Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

മതത്തിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന രാജ്യത്തിന്റെ പേരാണ് ഇന്ത്യ

സ്വതന്ത്ര ഇന്ത്യയിൽ ബാബറി മസ്ജിദ് ഉണ്ടായിരുന്നു. അത് തകർത്തതാണ്. അതു കൊണ്ട് തന്നെ ഡിസംബർ 6-ന് പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകുമെന്ന് പറയാറുണ്ട് നാട്ടുകാർ. ശബരിമലയ്ക്ക് പോകുന്നവർ ഡിസംബർ 6ന് മുമ്പോ, അതിനുശേഷമോ ദർശനം നടത്തിവരാൻ ശ്രദ്ധിച്ചിരുന്ന ഒരു നാട്ടിലാണ് ഞാൻ ജനിച്ചത്. അവർക്കുപോലും സംശയമില്ലാത്ത കാര്യമാണ് ബാബറി മസ്ജിദ് തകർത്തതാണെന്ന്. Journalism വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ട ചരിത്രവും, ബി.ജെ.പിയുടെ വളർച്ചയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ തുടങ്ങിയത്.

1985-ൽ രാജീവ് ഗാന്ധി സർക്കാർ ബാബറി മസ്ജിദിന്റെ താഴുകൾ മാറ്റാൻ ഉത്തരവിട്ടത്തോടെയാണ് പള്ളിയ്ക്ക ക്ഷേത്രത്തിന്റെ സ്വഭാവം കൈവരുന്നത്. ഇതോർക്കുമ്പോൾ നെഹ്‌റുവിന്റെ പിൻമുറക്കാരെ ഓർത്ത് ലജ്ജ തോന്നുന്നു. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ശിലാസ്ഥാപനം രാജീവ് ഗാന്ധിയിൽ നിന്നായിരുന്നെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പിന്നീട് ഇതിന് അടിത്തറപാകിയത് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ മൗനമായിരുന്നെന്ന് വ്യക്തം. ഡിസംബറിൽ ബാബറി മസ്ജിദ് തകർക്കപ്പെടും എന്ന വിവരം നരസിംഹറാവുവിന് അറിയാമായിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയിലെ മുൻ ഉദ്യോഗസ്ഥനായ കൃഷ്ണധർ തന്റെ പുസ്തകത്തിൽ പറയുന്നു.

സെക്കുലർ ഇന്ത്യയിൽ നിന്നും മത രാഷ്ട്രത്തിലേക്കുള്ള യാത്രയുടെ ഫ്ലാഗ് ഓഫ് ബാബറി മസ്ജിദിൽ നിന്നായിരുന്നു. 1528-ൽ സ്ഥാപിച്ച ബാബറി മസ്ജിദ് 1992 ഡിസംബർ 6-ന് തകർക്കപ്പെട്ടതുവരെയുള്ള സംഭവങ്ങൾ പരിശോധിച്ചാൽ കുറ്റക്കാരാണെന്ന് പകൽ തെളിയും.

1949 – ൽ ബാബറി മസ്ജിദിനകത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ രാമവിഗ്രഹം കൊണ്ടുവെച്ചു.

1984ൽ രാമക്ഷേത്രപ്രസ്ഥാനത്തിന്റെ നേതൃത്വം വിശ്വ ഹിന്ദു പരിഷത്ത് എൽ.കെ. അദ്വാനിയെ ഏൽപ്പിച്ചു.

1990ൽ എൽ.കെ. അദ്വാനി നടത്തിയ രാമരഥയാത്ര, രഥയാത്രയിലുടനീളം പ്രകോപനപരമായാണ് അദ്വാനി പ്രസംഗിച്ചത്‌.

1990ൽ കർസേവകർ അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ട് പോലീസുമായി ഏറ്റുമുട്ടി.

1990ലെ രഥയാത്രക്കാലത്ത് ഗുജറാത്തിലും കർണാടകത്തിലും ഉത്തർപ്രദേശിലും ആന്ധ്രാപ്രദേശിലും ആയിരങ്ങൾ കൊല്ലപ്പെട്ട വർഗീയകലാപം

1991ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ രാമക്ഷേത്രനിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ചു.

1992 ഡിസംബർ ആറിന് ഒന്നരലക്ഷം വരുന്ന കർസേവകർ ബാബറി മസ്ജിദ് തകർക്കുമ്പോൾ അദ്വാനിയും ഉമാഭാരതിയും മുരളിമനോഹർ ജോഷിയും വിനയ് കത്യാറുമൊക്കെ തൊട്ടടുത്ത് കസേരയിട്ടിരുന്ന് മധുരപലഹാര വിതരണം നടത്തി.

ഇതൊന്നും കോടതിയ്ക്ക് തെളിവുകളല്ല. ബാബറി മസ്ജിദ് തകർത്തപ്പോൾ തകർന്നത് മതേതര രാജ്യത്തിന്റെ ഹൃദയമാണ്. എന്നിട്ടും കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നേയില്ല.

എന്തിന് ബാബറി മസ്ജിദ് നിന്നിടത്ത് ഇന്ന് രാമക്ഷേത്രമാണ് ഉയരുന്നത്. കൺമുന്നിൽ നടന്ന അനീതിയെ വെള്ളപൂശിയാൽ ചരിത്രം മാറുമെന്ന് കരുതരുത്.

“एक धक्का और दो, बाबरी तोड़ दो…” (Just one more push and break the masjid ) -1992 ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിൽ അയോധ്യയിൽ ഉയർന്നു കേട്ട മുദ്രാവാക്യമാണ്. 1992 ഡിസംബർ 6 നാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ആ സ്ഥലത്താണ് രാമക്ഷേത്രം പണിയുന്നത്. പള്ളി തകർക്കപ്പെട്ടിട്ട് 28 വർഷങ്ങൾ. 48 കുറ്റാരോപിതർ. വിചാരണക്കിടെ 16 പ്രതികളുടെ മരണം. 351 സാക്ഷികൾ. 600 സാക്ഷ്യപത്രങ്ങൾ. ഇപ്പോഴിതാ വിധി വന്നിരിക്കുന്നു. ആ പള്ളി ആരും പൊളിച്ചതല്ലത്രെ….
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ പറ്റി ഏറ്റവും സമഗ്രമായി പഠിച്ചയാൾ ജസ്റ്റിസ് എം.എസ്. ലിബർഹാൻ ആണ്. പതിനേഴു വർഷം നീണ്ട അന്വേഷണങ്ങൾക്ക് ശേഷം ആ നിയമജ്ഞൻ 2009 ൽ സമർപ്പിച്ച റിപ്പോർട്ട് പ്രസക്തമാണ്. രാമൻ അന്തിമ വാക്കാവുന്ന രാജ്യത്ത് ജസ്റ്റിസ് എം.എസ്. ലിബർഹാൻ സമർപ്പിച്ച റിപ്പോർട്ടെല്ലാം ആരോർക്കാൻ? എൽ.കെ. അദ്വാനി, എ.ബി. വാജ്‌പേയ് തുടങ്ങിയ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ സംഘ്പരിവാറിന്റെ 68-ാളം നേതാക്കൾക്കുള്ള പങ്കിനെ എടുത്തുകാട്ടുന്നതാണ് റിപ്പോർട്ട്.

1992 ഡിസംബർ 6-ന് ബാബറി മസ്ജിദിന് മുന്നിൽ തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാൻ എൽ.കെ. അദ്വാനിയും മുരളിമനോഹർ ജോഷിയും ഉമാഭാരതിയും ശ്രമിച്ചിരുന്നെങ്കിൽ മത രാഷ്ട്രം സ്ഥാപിക്കപ്പെടില്ലായിരുന്നു. 2 സീറ്റിൽ നിന്ന് ബി.ജെ.പി വളരില്ലായിരുന്നു.

ഒന്നുറപ്പാണ്, ബാബറി മസ്ജിദ് തകർക്കപ്പെട്ടതാണ്. മതത്തിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ പേരാണ് ഇന്ത്യ.

2 thoughts on “മതത്തിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന രാജ്യത്തിന്റെ പേരാണ് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner