Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

The Love That Dare Not To Speak It’s Name

1

ഓസ്‌കാർ വൈൽഡിന്റെ കാമുകനായ ആൽഫ്രഡ് ഡോഗ്‌ളസിന്റെ 1892-ൽ പ്രസിദ്ധീകരിച്ച Two Loves എന്ന കവിത അവസാനിക്കുന്നത് “പേരെടുത്തു പറയാനാകാത്ത പ്രണയ”മെന്ന അവശേഷിപ്പിലാണ്. I am the Love that dare not speak its name. എന്റെ പ്രണയവും പേരെടുത്തുപറയാൻ എളുപ്പമല്ല. ഭാഷയാൽ പറയാൻ കഴിയാതെപോകുന്ന കാക്കതൊള്ളായിരം പിടച്ചിലുകളുണ്ട്. പരതലുകളുണ്ട്.

ഞാനൊരു സ്വവർഗ്ഗാനുരാഗിയാണ്. ചിലപ്പോൾ നിങ്ങളുടെ മുഖം ചുളിഞ്ഞേക്കും. ഓരോ നിമിഷവും ഞാനും നിങ്ങളെപ്പോലെയാണെന്ന വിശദീകരണം നൽകി എന്റെ വായിലെ വെള്ളം വറ്റിയിട്ടുണ്ട്. ഇവിടെ, ഞാനതിന് മുതിരുന്നില്ല. മനുഷ്യരെ അംഗീകരിക്കാൻ നിങ്ങൾക്ക് കാരണങ്ങൾ വേണമെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.

പ്രേമിക്കപ്പെടാതെ മരിച്ചുപോകുമെന്നാണ് ഞാൻ കരുതിയിരുന്നത്.

എന്റെ പഴയ കാമുകന്മാരെല്ലാം മറ്റേതെങ്കിലും സ്ത്രീകളുടെ ഭർത്താക്കന്മാരായിരുന്നു. അവർക്കെല്ലാം കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

Oscar Wild

കഴിഞ്ഞ ദിവസം തന്നെ ഞാൻ ഒരാളെ പരിചയപ്പെട്ടിരുന്നു (ഒരു പക്ഷേ അയാൾ നിങ്ങളുടെ സുഹൃത്തോ, അച്ഛനോ, ഒരകന്ന ബന്ധുവോ പോലുമായേക്കാം). ഞങ്ങൾ ഒരല്പ നേരം ഒരുമിച്ചു കിടന്നു. പ്രേമമില്ലാതെ മനുഷ്യരെ ഉമ്മ വെക്കാനെനിക്ക് കഴിയില്ല. അതുകൊണ്ട് ഉമ്മ വെച്ചില്ല.

അയാൾ, വിവാഹം വേർപെട്ട് ജീവിക്കുകയാണ്. നാല് വർഷം ഭാര്യയോടൊപ്പം ജീവിച്ചുവെന്ന് പറഞ്ഞു. കുഞ്ഞുങ്ങളില്ല. ഭാര്യക്ക് ഒരു കാമുകനുണ്ടായിരുന്നുവെന്നും വിവാഹം വേർപെടുത്തിയതിന്റെ കാരണം ആ ബന്ധമാണെന്നും പറഞ്ഞപ്പോൾ എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. എനിക്കയാളോട് അമർഷം തോന്നി. “നല്ല പോലെ അടിച്ചുകൊടുക്കാത്തത് കൊണ്ടാണ് അവൾ വിട്ടിട്ട് പോയതെന്ന്” കൂട്ടുകാർ കളിയാക്കിയെന്ന് അയാൾ വിതുമ്പിയപ്പോൾ എനിക്ക് സങ്കടം തോന്നി.

അയാൾ, നാളെ വീണ്ടും പെണ്ണ് കാണാൻ പോകുന്നുണ്ടെന്ന് പിരിയുമ്പോൾ പറഞ്ഞു. അതുകഴിഞ്ഞ്, വൈകിട്ട് കാണാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ മുഖത്ത് ഒരു ചിരി വരുത്തി.

Alfred Douglas

ഇന്ത്യയിലെ മിക്ക സ്വവർഗ്ഗാനുരാഗികളും ഇതേ മട്ടിൽ സ്വന്തം ലൈംഗികത മറച്ചുവെച്ച്, വിവാഹവും കഴിച്ച് ഭിന്നവർഗ്ഗലൈംഗിക(Heterosexual) ജീവിതം നയിക്കുന്നവരാണ്. അവർക്ക് വീടിനകത്ത് പെറാനും അടുക്കളപ്പണിയെടുക്കാനും ഭാര്യമാരുണ്ട്. വീടിന് പുറമെ കാമുകന്മാരുമുണ്ട്.

സ്വവർഗ്ഗാനുരാഗിയെന്ന് തിരിച്ചറിഞ്ഞ സമയങ്ങളിൽ ഞാൻ പ്രേമിക്കപ്പെടാൻ വല്ലാതെ കൊതിച്ചിരുന്നു. അക്കാലങ്ങളിൽ ഞാൻ പരിചയപ്പെട്ട മനുഷ്യരെല്ലാം, സ്വന്തം ലൈംഗികതയെപ്പോലും തിരിച്ചറിയാത്തവരായിരുന്നു. “പ്രേമിച്ചിട്ട്, നിന്നെ കല്യാണം കഴിക്കാനാണോ” എന്ന ഒരു ചോദ്യം ചോദിച്ചവരെന്നെ തോൽപ്പിച്ചുകളയുമായിരുന്നു. അന്നൊന്നും, സ്വവർഗ്ഗവിവാഹങ്ങളെ കുറിച്ചൊന്നും ഞാൻ കേട്ടിട്ടേയില്ല.

ഞാൻ കണ്ടിട്ടുള്ള മനുഷ്യരെല്ലാം പ്രേമമില്ലാതെ ഉമ്മ വെക്കുകയും, മടുക്കുമ്പോൾ എന്നെയും കടന്ന് ദൂരേക്ക് പോകുകയും ചെയ്തു.

2

എറണാകുളത്തേക്ക് വന്ന ശേഷമാണ്, ഞാൻ കുറെയധികം ക്വീർ സുഹൃത്തുക്കളെ പരിചയപ്പെടുന്നത്. ഞങ്ങളെല്ലാം ഭൂമിയുടെ പല കോണിലിരുന്ന് ഒരേ ജീവിതം ജീവിച്ചവരെന്ന് സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. അവരെയെല്ലാം ചേർത്തുപിടിക്കുന്നു.

പ്രണയം ഒരു പ്രിവിലെജാണെന്ന് അക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു. ഗേ ഡേറ്റിങ് ആപ്പുകൾ വളരെ ടോക്സിക്കായ ഇടമാണെന്ന് എന്റെ അനുഭവങ്ങളെന്നെ പഠിപ്പിച്ചു. ജാതി വാലുകളുള്ള പ്രൊഫൈലുകൾ കണ്ട് എന്റെ കണ്ണ് തള്ളിയിട്ടുണ്ട്. ചിലർ എന്നോട് ജാതി ചോദിച്ചു. മറുപടി കേൾക്കുമ്പോൾ, നീയെന്റെ മൂഡ് നശിപ്പിച്ചെന്ന് പരാതിപ്പെട്ട് ബ്ലോക്ക് ചെയ്തു. എന്റെ കറുപ്പ് ബാധിച്ചേക്കുമെന്ന് പേടിച്ചാകും, ചിലരെന്നെ ഉമ്മ വെച്ചതേയില്ല.

എന്നോട് പ്രണയാഭ്യർത്ഥന നടത്തിയ ചിലരെപ്പോലും ഞാൻ സംശയിച്ചു. പഴേപടി ഉപേക്ഷിക്കപ്പെടുമെന്ന പേടിയിൽ, ഞാനവരെ അവഗണിച്ചു. എനിക്കെന്റെ ശരീരത്തോട് അത്രയും അറപ്പുണ്ടായിരുന്നു.

പ്രേമിക്കപ്പെടാതെ മരിച്ചുപോകുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു.

3

ലോക്ക് ഡൗൺ സമയത്താണ് പ്രണയത്തിലാകുന്നത്. 2019 ന് എറണാകുളത്ത് വെച്ചുനടന്ന കേരള ക്വീർ പ്രൈഡിനാണ് ഞങ്ങൾ ആദ്യമായ് കാണുന്നത്. രാത്രി, അവൻ വിയർപ്പിൽ കുളിച്ചെന്നെ കെട്ടിപ്പിടിച്ചിരുന്നു. ആരെങ്കിലും എന്നെ അങ്ങനെ കെട്ടിപ്പിടിക്കണമെന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു.

കഴിഞ്ഞ ദിവസം, സൽമാനെ(എന്റെ കാമുകൻ) കാണാൻ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ, ചുമരുകളിൽ ചില പോസ്റ്ററുകൾ കണ്ടു.

“ഹൃദയം പ്രണയം പങ്കുവെക്കരുത്, Anti Love Campaign”

മതത്തിന്റെയും ജാതിയുടെയും പേരിൽ
ആണും പെണ്ണും തമ്മിലുള്ള പ്രേമത്തെപ്പോലും കൊന്നുതള്ളുന്ന ഈ കെട്ട ഫാസിസ്റ്റ് കാലഘട്ടത്തിൽ, ഞങ്ങളുടെ പ്രേമത്തിന്റെ ഭാവിയെന്താകുമെന്ന പേടി എന്നെ വല്ലാതെ ബാധിച്ചു.

കോവിഡ് ദിവസങ്ങളിൽ, എന്റെ കൂട്ടുകാരിൽ ചിലർ തൂങ്ങിമരിച്ചിരുന്നു. മറ്റു ചിലർ തീ കൊളുത്തി, വിഷം കഴിച്ചു, ചിലരുടെ ശരീരങ്ങൾപ്പോലും കണ്ടെടുക്കപ്പെട്ടില്ല. ഇവരാരും ജീവിച്ചു കൊതി തീർന്നവരായിരുന്നില്ല. രഹസ്യമായ് പ്രേമിച്ചവരായിരുന്നു, ഉമ്മ വെച്ചവരായിരുന്നു.

Chinju Rajappan

ചിഞ്ചു ഇടയ്ക്ക് പറയും, ‘സമൂഹം എന്നോട് ചെയ്തത് തിരിച്ച് ഞാനവരോട് ചെയ്തുതുടങ്ങിയാൽ ഞാൻ വല്ല തീവ്രവാദിയൊക്കെ ആയേനെ. പക്ഷേ, ഞാനത് ചെയ്യില്ല’.

ഭൂമിയിലെ മനുഷ്യരെല്ലാം നന്മയുള്ളവരാണെന്നും,സാഹചര്യങ്ങൾ എളുപ്പത്തിൽ അവരെ പാപികളാക്കുന്നുവെന്നും വിശ്വസിക്കാനാണെനിക്കിഷ്ടം.ഞങ്ങളെ വെറുതെ വിടുക.മനുഷ്യരെ സ്നേഹിക്കാൻ അനുവദിക്കുക.ഈ വെറുപ്പിന്റെ കാലത്ത്,സ്നേഹം കൊണ്ട് മാത്രമേ അതിജീവിക്കാനൊക്കൂ.

ഞങ്ങൾ പരസ്പരം ഉമ്മ വെക്കട്ടെ !

പ്രണയത്തെ പ്രതി മരിച്ചുപോയ എന്റെ കഴിഞ്ഞ തലമുറയിലെ പൂർവ്വികരെ ഓർക്കുന്നു.ഒരുമിച്ചു പുഴയിൽ ചാടിമരിച്ച ആ രണ്ടു പെൺകുട്ടികളെയും ജാതി കൊന്നുകളഞ്ഞ പ്രേമങ്ങളെയും ഓർക്കുന്നു.

ആശംസകളില്ല.

Love Knows No Gender

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner