Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

മാതൃഭാഷക്ക് വേണ്ടിയുള്ള സമരം വഴിതിരിച്ച് വിടുന്നവരോട്

(ഷിജു ആർ)

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം ഏറ്റുവാങ്ങിയ പ്രധാന വിമർശനങ്ങളിലൊന്ന് സവർണ്ണമൂല്യങ്ങളെ പുനരാനയിക്കുന്ന ഒരു ഗൂഢപദ്ധതിയാണ് മാതൃഭാഷാസ്നേഹം എന്നതായിരുന്നു.

“ഇപ്പോഴും ‘പുലയാടിമോൻ’ എന്നു തന്നെയല്ലേ മലയാളത്തിലെ ഭേദപ്പെട്ട തെറി?” എന്ന് ചോദിച്ചു കൊണ്ട്, ഭാഷയിലെ കീഴാള വിരുദ്ധ പ്രയോഗങ്ങളെ ഉദ്ധരിച്ചും ഉദ്ദാഹരിച്ചും മലയാളത്തിനു വേണ്ടി വാദിക്കുന്നവരെല്ലാം സവർണ്ണ ഫാസിസ്റ്റുകളും മലയാളം തന്നെ സവർണഭാഷയുമാണ് എന്ന് വിധിയെഴുത്തുകളുണ്ടായി!!

(സവർണ്ണം എന്നാൽ വർണ്ണത്തോട് കൂടിയത് എന്നാണ് അർത്ഥം. അതിൽ ശൂദ്രരും പെടും. ജാതി മർദ്ദനമേറ്റുവാങ്ങുന്ന സവർണ്ണ ജാതികളുമുണ്ട് ഇന്ത്യയിൽ. പ്രബല ജാതി/ മുന്നാക്ക ജാതി എന്നതാണ് ശരിയായ പ്രയോഗം)

വളരെ കൗതുകം തോന്നുന്ന വാദമാണത്.

‘കന്യകയുടെ പുല്ലിംഗമെന്താ?’ എന്നു വിളിച്ചു ചോദിക്കുന്ന ഒരു പെൺകുട്ടിയുണ്ട്,
സാറാ ജോസഫിന്റെ ഏതോ കഥയിൽ. താൻ പിറവികൊണ്ട ഭാഷയിലെ പ്രത്യയശാസ്ത്രാബോധങ്ങൾ തന്നെ എങ്ങനെ പുറത്തു നിർത്തുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു സന്ദർഭത്തിലാണ് ഒരു സ്ത്രീക്ക് അത് ചോദിക്കാനാവുന്നത്. പുരുഷാരം, പുരുഷാർത്ഥം,
പുരുഷായുസ്സ് തുടങ്ങി എണ്ണിയാലൊടുങ്ങില്ല മലയാളത്തിൽ ഉടുപ്പൂരി നിൽക്കുന്ന ആൺകോയ്മയുടെ അശ്ലീലങ്ങൾ.
ഭാഷയെ തങ്ങളുടേതു കൂടിയാക്കാനുള്ള പോരാട്ടങ്ങളാണ് പെണ്ണെഴുത്തുകളെ എതിരെഴുത്തുകളാക്കുന്നത്. ഭൂമി പിടിച്ചെടുക്കൽ പോലെ, രാത്രി പിടിച്ചെടുക്കൽ പോലെ ഒരു ഭാഷപിടിച്ചെടുക്കൽ സമരം.
ഇത് ദലിത് പക്ഷത്ത് നിന്നും വളരെയേറെ സർഗ്ഗാത്മകമായി നടന്നിട്ടുണ്ട് / നടക്കുന്നുണ്ട് മലയാളത്തിൽ. നാരായന്റെ കൊച്ചരേത്തിയും ഊരാളിക്കുടിയും മുതൽ
പുതുകവിതകളിലെ പ്രദേശിക പദഘോഷയാത്രകൾ വരെ ശ്രദ്ധിക്കൂ… ഒന്നിലധികം മലയാളങ്ങളായി സമരത്തിലും സർഗ്ഗാത്മകതയിലും മലയാളപ്പലമ പൂത്തുനിൽക്കുന്നൊരു കാലത്ത്, അതൊന്നും കണ്ടതായി ഭാവിക്കാതെ മലയാളത്തെ സവർണ്ണഭാഷയെന്ന് പറയുന്നതിന്റെ താല്പര്യമെന്താണ്?

അധികാരത്തിന്റെ പ്രത്യയശാസ്ത്ര പ്രഭാവങ്ങളെ പേറുകയും പെറുകയും ചെയ്യാത്ത ഏത് ഭാഷയാണുള്ളത്?

മലയാളത്തിലെ അധീശത്വമൂല്യങ്ങൾ പോലെ അന്യഭാഷയിലേത് വെളിപ്പെടാത്തത് അവയിൽ അതില്ലാത്തതു കൊണ്ടല്ല, അത് തിരിച്ചറിയാനുള്ള സംസ്കാരത്തിന്റെ സ്വനഗ്രാഹികൾ നമ്മുടെ കൈവശമില്ലാത്തതു കൊണ്ടാണ്.
അതു കൊണ്ടൊരു പുലയാട്ട മലയാളത്തിന്റെ എതിർ ശബ്ദങ്ങളെ നട്ടുനനച്ചെടുക്കൂ… ഭൂമിയിൽ നിന്നൊഴിഞ്ഞു പോവുകയല്ലല്ലോ, ഭൂ അവകാശം പിടിച്ചു വാങ്ങുകയല്ലേ. അതുപോലൊരു ഭാഷാവകാശ സമരം നടക്കട്ടെ.
കാരണം സാംസ്കാരിക മൂലധനത്തിന്റേയും യഥാർത്ഥ അവകാശി മണ്ണിൽ പണിയുന്നവർ തന്നെ..

  • 2 –

മാതൃഭാഷാവാദം ദലിത് വിരുദ്ധമാണ് എന്ന് ദലിത് ആക്ടിവിസ്റ്റുകളിൽ ചിലർക്കെങ്കിലും തോന്നുന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.

ദേശീയതാ സങ്കല്പങ്ങളിലെ മനുവാദ/ ബ്രാഹ്മണിക് ഘടകങ്ങളുടെ കാർണിവലുകൾ സ്വാതന്ത്ര്യസമരഘട്ടത്തിൽ ജാതിവിമോചന/നിർമൂലന പ്രസ്ഥാനങ്ങളെ കുറച്ചൊന്നുമല്ല അകറ്റുകയും അപരവൽക്കരിക്കുകയും ചെയ്തത്. കൊളോണിയലിസം ജാതി/ ഭൂബന്ധങ്ങളിൽ ഉണ്ടാക്കിയ ചെറുതല്ലാത്ത ഉലച്ചിൽ ദലിത് പ്രസ്ഥാനങ്ങൾക്ക് പുതിയ പ്രതീക്ഷ പകർന്നു നൽകിയിരുന്നു.

ദേശീയ സ്വാതന്ത്ര്യത്തേക്കാൾ പ്രധാനം സാമൂഹ്യനീതിയാണ് എന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവരെ തെറ്റുപറയാനാവത്ത വിധം ഹിംസാത്മകവിവേചനം പേറുന്നതായിരുന്നു (ഇപ്പോഴും) ഇന്ത്യയിലെ ദലിത് ജീവിതം.
ഗണേശോത്സവത്തിന്റെ ദേശ വ്യാപനം, ഗാന്ധിയൻ രീതിയിൽ പൊതുപ്രവർത്തനത്തെ സന്യാസമായി കാണൽ, വർണ്ണാശ്രമഘടനയെ വെള്ളപൂശുന്ന നിലപാടുകൾ, ദേശീയ ചരിത്ര നിർമ്മാണത്തിലെ സൗവർണ്ണ ഭൂതകാലപ്പൊങ്ങച്ചങ്ങൾ തുടങ്ങി നിർമ്മിക്കാൻ പോവുന്ന ദേശ രാഷ്ട്രത്തിൽ തങ്ങളുടേതായി ഒന്നുമില്ലെന്ന് അംബേദ്കർ അടക്കം തിരിച്ചറിയുന്നുണ്ട്. “നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് ” ഗുരു.

കൊളോണിയലിസവും അതു പകർന്ന ഇംഗ്ലീഷ് വിദ്യാഭ്യാസവുമാണ് ദലിതുകൾക്ക് തങ്ങളനുഭവിക്കുന്ന വിവേചനം വിമർശനാത്മകമായി വിലയിരുത്താനുള്ള കണ്ണും കാതും പകർന്ന് നൽകിയത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വിമോചനാത്മക പ്രഭാവങ്ങളെ ദലിത് രാഷ്ട്രീയം പരമാവധി ഉയർത്തിപ്പിടിക്കുന്നു.

സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട ഭരണകൂടത്തിന്റേയും മനുവാദ പ്രത്യയശാസ്ത്ര സ്വാധീനം ദലിതുകളുടെ അപരവൽക്കരണത്തെ കൂടുതൽ തീവ്രമാക്കുകയാണ് ചെയ്തത്. ഭരണകൂടവും അതിനെ നിലനിർത്തുന്ന സാമാന്യ ബോധവും നാൾക്കുനാൾ ദലിത് വിരുദ്ധമായി തീരുന്നു എന്നതൊരു വസ്തുതയാണ്.

മനുവാദി ഭരണകൂടത്തേക്കാൾ മത്സരാധിഷ്ഠിത ആഗോളീകരണത്തിന്റെ കമ്പോളത്തിന് ദലിത് ശാക്തീകരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷിക്കുന്ന ദലിത് ആക്ടിവിസ്റ്റുകളുടെയും ചിന്തകരുടെയും എണ്ണം ചെറുതല്ല. ആഗോളീകരണത്തിന്റെ ഭാഗമായി വിവര സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി വികസിച്ച സോഷ്യൽ നെറ്റ് വർക്ക് ശൃംഖലകളിലൊക്കെയുള്ള ദലിത് പ്രാതിനിധ്യമെല്ലാം ഈ വാദത്തിന് സാധൂകരണം നൽകുന്നുമുണ്ട്.

‘ജാതി മൂല്യ ഭാരങ്ങളി’ല്ലാതെ കഴിവു മാത്രം മുൻനിർത്തി നവലിബറലിസം വ്യക്തികൾക്ക് അവസരം നൽകുന്നു എന്ന നിലയിൽ ഇത് ശരിയാണ്. പക്ഷേ കഴിവ് എന്നത് വ്യക്തിപരമായ ഒരു കാര്യമല്ലെന്നും അതിൽ ഒരാളുടെ സാമൂഹ്യ/ സാംസ്കാരിക കുടുംബ പശ്ചാത്തലവും കൂടിച്ചേർന്നാണ് അത് രൂപപ്പെടുത്തുന്നതെന്നും (Cultural Capital) മനസ്സിലായാൽ ഈ പ്രതീക്ഷയിലെ വ്യാമോഹത്തിന്റെ നിഴൽപാടുകൾ വീണു കിടപ്പുണ്ടെന്നു കാണാനുള്ള കാഴ്ചകൾ വീണു കിട്ടും. ‘മെറിറ്റോക്രസി’ എന്ന പരോക്ഷ മനുവാദ രാഷ്ട്രീയമാണ് സംവരണത്തെ അട്ടിമറിക്കാനുള്ള പ്രത്യയശാസ്ത്ര ന്യായങ്ങളിലൊന്ന്. ഇപ്പോഴും നവലിബറൽ സ്വകാര്യ തൊഴിൽ കമ്പോളങ്ങളിൽ സംവരണമെന്നൊരു സാമൂഹ്യനീതി സങ്കല്പമില്ല.

ദലിത് മുന്നേറ്റങ്ങളിൽ ഇംഗ്ലീഷിനുള്ള പ്രാധാന്യത്തെ കുറിച്ച് കാഞ്ച ഐലയ്യയും പറഞ്ഞിട്ടുണ്ട്. കൊളോണിയൽ/അനന്തര ഇന്ത്യയുടെ അധികാരഘടന കൈപ്പിടിയിൽ ഒതുക്കാൻ ബ്രാഹ്മണിക് ശക്തികൾക്ക് സാധിച്ചത് ഇംഗ്ലീഷ് പഠനത്തിലൂടെയാണ് എന്നദ്ദേഹം നിരീക്ഷിക്കുന്നു. ഈ അധികാര ഘടനയ്ക്ക് മുന്നിൽ നിങ്ങൾ ദൃശ്യമാവാനും അക്കൗണ്ടബ്ൾ ആകാനും നിങ്ങൾക്ക് ഇംഗ്ലീഷ് കൂടിയേ തീരൂ.

അത് സത്യവുമാണ്. എന്നാൽ ഇംഗ്ലീഷ് അറഞ്ഞുകൂടാത്ത ബഹുജന സമാജത്തിനും കൂടി ആ ദൃശ്യതയും അക്കൗണ്ടബിലിറ്റിയും സൃഷ്ടിക്കുക എന്നതാണ് മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം. അതുകൊണ്ട് അവ പരസ്പര പൂരകങ്ങളാണ്.

നഗര കേന്ദ്രിത ജീവിതം നയിക്കുന്ന വിദ്യാസമ്പന്നരായ ദലിതർക്ക് ഇംഗ്ലീഷ് ഒരു വിമോചനോപാധിയാണെന്ന് തോന്നാം. എന്നാൽ വഴിനടക്കാൻ അവകാശമില്ലാത്ത, കുലത്തൊഴിൽ ചെയ്യാൻ വിസമ്മതിച്ചാൽ കൊല ചെയ്യപ്പെടുന്ന, വിദ്യ അഭ്യസിച്ചതിന് ബലാൽക്കാരം ചെയ്യപ്പെടുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ദലിത് ജീവിതം വിഭാവനം ചെയ്യൂ.
പോലീസ് സ്റ്റേഷനുകളിലും കോടതികളിൽ നിന്നും സർക്കാരാപ്പീസുകളിലും നിന്ന് അവരെ ആട്ടിപ്പുറത്താക്കുന്ന അധികാരത്തിൻ്റെ ആഭിചാര ഭാഷയാണ് ഇംഗ്ലീഷ്. ഇംഗ്ലിഷിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ എത്രത്തോളം ഈ ദലിത് ജീവിതത്തെ ഉൾക്കൊള്ളും?

ഇവിടെ എന്താണ് മാർഗ്ഗം?

ഇംഗ്ലീഷ് എന്ന അധികാരഭാഷയുടെ നിഗൂഡതയുടെ കുരുക്കഴിക്കുക എന്നതാണ് ഒരു വഴി. അതിന് ഇംഗ്ലീഷ് നന്നായി പഠിക്കുക തന്നെ. അത്രത്തോളം ശരിയുമാണ്. എന്നാൽ അത്രയും തന്നെ പ്രധാനമാണ് അധികാരവും വിദ്യാഭ്യാസവും വികസന കാര്യങ്ങളും മാതൃഭാഷാവൽക്കരിക്കുക എന്നത്.

അധികാരത്തെ അങ്ങോട്ടു ചെന്ന് കീഴടക്കുന്ന ആദ്യത്തെ മാർഗ്ഗത്തിൽ വ്യക്തിപരമായ സാഹസികതയും ശേഷിയും ഇച്ഛയും പ്രവർത്തിക്കുന്നു. അംബേദ്ക്കർ, കെ.ആർ. നാരായണൻ, കുഞ്ഞാമൻ, പ്രദീപൻ പാമ്പിരിക്കുന്ന് തുടങ്ങിയവരെപ്പോലെ നിരവധി പ്രതിഭകൾ ആ വഴിയിൽ വിജയിച്ചവരാണ്.

മാതൃഭാഷയിലൂടെയുള്ള വിമോചനത്തിൻ്റെ വഴി സാമൂഹികമായ ഇച്ഛയും ആത്മവിശ്വാസവും നിർമ്മിച്ചെടുക്കലാണ്. അധികാരം നിങ്ങളിരിക്കുന്നിടത്തേക്ക് ഇങ്ങോട്ട് വരികയാണ് അതിലുള്ള ഭാവനാമൂല്യം. ഇന്ത്യൻ ഗ്രാമങ്ങളിലെ സാമാന്യദലിത് ജീവിതത്തെ സംബന്ധിച്ച് ഈ വഴിയും പ്രധാനമാണ്. അവ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകമാണ്. മാതൃഭാഷാനുകൂലം എന്നു വച്ചാൽ ഇംഗ്ലീഷ് വിരുദ്ധം എന്ന അലസമുൻവിധികളാണ് നാം കയ്യൊഴിയേണ്ടത്.

1 thought on “മാതൃഭാഷക്ക് വേണ്ടിയുള്ള സമരം വഴിതിരിച്ച് വിടുന്നവരോട്

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner