Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

പുറത്താക്കൽ ശിക്ഷയും തിരിച്ചെടുക്കലും

എഴുത്തും വരയും : അമൽ

കേന്ദ്രസർക്കാരിന്റെ തെറ്റായ കാർഷികനയങ്ങൾക്കെതിരെയുള്ള കർഷകസമരം സകലപ്രതിബന്ധങ്ങളെയും എതിർത്തുകാറ്റിൽപ്പറത്തി മുന്നേറുകയാണ്. ഇന്ത്യയും ലോകവും അതിനെ ആവേശത്തോടെ ഉറ്റുനോക്കുന്നു. ദൽഹിയിലേക്ക് എത്താൻ കഴിയാത്തവർ വിവിധ നിലകളിൽ തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. അതിർത്തിയിൽ ശത്രുരാജ്യത്തോട് ചെയ്യുന്നതിനേക്കാൾ വിചിത്രമായി സർക്കാർ കർഷകരോട് പെരുമാറുന്നതിൽ രാജ്യമാകെ അമർഷം പുകയുന്നു. ദൽഹിയിലേക്ക് കർഷകർ കടക്കാതിരിക്കാൻ മുള്ള് കമ്പികളും കൂറ്റൻ അള്ളുകളും ബാരിക്കേഡുകളും കെട്ടിപ്പൊക്കി അധികാരികൾ നടത്തുന്ന ആക്രമണം ഇതിനോടകം തന്നെ ലോകശ്രദ്ധയും കടുത്ത വിമർശനവും ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. വിമർശിക്കുന്നവരെയും കർഷകസമരത്തിന് പിന്തുണ നല്കുന്നവരെയും ഇന്ത്യക്ക് എതിരേ ഗൂഡാലോചന നടത്തുന്നു, ഖാലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്നു എന്നൊക്കെപ്പറഞ്ഞ് ദ്രോഹികളാക്കുന്ന സ്ഥിരം കലാപരിപാടികളും മുറക്ക് നടക്കുന്നുണ്ട്. കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിയും ചെങ്കോട്ടയിലേക്ക് നടത്തിയ പരേഡും തുടർന്നുണ്ടായ ആക്രമണങ്ങളും ഇന്ത്യയെ അപമാനിച്ചു എന്ന് അലമുറയിട്ടുള്ള മോദിയുടെ വൈകാരികഇടപെടലുകളും സമരത്തെ എതിർക്കുന്നവർക്ക് ഭീകരമായൊരു ഊർജ്ജം പകർന്നിട്ടുണ്ട് എന്ന് വേണം കരുതാൻ. മുള്ളും അള്ളും തീർത്ത പ്രാകൃതരീതി പോലും പുറത്തെടുക്കാൻ അവർ ഉത്തേജിതരായത് അത് കൊണ്ടാണ്.

രാഹുൽഗാന്ധി അടക്കം പലരും ട്വീറ്റ് ചെയ്ത അത്തരം ചിത്രങ്ങൾ മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തതിനും കർഷകസമരത്തെ അനുകൂലിച്ച് ഏതാനും വരികൾ കുറിച്ചതിനും ഹേറ്റ് സ്പീച്ച് നടത്തി എന്ന് കാട്ടി മുഖപുസ്തകം ഉടനടി എന്റെ മുഖപുസ്തക അക്കൗണ്ട് പൂട്ടിച്ചു…. ഡാറ്റ പ്രശ്നം എന്ന് കേൾക്കുമ്പോൾ ഡാറ്റ എന്നെ ബാധിക്കില്ലല്ലോ അതൊരു ചെറിയ കാര്യം അല്ലേ എന്ന് ചിന്തിക്കുന്നത് പോലെ തന്നെയാണ് ഇതും. കാര്യമില്ലാത്ത കാര്യമായി കാണാം, ഗൗരവമായെടുക്കാം.

നേരിട്ട് സമരം ചെയ്യാൻ കഴിയാത്തവർ ആണ് ലോകത്ത് കൂടുതൽ. അവർക്ക് ഹൃദയം കൊണ്ട് സമരത്തോട് ഐക്യപ്പെടാൻ ഏതെങ്കിലും കമ്മ്യൂണിക്കേഷൻ മാധ്യമം ഉപയോഗിച്ചേ തീരൂ. പത്ര ചാനലുകളെക്കാൾ ജനം ഇന്ന് വാർത്തകൾ അറിയാനും അറിയിക്കാനും ഉപയോഗിക്കുന്ന മാധ്യമം മുഖപുസ്തകമാണ്.

കാർഷികാനുഭവങ്ങൾ ഇല്ലാത്ത, ആവശ്യത്തിലധികം മുഖപുസ്തകാനുഭവം മാത്രമുള്ള നമ്മളുടെ തലമുറ ഇന്ന് നേരിടുന്ന ഭീകരമായൊരു സമസ്യാപ്രശ്നമാണ് ബഹുരാഷ്ട്രകോർപ്പറേറ്റ് മുതലാളിത്ത കമ്പനികൾ നൽകുന്ന സൗകര്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ മുതലാളിത്തത്തിനെയും ഫാസിസത്തിനെയുമൊക്കെ എതിരിടാൻ കഴിയൂ എന്നത്. അവർക്കെതിരെയുള്ള പ്രതിഷേധം അവരിലൂടെ, അവരുടെ ശക്തമായ നിരീക്ഷണത്തിലൂടെ കടന്നുപോകുന്ന അവസ്ഥയാണ്. അംബാനിമാർ നിയന്ത്രിക്കുന്ന ടെലികോം ലോകത്ത് ആണ് നമ്മൾ അമേരിക്കൻ, കൊറിയൻ, ചൈനീസ്‌ കമ്പനികളുടെ കൈഫോണുകൾ ഉപയോഗിച്ച് മുഖപുസ്തകം നോക്കുന്നത്. അതിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സുരക്ഷിതനായിരുന്ന് എന്റെ പുസ്തകം വാങ്ങൂ, എന്റ പുസ്തകത്തെപ്പറ്റി അവർ ഇങ്ങനെ പറഞ്ഞു എന്നൊക്കെ മുഖപുസ്തകത്തിൽ എഴുതി, സൗഹൃദ ചിത്രങ്ങൾ മാത്രം പങ്ക് വച്ച് പൊയ്ക്കോളുക എന്ന നിലപാടിനോട് മുഖപുസ്തക കമ്പനി അടുത്തു കൊണ്ടിരിക്കുന്ന ലോക സാഹചര്യമാണ് ഇപ്പോഴുള്ളത്.

കണക്റ്റിംഗ് പീപ്പിൾ എന്ന് പറഞ്ഞ ശ്രീ സൂത്രൻബർഗ് അണ്ണൻ ഡിവൈഡിംഗ് പീപ്പിൾ എന്ന് നയങ്ങൾ തിരുത്തി ലോക കോർപ്പറേറ്റ് കമ്പനിയായി വളർന്നത് നമ്മുടെ കൈവെള്ളയിലിരുന്നാണ്. 2016ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രമ്പിനെ ജയിപ്പിക്കാനായി ലക്ഷക്കണക്കിന് മനുഷ്യ വിവരങ്ങൾ ചോർത്തി നൽകി പ്രൊപ്പഗൻഡയുടെ ഭാഗമായി നേട്ടമുണ്ടാക്കി എന്ന ആരോപണം കേംബ്രിഡ്ജ് അനലറ്റിക്ക പഠനങ്ങളിലൂടെ നടത്തിയത് മുതൽ ശ്രീ സൂത്രൻബർഗ് അണ്ണന് ജനമനസുകളിൽ വില്ലൻ പരിവേഷം വന്നു തുടങ്ങി. അമേരിക്കൻ സെനറ്റ് ശ്രീ സൂത്രൻബർഗ് അണ്ണനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വെള്ളം കുടിപ്പിച്ചു. PostTruth വിജയകരമായി നടപ്പിലാക്കിയ ട്രമ്പിന്റെ പിണിയാളായി ശ്രീ സൂത്രൻബർഗ് അണ്ണനും മുഖപുസ്തകവും മാറി.

2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ അതേ Post Truth propaganda കൾ ബൈഡനും കമലാ ഹാരിസിനും നേരേ തൊടുക്കുന്നതിന് ട്രമ്പിനും അനുകൂല സംഘങ്ങൾക്കും ഹേറ്റ് സ്പീച്ച് പേജുകൾ തുറന്നു വച്ച മുഖപുസ്തകത്തിന് ട്രമ്പിന്റെ പതനം വലിയ ആഘാതമായിരുന്നു. പിന്നാലേ ചരിത്രത്തിലെ തന്നെ നാണക്കേടായി മാറിയ അമേരിക്കൻ പാർലമെൻ്റ് ആക്രമണം നടന്നതും മുഖപുസ്തകത്തിന് ക്ഷീണം ഏറ്റി. കലാപകാരികൾ സംഘടിക്കാനും സന്ദേശങ്ങൾ കൈമാറാനും മുഖപുസ്തക പേജുകൾ ഉപയോഗിച്ചു എന്ന് തെളിഞ്ഞതോടെ ശ്രീ സൂത്രൻബർഗ് അണ്ണനും ട്രമ്പിനെ തള്ളി കൈ കഴുകി. അതാണ് കോർപ്പറേറ്റ് കമ്പനി. നിലനിൽക്കാൻ ആരെയും കൂട്ടുപിടിക്കും, തളളി മാറ്റും.
സത്യത്തിൽ നയങ്ങൾ കടുപ്പിച്ചു എന്ന വ്യാജേന വിദേശകാര്യ മന്ത്രാലയങ്ങളുടെ താളത്തിന് തുള്ളി അമേരിക്കയും കാനഡയും ഖാലിസ്ഥാൻ സംഘടനകൾ കർഷകസമരത്തെ അനുകൂലിക്കുന്നു എന്ന് പറഞ്ഞ് കടുത്ത സെൻസറിംഗും സർവൈലൻസും നടത്തുകയാണ് ഇപ്പോൾ മുഖ പുസ്തകം. ഭരണപക്ഷ അനുകൂലികളുടെ മാസ് റിപ്പോർട്ടിംഗും കൂടിയാകുമ്പോൾ സ്ഥിതി രൂക്ഷം. ലോകത്തേറ്റവും കൂടുതൽ മുഖപുസ്തക ഉപഭോക്തൃ വലയമുള്ള ഇന്ത്യയെ പിണക്കാൻ ഏത് കോർപ്പറേറ്റിന് കഴിയും?

പുറത്താക്കാനും പോസ്റ്റ് മുക്കാനും കുറച്ച് ദിവസം പുറത്ത് നിർത്തി ശിക്ഷിച്ച് തിരിച്ചു കയറ്റാനും മുഖ പുസ്തകത്തിന് കഴിയും. എന്നാൽ ഞാനുൾപ്പെടെയുള്ള കോടിക്കണക്കിന് മനുഷ്യരുടെ ഉള്ളിൽ വളരുന്ന പ്രതിഷേധങ്ങളെ ഒന്നും ചെയ്യാൻ നിങ്ങൾക്കാവില്ല. നിങ്ങളുടെ പുറത്താക്കൽ ഒരു മുന്നറിയിപ്പും സൂചനയും ആണെന്നറിയാം. എന്നാലതൊന്നും വിലപ്പോവില്ലെന്ന് മാത്രം പറയട്ടേ..
കർഷക സമരം വിജയിക്കട്ടേ
കർഷകർ എക്കാലവും വിജയിക്കട്ടേ

1 thought on “പുറത്താക്കൽ ശിക്ഷയും തിരിച്ചെടുക്കലും

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner