകളിൽ ഒന്ന് ബ്രിട്ടീഷ് ഭരണഘടനയാണെങ്കിലും ബ്രിട്ടനിൽ നിയമനിർമ്മാണത്തിൽ പാർലമെൻ്റിനെ പരമാധികാരമുണ്ട്.
പാർലമെന്റ് പാസാക്കുന്ന നിയമം റിവ്യു ചെയ്യാൻ കോടതിക്ക് അധികാരമില്ല. ഇന്ത്യയിൽ ജുഡ്യൂഷ്യൽ റിവ്യൂ എന്നത് ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നാണ്. പാർലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും ജനങ്ങൾക്ക് കോടതിയിൽ ചോദ്യം ചെയ്യാം. ഭരണഘടനാവിരുദ്ധമെങ്കിൽ ആ നിയമം കോടതി റദ്ദ് ചെയ്യും. കേശാവാനന്ദഭാരതി കേസിലെ വിധിയുടെ നേട്ടമാണിത്.

1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥയ്ക്ക് കാരണമായ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത അലഹബാദ് കോടതി വിധി മറികടക്കാൻ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ കോടതികൾക്ക് അധികാരമില്ല എന്ന 39-ാം ഭരണഘടന ഭേദഗതി ഇന്ദിരാഗാന്ധി കൊണ്ടുവന്നു. ഇന്ത്യയെ ഒരു ഏകാധിപത്യരാജ്യമായി മാറ്റിയെടുക്കാൻ കഴിയുമായിരുന്ന ഈ ഭരണഘടന ഭേദഗതിയെ സുപ്രീം കോടതി തള്ളിക്കളയുന്നത് കേശവാനന്ദഭാരതി കേസിലെ വിധിയുടെ ബലത്തിലാണ്.
അതുകൊണ്ടാണ് അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിച്ചു നിർത്തിയ വിധിയാണ് കേശവാനന്ദഭാരതി കേസിലൂടെ സുപ്രീംകോടതി നൽകിയത് എന്ന് പറയാൻ കഴിയുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എ എൻ റേ, 13 അംഗങ്ങളുള്ള മറ്റൊരു പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേശവാനന്ദ ഭാരതി കേസിലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. ഇന്ദിരാഗാന്ധി സർക്കാരിനോട് പ്രത്യേക താൽപര്യമുള്ള എ. എൻ. റേ മറ്റ് മൂന്ന് സീനിയർ ജഡ്ജിന്മാരെ മറികടന്ന് ചീഫ് ജസ്റ്റീസായ വ്യക്തിയായിരുന്നു. റിവ്യൂ പെറ്റീഷനുകൾ കൂടാതെ മുൻ തീരുമാനം പരിശോദ്ധിക്കാൻ തീരുമാനിച്ച റേയുടെ നടപടി പൽക്കിവാല അടക്കമുള്ള അഭിഭാഷകൾ ചോദ്യം ചെയ്തു. രണ്ട് ദിവസത്തെ നാടകീയ രംഗങ്ങൾക്ക് ശേഷം ഈ ബെഞ്ച് ജസ്റ്റീസ് റേ തന്നെ പിരിച്ചു വിട്ടു. അങ്ങനെ ആ അട്ടിമറി ശ്രമത്തെ കേശവാനന്ദ ഭാരതിയിലെ വിധി തീർപ്പ് അതിജീവിച്ചു.

വിധി പ്രസ്താവത്തിന്റെ 47 വർഷങ്ങൾ പിന്നീട്ട് നിൽക്കുമ്പോളാണ് സ്വാമി കേശാവനന്ദഭാരതീ അന്തരിക്കുന്നത്. എങ്കിലും അദ്ദേഹം നൽകിയ കേസിലുണ്ടായ വിധി തീർപ്പ് പ്രായാധിക്യം കൂടാതെ നിലനിൽക്കുന്നു. അമിതാധികാര പ്രവണതയുള്ള ഒരു ഭരണകൂടം രാജ്യത്ത് നിലനിൽക്കുമ്പോൾ കേശവാനന്ദഭാരതി കേസിലെ വിധിയുടെ പ്രസക്തി വർദ്ധിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതിയുടെ മുൻപിൽ ഇരിക്കുമ്പോൾ കേശാവാനന്ദഭാരതി കേസിലെ വിധി എന്ത് ധർമ്മം നിർവ്വഹിക്കുമെന്ന് കണ്ടറിയണം.

2 thoughts on “ഭരണഘടനയെ രക്ഷിച്ച വിധിന്യായം Kesavanandabharati v/s state of Kerala (AR 1973 SC 1461)

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner