Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

സജി ജെയിംസിന്റെ ഇടതുപക്ഷം

“നെട്ടൂരാൻ വിളിച്ചതിനേക്കാൾ കൂടുതൽ മുദ്രാവാക്യമൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല”. പണ്ട് പണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്, പൊളിറ്റിക്കൽ കറക്റ്റ്നസ്സ്‌ ഒക്കെ പിറക്കുന്നതിനും പണ്ട്, മൂട്ടകൾ മാത്രം വാഴുന്ന ഒരു മാട്ടക്കൊട്ടകയിൽ നിന്ന് കണ്ടുകേട്ട് കൈയടിച്ച് പൊട്ടിച്ച ഡയലോഗാണ്. അതെന്താ ജാഥയും സമരവും ഉള്ള ദിവസം നെട്ടൂരാന്റെ പണി മുദ്രാവാക്യത്തിന്റെ എണ്ണം എടുക്കൽ ആയിരുന്നോ എന്നൊക്കെ ഇന്ന് സംശയം തോന്നാം. ഈ മുദ്രാവാക്യം വിളി എന്നുപറയുന്നത് ഇത്ര മുട്ടൻ കാര്യമാണോ എന്ന് വർണ്യത്തിൽ ആശങ്കയും ഉണ്ടാകാം “സമരവും ബഹളവും ഒക്കെ കാലഹരണപ്പെട്ടെന്നേ” “ഇവന്മാര് കൊറേ കൊടി പിടിച്ചാൽ വിപ്ലവം ഇപ്പം വന്നത് തന്നെ!”. ”രാഷ്ട്രീയക്കാരെയെല്ലാം വെടിവെച്ചു കൊന്നാൽ ഈ രാഷ്ട്രം രക്ഷപ്പെടും”. “സർക്കാർ ഉദ്യോഗസ്ഥർക്ക് ഒക്കെ എന്നാ സുഖമാ, ഒരു പണിയുമില്ല.” “അല്ലേലും മലയാളിക്ക് ലവലേശം പൗരബോധം ഇല്ലല്ലോ” ”നമ്മുടെ ആള്ക്കാര് മേലനങ്ങി ജോലി ചെയ്യത്തില്ല. “ഈ നാടിന്റെ ഗതി, അധോഗതി”. ഇങ്ങനെയൊക്കെ മുട്ടിനു മുട്ടിന് തട്ടി മൂളിക്കുന്ന കുറെ പണ്ഡിതരും പുംഗവരും ഉണ്ട്. പറഞ്ഞുവരുമ്പം അവര് മാത്രമായിരിക്കും കൊള്ളാവുന്ന പുള്ളികൾ. അല്ലാത്തവരെല്ലാം പരമ പാഴുകൾ. പൊണ്ണക്കാര്യം മാത്രം പറയുന്ന അത്തരം അനങ്ങാപ്പാറകൾ എല്ലാം കൂടി ഊട്ടി ഒലത്തി പുഴുങ്ങി ഒണ്ടാക്കിയതല്ല ഒരു നാടിന്റേയും സൗഭാഗ്യങ്ങളൊന്നും. തണലത്തും തണുപ്പത്തും ഇരുന്ന് നല്ലതൊക്കെ നക്കി നുണഞ്ഞു തീർത്തിട്ട് പള്ളു പറയുന്ന പുങ്കൻമാരും പുങ്കത്തികളും ഒന്നോർത്താൽ കൊള്ളാം. ഒരുപാട് മരങ്ങൾ കൊണ്ട വെയിലിന്റെ ഫലമാണ് നിങ്ങൾ ഇരിക്കുന്ന തണലുകൾ ഒക്കെയും. തിന്നുന്ന കനികൾ അത്രയും. അത്തരം പെരുമരങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് സജി ജെയിംസിന്റെ പുതിയ പുസ്തകം. ഇടതുപക്ഷം – പാർട്ടി വന്ന ആൾവഴികൾ.

സജി ജെയിംസ്

സജി ജെയിംസ് ചങ്ങനാശ്ശേരിയിലെ എസ്.എഫ്.ഐയുടെ ഏരിയാ സെക്രട്ടറിയും എസ് ബി കോളേജിലെ യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. അതെന്നാ, വല്യ ആനക്കാര്യം ആന്നോ? ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പിള്ളേർക്ക് പത്തേക്കർ മിച്ചം പിടിക്കാൻ വേണ്ടി തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുകയും തല്ലു മേടിച്ചു കൂട്ടി തണ്ടെല്ല് ഒടിയുകയും ചെയ്തവരല്ല ഒരുകാലത്തെ ഭൂരിപക്ഷം എസ് എഫ് ഐ ക്കാരും. അവര് അക്രമം കാണിച്ചു എന്ന് പരാതി പറയുന്ന ചേട്ടന്മാര് മിക്കവാറും വിഴുങ്ങിക്കളയുന്ന ഒരു അനീതിയുടെ കഥ ഭൂരിപക്ഷം കേസിലും ഉണ്ടാവുകയും ചെയ്യും. പിന്നെന്താ എസ്.ബി.യില് ഇടതു പിള്ളേർക്ക് കൊമ്പ് ഉണ്ടായിരുന്നോ? ഉണ്ട്. കൊമ്പ് മാത്രമല്ല തുമ്പിക്കൈയും ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ് .ബി. കോളേജിലെ എസ്.എഫ്.ഐ.ക്കാർ എന്നുപറഞ്ഞാൽ ആനകൾ അല്ല ഐരാവതങ്ങള് തന്നെയായിരുന്നു. ആണ്ടി വല്യ അടികാരനായിരുന്നു എന്ന് ആണ്ടി തന്നെ പറയുന്ന പോലെ എന്ന് ആരെങ്കിലും പരിഹസിച്ചാൽ ഈ പോസ്റ്റ് മുതലാളിക്ക് മത്തായി പറയുന്നപോലാ. എസ് .ബി. യിലെ പഴയ എസ്.എഫ്.ഐ ക്കാരന്റെ ഊറ്റം ആണെന്ന് കൂട്ടിക്കോ. (മത്തായി എന്താണ് പറഞ്ഞത് എന്ന് അറിയേണ്ടവർ ഇൻബോക്സിൽ വരണം.). തമാശ വിട്ട് മാറ്ററുക്ക് മടങ്ങി വരാം. ദോ തിരുമ്പി വന്താൻ തമ്പി.

നക്ഷത്രാങ്കിത ശുഭ്ര പതാക പിടിക്കാൻ പോയിട്ട് ഒരു മുദ്രാവാക്യം വിളിക്കാൻ പോലും മരുന്നിനു മൂന്നാളെ കിട്ടാനില്ലാത്ത ഒരു കാലമുണ്ടായിരുന്നു ആ കോളേജിൽ. കല്ല് ചില്ല് കാഞ്ഞിരക്കുറ്റികളും മുള്ള് മുരട് മൂർഖൻ പാമ്പുകളും നിറഞ്ഞു നിരന്നു പരന്ന ഭൂതകാലത്തിലെ മുടിഞ്ഞ വഴികളിലൂടെ മുട്ടിടിക്കാതെ നടന്ന മനുഷ്യനായിരുന്നു സജി ജെയിംസ് എന്ന് പറയുന്നതിന് ഇവിടെ ഒരു പ്രസക്തിയുണ്ട്. വിയർത്തു കുത്തി വിഷമിച്ച് നടന്നവരല്ലേ വെയിലേറ്റു വാടാത്തവരെപ്പറ്റി പറയാൻ ഏറ്റവും യോഗ്യർ. സഹജീവികളുടെ വാഴ് വിൽ വസന്തം വിരിയിക്കാൻ പൊരിവേനലുകളിലും എരി വേവുകളിലും നിരന്തരം നടന്ന് കാലു വെന്ത മനുഷ്യരുടെ കഥകളാണ് സജി ജെയിംസിന്റെ പുസ്തകത്തിൽ നിറയെ. ആം ചെയർ ആക്ടിവിസ്റ്റുകൾ അടക്കമുള്ള ആൾക്കാർ അറിയേണ്ടുന്ന അത്തരം അതിജീവന ഗാഥകളിൽനിന്ന് ഒരു സാമ്പിൾ എടുത്തു തരാം. കേരളത്തിലെ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരൻ പറഞ്ഞ കഥയിൽ നിന്ന് ഒരു കഷണം. ”കുപ്രസിദ്ധനായ ഇടിയൻ നാരായണപിള്ളയുടെ കൈകളിൽ ഞാൻ പുളഞ്ഞു. കാലുകൾ രണ്ടും അഴികൾക്ക് പുറത്തേക്ക് കെട്ടിവച്ച് ബയണറ്റ് കൊണ്ട് ആഞ്ഞു കുത്തി. ബോധം നശിച്ച ഞാൻ മരിച്ചു പോയി എന്നായിരുന്നു പോലീസിന്റെ നിഗമനം. ലോക്കപ്പിൽ ഉണ്ടായിരുന്ന ചില പ്രതികളെ കൂട്ടി മൃതദേഹം കാട്ടിൽ കൊണ്ടുപോയി കത്തിച്ചു കളയാൻ പോലീസ് തീരുമാനിച്ചു. പോകുന്ന പോക്കിൽ ദേഹം അനങ്ങുന്നത് കണ്ടപ്പോൾ പോലീസ് കൂടെ കൂട്ടിയവർ ബഹളം വയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്നത്. “ഈ കഥയിലെ നായകൻ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി. എസ്. ഹരീഷ് ഒരു എഫ്. ബി. കുറിപ്പിൽ നേരത്തെ ഉദ്ധരിച്ചത് കൊണ്ട് പറയണം എന്ന് കരുതിയ രണ്ടു കഥകൾ ഇവിടെ വീണ്ടും എടുത്തു ചേർക്കുന്നില്ല. പാർട്ടി കെട്ടിപ്പടുത്തവരും പാർട്ടി പുറത്തെറിഞ്ഞവരും പാർട്ടിയിൽ നിന്ന് പുറത്തിറങ്ങി പ്പോയവരും പഞ്ചായത്ത് മെമ്പർ പോലുമാകാൻ ശ്രമിക്കാത്തവരുമൊക്കെ നിരന്നിരിപ്പുണ്ട് ഈ പുസ്തകത്തിൽ. അവരെക്കുറിച്ച് ആമുഖത്തിൽ സജി ജെയിംസ് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ”വളരെ ത്യാഗം നിറഞ്ഞ ചില ജീവിതങ്ങളാണ് ഇടതുപക്ഷത്തെ ഒരു രാഷ്ട്രീയ വാസ്തവമായി കേരളത്തിൽ പുലരാൻ ഇടയാക്കിയത്. മനുഷ്യർ മനോഹരമായി ജീവിക്കുന്ന ഒരു ലോകമാണ് അവർ സ്വപ്നം കണ്ടത്. ആ സ്വപ്നത്തിനു വേണ്ടി അവർ സ്വയം സന്നദ്ധരായി മുന്നോട്ട് വന്നു. തീവ്രമായ പരീക്ഷണങ്ങളിലൂടെ അവർ കടന്നുപോയി. ആ മനുഷ്യർ കടന്നുപോയ വഴികളാണ് നാം ഇപ്പോൾ നടക്കുന്ന ഈ കേരളം.” സത്യം.

വെറും ആൾക്കൂട്ടമായി തീരുമ്പോൾ ഏത് പ്രസ്ഥാനവും അധഃപതിക്കും. ഒരു പാർട്ടി എന്നത് ചില ആളുകൾ മാത്രം അധികാരമാളുന്ന ആർത്തിയുടെ തുരുത്താകുമ്പോൾ അതിനേക്കാൾ അപകടകരമാകും നില. കേരളത്തിൽ ഇടതുപക്ഷം ഹൃദയപക്ഷം ആയത് എങ്ങനെയെന്നും അത് അങ്ങനെ തന്നെ തുടരേണ്ടത് എന്തുകൊണ്ട് എന്നും അടിവരയിട്ട് പറയുന്നുണ്ട് ഈ പുസ്തകത്തിലെ കലാപജീവിതങ്ങൾ. കണ്ടവരും കേട്ടവരും കട്ടവരും കെട്ടവരും കൂട്ടിക്കൊടുപ്പുകാരും കാട്ടുകൊള്ളക്കാരും ചില കൊടിത്തണലുകളുടെ തുണയിലും തണുപ്പിലും ഇളവേറ്റു കൈയിട്ടുവാരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ കനൽപ്പാതകളിലൂടെ ഉയിരു വേവിച്ച് നടന്നവരുടെ കഥ ആവർത്തിച്ച് പറയേണ്ടുന്ന നേരമാണിത്. ഓരോ മട്ടിൽ ചായം മുക്കിയ കീറത്തുണിയുടെ വേദാന്തങ്ങളായി പ്രസ്ഥാനങ്ങൾ ഒക്കെ മുഷിഞ്ഞു നാറാതിരിക്കാൻ നമുക്കീ മനുഷ്യ ഗാഥകളെ മറക്കാതെ മുറുക്കിപ്പിടിക്കാം. നമ്മുടെ നാൾവഴികളെ നിർണയിച്ചത് ചില ആൾവഴികൾ കൂടിയാണെന്ന് ഓർത്തു കൊണ്ടേയിരിക്കാം. “വെടി വയ്ക്കട്ടെ വിരുദ്ധന്മാർ. വേട്ടപ്പട്ടി കുരയ്‌ക്കട്ടെ. ഈറ്റപ്പുലിയുടെ ചീറ്റലു കേട്ടാൽ കൂറ്റൻ ചെങ്കൊടി താഴില്ല”. അതെ. അതൊരു വിശ്വാസമാണ്. വിശ്വാസം. അതല്ലേ എല്ലാം.
അല്ല സാർ. വിശ്വാസം മാത്രമല്ല സാർ എല്ലാം.

1 thought on “സജി ജെയിംസിന്റെ ഇടതുപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner