Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

കാടിനെ ചെന്നു തൊട്ടൊരാൾ! – എൻ.എ. നസീറിന്റെ ‘കാടേത് കടുവയേത് ഞാനേത്’ എന്ന പുസ്തകം വായിക്കുന്നു.

‘ഒരു ജീവനില്ലാത്ത പക്ഷിയെ കയ്യിലെടുത്തു നിരീക്ഷിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ജീവനോടെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ നിരീക്ഷിക്കുവാനാണ്’

എൻ.എ. നസീർ എന്ന വ്യക്തി കാടിനെ ഒരപരലോകമായല്ല കണ്ടിരുന്നത്. കാട് നസീറിനുള്ളിലും നസീർ കാടിനുള്ളിലും ആണ് വസിക്കുന്നത്. കാടിനു പുറത്ത് നഗരവീഥികളിലൂടെ സഞ്ചരിക്കുമ്പോഴും കാടിന്റെ സൂക്ഷ്മ ജീവിതങ്ങളും അവിടുത്തെ വൈവിധ്യങ്ങളും നസീറിന്റെ ഉള്ളിൽ അലയടിക്കുന്നു എന്ന വസ്തുത ‘കാടേത് കടുവയേത് ഞാനേത്’ എന്ന കൃതിയിലൂടെ നമുക്ക് വായിച്ചെടുക്കുവാൻ സാധിക്കും. കാടിന്റെ അനന്തരഭേദങ്ങളെ ഹൃദയാനുഭൂതികളായി ഏറ്റുവാങ്ങിക്കൊണ്ടാണ് അദ്ദേഹം കാടിനെ വാക്കിലേക്കും ചിത്രങ്ങളിലേക്കും പരിഭാഷപ്പെടുത്തുന്നത്. തന്റെ കാഴ്ചയുടെ സൂക്ഷ്മലോകത്തെ ചിത്രങ്ങളിൽ പകർത്തുകയും അതിനെ അതിന്റേതായ അനുഭൂതി തലത്തിലൂടെ രേഖപ്പെടുത്താനുമുള്ള നസീറിന്റെ പാടവവും ശ്രദ്ധേയം തന്നെയാണ്. ‘മഴയിലൂടെ ഭൂമിയെ തൊടുന്ന ആകാശം’ മുതൽ ‘ഒരു പുഴയും അതിനു ജന്മം നൽകിയ കാടും’ വരെയുള്ള അനുഭൂതിയുടെ ലേഖനങ്ങൾ വായനക്കാരിൽ കാഴ്ചയുടെ വസന്തം തന്നെയാണ് സൃഷ്ടിക്കുന്നത്. കാടിന്റെ സ്വാഭാവിക പ്രകൃതിയ്ക്ക് തെല്ലിട അനക്കം സംഭവിക്കാതെ കാടിന്റെ, കാട്ടുജീവികളുടെ ഭാഗമായി മാറാനും അവയെ അറിയുവാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.

എൻ.എ. നസീർ

കാട് ഒരു അനുഭവമാണ്. നാം ഉപദ്രവിക്കാത്ത ഒന്നും തന്നെ നമ്മെ ഉപദ്രവിക്കാറില്ല. അത്തരത്തിൽ ഈ അത്ഭുതത്തെ ആഴത്തിൽ സ്പർശിച്ചാൽ വ്യത്യസ്തമായ നിരവധി അനുഭവങ്ങൾ കാട് നമുക്ക് നൽകും. എൻ.എ. നസീർ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഈ അനുഭവത്തെ ആഴത്തിലറിഞ്ഞതിന്റെ ലിഖിത രൂപം തന്നെയാണ് ‘കാടേത് കടുവയേത് ഞാനേത്’ എന്ന പുസ്തകം.

മേഘങ്ങളുടെ കുഴമറിച്ചിലിൽ നിന്നും മഴമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിലൂടെ നസീർ തന്റെ കാഴ്ചാനുഭവത്തിന്റെ ഒരു പുത്തൻ ലോകം വായനക്കാർക്ക് മുന്നിൽ തുറന്നിടുകയാണ് ചെയ്യുന്നത്. സംവേദനം ചെയ്യുന്നവന്റെ ഭാഷയുടെ ശൈലി ഏറെ പ്രാധാന്യo അർഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ അസാധാരണമായ ബിംബങ്ങളും രൂപകങ്ങളും കല്പനകളും വന ദൃശ്യങ്ങൾക്കൊപ്പം പീലിവിടർത്തുന്ന വാക്കിന്റെ വിസ്മയങ്ങളിലേക്കാണ് നസീർ വായനക്കാരെ ക്ഷണിക്കുന്നത്. ആ വിസ്മയം യഥാർഥ അനുഭൂതിയുടെ സ്വാദുo
നൽകുന്നു.

ഇലച്ചാർത്തുകൾ തുള്ളിക്കളിക്കുന്ന മഴക്കാടുകളിൽ വെളിച്ചത്തിന്റെ കിരണങ്ങൾ കടന്നു ചെല്ലാത്ത ഇടങ്ങളിൽ നസീറിന്റെ ക്യാമറക്കണ്ണുകൾ സ്വഭാവികതയെ നശിപ്പിക്കാതെ കടന്നുകൂടി രഹസ്യങ്ങളുടെ കലവറകളെ ചൂഴ്ന്നെടുത്തു വരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ കുറിപ്പുകളിൽ അനുഭവങ്ങൾക്ക് അപ്പുറത്തേക്ക് ശക്തമായ ആശങ്കയും നിരാശയും കാണാം. കാടിന്റെ മേൽ നടക്കുന്ന കടന്നുകയറ്റങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇരുട്ടിന്റെ മറവിൽ നടക്കുന്ന കാഴ്ചകളെ പകർത്തുവാൻ പ്രത്യക്ഷപ്പെടുന്ന ക്യാമറക്കണ്ണുകൾ പാവം ജീവികളോട് ചെയ്യുന്ന ക്രൂരതകൾ അസഹനീയം തന്നെയാണ്. പുല്ലു തിന്നുന്നവർ പുല്ലു ഭക്ഷിക്കും പോലാണ് ജീവികളെ ഇരപിടിച്ചു തിന്നുന്നതും. അവരവർക്ക് വേണ്ടത് അവർ കണ്ടെത്തുന്നു. അതിനു വേണ്ടി രാത്രിയുടെ ഇരുട്ടിൽ അലയുകയും ഇരയെ തേടി പോകുകയും ചെയ്യുന്നവർ ഇരയുടെ പക്കൽ എത്തുമ്പോഴായിരിക്കും ഇരുട്ടിൽ തെളിയുന്ന മിഴികൾ അവയെ പകർത്തുവാൻ തുനിയുന്നത്. തന്നിൽ ഇരന്നുകയറുന്ന ദേഷ്യം അവ ആ ക്യാമറക്കണ്ണുകളോട് ചേർക്കുന്നതിന്റെ വിഭിന്നങ്ങളായ അനുഭവങ്ങൾ നസീർ രേഖപ്പെടുത്തുന്നത് വായിക്കുമ്പോൾ വായനക്കാരന്റെ ഉള്ളിലും അറിയാതൊരമർഷം ജ്വലിക്കും. മഴക്കാടുകൾക്കിടയിൽ തന്റെ ഇരയെ തേടി പോകുന്ന കടുവയ്ക്ക് മുന്നിലേക്ക് തെളിഞ്ഞു നിൽക്കുന്ന വെളിച്ചം അവരിൽ ഉളവാകുന്ന സംഘർഷങ്ങൾ ആ ക്യാമറകളിലെ പാടുകളിൽ കാണുവാൻ സാധിക്കുന്നത് തന്നെ.

കാടിന്റെ സ്വഭാവികതയെ നഷ്ടമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചകൾ ഇന്ന് സുപരിചിതങ്ങൾ ആണ്. കാടിന്റെ സൗന്ദര്യം ആകർഷിക്കുവാൻ ഇരച്ചു കയറുന്ന കാഴ്ചക്കാർ അവരുടെ സൗകര്യത്തിന് വേണ്ടി കാടിനെ നശിപ്പിക്കുകയും കാട്ടുജീവികളെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സന്ദർഭങ്ങൾ തന്നെയാണ്. ഇത്തരത്തിൽ തന്റെ കണ്മുന്നിൽ വന്നു പെട്ട കാഴ്ചകളെ വളരെ വേദനയോടെ തന്നെ എഴുതുവാൻ നസീർ ശ്രമിക്കുന്നുണ്ട്.

തീറ്റയെന്നു കരുതി ചൂയിങ്കം കടിച്ചു പറന്നുപോയ തള്ളക്കിളിക്ക് വെള്ളവും ഭക്ഷണവും കഴിക്കാനാവാതെ ജീവനൊടുക്കിയതിന്റെ ദൃശ്യം വിശദീകരിക്കുമ്പോൾ മനമുരുകുന്ന നസീറിനെ വാക്കുകളിലൂടെ കണ്ടെത്തുവാൻ സാധിക്കുന്നുണ്ട്.

തീർച്ചയായും നസീർ എന്ന ഫോട്ടോഗ്രാഫർ കാടിന്റെ ഉള്ള് തൊടുന്നു!

ഉപഭോഗ സംസ്കാരത്തിന്റെ കാലത്ത് നസീർ ഒരു ഒറ്റത്തുരുത്താണ്. തന്റെ ശ്വസനം പോലും ജീവജാലങ്ങളുടെ സ്വഭാവികതയെ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്ന നസീർ ഒരിക്കൽ കടുവയുടെ ചിത്രം എടുക്കാൻ അതിന്റെ ഉറക്കം തീരുവോളം കാത്തിരുന്നതിന്റെ നേരനുഭവ വിവരണവും വാലിന്റെ ഉയർച്ച തനിക്കുള്ള സൂചനയാണ് എന്ന തിരിച്ചറിവിന്റെ രേഖപ്പെടുത്തലും പ്രകൃതിയുടെ ഓരോ ലഘുചലനവും ഹൃദിസ്ഥമാക്കിയ വലിയ പണ്ഡിതന്റെ സാമീപ്യം ഈ കൃതിയുടെ അടിയൊഴുക്കാക്കുന്നു. പുഴുവിനെ മുതൽ ആനയെ വരെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിലനിർത്തിക്കൊണ്ട് കാഴ്ചയുടെ വിസ്മയം തീർക്കുന്ന ഈ പുസ്തകം യഥാർത്ഥത്തിൽ അനുഭവങ്ങളുടെയും അറിവുകളുടെയും കാടാണ്. നമുക്കറിയാം ഓരോ വൃക്ഷങ്ങളും കൂടിച്ചേർന്ന് അവിടെ ഒരു വൃക്ഷസമൂഹം ഉണ്ടാകുന്നു. അവിടെ കുറെ ജീവനുകൾ ചേക്കേറുന്നു. പിന്നീട് അവ അവയുടെ ആവാസവ്യവസ്ഥ തുടങ്ങുന്നു. അപ്പോൾ അവിടെ ഒരു മഹനീയ വിസ്മയം തുടക്കം കുറിക്കുന്നു. നമ്മുടെ കാഴ്ചകൾക്ക് അപ്പുറമുള്ള കാഴ്ചകളെ കാണുകയും പകർത്തുകയും ചെയ്ത ശേഷം ഇനിയും അനവധി കാഴ്ചകളെ കാണുവാൻ ഉണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ ഇനിയും എന്ത് എന്ന ചോദ്യം നമ്മിലുയരും. എന്നാലും കാടിന്റെ സൂക്ഷ്മാംശങ്ങൾ ഇനിയും കണ്ടത്തേണ്ടതുണ്ട് എന്ന നസീറിന്റെ അഭിപ്രായം നമ്മെ ആകാംക്ഷയുടെ നടുവിലേക്ക് ചെന്നെത്തിക്കുകയാണ്.

എൻ.എ. നസീർ മുന്നോട്ട് വയ്ക്കുന്ന കാഴ്ചകൾ നാം തികഞ്ഞ ആത്മാർത്ഥയോടെ മനസ്സിലാക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. കാട് തുറന്നിടുന്ന സഹവർത്തിത്വത്തിന്റെ സ്നേഹപാഠങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ വരിയുടെയും അടിപ്പടവിലെ മുത്തുകൾ.
അപരത്വമെന്നൊന്ന് നസീർ എന്ന മനുഷ്യജീവിയുടെ പാതകളിൽ ഇല്ല. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന കാട്ടിടവഴികളിലൂടെ നമുക്കും നടന്നു ശീലിക്കാം.

1 thought on “കാടിനെ ചെന്നു തൊട്ടൊരാൾ! – എൻ.എ. നസീറിന്റെ ‘കാടേത് കടുവയേത് ഞാനേത്’ എന്ന പുസ്തകം വായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner