Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

മാധ്യമ വിമർശനം – ആങ്കർമാരുടെ അധികാര ശരീരഭാഷ

മാധ്യമങ്ങളിലെ ആങ്കർമാരുടെ രാഷ്ട്രീയം തിരിച്ചറിയുന്നത് അവരുടെ ശരീരഭാഷയിലൂടെയാണ്. നിരന്തരം അധികാരത്തെ നിർമ്മിക്കുന്ന/ഉറപ്പിക്കുന്ന വരേണ്യ രാഷ്ട്രീയമാണ് അതിന്റെ പ്രതിനിധാനപരത. അധീശത്വ രാഷ്ട്രീയത്തെയാണ് ഇവരുടെ ശരീരം ഉൽപ്പാദിപ്പിക്കുന്നത്. ചോദ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതും അതിലൂടെയാണ്. ചോദ്യങ്ങൾ ആരോട് ചോദിക്കണം. എന്ത് ഉത്തരം ലഭിക്കണം എന്നതും ഇവർ നേരത്തെ തീരുമാനിക്കുന്നു. ആങ്കർമാരുടെ കേവല ശരീരം രാഷ്ട്രീയ ശരീരമായി മാറുന്നത് ചർച്ചയിൽ പങ്കെടുക്കുന്നവർ മുന്നിലെത്തുമ്പോഴാണ്. അധികാര കേന്ദ്രത്തിന്റെ തലപ്പത്ത് എത്തിയതുപോലെയാണ് ആങ്കർമാരുടെ തുടർന്നുള്ള ഡയലോഗുകൾ. മാധ്യമ ഡിബേറ്റുകളിൽ പ്രധാനമായും പങ്കെടുപ്പിക്കാറുള്ളത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ മാത്രമാണ് എന്നത് ചോദ്യങ്ങൾ എങ്ങനെയാവണം എന്നത് നേരത്തേ ഉറപ്പിക്കാൻ കാരണമാകുന്നു. ഇവിടെയും വരേണ്യ ബോധ്യമാണ് പ്രവർത്തിക്കുന്നത്. ശരീരം പ്രതിനിധാനത്തെയും നിർണയിക്കുന്നു എന്നതാണ് ഇവിടുത്തെ രാഷ്ട്രീയം. ജനപ്രിയ സംസ്കാരം മുന്നോട്ടുവെയ്ക്കുന്ന/വെച്ച പ്രതിനിധാന സ്വഭാവം സവർണ കേന്ദ്രിതയുക്തിയുടേതാണ്. ഇവിടെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എന്നത് പൊതുബോധത്തിൻറേതാണ്. ജാതി/മതം/വംശ/വർണം/വർഗം/ലിംഗപദവി എന്നിവയെ മുൻനിർത്തി സവർണ കേന്ദ്രിത പാരമ്പര്യ നിർമ്മിതിയാണ് മാധ്യമങ്ങളിൽ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം ഉയർത്തിയത്. അതിന്റെ പ്രകടനപരതയാണ് ആങ്കർമാരിലൂടെ പുറത്തു വരുന്നത്. സവർണർ ഉത്തമരും കീഴാളർ അധമരുമാണെന്ന പൊതു പ്രതിനിധാന ബോധ്യത്തെ അവർ നിർമ്മിച്ചെടുക്കുന്നു. അതിന് ശുദ്ധി/വൃത്തി എന്നിവയെ മുൻനിർത്തി പ്രത്യയശാസ്ത്രത്തെ നിർമ്മിച്ചെടുക്കുന്നു. ഇത്തരത്തിൽ പ്രതിനിധാനത്തെ അധീശത്വബോധത്താൽ കീഴ്പ്പെടുത്തുത്തേണ്ടത് ഈ അർത്ഥത്തിൽ അവരുടെ ആവശ്യമായി മാറുന്നു. അതിന് അതീശ ബോധങ്ങൾ പൊതുബോധമാവുകയും അടിച്ചമർത്തപ്പെട്ടവരുടെ കുതറലുകളെ അധമബോധമാക്കി മാറ്റുകയും ചെയ്യണം. ഈ ബോധത്തിൽനിന്നാണ് ശരീരത്തെ അധീശത്വബോധമാക്കുന്ന ആങ്കർമാരുടെ രാഷ്ട്രീയം പുറത്തുവരുന്നത്. ടെലിവിഷന്റെ വരവാണ് ഇത്തരമൊരു ശരീരഭാഷയെ നിർമ്മിക്കാനുള്ള അവസരമൊരുക്കിയത്.
‘ശരീരം ഒരു ആശയ വിനിമയ യന്ത്രമായി മാറുന്നു’ എന്ന ഉബർട്ടോ എക്കോയുടെ കാഴ്ചപ്പാട് ടെലിവിഷനുമായി ചേർത്തുവെയ്ക്കാവുന്നതാണ്. അതായത് ഭാഷയ്ക്കൊപ്പം ശരീരത്തിന്റെ ചലനങ്ങളും മറ്റൊരു ഭാഷായായി മാറുന്നതാണ് ചാനലുകളിലൂടെ കാണാനാവുക. സംഭാഷങ്ങൾ കുറയുകയും ചലനങ്ങൾ കൂടുതൽ സാധ്യതയുമായി മാറുകയും ചെയ്യുന്നു. ആഗോളീകരണത്തിന്റെ സവിശേഷ ഘട്ടത്തിൽ ഈ ശരീരഭാഷ അധികാരത്തിന്റെ ഭാഗമാകുന്നു. ഭാഷയും ശരീരവും സൃഷ്ടിക്കുന്ന പുതിയൊരു സാംസ്കാരിക വ്യവഹാര മണ്ഡലമാണ് ഇന്ന് ആങ്കർമാരെ സൃഷ്ടിക്കുന്നത്. അതിന് അനുസൃതമായി അവരുടെ ചലനങ്ങളും വേഷങ്ങളും സംഭാഷണങ്ങളും പരുവപ്പെടുന്നു.
ദൃശ്യ മാധ്യമങ്ങളുടെ വളർച്ചയാണ് ശരീരാധിഷ്ഠിത അധീശത്വബോധത്തെ നിർണയിച്ചത്. അതിന് മുമ്പ് കലയിലും സാഹിത്യത്തിലുമാണ് ശരീരഭാഷ സവിശേഷമായി ഉയർന്നു വന്നിട്ടുള്ളത്. അങ്ങനെ അനുഭൂതികളുടെ പുതിയൊരു ലോകമാണ് ആവിഷ്കൃതമായത്. ദശ്യമാധ്യമങ്ങളിൽ ആങ്കർമാരുടെ ശരീരം പ്രവർത്തിക്കുന്നത് സ്ഥാപനങ്ങളുടെ ബോധത്തിന്റെകൂടി അടിസ്ഥാനത്തിലാണ്. ഒട്ടുമിക്ക ആങ്കർമാരുടെയും ശരീരം ഫ്യൂഡൽ നിർമ്മിതിയുടേതാണ്. മാടമ്പിത്തവും അറിവില്ലായ്മയുമാണ് ഇവരിലൂടെ പുറത്തു വരുന്നത്. അതുകൊണ്ട് ആദിവാസി, ദലിത്, സ്ത്രീ, എൽ ജി ബി ടി വിരുദ്ധതയായി അതു പ്രത്യക്ഷപ്പെടുന്നു. നിഷ്പക്ഷത എന്ന ഉടഞ്ഞ താർക്കിക സംജ്ഞ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ആങ്കർമാർ അവരുടെ പ്ലാറ്റ്ഫോമിൽ നിലയുറപ്പിക്കുന്നത്. എന്നാൽ അവരുടെ ചോദ്യങ്ങളിൽനിന്നും അരാഷ്ട്രീയത തിരിച്ചറിയാനാകും. ജനാധിപത്യത്തെ പൂർണമായും തള്ളിക്കളയുന്ന തരത്തിൽ തങ്ങളുടെ അജണ്ടയെ സെറ്റ് ചെയ്യുകയാണവർ. മാധ്യമപ്രവർത്തകർക്ക് മറ്റ് പൗരന്മാരേക്കാൾ പ്രിവിലേജുണ്ട് എന്ന് ധരിക്കുന്നവരാണ് ആങ്കർമാർ. എല്ലാ പൗരന്മാർക്കുമുള്ള അവകാശങ്ങൾ മാത്രമാണ് മാധ്യമ പ്രവർത്തകർക്കുമുള്ളത് എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യാവിഷൻ എന്ന ചാനലിലൂടെ എം.വി.നികേഷ് കുമാറാണ് അതുവരെയുണ്ടായിരുന്ന വാർത്താ അവതരണ രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്. സംവാദമെന്ന നിലയിൽ വാർത്താ അവതരണരീതിയെ മാറ്റുന്നതിൽ നികേഷ് വഹിച്ച പങ്ക് വളരെ പ്രധാനമാണ്. തുടർന്ന് അതിനെ പൂർണമായും അനുകരിക്കുന്നതോ ആ ശൈലിയിൽനിന്നുകൊണ്ട് മറ്റൊന്നു സ്വീകരിക്കുകയോ ആണ് ആങ്കർമാർ ചെയ്യുന്നത്. നികേഷ് കുമാറിന് ‘നികേഷിസം’ എന്നു പറയാവുന്ന തരത്തിലുള്ള അനുകരണ ശൈലിയെ സൃഷ്ടിക്കാൻ സാധിച്ചു എന്നതാണ് പ്രധാന കാര്യം. ദൃശ്യമാധ്യമ ചരിത്രത്തെ ഇത് പുനർവിചിന്തനത്തിന് വിധേയമാക്കി.
മുൻ ജനപ്രതിനിധകളോ ഇപ്പോൾ ആയിരിക്കുന്നവരോ ആയ വ്യക്തികളോട് ചോദ്യം ചോദിക്കുകയും അവർ മറുപടി പറയുമ്പോൾ നിരന്തരം ഇടപെടുകയും ചെയ്യുന്ന, തടസപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ ആങ്കർമാർ സ്വീകരിക്കുന്നത്. അതത് വിഷയത്തിന് മറുപടി പറയുമ്പോൾ അതിനിടയിൽ തന്നെ നിരവധി ഉപചോദ്യങ്ങൾ ചോദിക്കുന്നു. ഇതോടെ മറുപടി പറയേണ്ടയാൾക്ക് ഒന്നിനും സമയം ലഭിക്കാതെ വരുന്നു. ചോദ്യവും ഉത്തരവും ആങ്കർ തന്നെ പറയുന്ന സംഭവങ്ങളുമുണ്ട്. ഒരു തരത്തിലും സോഷ്യൽ ഓഡിറ്റിംഗിന് വിധേയരാകാത്ത മാധ്യമ ആങ്കർമാർ നിരന്തരം അതിന് വിധേയമാകുന്ന ജനപ്രതിനിധികളോട് പ്രതിപക്ഷ മര്യാദപോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ വോട്ട് നേടിയാണ് ജനപ്രതിനിധികൾ എത്തിയിട്ടുള്ളത് എന്ന കാര്യം ആങ്കർമാർ മറക്കുകയോ ബോധപൂർവ്വം മറയ്ക്കുകയോ ചെയ്യുന്നു. ഈ അധികാരം എവിടെനിന്നാണ് ലഭിക്കുന്നത്. ഇതിനർത്ഥം ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല എന്നല്ല. കൃത്യമായ വ്യക്തമായ ചോദ്യങ്ങളാണ് ഉയർന്നു വരേണ്ടത്. ജനപ്രതിനിധകളോ ഭരണകൂടമോ വിമർശനങ്ങൾക്ക് അതീതരല്ല എന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്.
നിരന്തരം കള്ളം പറയുകയും അത് തെറ്റാണെങ്കിൽ മാപ്പ് ചോദിക്കുകയും ചെയ്യുന്നത് ആങ്കർമാരുടെ സ്ഥിരം രീതിയായി മാറിയിരിക്കുന്നു. സത്യമറിയാതെ എല്ലാത്തരം അപകീർത്തിപ്പെടുത്തലും നടത്തിയ ശേഷമാണ് ഇവരുടെ ക്ഷമ ചോദിക്കൽ. സമൂഹത്തിൽ പ്രവർത്തിക്കുന്നവരെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്താൻ ആങ്കർമാർ മടി കാട്ടാറില്ല. ഇതിനർത്ഥം ചോദ്യങ്ങൾ വേണ്ടയെന്നല്ല. തീർച്ചയായും സംവാദങ്ങളിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും സാധാരണമാണ്. വ്യത്യസ്ത ആശയങ്ങളെ സംവാദത്തിൽ കൊണ്ടുവരികയും ജനങ്ങളിൽ സത്യത്തിന്റെ പക്ഷത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന് പകരം ആരെയെങ്കിലും അവഹേളിക്കുക എന്നത് മാധ്യമ ധർമ്മമായി കരുതാൻ കഴിയില്ല. ആങ്കർമാരിലധികവും പുരുഷ ശരീരങ്ങൾ ആയതിനാൽ ആണത്ത ആക്രോശങ്ങളും സ്ത്രീ വിരുദ്ധതയും പ്രകടമാണ്. യാതൊരു ജനകീയ ബന്ധങ്ങളുമില്ലാതെ വൈകുന്നേരങ്ങളിൽ കോട്ടും ടൈയും കെട്ടി ന്യൂസ് ടേബിളുകളിൽ എത്തുന്ന ആങ്കർമാർക്ക് എങ്ങനെയാണ് സാമൂഹിക ബന്ധമുണ്ടാവുക. സാമൂഹിക ബന്ധങ്ങളിൽനിന്നു മാത്രമേ അത്തരം ചോദ്യങ്ങളും ഉയർന്നു വരികയുള്ളു. ചാരക്കേസിന്റെ കാലത്തും സത്യം പുറത്തു കൊണ്ടു വരാനെന്ന നിലയിൽ മാധ്യമങ്ങൾ നടത്തിയ വേട്ട ക്രൂരമായിരുന്നു. നമ്പി നാരായണനോടും മറിയം റഷീദയോടും ഫൗസിയ ഹസനോടും ഇതുവരെ മാപ്പ് പറയാൻ മാധ്യമങ്ങൾ ഇനിയും തയാറായിട്ടില്ല എന്നതാണ് വാസ്തവം.
ഓരോ ചാനലുകളിലെയും ഡിബേറ്റുകൾക്കിട്ടിരിക്കുന്ന പേരുകളിൽതന്നെ ഒളിഞ്ഞിരിക്കുന്നത് ഫാസിസ്റ്റ് രാഷ്ട്രീയമാണ്. മനോരമ(കൗണ്ടർ പോയിന്റ്), ഏഷ്യനെറ്റ്(ന്യൂസ് അവർ), മാതൃഭൂമി (പ്രൈംടൈം ഡിബേറ്റ്), ടൊൻറി ഫോർ(എൻകൗണ്ടർ) എന്നിങ്ങനെയാണ് വൈകുന്നേരത്തെ വാർത്താ സംവാദങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ ജനാധിപത്യ വിരുദ്ധതയും ചോദ്യങ്ങളിലൂടെ കീഴ്പ്പെടുത്തലുമാണ് പ്രധാനം എന്നതുകൊണ്ടാണ് ഇത് ഏകാധിപത്യപരമാണ് എന്നു പറയുന്നത്. യുക്തിരഹിതവും ആൾക്കാരെ അവഹേളിക്കുന്നതമായ ചോദ്യങ്ങൾ വിദഗ്ധരായവർക്കു മുന്നിൽപോലും അവതരിപ്പിക്കാൻ ആങ്കർമാർക്ക് ഒരു സങ്കോചവുമില്ല. എല്ലാ അറിവുകളുടെയും പരിഹാരങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും വക്താക്കളായാണ് ആങ്കർമാരുടെ പ്രത്യക്ഷപ്പെടൽ. ആങ്കർമാരുടെ ആക്രോശത്തിൽ പരിഹരിക്കപ്പെട്ടിട്ടുള്ള എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അന്വേഷണത്തിലാണ് ഇവരുടെ പാപ്പരത്തം വ്യക്തമാകുന്നത്. ഭരണകൂട വിമർശവും തീർച്ചായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ആങ്കർമാർ മറ്റൊരു ഭരണകൂടമാകുന്നത് ജനാധിപത്യ വിരുദ്ധമാണ്.

1 thought on “മാധ്യമ വിമർശനം – ആങ്കർമാരുടെ അധികാര ശരീരഭാഷ

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner