Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

നക്ഷത്ര ജീവിതത്തിന്റെ രാസനിർമ്മിതി

കാഴ്ചയ്ക്ക് വേഗമേറുന്ന കാലത്ത് കണ്ണിനുമുന്നിൽ തങ്ങി നിൽക്കുന്ന ഏതൊരു വാക്കിനും മനുഷ്യഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ശക്തമായ പ്രാണസഞ്ചാരം നടത്തേണ്ടതുണ്ട്. ഒരുവന് ആവശ്യമുള്ളത് മാത്രം കാണാനും വായിക്കാനും അറിയാനും സമകാലമനുഷ്യൻ പഠിച്ചുകഴിഞ്ഞു. ആഴങ്ങളിൽനിന്നും പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിച്ച പരപ്പിന്റെ ലോകത്തിരുന്ന് ചരിത്രത്തിന്റെ ധൂർത്ത സത്യങ്ങളെയും അപനിർമ്മിതികളെയും കണ്ടെത്തുക പ്രയാസമാണ്. കേട്ട് പഴകിച്ച കണ്ണുകെട്ടിക്കളിയുടെ ജീർണ്ണ പ്രത്യയശാസ്ത്രമാണ് സാംസ്കാരികരാഷ്ട്രീയത്തിന്റെ അടിത്തറ.
വാട്ട്സ്ആപ്പ് സ്റ്റാറ്റസ്സുകളുടെ ഉപരിപ്ലവപ്രതികരണപ്രവർത്തനങ്ങളിൽനിന്നും ഉറച്ച ആശയങ്ങളും ബോധ്യങ്ങളും വേർതിരിച്ചെടുക്കുക പ്രയാസമാണ്. ഇന്നേയ്ക്ക് മാത്രമായി ഒരു ജീവിതം മനുഷ്യനോ മൃഗജാലങ്ങൾക്കോ സാധ്യമല്ല. അനുനിമിഷം മറഞ്ഞ ഭൂതകാലത്തിന്റെ സങ്കീർണ്ണതകളും സംഘർഷങ്ങളും നന്മകളും തിന്മകളും യുദ്ധസമാധാനങ്ങളും വിജയപരാജയങ്ങളും മൂല്യങ്ങളും ചേർത്ത് നിർത്തിയാൽ മാത്രമേ വർത്തമാനകാലം സാധ്യമാകുകയുള്ളൂ. ഇതേ വർത്തമാനകാലം അടുത്തനിമിഷം ഭൂതകാലത്തേയ്ക്ക് പരിണമിക്കുന്ന പ്രക്രിയയുടെ മാറ്റപ്പെട്ട ഊർജ്ജമാണ് ഭാവിയെ നിർണ്ണയിക്കുന്നത്. ലോകജീവിതവ്യവഹാരത്തിൽ അത്ഭുതാവഹമെന്നവണ്ണം നോക്കിനിൽക്കുവാൻ സാധിക്കുന്ന മനോഹാരിതയാണത്. പ്രപഞ്ചസത്യത്തിന്റെ ഈ നിഗൂഢഭൂപടനിർമ്മിതിയാണ് സാഹിത്യം. അത് കാഴചകളിൽനിന്നും കാഴ്ചപ്പാടുകളെ വേർതിരിക്കുന്നു. കണ്ടതിനപ്പുറമുള്ള അദൃശ്യ ഫോസ്സിലുകളെ കണ്ടെത്തി സത്യത്തിന്റെ ഖരാവസ്ഥയെ കാലപ്പെടുത്തുന്നു. തിരകൾക്കുള്ളിൽനിന്നും ജലത്തിന്റെ ആദിമസഞ്ചാരത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഭ്രാന്തൻ ഉദ്യമം. സുന്ദരമായ മുഖങ്ങളിൽനിന്നും വികൃതമായ ചിന്തകളുടെ സമയക്രമീകരണങ്ങളെ അന്വേഷിക്കുന്ന അപസർപ്പകമാതൃകകളായി ലോകസാഹിത്യത്തെ വായിച്ചെടുക്കാം.


നകുലിന്റെ സെൽഫിഫിഷ്‌ പൊതുവഴികൾക്കുള്ളിൽ മറഞ്ഞുനിൽക്കുന്ന ഇരുട്ടിടവഴികളെ രേഖപ്പെടുത്തുവാനുള്ള ശ്രമമാണ്. ജീവിതം എഴുത്തുകാരനെ പുറന്തള്ളുമ്പോൾ അയാൾ തന്റെ ലിഖിത സാമ്രാജ്യത്തിൽനിന്നുകൊണ്ട് ജീവിതത്തിന് പുതിയ പരീക്ഷണതലങ്ങൾ ഏർപ്പെടുത്തും. പൊതുസമൂഹത്തിന് ബാലിശമെന്നു തോന്നാവുന്ന പരീക്ഷണമാതൃകകൾ കഥാകൃത്തിന് തന്നെത്തന്നെ നിലകൊള്ളിക്കുവാനുള്ള രക്ഷാമാർഗ്ഗങ്ങളാണ്. ഒരു ബദൽ ജീവിതത്തിന്റെ ക്രമം തെറ്റിയ സ്വപ്നവ്യാഖ്യാനങ്ങളായി അവ മാറുന്നു. പ്രണയത്തിൽനിന്ന്, മരണത്തിൽനിന്ന്, കൂട്ടായ്മയിൽനിന്ന്, ലൈംഗികതയിൽനിന്ന്, സ്വയംഭോഗത്തിൽനിന്ന്, അപ്രകാശിതമായ ഒരു ആൻറി ഡി. എൻ. എ. സമകാല കഥാകൃത്തുക്കൾ കണ്ടെടുക്കുന്നു.
നകുലിന്റെ ‘ജലവനം’ എന്ന കഥ വെള്ളംകൊണ്ട് മനുഷ്യജീവിതത്തിന്റെ ഗാഢതയെ അളന്നെടുക്കലാണ്. പത്രോസ് മുതലാളിയുടെ വീട്ടിൽ പണിക്ക് നിൽക്കുന്ന തമിഴത്തിപ്പെണ്ണിന്റെ നിറം കറുത്തതാണെങ്കിലും നല്ല ചന്തമുള്ളവളാണെന്ന് കഥയിൽ സൂചിപ്പിക്കുന്നുണ്ട്. സമ്പന്നതയ്ക്ക് ഭോഗിക്കാൻ നിറം പ്രശ്നമല്ല. അവിടെ ശരീരത്തിന്റെ ആളകമ്പടി സാധ്യമായ മാംസത്തിന്റെ ധാരാളിത്തം മാത്രം മതി. കുറേക്കാലം ശാരീരികമായി ഉപയോഗിച്ച് ഗർഭിണിയാക്കിയശേഷം പത്രോസ് മുതലാളി ആ പെൺശരീരത്തെ കൊലയ്ക്ക് വിധേയമാക്കി മരണത്തിന്റെ സർവ്വസാധാരണതയിലേയ്ക്ക് അടക്കം ചെയ്യുന്നു. ജാതിയും മതവും നിറവും സാമൂഹികഘടനയും സാമ്പത്തികസ്ഥിതിയും സാമാന്യമനുഷ്യന് ലൈംഗികതയിൽ ഏർപ്പെടുമ്പോഴോ അതിനെ ആസ്വദിക്കുമ്പോഴോ ഒരു മാനദണ്ഡമേ ആകുന്നില്ലയെന്ന ചരിത്രമാതൃകയെയാണ് നകുൽ തെളിഞ്ഞഭാഷയിൽ പറഞ്ഞുവെയ്ക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശവശരീരം മറവ് ചെയ്യാനെത്തുന്ന പത്മനാഭനും വർഗീസും സമൂഹത്തിന്റെ സ്ഥിരം നിരത്തുകാഴ്ചകളാണ്. ഇരുപതിനായിരം രൂപയ്ക്ക് കൊലപാതകകർമ്മം കല്ലിൽകെട്ടി ജലത്തിലൊളിപ്പിക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്. എന്നാൽ അത് വിജയത്തിലെത്തിക്കാനുള്ള നിപുണത പത്മനാഭനും വർഗീസിനും ഇല്ലാതെപോയി. ഒരു സ്ത്രീയുടെ കൊലപാതകത്തിനും ശവശരീരത്തിനും അതിന്റെ മറയ്ക്കപ്പെടലിനും ലഭ്യമായ ഇരുപതിനായിരംരൂപ മനുഷ്യത്വമില്ലായ്മയുടെ ജീവിതരക്ഷാമാർഗ്ഗമല്ല. കഥയിൽ പത്മനാഭനും വർഗീസും നമ്മൾ സ്ഥിരം കാണുന്ന വഴിക്കാഴ്ച്ചകളിലെ സാധാരണ മുഖങ്ങളാണ്. അൻപത് ലക്ഷത്തിന്റെ കാരുണ്യാലോട്ടറി ആഴ്ചയിൽ ആയിരംരൂപയ്ക്ക് കെട്ടുകളായെടുത്ത് നൂറുരൂപയുടെ പ്രോത്സാഹന സമ്മാനംപോലും ലഭിക്കാത്ത, പതിനായിരങ്ങളുടെ ചുരുങ്ങിയ കണക്കിൽ കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനും മറക്കാനും വിധിക്കപ്പെട്ടവർ. സവർണ്ണമുതലാളിത്തത്തിന്റെ കറുത്തകറയെ മുധ്യവർഗ്ഗ ആൺജീവിതങ്ങളുടെ നിസ്സഹായതയിൽ കഴുകിയെടുക്കാൻ തങ്ങൾപ്പോലും അറിയാതെ പ്രാപ്തരായവർ. ജലത്തിന്റെ അടിത്തട്ടിൽ കെട്ടിയുറപ്പിക്കാൻ ശ്രമിച്ച പെൺകുട്ടി കരയിലെ മൺനനവിൽ നിദ്രപൂകുന്നു. പുഴയെ കീറി അക്കരെയെത്താനുള്ള ഇരുവരുടെയും രക്ഷാശ്രമം പരാജയപ്പെടുന്നു. ക്ഷീണത്തെ മുറിച്ച് എഴുന്നുവന്ന യാഥാർത്ഥ്യത്തിൽനിന്നും എന്ത് ചെയ്യുമെന്ന പത്മനാഭന്റെ ചോദ്യത്തെ വർഗ്ഗീസ് നേരിടുന്നത് ‘നീന്താം’ എന്ന വാക്യത്തിലൂടെയാണ്. ജലം കഥയിൽ ഉൾക്കാടായി പരാവർത്തനം ചെയ്യുന്നു. തിമിർത്തമഴയിൽ കുതിർന്ന് നിൽക്കുന്ന പച്ചപ്പിന്റെ ഇരുണ്ട ഭൂപടം തെളിയുന്നു. വഴി ഉൾപ്പിരിവുകൾ തീർത്ത്‌ മനുഷ്യഭയത്തിന്റെ അദൃശ്യ സാന്നിധ്യങ്ങളിലേയ്ക്ക് കവർന്നെടുക്കുകയാണ്. ‘ജലവനം’ എന്ന കഥ വെള്ളത്തിന്റെ കനത്തെ കാടിന്റെ കാഠിന്യത്തിലേയ്ക്ക് പരിവർത്തനപ്പെടുത്തുകയാണ് ചെയ്യുന്നത്.
‘ജലവന’ത്തിന്റെ തുടർച്ചയായി കാണാവുന്ന കഥയാണ്‌ ‘വീണ്ടും ചില യക്ഷികൾ’. നമ്മുടെ കാഴ്ചയിൽ തെളിയാത്തവ എങ്ങനെ ഇല്ലാതാവുന്നു എന്ന ചോദ്യത്തെ വളരെ ലളിതമായി കഥാകൃത്ത് അവതരിപ്പിക്കുന്നു. ‘ഇന്നലെ രാത്രി ഞാനൊരു യക്ഷിയെ കണ്ടു’ എന്ന് യാതൊരു കൂസലുമില്ലാതെ കഥാകൃത്ത് പറഞ്ഞ് തുടങ്ങുന്നു. കണ്ടവരെ സംബന്ധിച്ചിടത്തോളം അത് യാഥാർത്ഥ്യമാണ്. കേട്ടവർക്ക് അത് മിത്തും. മിത്തിനെ ഉണ്ടായിരിക്കുമെന്നോ ഉണ്ടായിക്കൂടെന്നോ ഓരോ വ്യക്തിസവിശേഷതയ്ക്കനുസരിച്ച് തരംതിരിക്കുവാൻ സാധിക്കും. മലയാളസാഹിത്യത്തിൽ ജി. ആർ. ഇന്ദുഗോപൻ ഇത്തരം പരീക്ഷണം ധാരാളം നടത്തിയിട്ടുണ്ട്. ‘രാത്രി ഓട്ടോയിൽ ഒരു മനുഷ്യൻ’, ‘ഭൂതിമ’ തുടങ്ങിയ കഥകൾ ഈ ഗണത്തിൽ വായിക്കാം. സാധാരണമനുഷ്യരുടെ സർവ്വസാധാരണമായ ചിന്തകളുടെയും കാഴ്ചകളുടെയും തെളിമയുള്ള ആന്തരിക ശില്പനിർമ്മിതികളാണ് നകുലിന്റെ ഇത്തരം കഥകൾ. യക്ഷിയെ കാണുന്നവരും കേൾക്കുന്നവരും അതിന്റെ പലതരം അവസ്ഥകളെ സവിശേഷമായി അടയാളപ്പെടുത്തുന്നു കഥയിൽ. കഥ വായിച്ചുതീർത്ത്‌ പുറത്തിറങ്ങുമ്പോൾ അടുത്തുള്ളവന് കാണാൻ സാധിക്കാത്ത ഒരു രൂപം നമുക്കിടയിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടായിരുന്നവർ പ്രേതങ്ങളും പ്രതികരണശേഷിയില്ലാതെ ജീവിച്ചിരിക്കെ മരിച്ചവർ മനുഷ്യരുമായി മാറുന്ന നിത്യസത്യത്തെയാണ് നകുൽ അനാവരണം ചെയ്യുന്നത്.
‘ചട്ടമ്പി’ എന്ന കഥ ഒരു നാടിന്റെ ഭയത്തിന്റെയും വ്യക്തിവൈരാഗ്യത്തിന്റെയും വരച്ചുചേർക്കലാണ്. നേരത്തെ പറഞ്ഞതുപോലെ കൂസലില്ലാതെ കഥ പറയുന്ന തരക്കാരനാണ് നകുൽ. അയാൾ ആകുലതകളോ സംഭ്രമങ്ങളോ ഇല്ലാതെ കാര്യം പറഞ്ഞുപോകുന്നു. ഉത്തരാധുനികകാവ്യജീവിതത്തിന്റെ ഒരു ബൊഹീമിയൻ മുഖമാണത്. ‘എന്റെ നാട്ടിൽ ഒരു ചട്ടമ്പിയുണ്ടായിരുന്നു’ എന്ന് തുടങ്ങുന്ന കഥ പൊക്കമോ വണ്ണമോ ഇല്ലാത്ത പോരാട്ടവീര്യത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. എന്തിനെയും തന്റെ കുറിയശരീരവും കനത്ത നെഞ്ചുംകൊണ്ട് നേരിട്ടിരുന്ന ചട്ടമ്പി ഒളിസേവയ്ക്കിടെ പിടിക്കപ്പെട്ട് പെണ്ണുകെട്ടി മാന്യനായി തീരുന്നു. ഇങ്ങനെയൊരു ഭാഗം കഥയുടെ തുടക്കഭാഗത്തുതന്നെ വിവരിക്കുന്നതിൽ സ്ഥിരം ലഭ്യമാകുന്ന കഥാർസിസ് അല്ല, മറിച്ച് ഒരു വിശുദ്ധകോമഡിയാണ് പ്രവർത്തിക്കുന്നത്. ചട്ടമ്പിയുടെ ക്ഷുഭിതജീവിതം ഒരു കോമഡിയിലൂടെ ശുഭജീവിതമായി മാറിയ കാലത്ത് അയാൾ പ്രത്യേകതരം വാതത്തിന് അടിമയാകുന്നു. കാലുകളാണ് ചട്ടമ്പിയുടെ ആയുധം. “ഇടതുകാലിന്റെ പെരുവിരൽ നിലത്തൂന്നി, ഉയർന്ന്, വലതുകാൽ വീശി മുഖത്തടിക്കുന്നതായിരുന്നു കക്ഷിയുടെ രീതി” എന്ന് നകുൽ കുറിക്കുന്നുണ്ട്. ഭൂതകാലത്ത് ചെയ്ത തെറ്റുകൾക്ക് അജ്ഞാതമായ മരുന്നിന്റെ ഉപയോഗത്തിലൂടെ തളർന്നുതീരുവാനായിരുന്നു ചട്ടമ്പിയുടെ വിധി. അടുത്തുകൂടി ചങ്ങാത്തം സ്ഥാപിച്ചവന്റെ ഉള്ളിൽ പുകഞ്ഞ പകയ്ക്ക് ചട്ടമ്പിയെ പരിഹാസ്യമായ ഓർമ്മയാക്കാൻ പറ്റി. ജീവിച്ചിരിക്കുമ്പോൾ എന്നതിനേക്കാൾ മരിച്ചുകഴിയുമ്പോഴാണ് മനുഷ്യൻ ഒരു പൊതുമുതലായി മാറ്റപ്പെടുന്നത്. ‘ചട്ടമ്പി’യിലൂടെ കഥാകൃത്ത് അടങ്ങാത്ത പകയുടെയും മരണത്തിന്റെ പ്രാകൃതഗുഹാമുഖമനുഷ്യ പരീക്ഷണങ്ങളെയും അടയാളപ്പെടുത്തുന്നു.
‘സെൽഫിഫിഷ്‌’ എന്ന കഥയിൽ സ്വവർഗ്ഗപ്രണയത്തിന്റെ സ്വത്വസംഘർഷങ്ങളാണ് പങ്കുവെയ്ക്കുന്നത്. വാട്ട്സ്ആപ്പ് മെസ്സേജുകളുടെ രൂപത്തിൽ എഴുതപ്പെട്ട കഥ മലയാളിയുടെ യാഥാസ്ഥിതികബോധത്തെ വളരെ സാവധാനം ആക്രമിക്കുന്ന പോയിസനാണ്. റാം – കിഷോർ എന്നീ പുരുഷ പ്രകൃതങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പൊതുബോധത്തിന് മങ്ങലേൽപ്പിക്കുന്ന സ്വവർഗ്ഗ- ആൺ ജീവിതത്തെ നകുൽ ആവിഷ്കരിക്കുന്നു. തന്നിൽനിന്നും ഒരു പരൽമീൻ കണക്ക് ഉറച്ചുതുള്ളി വെട്ടിമാറ്റാൻ നോക്കുന്ന വലിയൊരു ജനതയെയാണ് ഈ കഥ അഭിസംബോധന ചെയ്യുന്നത്. ആൺ- പെൺ രതിപോലെ, പ്രണയംപോലെ മഹത്തരമാണ് ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ള സകല വൈകാരിക അവസ്ഥകളുമെന്ന് കഥയിൽ കവിതചേർത്ത് നകുൽ വ്യക്തമാക്കുന്നു
. ‘അപസർപ്പകം’, ‘വിശേഷപ്പെട്ട ഒരു ആത്മഹത്യ’ എന്നീ കഥകളിൽ നകുലിലെ പത്രപ്രവർത്തകൻ നിറഞ്ഞുനിൽക്കുന്ന കാഴ്ചകാണാം. പത്രഭാഷയുടെ വെളിപ്പെടലാണ് ‘സെൽഫിഫിഷ്‌’ എന്ന കഥയുടെ അടിസ്ഥാന ബിന്ദു. ‘ഷൂട്ടിംഗ് ആരംഭിക്കേണ്ട ദിവസംവരെ തീരുമാനിച്ചശേഷം, അവന്റെ ആദ്യ സിനിമ നിർമ്മാതാവ് പിന്മാറിയതുമൂലം മുടങ്ങിപ്പോയതും അക്കാലത്താണ്’ എന്ന് എഴുതുന്നതിൽ തെളിവൊത്ത ഭാഷയിൽ സ്റ്റോറി (കഥ) നിർമ്മിക്കുന്ന പത്രപ്രവർത്തകനുണ്ട്. എന്നാൽ കഥയുടെ അവസാനം ‘പണ്ട് ഞാൻ തൂങ്ങിച്ചത്തപ്പോൾ നീ ചിന്തിച്ചില്ലേ മണ്ടത്തരമാണ് കാണിച്ചതെന്ന്. ഇപ്പോഴെന്ത് തോന്നുന്നു?’ എന്ന ചോദ്യത്തിലൂടെ ജീവിതത്തിന്റെയും മരണത്തിന്റെയും അന്തഃസംഘർഷങ്ങളെ ഒരു നിഷേയിൻ ആശയതലത്തിലേയ്ക്ക് ഉയർത്തുവാൻ കഥാകൃത്തിന് സാധിക്കുന്നു.
വ്യക്തിപരമായി എന്നിലെ വായനക്കാരനെ ഏറെ സന്തോഷിപ്പിച്ച കഥയാണ്‌ ‘ഒറിഗാമി’. നകുലിലെ കവി കഥയിൽ കവിതകൊണ്ട്‌ നടത്തുന്ന മാജിക്കൽ പെർഫോമൻസാണ് ‘ഒറിഗാമി’. ‘മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ പെറുക്കിയെടുക്കുന്നു അമ്മ’ എന്ന് തുടങ്ങുന്ന കഥ ‘അച്ഛനപ്പോൾ മുറ്റത്തേക്കിറങ്ങി ചന്ദ്രനുചുറ്റും വിടർന്ന നക്ഷത്രങ്ങളെ തുമ്പികളെയെന്നവണ്ണം പിടിക്കുവാൻ തുടങ്ങി’ എന്ന് അവസാനിക്കുന്നു. തീർച്ചയായും ഈ കഥാകാരൻ കവിതകളെ കഥകളാക്കിമാറ്റുന്ന മാന്ത്രിക പ്രവർത്തനമാണ് നടത്തുന്നത്. ഇയാളൊരു കവിയായി ജന്മംകൊള്ളുകയും തന്റെ പൊതുവഴി അപഥസഞ്ചാരങ്ങളിലൂടെ കഥകളുടെ അപസർപ്പകഭൂമിക വിശാലപ്പെടുത്തുകയും ചെയ്യുന്നു. ‘ഡിറ്റക്റ്റീവ് നോവൽ കമ്പനി’ പോലുള്ള കഥകളിലൂടെ നിത്യജീവിതത്തിന്റെ തിരിച്ചറിയാത്ത ക്രൈമുകളെ ലളിതമായി ആവിഷ്കരിക്കുയാണ് കഥാകൃത്ത്. ഈ കഥയുടെ അനുബന്ധമായി ‘ജനപ്രിയസാഹിത്യവും നിരൂപകന്റെ മരണവും’ ചേർത്തുനിർത്താം. സാഹിത്യത്തിൽ കൊണ്ടാടപ്പെടുന്ന എഴുത്തുകാരും വൻകിട പ്രസാധകരും പത്രാധിപരും ആന്തരികമായി എത്രത്തോളം ജീർണ്ണപ്പെട്ടുവെന്നതിന്റെ ആക്ഷേപഹാസ്യരൂപേണയുള്ള അന്വേഷണനിർമ്മിതിയാണ്‌ നകുൽ നടത്തിയത്. ഉത്തുംഗപഥത്തിൽ ഞെളിഞ്ഞിരിക്കുന്ന ഇത്തരം വിദ്വാന്മാരെ നോക്കി ‘സാറേ ചീയാതെ നോക്കണേ’ എന്ന് വിളിച്ചുപറയുന്ന ആർജ്ജവമാണ് കഥാകൃത്തിന്റെ വലുപ്പം. ‘പരേതരും നക്ഷത്രങ്ങളും’ എന്ന കഥ നകുലിലെ കുറ്റാന്വേഷകന്റെ അടങ്ങാത്ത ആർത്തിയെ വെളിപ്പെടുത്തുന്നതാണ്. തൂങ്ങിച്ചത്ത രാമേന്ദ്രനും പോലീസ് തല്ലിക്കൊന്ന വാറ്റുകാരൻ ഗോവിന്ദനും നക്ഷത്രങ്ങളെ എത്തിപ്പിടിക്കുന്ന ഫാൻറസിയുടെ സവിശേഷമുഹൂർത്തങ്ങളെ ദൃശ്യവത്കരിച്ചുകൊണ്ട്‌ തെളിഞ്ഞുനിൽക്കുന്ന അസാന്നിധ്യങ്ങളെ സാധാരണമനുഷ്യന്റെ അന്വേഷണ ത്വരയിലൂടെ കണ്ടെത്താൻ കഥാകൃത്ത് ശ്രമിക്കുന്നു. മരിച്ചവരുടെയും മരിക്കാതിരിക്കുന്നവരുടെയും രഹസ്യസന്ദേശങ്ങൾ കൈമാറുവാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. കഥയുടെ അവസാനം ബി. മുരളിയുടെ ‘ഖജുരാഹോ’ എന്ന രചനയുമായി ബന്ധം തോന്നുമാറ് ഒരു നിലവിളി ഉയരുന്നു.
തീർച്ചയായും കവിതകളെ കഥകളാക്കി മാറ്റുന്ന നക്ഷത്രജീവിതത്തിന്റെ രാസനിർമ്മിതിയാണ് നകുലിന്റെ സെൽഫിഫിഷ്‌.

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner