Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

മഴവിൽ മനുഷ്യരുടെ പ്രത്യയശാസ്ത്രം: ക്വിയർ രാഷ്ട്രീയത്തിന് ഒരു മുഖവുര

“മിണ്ടുക, മഹാമുനേ, മിണ്ടുക; കാപട്യക്കാർ-
കൊണ്ടലിലൂടെ സത്യകിരണം പരക്കട്ടെ”

വൈലോപ്പിള്ളി (മിണ്ടുക മഹാമുനേ)

എന്താണ് ക്വിയർ (Queer) എന്ന് ചോദിച്ചാൽ മലയാളിയുടെ പൊതുബോധത്തിലുദിക്കുക ഇപ്പോഴും അത്ര സുഖകരമല്ലാത്ത ചില ബിംബങ്ങളായിരിക്കും. പൊതുവിൽ അജ്ഞത വരിഞ്ഞുചുറ്റിയ ഒരന്ധകാരമാവും ആ വാക്കിനോട് ഉള്ള ആദ്യത്തെ പ്രതികരണം. ഇത്രയുംനാൾ പരിചയിച്ചിട്ടില്ലാത്ത, എന്നാൽ തീർത്തും അസ്വാഭാവികമെന്ന് അബോധം മന്ത്രിക്കുന്ന അനേകം രൂപകങ്ങൾ അവിടെ കടന്നു വരും. എൽ.ജി.ബി.ടി.ഐ.ക്യുഎ പ്ലസ് (LGBTIQA +)എന്ന അക്ഷരങ്ങളുടെ അവിയൽക്കൂട്ടത്തെ വിഴുങ്ങാനോ ദഹിപ്പിക്കാനോ ഇപ്പോഴും മലയാളിയുടെ (എന്തിന് മലയാളിയെ മാത്രം പറയുന്നു. ലോകത്തിലെ ഭൂരിഭാഗം മനുഷ്യരുടെയും) ആമാശയത്തിന് ഇപ്പോഴും ശേഷി വന്നിട്ടില്ല എന്നത് തീർത്തും വാസ്തവമായ ഒരു കാര്യമാണ്. സ്വർഗാനുരാഗം എന്നു പറയാൻ തന്നെ നാക്കു വഴങ്ങാത്ത, സ്വവർഗ്ഗസംഭോഗം എന്നോ പ്രകൃതിവിരുദ്ധ ലൈംഗികത എന്നോ മാത്രം വെറുപ്പോടെ പറയാൻ ശീലിച്ച ആ പൊതുബോധത്തിലെ ദഹിക്കാത്ത വസ്തു ക്വിയർ എന്ന വാക്കിൽ സ്ഥിതി ചെയ്യുന്നുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങളു’ ടെ അവതാരികയിൽ കേസരി എ ബാലകൃഷ്ണപിള്ളയും അതുപോലെയുള്ള അപൂർവം ചിലരും അല്ലാതെ മറ്റാരും തന്നെ സ്വവർഗ്ഗലൈംഗികതൽപരതയെ അനുഭാവപൂർവ്വം കഴിഞ്ഞ നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ സമീപിച്ചിട്ടില്ല. പടിഞ്ഞാറിന്റെ ചിന്തകളെ ആവാഹിച്ച ആ പണ്ഡിതന് അതിനുള്ള മനസ്സ് വന്നത് ആഴത്തിലുള്ള ലോക സാഹിത്യ വായനകൾ പരിചയപ്പെട്ട് തുറന്ന മനസ്സോടെയുള്ള ചിന്ത കൈവരിക്കാൻ കഴിഞ്ഞതു കൊണ്ടാണ്. അനുഭാവം എന്നതിന് വെറുപ്പ് കാണിക്കാതിരിക്കുക എന്നത് മാത്രമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ നിർവ്വചനം എന്ന് പറയേണ്ടിവരും. ഐക്യദാർഢ്യപരമായ യാതൊരു സ്വരവും സാഹിത്യത്തിൽ അത്തരം ലൈംഗികതയെക്കുറിച്ച് ഉണ്ടായിട്ടില്ല. ജ്ഞാനപീഠം ലഭിച്ച എസ് കെ പൊറ്റക്കാടിന്റെ ‘ ഒരു ദേശത്തിന്റെ കഥ ‘ യിൽ ശ്രീധരൻ എന്ന നായക കഥാപാത്രത്തിന്റെ ചിന്തകളിലൂടെ കടന്നു പോകുന്ന ഒരു അധ്യായത്തിലെ ഒരു വാചകം ഇങ്ങനെയാണ്:

“ആ മനുഷ്യനെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഒരറപ്പ് അരിച്ചു കയറുന്നു. കാരണം അയാളുടെ ലൈംഗിക വൈകൃതം തന്നെ. ഭാസ്കര മുതലാളി സ്വവർഗ്ഗസംഭോഗപ്രിയനാണ് – കണ്ടാൽ നല്ല ശൊങ്കുള്ള ആൺപിള്ളേരെ കൈവശം വച്ചുകൊണ്ടിരിക്കുന്ന അസത്ത്.” 1971 ൽ പുറത്തിറങ്ങിയ ഈ കൃതിയിലെ ഈ പരാമർശം ഇന്നും സമൂഹമനസ്സിന്റെ അടിത്തട്ടിൽ നിലനിൽക്കുന്ന സ്വാഭാവിക ചിന്തയാണ്. എന്തുകൊണ്ട് സമൂഹത്തിന്റെ അടിസ്ഥാന ചിന്ത തീർത്തും സ്വർഗ്ഗഭീതിപര(homophobic)മായി പോയത് എന്നതിന് സാംസ്കാരികചരിത്രത്തിലൂന്നിയ ഉത്തരങ്ങൾ തിരയേണ്ടതുണ്ട്.

സാധാരണമാക്കപ്പെട്ട സ്വവർഗ്ഗഭീതി.

മനുഷ്യസമുദായത്തിന്റെ സമൂഹമനസ്സിനെ ചരിത്രപരമായി രൂപപ്പെടുത്തിയ ഘടകങ്ങളിൽ പ്രധാനമാണ് ദ്വന്ദ്വാത്മകചിന്ത(binary thinking)യും പുരുഷാധിപത്യ(patriarchy)വും. ദ്വന്ദ്വങ്ങളിൽ അധിഷ്ഠിതമായി ചിന്തിക്കാൻ ശീലിക്കപ്പെട്ടതാണ് മനുഷ്യന്റെ മനസ്സ്. സാധാരണം-അസാധാരണം, സത്യം-അസത്യം, കറുപ്പ്-വെളുപ്പ്, ആൺ-പെൺ എന്നിങ്ങനെ വിവിധങ്ങളായ ദ്വന്ദ്വങ്ങളിലാണ് സമൂഹനിയമങ്ങൾ സാധാരണമായി പടുത്തുയർത്തിയിരിക്കുന്നത്. ദ്വന്ദ്വാത്മകയ്ക്ക് ചേരുന്ന കാര്യങ്ങൾ മാത്രം സാധാരണവും അതിനു പുറത്തുള്ളതെല്ലാം അസാധാരണം എന്നുമുള്ള ദ്വന്ദ്വമാണ് മനുഷ്യനെ ഭരിക്കുന്നത്. ഭൂരിപക്ഷതാല്പര്യം യാഥാർത്ഥ്യവും ന്യൂനപക്ഷതാല്പര്യം അയാഥാർത്ഥ്യമാകുന്ന മറ്റൊരു ദ്വന്ദ്വവും ഇതിന്റെ ഭാഗമായിട്ടുണ്ട്. ആൺ-പെൺ ദ്വന്ദ്വങ്ങളിൽ ആൺ സംരക്ഷകനും പെണ്ണ് സംരക്ഷിക്കപ്പെടേണ്ട വ്യക്തിയും ആണെന്ന ഒരു സമവാക്യം ഇതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു. ആണധികാരകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ, ആൺ എന്നതിന്റെ വാർപ്പുമാതൃക അങ്ങേയറ്റം വിഷലിപ്തമായ തോതിൽ രൂപീകരിക്കപ്പെട്ടു. ഈ വിഷലിപ്ത ആണത്തം (Toxic Musculinity) മാത്രം സാധാരണവും ബാക്കിയെല്ലാം തികച്ചും അസാധാരണവുമായി. ഇത്തരത്തിൽ പെണ്ണിനെ ഭോഗിച്ച് അടക്കി നിർത്തുന്ന ആണിനെ വീരപരിവേഷത്തിൽ സമൂഹമനസ്സ് സ്വാഭാവികതയോടെ പ്രതിഷ്ഠിച്ചു. പെണ്ണിനെ ഭോഗിക്കലാണ് ആണത്തം എന്നും അത് കരുത്തിന്റെ പര്യായം ആണെന്നും കരുത്തെന്നാൽ പേശീബലം ആണെന്നും സ്ഥിരീകരിക്കപ്പെട്ടു. സ്ത്രീയെ നിശബ്ദയാക്കി കീഴടക്കാനുള്ള പ്രധാന ഉപാധിയായി ബലാൽസംഗം മാറിയതും പെണ്ണിന് നേർക്കുള്ള സകലഭീഷണികളിലും സദാ ബലാത്സംഗം മുഴച്ചു നിൽക്കുകയും ചെയ്തു. ഇത്തരം ആൺമാതൃകകൾ മാത്രം സാധാരണമായ ഒരു ഭൂരിപക്ഷസമുദായത്തിൽ ഈ സമവാക്യത്തിന് പുറത്തുള്ളവരെല്ലാം പ്രകൃതിവിരുദ്ധമാണ് എന്ന ചിന്ത ഉടലെടുത്തു. ഇവിടെയാണ് ലൈംഗികപ്രക്രിയയിൽ ആണിനേക്കാൾ ആവേശം കാട്ടുന്ന പെണ്ണിനെ വേശ്യയും ആണിന് ആണിനോട് തന്നെ ലൈംഗികത തോന്നുന്നത് പ്രകൃതിവിരുദ്ധവും പെണ്ണ് പെണ്ണിനെ തന്നെ ലൈംഗികമായി ആഗ്രഹിക്കുന്നതാണ് ‘ആണിനെ ശരിക്ക് അറിയാഞ്ഞിട്ടാണ്’ എന്നും ഉദ്ധാരണശേഷി, പ്രത്യുൽപാദനശേഷി എന്നിവ കുറഞ്ഞ പുരുഷന്മാർ ആണത്തമില്ലാത്തവരാകുന്നതും പ്രസവിക്കാത്ത സ്ത്രീകൾ അപശകുനമാകുന്നതും വിവാഹിതരാകാത്ത സ്ത്രീകൾ ലൈംഗിക അസഹിഷ്ണുത (Sexual Frustruation) ഉള്ളവരുമാണ് എന്നൊക്കെയുള്ള നിഗമനം അതിസാധാരണമായി തീരുന്നത്. ഭൂരിഭാഗം വരുന്ന ഹെട്രോസെക്ഷ്വൽ പുരുഷന്മാരാണ് സമൂഹം മത-സമുദായ നിയമങ്ങൾ തീർക്കുന്നത് എന്നതു കൊണ്ടുതന്നെ പുരുഷകേന്ദ്രീകൃതവും സ്ത്രീവിരുദ്ധവും ഹെറ്ററോനോർമേറ്റീവും സ്വവർഗ്ഗഭീതിപരവുമായി അത്തരം നിയമങ്ങൾ മാറുന്നു.

എന്താണ് ക്വിയർ സ്വത്വം ?

പ്രിവിലേജുള്ള ഒരു ഭൂരിപക്ഷത്തിന്റെ താൽപര്യപ്രകാരമുള്ള സമൂഹ നിർമിതിയിൽ പുറത്താക്കപ്പെടുന്ന അനേകം മനുഷ്യരുണ്ട്. ലിംഗനീതി ന്യൂനപക്ഷം എന്ന് പൊതുവിൽ വിളിക്കപ്പെടുകയും LGBTIQA + എന്ന് അടയാളപ്പെടുത്തുകയും ചെയ്ത പുറത്താക്കപ്പെട്ട ആ മനുഷ്യരെ SOGI (Sexual Orientaion Gender Identity) വെറൈറ്റി എന്നും അഭിസംബോധന ചെയ്യുന്നുണ്ട്. Ciz gender ദ്വന്ദ്വത്തിന് പുറത്തുള്ള ലിംഗത്വമുള്ളവരും ഹെറ്ററോനോർമൽ ലൈംഗികതയ്ക്കപ്പുറം ലൈംഗികചായ്വുള്ളവരുമടങ്ങുന്ന ഒരു വലിയ വിഭാഗം ജനതയെ വിളിക്കുന്ന ഒരു സമൂഹനാമമാണ് ക്വിയർ എന്നത് . ഹോമോസെക്ഷ്വൽ, ബൈസെക്ഷ്വൽ, പോളിസെക്‌ഷൽ, അസെക്ഷ്വൽ എന്നീ ലൈംഗികചായ്വുകളും ട്രാൻസ്*ജെൻഡർ, ഇൻറർസെക്സ്, ജൻഡർ ഫ്ളൂയിഡ്, ആൻഡ്രോഗൈനസ്, അജൻഡർ അടക്കമുള്ള വ്യത്യസ്തതരം നോൺ ബൈനറി ജൻഡറുകളും ക്വിയർ സ്വത്വത്തിന്റെ പരിധിയിൽ വരുന്നു. സിസ് ജൻഡർ സ്വത്വത്തിന് പുറത്തുള്ള എല്ലാത്തരം നോൺ ബൈനറി ജെൻഡറിനെയും Gender Queer എന്ന് പൊതുവിൽ അടയാളപ്പെടുത്തുന്നുണ്ട്. [Ciz Gender എന്നാൽ ജനിക്കുന്ന സമയത്ത് കാണുന്ന അവയവത്താൽ നിർണയിക്കുന്ന ലിംഗാവസ്ഥയും വളരുമ്പോൾ ആ വ്യക്തി തിരിച്ചറിയുന്ന സ്വന്തം ലിംഗത്വവും ഒരുപോലെ ആയവരാണ്.]

‘നിങ്ങൾക്ക് ഒരു ശരീരമുണ്ട്; നിങ്ങൾക്കൊരു ലിംഗത്വം ഉണ്ടാകാം; നിങ്ങൾ ആരോടെങ്കിലും ലൈംഗികമായി ആകർഷിക്കപ്പെട്ടേക്കാം’ (You have a body; You may perform a gender; You may attracted to some one) എന്നാണ് ക്വിയർ ചിന്താഗതിയിൽ അടിസ്ഥാനപരമായി ലിംഗലൈംഗികസ്വത്വത്തെ അടയാളപ്പെടുത്തുന്നത്. അത് സ്വാഭാവികം – അസ്വാഭാവികമെന്ന വേർതിരിവ് തന്നെ നിരാകരിച്ചിരിക്കുന്നു.

ക്വിയർ രാഷ്ട്രീയമെന്ന ഇൻക്ലൂസീവ് പൊളിറ്റിക്സ്

സാധാരണം (normal) എന്ന സങ്കൽപ്പത്തെ ആണ് ക്വിയർ സിദ്ധാന്തങ്ങൾ പ്രശ്നവൽക്കരിക്കുന്നത്. ക്വിയർ രാഷ്ട്രീയമെന്നത് അരികുവൽക്കരിക്കപ്പെട്ട എല്ലാതരം സ്വത്വത്തെയും ചേർത്തുനിർത്തുന്ന വിശാലമായ രാഷ്ട്രീയചിന്തയായി പരിണമിച്ചിരിക്കുന്നു. അത് പുരുഷാധിപത്യ ബോധത്തിൽ സ്ത്രീക്കൊപ്പം നിൽക്കലാണ്. അത് സവർണമേൽക്കോയ്മ ശീലങ്ങളിൽ ദളിതനൊപ്പം നിൽക്കലാണ്. ഭൂരിപക്ഷ ഭീകരതയിൽ ന്യൂനപക്ഷത്തിന് ഒപ്പം നിൽക്കലാണ്. ക്വിയർഫോബിക് സമൂഹത്തിൽ ക്വിയർ മനുഷ്യർക്കൊപ്പം നിൽക്കലാണ്.

ആക്ടിവിസ്റ്റ് തലം, സൈദ്ധാന്തികമായ അക്കാദമിക് തലം എന്നിങ്ങനെ രണ്ട് പ്രധാന മേഖലയിലൂടെയാണ് ക്വിയർ രാഷ്ട്രീയം പ്രവർത്തിക്കുന്നത്. ബൃഹദാഖ്യാനങ്ങൾ (Grand Narratives) സകല മനുഷ്യരെയും ഒരേ നിയമം കൊണ്ട് അളക്കുമ്പോൾ റദ്ദായിപ്പോകുന്ന ജീവിതങ്ങളെയും ആഖ്യാനത്തിൽ കൊണ്ടുവരണമെന്ന ചിന്തയാൽ ബൃഹദാഖ്യാനങ്ങളെ നിരാകരിച്ച ഉത്തരാധുനിക (Post Modern) ചിന്താ പദ്ധതിയുടെ ഭാഗമായാണ് ക്വിയർ ചിന്തകൾ സൈദ്ധാന്തികമായി ഉയർന്നത്. പ്രക്ഷോഭങ്ങൾ, സമരങ്ങൾ, കലാപങ്ങൾ എന്നിവയുടെ ആക്ടിവിസ്റ്റ് തലങ്ങൾ വർഷങ്ങളായി നിലവിലുണ്ട്. ഇവയുടെ ഒത്തുചേരലാണ് ഇന്നത്തെ ക്വിയർ പ്രത്യയശാസ്ത്രം .

ഒരു നിലപാട് എന്ന നിലയിൽ ക്വിയറിന്റെ പ്രസക്തി

ഒരു ഭൂരിപക്ഷം കൈക്കരുത്തോടെ ഒരു വിഭാഗം ജനതയുടെ ചരിത്രത്തെയും ജീവിതാനുഭവങ്ങളെയും നിരാകരിക്കാൻ ശ്രമിക്കുമ്പോൾ ക്വിയർ സ്വത്വം വിളിച്ചുപറയലും ക്വിയർസ്വത്വങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലും വിപ്ലവ പ്രവർത്തനമാണ്. ഒരു സ്വവർഗ്ഗാനുരാഗിക്ക് പ്രണയിക്കാനും ഒരു അസെക്ഷ്വൽ- അറൊമാൻറിക് വ്യക്തിക്ക് പ്രണയിക്കാതിരിക്കാനും ലൈംഗികതയിൽ ഏർപ്പെടാതിരിക്കാനുമുള്ള അവകാശത്തിനായി ക്വിയർ സമൂഹം ഒരേപോലെ വാദിക്കുന്നു. വ്യക്തിപരതയുടെ രാഷ്ട്രീയമാനങ്ങളിലൂന്നി എല്ലാവരെയും ഉൾപ്പെടുത്താൻ വലുപ്പമില്ലാത്ത നിലനിൽക്കുന്ന സാമൂഹ്യഘടനയുടെ അടിവേരിളക്കാൻ ആണ് ക്വിയർ രാഷ്ട്രീയം ശ്രമിക്കുന്നത്. രാഷ്ട്രീയ ശരികൾക്ക് ക്വിയർ ചിന്താഗതി ഉണ്ടാകണമെന്നും ദ്വന്ദ്വാത്മകചിന്തകൾ അട്ടിമറിക്കപ്പെടണമെന്നും ഇത് വിഭാവനം ചെയ്യുന്നു.

ഏതു പ്രത്യയശാസ്ത്രവും ആരെയെങ്കിലുമൊക്കെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി നിർത്തുന്നുണ്ട് എന്ന വസ്തുതയാണ് ക്വിയർ ചിന്തയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. അവിടെ മനുഷ്യൻ മനുഷ്യനായി തന്നെ ഒരുമിച്ച് കൂട്ടപ്പെടുന്നു. അതിനാൽ ക്വിയർ രാഷ്ട്രീയം ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ. പ്രത്യയശാസ്ത്രമാണ്.

സഹായകഗ്രന്ഥങ്ങൾ

1) Barker, M. John & Scheele, Julia (2016) – Queer A Graphic History – UK, Icon Books Ltd.

2)Jagose, A. (1997) – Queer Theory: An Introduction – Newyork, Newyork University Press.

3) ബഷീർ, വൈക്കം മുഹമ്മദ് (2015) – ശബ്ദങ്ങൾ – കോട്ടയം, ഡി സി ബുക്ക്സ്

4) പൊറ്റെക്കാട്ട്, എസ്. കെ. (2019) – ഒരു ദേശത്തിന്റെ കഥ – കോട്ടയം, ഡി സി ബുക്ക്സ്.

5) ശ്രീധരമേനോൻ, വൈലോപ്പിള്ളി (2010) – വൈലോപ്പിള്ളി കൃതികൾ സമ്പൂർണം: വാല്യം ഒന്ന് – തൃശൂർ, കറന്റ് ബുക്സ്

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner