Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

നിർമല പണിക്കർ: മോഹിനിയാട്ടത്തിന്റെ തദ്ദേശീയപാഠങ്ങൾ, വിമോചകമൂല്യങ്ങൾ

മോഹിനിയാട്ടചലനങ്ങളുടെ സൗന്ദര്യാംശത്തിലൂന്നി, നെൽപാടത്തിന്റെയോ തെങ്ങോലകളുടെയോ പക്ഷികളുടെയോ ചലനങ്ങളോട് ചേർത്തുവച്ചുള്ള നിരീക്ഷണങ്ങൾ പൊതുവെ പറഞ്ഞുകാണുന്നതാണ്. അത്തരം സൗന്ദര്യഘടകങ്ങൾ അർത്ഥവത്തായിത്തീരുന്നത് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ധാരാളം പ്രേരണകളുടെ സമ്മേളനത്തിൽ മാത്രമാണ്. അല്ലെങ്കിൽ അവയെല്ലാം പുറംമോടിയായിത്തീരും. കേരളത്തിന്റെ നൃത്തചരിത്രത്തോട്, കേരളത്തിലെ മറ്റു കലകളോട്, ആരാധനാസമ്പ്രദായങ്ങളോട്, കളികളോട്, ആഘോഷങ്ങളോട്, സാഹിത്യത്തോട്, സംസ്കാരചരിത്രത്തോട്, ദ്രാവിഡ പാരമ്പര്യത്തോടെല്ലാം അഭിമുഖം നിർത്തി മോഹിനിയാട്ടത്തെക്കാണുമ്പോൾ നേരത്തെ പറഞ്ഞ സൗന്ദര്യാംശങ്ങൾ മൂല്യമുള്ളതാകുന്നു. നിർമല പണിക്കർ എന്ന മോഹിനിയാട്ട കലാകാരിയുടെ കലാശ്രമങ്ങൾ, ഈ മട്ടിൽ മൂല്യവത്തായ ഒരു മോഹിനിയാട്ടത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. കാളിയും നീലിയും രുദ്രയും ഉള്ള, കുറുങ്കുഴൽ നാദം കേൾപ്പിക്കുന്ന, തെയ്യത്തിന്റെയും തിരുവാതിരയുടെയും കാക്കാരിശ്ശിനാടകത്തിന്റെയും അംശങ്ങൾ പേറുന്ന, സൂക്ഷ്മാഭിനയത്തിന്റെ സാന്നിധ്യമുള്ള നിർമല പണിക്കരുടെ മോഹിനിയാട്ടം കേരളത്തിന്റെ വേരുകളോട് നേരിട്ട് സംവദിക്കുന്നു. ഇതാണ് നിർമല പണിക്കർ എന്ന വലിയ കലാകാരിയെ പ്രസക്തമാക്കുന്നത്. യഥാർത്ഥത്തിൽ ഒരു ജനതയുടെ ആനന്ദത്തോട് തന്നെ ഒരു വിനിമയ ബന്ധം അവർ സൂക്ഷിക്കുന്നുണ്ട്. മുടിയാട്ടത്തിന്റെ ഊർജവും ഉന്മാദാവേശവും ഉറയലും പോലും നിർമല പണിക്കരുടെ നൃത്തത്തിൽ ആവർത്തിച്ച് വരുന്നത് അതിനാലാണ്. നൃത്തത്തിന്റെ ഏറ്റവും പ്രാക്തനമായ അടയാളങ്ങൾകൂടിയാണ് അവർ ഉള്ളിലേറ്റിയിരിക്കുന്നത്. ഏറ്റവും പുതിയ കോമ്പസിഷനുകളിലൊന്നായ ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടിൽത്തന്നെയും ഈ ‘ആനന്ദക്കൂത്തി’ന്റെ സമൃദ്ധിയുണ്ട്. ഊഞ്ഞാലാട്ടവും മയിലാട്ടവും പന്താട്ടവും എല്ലാം അവർ മോഹിനിയാട്ടത്തിന്റെ അദ്ധ്യയനക്രമത്തിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

Nirmala Panikkar
Photo Courtesy : Thulasi kakkat

ഉള്ളിലെ ഭാവങ്ങളെ ഉടലിന്റെ കണ്ണുകളാൽ അവതരിപ്പിക്കണം എന്ന ചിലപ്പതികാരത്തിലെ പ്രസ്താവനയെയാണ് നൃത്തത്തിന്റെ അടിസ്ഥാന പ്രമാണമായി നിർമല പണിക്കർ കരുതുന്നത്. പതിറ്റുപ്പത്തിലുൾപ്പെടെയുള്ള വിറലികളെയാണ് നർത്തകരുടെ മാതൃകയായി അവർ കണക്കാക്കുന്നത്. അവരുടെ നൃത്തഭാഷതന്നെ രൂപപ്പെട്ടത് ഈയൊരു നിലപാടിന്മേലാണ്. മോഹിനിയാട്ടത്തിലെ നൃത്തത്തിന്റെ സാധ്യതകളെ മുഴുവനായും ഉപയോഗിക്കുകയും അടവുകളെ ഭംഗിയായി കോർക്കുകയും നൃത്തത്തിന്റെ പ്രത്യേകതകളോട് മുഴുവനായും ഇണങ്ങുന്ന സൂക്ഷ്മാഭിനയസാധ്യതകൾ അതിൽ സന്നിവേശിപ്പിക്കുകയും ചെയ്യുന്നതാണ് അവരുടെ പൊതുരീതി. അതിനു പാകത്തിൽ വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി പ്രത്യേക ചിട്ടയും ആ കളരിയിലുണ്ട്. വ്യായാമവും തിരുവാതിരയുമെല്ലാം വഴങ്ങുന്ന ശരീരത്തെയാണ് അവർ മോഹിനിയാട്ടത്തിന്റെ സങ്കേതങ്ങൾ ശീലിപ്പിക്കുന്നത്.

Nirmala Panikkar
Photo Courtesy : Thulasi kakkat

നൃത്തത്തെക്കുറിച്ച് നിർമല പണിക്കർ പൊതുവെ പുലർത്തിപ്പോരുന്ന നിലപാടുകൾ തന്നെയാണ് മോഹിനിയാട്ടത്തിന്റെ ആധുനികീകരണപ്രക്രിയയിൽ നഷ്ടമായ ദേശി ഇനങ്ങളെ വീണ്ടെടുക്കാൻ അവർക്ക് പ്രേരണയായിട്ടുണ്ടാവുക. കലാമണ്ഡലത്തിൽ എത്തുന്നതിന് മുൻപുണ്ടായിരുന്ന മൂക്കുത്തി, പൊലി, ചന്ദനം, കുറത്തി, ഏശൽ എന്നീ ഇനങ്ങൾക്ക് അവർ പുതിയൊരാവിഷ്കരണം നൽകിയിട്ടുണ്ട്. കേരളത്തിന്റെ അമ്മദൈവാരാധനയുമായി ബന്ധപ്പെട്ട് നിലനിന്നതാവാം ഇത്തരം ദേശി ഇനങ്ങൾ എന്ന വ്യാഖ്യാനവും നൽകിയിട്ടുണ്ട്. അതിനാൽ തിരഞ്ഞുകൊണ്ടിരുന്ന മൂക്കുത്തി അമ്മനണിഞ്ഞ മൂക്കുത്തിയാവുന്നു. ചന്ദനം പിണിയൊഴിഞ്ഞ കുറിക്കൂട്ടാവുന്നു. ചുരുക്കത്തിൽ മോഹിനിയാട്ടത്തെ ചരിത്രപരവും രാഷ്ട്രീയവുമായ ജാഗ്രതയോടെ, അത്രയേറെ സൂക്ഷ്മതയോടെ സമീപിച്ച കലാകാരിയാണ് നിർമല പണിക്കർ എന്ന് പറയേണ്ടിയിരിക്കുന്നു. നൃത്തത്തെ സംബന്ധിച്ച് അവർ ഉണ്ടാക്കിയ വഴി പുതിയതും സമകാലികവുമാണ്. പുതിയ അന്വേഷണങ്ങൾക്ക് പ്രേരണ നൽകുന്നതുമാണ്. കവിതയും തത്ത്വചിന്തയും അവതരിപ്പിക്കാൻ കഴിയുന്ന, തദ്ദേശീയമായ കലാപാരമ്പര്യത്തിന്റെ പ്രേരണകൾ ഉൾകൊള്ളാൻ ശേഷിയുള്ള, ഭാവങ്ങളെ അതിന്റെ തീവ്രതയോടെ ആവിഷ്കരിക്കാൻ സാധിക്കുന്ന ഒരു മോഹിനിയാട്ടം വിഭാവനചെയ്യുകയും അരങ്ങിൽ കൊണ്ടുവന്നുവിജയിപ്പിക്കുകയും ചെയ്ത ഈ കലാകാരിയെ സമകാലികകേരളം ശ്രദ്ധയോടെ കാണേണ്ടതാണ്. നിർമല പണിക്കർ നമ്മുടെ കലാചരിത്രത്തിൽ തന്നെ സവിശേഷപദവി അർഹിക്കുന്നുമുണ്ട്.

(നിർമല പണിക്കരുടെ നേതൃത്വത്തിലുള്ള നടനകൈശികി മോഹിനിയാട്ട പഠന-ഗവേഷണ കേന്ദ്രത്തിലെ വിദ്യാർത്ഥികൂടിയാണ് ലേഖകൻ).

1 thought on “നിർമല പണിക്കർ: മോഹിനിയാട്ടത്തിന്റെ തദ്ദേശീയപാഠങ്ങൾ, വിമോചകമൂല്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner