Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

ശ്യാമയ്ക്കുള്ള കത്തുകൾ

വീണ

(1)

”കത്തെഴുതി കഴിഞ്ഞോ?”

നിധീഷ് വീട്ടുപടിക്കലെത്തി ഹോണടിച്ചു. വിനോദ് അന്നെഴുതിയ കത്ത് ചൂടാറാതെ നിധീഷിനെ ഏൽപ്പിച്ചു. ശ്യാമയെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ശ്യാമയ്ക്കുള്ള കത്തെഴുതി കൊടുക്കുമ്പോൾ വിനോദ് തന്റെ ഹൃദയം മുഴുവനായി തന്നെ അതിൽ ചേർത്തുവയ്ക്കും. എത്രയും പ്രിയപ്പെട്ടവളേ… ഈ രാത്രിയിൽ വിഷാദം കുടിച്ച് ഞാൻ മരിക്കുന്നു. പറയുവാൻ കഴിയാത്ത ഒരുപാട് ലഹരികൾ എന്നെ പൊതിയുന്നു. നിന്റെ ഹൃദയം എന്റെ മുറിയിൽ ഭദ്രം. അത് ശബ്ദിക്കുന്നു രാത്രിയിലെന്നോട് ഞാൻ കേൾക്കാത്ത കഥകൾ പറയുന്നു. ശ്യാമയ്ക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ കത്തുകളെങ്കിലുമെഴുതണം. കത്തെഴുതി കഴിയുമ്പോൾ ശ്യാമ തന്റെ കാമുകിയല്ലെന്ന കാര്യം തന്നെ ചിലപ്പോൾ മറന്നുപോകും. ശ്യാമയ്ക്കുള്ള കത്തുകൾ എഴുതി കൊടുക്കാൻ നിധീഷ് ആദ്യമായി ആവശ്യപ്പെട്ടപ്പോൾ വിനോദ് പറ്റില്ല എന്നുറപ്പിച്ച് തന്നെ പറഞ്ഞു. ”അവൾ വല്ല്യ വായനക്കാരിയാണ്. നീയൊരു വായനക്കാരനല്ലേ നീ എഴുതി തന്നേ പറ്റൂ.” നിധീഷ് ഒറ്റക്കാലിൽ നിന്നു. വിനോദും നിധീഷും വർഷങ്ങളായി പ്രിയസുഹൃത്തുക്കളാണ്. അച്ഛന്റെ ജോലി മാറ്റവുമായി ബന്ധപ്പെട്ട് നിധീഷ് വിനോദിന്റെ നാട്ടിലെത്തിയ അന്നുമുതൽ. എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നപ്പോൾ അവർ കൂടുതലടുത്തു. ഞായറാഴ്ചകളിൽ കടൽത്തീരത്തുപോയി കാറ്റുകൊണ്ടിരിക്കുന്നു. ക്ലാസുള്ള ദിവസങ്ങളിൽ സിറ്റിയിൽ കറങ്ങി നടന്നു. ആയിടെയാണ് നിധീഷ് ശ്യാമയുമായി പ്രണയത്തിലായത്. അങ്ങനെ വിനോദ് നിധീഷിനുവേണ്ടി ശ്യാമയ്ക്കുള്ള കത്തുകളെഴുതി തുടങ്ങി. ഒരു ഡിസംബർ മാസമായിരുന്നു. പ്രിയ ശ്യാമേ… എന്നിൽ സന്തോഷത്തിന്റെ ഒരു കടൽ. ഇവിടിരുന്നാൽ തെങ്ങിൻതോപ്പിനു മുകളിൽ നിലാവ് കാണാം. ഈ നിലാവിനെ മുഴുവൻ നിനക്ക് പറിച്ചെടുത്ത് തരണമെന്ന് തോന്നുന്നു. മഷിപ്പേന കൊണ്ട് പൂവ് കൊരുക്കുന്നതുപോലെയുള്ള തന്റെ കയ്യക്ഷരത്തെ കുറച്ചുകൂടി നന്നാക്കാൻ വിനോദ് ശ്രമിച്ചു. എന്തായിരുന്നു ശ്യാമയ്ക്കുള്ള കത്തുകൾ? വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകൾ, പ്രിയപ്പെട്ട രുചികൾ, പ്രണയത്തിന്റെ പൂമ്പാറ്റകൾ… കോഫീ ഹൗസിലും സിനിമാ തീയറ്ററിലുമിരുന്ന് അവളുടെ വിരലുകൾ ചേർത്തുപിടിച്ച് നിധീഷ് അവളോട് സംസാരിക്കുമ്പോൾ ഒരിക്കലെങ്കിലും ശ്യാമ സംശയിക്കില്ലേ? ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ കത്തുകളിൽ!

ശ്യാമയ്ക്കുള്ള കത്തുകൾ എഴുതിക്കഴിഞ്ഞ് പുറത്തുപോയി ആകാശത്തെ നോക്കിയിരിക്കുമ്പോൾ വിനോദോർക്കാറുണ്ട്., ദൈവമേ, ഞാനും പ്രണയിക്കുകയാണല്ലോ. നീളൻ മുടിയുള്ള പെൺകുട്ടി എന്നല്ലാതെ ശ്യാമയെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ നിധീഷ് പറഞ്ഞിട്ടില്ല. ഇടയ്‌ക്കെപ്പോഴോ നിധീഷ് പറഞ്ഞു: അവളെന്നോട് ദിവസവും ഓരോ കത്ത് വേണമെന്ന് പറയുന്നു. നിധീഷിന്റെ ബൈക്കിൽ സിറ്റിയിലൂടെ കറങ്ങുമ്പോഴൊക്കെ വഴിയിൽവെച്ചെങ്കിലും ശ്യാമയെ കാണാൻ പറ്റിയിരുന്നെങ്കിലെന്ന് വിനോദാഗ്രഹിച്ചിട്ടുണ്ട്. പെരുമഴയുള്ള ഒരു ദിവസം നിധീഷും വിനോദും വിമെൻസ് കോളേജിന്റെ മുന്നിൽ ശ്യാമയെ കാത്തുനിന്നു. പല നിറത്തിലുള്ള ചുരിദാറുകളും സാരികളുമണിഞ്ഞ പെൺകുട്ടികൾ കുടകൾ ചൂടി ഒഴുകിപോയി. പെൺകുട്ടികളുടെ കൂട്ടത്തിൽനിന്നും ശ്യാമയെ കണ്ടുപിടിക്കാൻ നിധീഷിനായില്ല. ഇക്കാലങ്ങളിലെല്ലാം വിനോദിന്റെ വീട്ടിലെ ലൈബ്രറിയിൽ നിന്നും ഒരുപാട് പുസ്തകങ്ങൾ ശ്യാമയ്ക്ക് വായിക്കാനായി നിധീഷ് കൊണ്ടുപോയിട്ടുണ്ട്. ശ്യാമയ്ക്കിഷ്ടം കഥകളും യാത്രാവിവരണങ്ങളും നോവലുകളുമാണ്. കുറച്ചുദിവസങ്ങൾക്കുശേഷം വായന കഴിഞ്ഞ് മടങ്ങിവരുന്ന പുസ്തകങ്ങളിൽ ശ്യാമ എന്ന പെൺകുട്ടിയുടെ ഒരു ചെറു അടയാളമെങ്കിലും പറ്റിപ്പിടിച്ചിട്ടുണ്ടോയെന്ന് വിനോദ് ചികഞ്ഞുനോക്കും. ഒരു ചുവന്ന പൊട്ട്, പൂക്കളുടെ മണമേറ്റ് തളർന്ന ഒരു മുടിയിഴ, പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ അവൾ കഴിച്ചുകൊണ്ടിരുന്ന മുളകുപൊടിയിട്ട മാങ്ങാമണം, പിറ്റേന്ന് വായിക്കാനായി അതിരുവച്ച ബുക്ക്മാർക്ക്. എങ്ങനെയാവും അവൾ ഈ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാവുക? മരക്കൊമ്പിലിരുന്നോ? അതോ കട്ടിലിൽ കിടന്നോ? മൂന്ന് വർഷങ്ങൾക്കിടയിൽ ശ്യാമയുടെ വായനയുടെ രീതി തന്നെ മാറി. അവൾക്കിപ്പോൾ താല്പര്യം ആത്മകഥകൾ വായിക്കാനാണെന്ന് നിധീഷ് പറഞ്ഞു. ശ്യാമ ബി.എഡിന് ചേർന്നു. വിനോദെഴുതുന്ന കത്തുകൾ നിധീഷ് ശ്യാമയുടെ ഹോസ്റ്റൽ വിലാസത്തിൽ അയക്കാൻ തുടങ്ങി. ലേഡീസ് ഹോസ്റ്റലിലെ വാർഡന് കത്തുകൾ പൊട്ടിച്ചു വായിക്കുന്ന അസുഖമുണ്ടെന്ന് ശ്യാമ പറഞ്ഞെന്ന് നിധീഷ് അറിയിച്ചിരുന്നത് കാരണം വിനോദിന്റെ കത്തെഴുത്തു രീതിക്കുമൊരു മാറ്റം വന്നു. പ്രിയ ശ്യാമേ, മാക്‌സിം ഗോർക്കിയെ കടമെടുത്തു പറഞ്ഞാൽ ‘നീയൊരു മഹത്തായ പദമാണ്’. വായനയുടെ വസന്തം വിടരട്ടെ. വിപ്ലവം വരട്ടെ. ആയടുത്ത് വിനോദ് വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം നിധീഷ് ശ്യാമയ്ക്ക് ഹോസ്റ്റലിലിരുന്ന് വായിക്കാനായി കൊണ്ടുപോയി. പുസ്തകങ്ങൾ ഉറുമ്പരിക്കുന്നതുപോലെ പതിയെപ്പതിയെ വായിക്കുന്നതാണ് വിനോദിന്റെ ശീലം. ഒറ്റയടിക്ക് വായിച്ചുതീർത്താൽ അത് അലിഞ്ഞുതീരുമോ എന്നയാൾ പേടിച്ചു. ‘മലകളെ സ്‌നേഹിച്ച പെൺകുട്ടി’ എന്ന നീണ്ടകഥയാണത്. അപ്രസക്തനായ ഒരു എഴുത്തുകാരന്റെ ആദ്യപുസ്തകം. ആ പുസ്തകം വളരെ കുറച്ച് കോപ്പികളേ അച്ചടിച്ചിരുന്നുള്ളുവെന്ന് ഒരു പ്രസാധക സുഹൃത്ത് വിനോദിനോട് പറഞ്ഞിരുന്നു. ആ എഴുത്തുകാരൻ പിന്നീടൊന്നും എഴുതിയില്ല. ബ്ലർബ് വായിച്ചു നോക്കിയപ്പോൾ തന്നെ ആ പുസ്തകം വിനോദിന് ഇഷ്ടപ്പെട്ടിരുന്നു. കഥ ഇങ്ങനെയാണ്.

മലകളെ പെൺകുട്ടിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. കൊച്ചു കുട്ടിയായിരുന്നപ്പോൾ മുതൽ അവൾ താഴ്‌വാരത്തുവന്ന് മലകളെ നോക്കി നിൽക്കുമായിരുന്നു. ദൈവങ്ങളുടെ വീട് അവിടെയാണ്. അവിടെനിന്ന് കയ്യുയർത്തിയാൽ ആകാശത്തെ തൊടാം. വെളിച്ചം, ശബ്ദങ്ങൾ, മുഖവും നിറവുമില്ലാത്ത ആളുകൾ… അടിവാരത്തുനിന്നും കയറി വരുമ്പോൾ വെളിച്ചം പൊട്ടിച്ചിതറുന്നു. ശബ്ദങ്ങൾ പലയിടത്തു വീണുടയുന്നു. ആളുകളുടെ മുഖങ്ങൾ, അവരിട്ട ഉടുപ്പുകളുടെ നിറം, മുഖത്തെ ചിരി… എല്ലാം വെളിപ്പെടുത്തുന്നു. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. മഴ പൊഴിയാത്ത മലയിൽനിന്നും ഒരു നീല വർണ്ണക്കുട പറന്നുവന്നു. കാറ്റാടി മരങ്ങൾ കാറ്റിനൊപ്പം ചൂളം വിളിച്ചു: വരൂ, മല കയറി വരൂ….

കഥ ഇതുവരെ വായിച്ചുവച്ചപ്പോഴാണ് നിധീഷ് ആ പുസ്തകം കൊണ്ടുപോയത്. വായിക്കുമ്പോൾ മനസ്സിനെ റാഞ്ചിയെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വരച്ചുവയ്ക്കുന്ന ശീലം വിനോദിനുണ്ട്. പുസ്തകത്തിൽ ആദ്യ പേജിൽ വിനോദൊരു പടം വരച്ചുചേർത്തിട്ടുണ്ടായിരുന്നു. മലമുകളിലേക്കൊഴുകുന്ന വഴി, താഴ്‌വാരത്തെ നോക്കി ചരിഞ്ഞ മേൽക്കൂരകളുള്ള വീടുകൾ. സൂര്യപ്രകാശം ഇലകളിൽ തട്ടി ചിതറുന്നു.
കഥ മുഴുവനും വായിച്ചു തീർക്കാനാവാത്തതുകാരണം വിനോദ് കുറേ ദിവസം ശരിക്കും മുൾമുനയിൽ തന്നെയായിരുന്നു. പകുതി വായിച്ചുവച്ച പുസ്തകം ശ്യാമയ്ക്ക് കൊണ്ടുപോയികൊടുത്തതിൽ നിധീഷിന് കണക്കിന് ചീത്തകൊടുക്കുകയും ചെയ്തു. എഞ്ചിനീയറിംഗ് അവസാനവർഷ പരീക്ഷാ തിരക്കുകളിൽ പെട്ട് വിനോദ് ശ്യാമയെയും മലമുകളിലേക്കു പോകാൻ കൊതിക്കുന്ന പെൺകുട്ടിയുടെ കഥയേയും ശ്യാമയ്ക്ക് എഴുതിയിരുന്ന കത്തുകളേയുമെല്ലാം മറന്നു. പരീക്ഷാ ദിവസങ്ങളിലൊന്നും നിധീഷിനെ കാണാൻ പറ്റിയിരുന്നുമില്ല. ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കിട്ടി വളരെ പെട്ടെന്നുതന്നെ ഹൈരാബാദിലെ ഒരു കമ്പനിയിലേക്ക് വിനോദ് പോവുകയും ചെയ്തു. ഇടയ്ക്കവിടന്ന് വിളിച്ചപ്പോൾ ശ്യാമ ബി.എഡ്. ടീച്ചിംഗ് പ്രാക്റ്റീസൊക്കെ കഴിഞ്ഞ് എം.എ. ഇംഗ്ലീഷിന് വിമൻസ് കോളേജിൽ തന്നെ ചേർന്നെന്ന് നിധീഷ് പറഞ്ഞു.

ഏറെ വൈകാതെ അവിടന്ന് വിനോദ് യു.എസിലേക്ക് പോയി. ജീവിത തിരക്കിനിടയിൽ പല കൂട്ടുകാരേയുമെന്ന പോലെ നിധീഷിനെയും വിനോദിന് കളഞ്ഞുപോയി. ഇടയ്ക്ക് കല്യാണത്തിന് നാട്ടിൽ വന്നപ്പോൾ കല്യാണം ക്ഷണിക്കാനായി പണ്ടത്തെ പല കൂട്ടുകാരോടും നിധീഷിനെ ക്കുറിച്ച് അന്വേഷിച്ചെങ്കിലും ആർക്കുമൊരു അറിവുണ്ടായിരുന്നില്ല. ജോലികിട്ടാതെ കുറച്ചുനാൾ ഡിപ്രഷനിലായിരുന്നുവെന്നും അച്ഛന്റെ മരണത്തോടെ വാടക വീട് മാറി പാലക്കാടുള്ള അമ്മയുടെ താമസസ്ഥലത്തേക്ക് പോയെന്നും ഒരു പരിചയക്കാരൻ പറഞ്ഞു.

നിധീഷിനെ അന്വേഷിച്ച് പണ്ടവൻ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തൊക്കെ പോയി തിരക്കിയെങ്കിലും ആർക്കുമൊരറിവുമുണ്ടായിരുന്നില്ല. ശ്യാമയ്ക്കായി നൂറുകണക്കിന് കത്തുകളെഴുതിയിട്ടും ശ്യാമയുടെ വിലാസം അറിയില്ലല്ലോ എന്ന് വിനോദ് വേദനയോടെ ഓർമ്മിച്ചു. പ്രിയപ്പെട്ട ശ്യാമേ, ഏതാകാശത്തേക്കാവും ആ കത്തുകൾ ചിറകടിച്ച് പറന്നുപോയിട്ടുണ്ടാവുക? ശ്യാമയ്ക്ക് പബ്ലിക്ക് ലൈബ്രറിയിൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നതായി നിധീഷ് പറഞ്ഞത് വിനോദോർത്തു. അവിടെ പോയി ലൈബ്രേറിയനെ കണ്ടാൽ അയാൾ ശ്യാമയുടെ വിലാസം തരുമോ? കല്യാണ കാർഡ് കാണിച്ച് അത് അയക്കാനാണെന്ന് പറഞ്ഞുനോക്കാം. ഷർട്ടെടുക്കാനും സ്വർണ്ണം വാങ്ങാനുമുള്ള തിരക്കിനിടയിൽ വിനോദ് ആ കാര്യമങ്ങ് വിട്ടുപോയി. കൂട്ടുകാരോടൊന്നും പറയാതെ ഒളിച്ചുനടക്കുന്ന നിധീഷിനോട് ഒരു തരം അകൽച്ചയും വിനോദിന് തോന്നി. ഒരാൾ മനപ്പൂർവ്വം ഒളിച്ചിരിക്കാൻ തീരുമാനിച്ചാൽ പിന്നെയെന്തു ചെയ്യാനാകും? വീട് പെയിന്റടിക്കുന്നതിനിടെ മുറിയിലെ സാധനങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ വിനോദിന് പുസ്തകങ്ങളുടെ മണമടിച്ചു. അയാൾക്ക് ഏറ്റവും ഇഷ്ടമുള്ള മണം. പ്രിയപ്പെട്ട ശ്യാമേ, നിന്റെ പച്ചച്ചായം തേച്ച മുറി ഞാൻ കാണുന്നു. ചുംബനങ്ങളുടെ ചെമ്പരത്തിപ്പൂക്കളതാ ചെടിയിൽ നിന്നുമഴിഞ്ഞു വീഴുന്നു. ഓർമ്മകൾ മുറിയുന്നു.

(2)

എട്ടൊമ്പത് വർഷങ്ങൾ കഴിഞ്ഞാണ് പിന്നീട് വിനോദ് നാട്ടിൽ വരുന്നത്. മക്കൾ ആദ്യമായി നാടു കാണുകയാണ്. നിഷയ്ക്ക് റൂട്ട് കനാൽ ചെയ്യാനുണ്ടായിരുന്നു. അതിനായി അവർ സിറ്റിയിലെ ഒരു ഡെന്റിസ്റ്റിന്റെ ക്ലിനിക്കിലേക്ക് പോയി. കല്യാണം കഴിഞ്ഞ അന്ന് മുതൽ നിഷ പറഞ്ഞുതുടങ്ങിയ പല്ലുവേദനയാണ്. വലിയ ഒന്നുരണ്ടു പോടുകൾ അടച്ചു മാറ്റാനുണ്ടായിരുന്നു. പാവം നിഷ. ഇക്കണ്ട വർഷങ്ങളെല്ലാം ഗ്രാമ്പൂ കടിച്ചും മക്കളെ വളർത്തിയും ആ വേദന മറന്നു. എത്രയോ നാളായി മാറ്റി മാറ്റി വച്ച കാര്യമാണിത്. ‘ഹൃദയവേദനയെക്കാൾ വലുതാണ് പല്ലുവേദന’യെന്ന് നിഷയൊരിക്കൽ പറയുകയും ചെയ്തു. നിഷയ്ക്കങ്ങനെ സാഹിത്യം കൊരുത്തു സംസാരിക്കുന്നതിനോടൊന്നും വലിയ മതിപ്പില്ല. വായന ഒട്ടുമില്ല. തടിമാടൻ പുസ്തകങ്ങൾക്കിടയിൽ പെട്ട് ഉറങ്ങാതിരിക്കുന്ന വിനോദിനെ അവൾ നുള്ളി ശരിപ്പെടുത്തും. കുലുക്കിയുണർത്തി സങ്കൽപ്പലോകത്തു നിന്നും വലിച്ചിറക്കി താഴെ കൊണ്ടുവരും. ജോലിത്തിരക്കുകൾക്കിടയിലും വിനോദ് വായന വിട്ടില്ല. നോവലുകൾ വിട്ട് അയാൾ കവിതയിലേക്ക് കയറി പോയിരുന്നു.

കവിതകൾ ഉറക്കെ വായിക്കാൻ തുടങ്ങിയിരുന്നു അയാൾ. ശബ്ദം കൂടി കൂടി ആയിരം വാതിലുകൾ ഒരുമിച്ചടയുന്നു. ഇരുട്ടുപരക്കുന്നു. ഒരിക്കലവർ കമ്പനിയിൽനിന്നും കൊളറാഡോയിലേക്ക് ഒരു യാത്ര പോയി. ഒരു ഞായറാഴ്ചയായിരുന്നു. വൈൽഡ് വെസ്റ്റ് സിനിമകളിലൊക്കെ കണ്ടിട്ടുള്ള ചുവന്ന മണ്ണുള്ള ഭൂമി അയാളെ മത്തുപിടിപ്പിച്ചു. വെള്ളച്ചാട്ടങ്ങളുടെ അലർച്ച കേട്ടപ്പോൾ അയാൾക്ക് അതിലേയ്ക്ക് എടുത്തു ചാടണമെന്ന് തോന്നി. മലകളും കാടും മഞ്ഞും പൊഴിഞ്ഞുവീഴുന്ന ഓറഞ്ച് ഇലകളും. നെരൂദയേയും ലോർകയേയും അയാൾ ചീത്തവിളിച്ചു. ഈ നശിച്ച് ഭ്രാന്ത് തന്നിലേക്ക് കുത്തിനിറച്ചത് അവരാണ്. അയാൾക്ക് തലചുറ്റി പെട്ടെന്നയാൾ ശ്യാമയ്ക്ക് എഴുതുമായിരുന്ന പ്രണയലേഖനങ്ങളെക്കുറിച്ചോർത്തു. പ്രിയ ശ്യാമേ… നീ എന്തു ചെയ്യുന്നു? നെരൂദയുടെ പൂന്തോട്ടത്തിൽനിന്നും ഞാൻ നിനക്കുവേണ്ടി പറിച്ചുവച്ച ഒരു കൂട പൂക്കൾ. ഇത് മണത്ത് നീ ഒരായുഷ്‌കാലം മുഴുവനും മയങ്ങി കിടക്കുക. നക്ഷത്രങ്ങളിൽ നിനക്ക് എന്റെ കാവൽ കൊളറാഡോയിൽനിന്നും തിരികെ വന്ന ശേഷം അയാൾ കവിതകൾ വായിക്കാതെയായി. പിന്നെ കുറേക്കാലം അപസർപ്പക നോവലുകൾ വായിച്ചു തള്ളിനീക്കി. മനുഷ്യർ ജനിക്കുന്നതേ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവാൻ വേണ്ടിയാണെന്ന് അക്കാലങ്ങളിൽ അയാൾ ചിന്തിച്ചു. വിനോദ് ആളാകെ മാറി. ഇപ്പോഴിതാ നാട്ടിൽവന്നപ്പോഴും വിനോദിന് പഴയ കൂട്ടുകാരെ കാണാൻ തോന്നിയില്ല. നിഷയുടെ പല്ലുവേദനയ്ക്ക് ഒരു തീർപ്പുണ്ടാക്കലായിരുന്നു നാട്ടിലെത്തിയ ശേഷമുള്ള ആദ്യത്തെ കാര്യം. നാട്ടിൽനിന്നും കുറേ ദൂരം യാത്രചെയ്ത് സിറ്റിയിലെ ഒരു ക്ലിനിക്കിലെത്തി. വിനോദിന് അന്നവിടെ ഒരുപാട് നേരം കാത്തിരിക്കേണ്ടിവന്നു. പല്ല് ക്ലീൻ ചെയ്യുന്നതും റൂട്ട് കനാൽ ചെയ്യുന്നതും രണ്ടുമൂന്ന് മണിക്കൂറുകളെങ്കിലുമെടുക്കുമെന്ന് ഡോക്ടറുടെ സഹായി അറിയിച്ചു. കാത്തിരിക്കുന്ന സമയങ്ങളിൽ എപ്പോഴുമെന്നപോലെ വിനോദ് ആഴ്ചപ്പതിപ്പുകളും മാസികകളും മറിച്ചുനോക്കാൻ തുടങ്ങി. കാത്തിരിപ്പുകേന്ദ്രങ്ങളിൽ വിതറിയിട്ടിരിക്കുന്ന മാസികകളൊന്നുമൊരിക്കലും വിനോദിന് ആസ്വദിക്കാനായിട്ടില്ല. ബോറടിച്ച് ക്ലിനിക്കിനുള്ളിലൂടെ നടക്കാൻ തുടങ്ങി. വളരെ വലിയ ഒരു ക്ലിനിക്കാണത്. ലോകത്തിൽ ചോക്കലേറ്റ് തിന്നുന്ന കുട്ടികളുള്ളിടത്തോളം കാലം ഇത്തരം ക്ലിനിക്കുകളുമുണ്ടാവും. സെറാമിക് ചട്ടികളിലെ മണിപ്ലാന്റ് ജനാല വഴി വളർന്നൊഴുകുന്നു. അവിടെ ചുറ്റിത്തിരിയുന്നതിനിടെ വിനോദ് ക്ലിനിക്കിന്റെ മൂലയിലായി ഒരു ബുക്ക് ഷെൽഫും രണ്ടു കസേരകളും കണ്ടു. തിരക്കിനിടയിൽനിന്നുമൊളിച്ച് ഒരാൾക്ക് അവിടെയിരുന്ന് വായിക്കാം. വിനോദ് ഷെൽഫ് തുറന്ന് പുസ്തകങ്ങളെടുത്ത് മറിച്ചുനോക്കാൻ തുടങ്ങി. അങ്ങനെ മറിച്ചുനോക്കാൻ നല്ല രസമാണ്. വീടുകളിൽ, ലൈബ്രറിയിൽ, ഫുട്പാത്തിലൊക്കെ അങ്ങനെ പുസ്തകം തൊട്ടും തടവിയും നിൽക്കാൻ ഒരു പ്രത്യേക സുഖമാണ്. നല്ല വൃത്തിയായി പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന ആ ബുക്ക് ഷെൽഫ് അയാൾക്ക് ഒരുപാടിഷ്ടമായി. അതിൽ ‘കോളറക്കാലത്തെ പ്രണയ’വും ‘ആരോഗ്യ നികേതന’വും ഉണ്ടായിരുന്നു. പ്രിയ പുസ്തകങ്ങൾ. അതേ വരിയിൽത്തന്നെ പെട്ടെന്നൊരു പുസ്തകത്തിൽ അയാളുടെ കണ്ണുടക്കി. കോളേജ് കാലത്ത് വായിച്ച ‘മലകളെ സ്‌നേഹിച്ച പെൺകുട്ടി’ എന്ന പുസ്തകം! എന്തെന്നില്ലാത്ത ഒരു ആവേശം അയാളെ വീർപ്പുമുട്ടിച്ചു. കാത്തിരിപ്പു മുറിയിൽ ആ പുസ്തകവുമായി അയാൾ വായനയ്ക്ക് തയാറെടുത്തു. പുസ്തകം തുറന്നപ്പോൾ അയാൾ ശരിക്കും ഞെട്ടി. ആദ്യ പേജിലതാ താൻ വരച്ച ചിത്രം. സ്വന്തം രക്തത്തെ തൊട്ടതുപോലെ അയാൾക്കു തോന്നി. ദൈവമേ, ഇതല്ലേ പണ്ട് നിധീഷ് ശ്യാമയ്ക്ക് കൊടുക്കാനായി വീട്ടിലെ ലൈബ്രറിയിൽ നിന്നുമെടുത്തുകൊണ്ടുപോയ പുസ്തകം. പുസ്തക അലമാരയിൽ നിറയ്ക്കാനായി സെക്കന്റ് ഹാന്റ് കച്ചവടക്കാരിൽനിന്നും ഈ ക്ലിനിക്കുകാർ വാങ്ങി വച്ചതാവും. അതിശയം തന്നെ. ഈ പുസ്തകം കറങ്ങിത്തിരിഞ്ഞ് ഇവിടെയെത്തിയല്ലോ. തന്റെ കൈകൊണ്ടതിനെ തൊടാനായല്ലോ. വിനോദ് പണ്ടു വായിച്ചുവച്ച കഥയുടെ തുടർച്ച മനസിൽ തെളിഞ്ഞുവന്നു. അയാൾ വായിക്കാൻ തുടങ്ങി.

”പെൺകുട്ടി കാമുകനുമായി മലമുകളിലേക്കു പോകാൻ തീരുമാനിച്ചു. കോളേജിൽനിന്നും ക്ലാസ് കട്ട് ചെയ്ത് ഒരു ദിവസം പോകാം എന്നായിരുന്നു അവരുടെ തീരുമാനം. സാധാരണ ക്ലാസ് കട്ട് ചെയ്ത് ബീച്ചിലോ പാർക്കിലോ പോയിരിക്കുകയായിരുന്നു അവരുടെ പതിവ്. മ്യൂസിയത്തിന്റെ കൽബെഞ്ചുകളിൽ നിരവധി കാമുകീകാമുകന്മാരുണ്ടാകും. അവർ ഏകാകികളായിരുന്ന് ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നെയ്ത്കൂട്ടും. നിറയെ പത്തുമണി ചെടികളും വയസൻ മരങ്ങളുമുള്ള മ്യൂസിയം വളപ്പിലെ കൽബെഞ്ചിലിരുന്നാണ് പെൺകുട്ടിയും കാമുകനും ആ യാത്രയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പങ്കുവച്ചത്. ‘കവിതയുടെ വീട്ടിൽ കമ്പയിൻ സ്റ്റഡിക്ക് പോവുകയാണെന്ന് വീട്ടിൽ പറഞ്ഞാ മതി. രാത്രി അവിടെ കിടന്നിട്ട് പിറ്റേന്ന് രാവിലെ അവിടന്ന് കോളേജിൽ പോകുമെന്ന് പറ. കവിതയുടെ ഫോൺ നമ്പർ തെറ്റിച്ച് എഴുതി കൊടുത്താൽ മതി. കാമുകൻ അവളുടെ ചെവിയിൽ പറഞ്ഞു. പ്രണയത്തിൽ തെറ്റുകളില്ല. ശരികൾ മാത്രമേയുള്ളൂ. ഏതു കള്ളവും സത്യമായി തീരുന്ന കാലമാണ്. നിറഞ്ഞ ഹൃദയത്തോടെ ചുണ്ടിലൊരു പുഞ്ചിരിയുമായാണ് പെൺകുട്ടിയന്ന് കോളേജിലേക്ക് പോയത്. കവിതയെ പറഞ്ഞ് സമ്മതിപ്പിക്കാൻ ഒരുപാടുമില്ല. തന്റെ ഇഷ്ടങ്ങളും വേദനകളുമെല്ലാം അറിയാവുന്ന കൂട്ടുകാരിയാണവൾ. എത്രയോ ദിവസം അവൾക്ക് തനിക്ക് കൂട്ടുവന്നിരിക്കുന്നു. ചുരം ചുറ്റി മലയിലേക്ക് പറക്കുന്ന ഒരു പക്ഷിയുടെ മനസ്സായിരുന്നു അവൾക്കപ്പോൾ. പിറ്റേന്ന് ഏതു ചുരിദാറിടുമെന്ന് അവൾ മനസിലോർത്തു. ചുരിദാറിന് മാച്ചായ വളകളും മാലയും കമ്മലും എടുത്തു വയ്ക്കണമെന്നോർത്ത് അവൾ വീട്ടിലേക്കുള്ള വണ്ടി നോക്കി ബസ് സ്റ്റോപ്പിൽ നിന്നു.”

‘നിഷയുടെ കൂടെ വന്നതാരാ?’

ക്ലിനിക്കിന്റെ ഫ്രണ്ട് ഓഫീസിൽനിന്നുമാരോ വിളിച്ചു ചോദിച്ചു. വായിച്ചുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വന്ന് വിളിച്ചാൽ വിനോദിന് വല്ലാതെ ദേഷ്യം വരും. അങ്ങനെ മുറിഞ്ഞുപോയാൽ പിന്നെ വായനയ്ക്ക് ഒരു സുഖവുമുണ്ടാവില്ല. മനസ്സില്ലാ മനസ്സോടെ ആ ബുക്ക് തിരികെ വച്ച് വിനോദ് ബില്ലടയ്ക്കാനായി നടന്നു. വായ തുറക്കാൻ വയ്യെങ്കിലും വിനോദിനെ കണ്ടയുടനെ ഐസ്‌ക്രീം വേണമെന്ന് നിഷ പറഞ്ഞൊപ്പിച്ചു. ‘ഇനി ഒരാഴ്ച കഴിഞ്ഞ് വന്നാ മതി’ ഫ്രെണ്ട് ഓഫീസിലെ പെൺകുട്ടി പറഞ്ഞു. അന്ന് വരുമ്പോൾ ബാക്കി കഥ വായിക്കാം എന്ന് വിനോദ് മനസിലോർത്തു.

‘ഡോക്ടർ നല്ല വാനയക്കാരനാണല്ലേ. ഒരുപാട് പുസ്തകങ്ങളുണ്ടല്ലോയിവിടെ’ വിനോദ് പെൺകുട്ടിയോട് ചോദിച്ചു.
‘അത് ഡോക്ടറുടെ വൈഫിന്റെ കളക്ഷനാണ്. അവർ ഒരുപാട് വായിക്കും. ഇടയ്ക്ക് അവരിവിടെ വന്നിരിക്കുമ്പോൾ വായിക്കാനായി കൊണ്ടുവച്ച പുസ്തകങ്ങളാണ്. ഇതുകേട്ട് വിനോദ് വീണ്ടുമൊന്ന് ഞെട്ടി. ഡോക്ടറുടെ ഭാര്യയുടെ പേര് ശ്യാമ എന്നാണോയെന്ന് ചോദിക്കാൻ ഒരായിരം വട്ടം അയാൾ മനസ്സുകൊണ്ട് തയാറെടുത്തെങ്കിലും സന്ദർഭത്തിന് നിരക്കാത്ത ഒന്നായിരിക്കുമോ ആ ചോദ്യമെന്ന് അയാൾക്ക് തോന്നി.
വീട്ടിലെത്തിയിട്ടും രണ്ടുമൂന്ന് ദിവസം ഈ സംഭവം വിനോദിന്റെ മനസ്സിൽ ചുഴലിക്കാറ്റുപോലെ കിടന്നുരുണ്ടു. തിരികെ പോകാനുള്ള ചില പേപ്പറുകൾ ശരിയാക്കാനുള്ളതുകൊണ്ട് അടുത്തയാഴ്ച അയാൾക്ക് നിഷയുടെ കൂടെ ക്ലിനിക്കിൽ പോകാനായില്ല. പതുക്കെ അയാളാ സംഭവം മറന്നേപോയി.

(3)

പിന്നീട് ഒന്നുരണ്ടു വർഷം കഴിഞ്ഞ് വിനോദ് നാട്ടിൽ വന്നെങ്കിലും ഒരാഴ്ചക്കുള്ളിൽ തിരികെ പോയി. ഏകദേശം ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ് പിന്നീട് വിനോദും കുടുംബവും നാട്ടിലേക്ക് വന്നത്.
അയാളുടെ മക്കൾ വായനക്കാരായിരുന്നില്ല. ഷട്ടിലും ക്യാരംസുമായിരുന്നു അവർക്കിഷ്ടം. യു.എസ്സിൽനിന്നും നാട്ടിൽ വന്നു താമസമാക്കിയ ചില കുടുംബ സുഹൃത്തുക്കൾക്കൊപ്പം വിനോദും കുടുംബവും ഒരു ഗെറ്റ് ടുഗദറിനായി കൊടകിലേക്കു പോയി. കൊടകിൽ കാപ്പിത്തോട്ടങ്ങളും നടുവിലെ ഒരു ഹോംസ്റ്റേയിലായിരുന്നു ഗെറ്റ്ടുഗതർ. മഞ്ഞ് ഒരു പുതപ്പുപോലെ കൊടകിനെ മൂടിക്കിടന്നു. മഞ്ഞും കാപ്പിത്തോട്ടങ്ങളുപം ചേർന്ന് ഒരു കവിത എഴുതുകയാണ്. കാലത്തേ എല്ലാവരും പൂന്തോട്ടത്തിൽ നടക്കാൻ പോയി. തോട്ടത്തിൽനിന്നും പറിച്ചുകൊണ്ടുവന്ന പച്ചക്കറികൾ വച്ച് ഉച്ചഭക്ഷണം തയ്യാറാക്കി. പാട്ട് കേട്ടും നൃത്തം വച്ചും ക്യാരംസ് കളിച്ചും കളിതമാശകൾ പറഞ്ഞും അവർ കൂട്ടായ്മ ശരിക്കാസ്വദിച്ചു. രാത്രി അത്താഴം കഴിഞ്ഞ് പല പല ഗ്രൂപ്പുകളായി തിരിഞ്ഞ് അന്താക്ഷരി കളിക്കാൻ തുടങ്ങി. വിനോദ് പതിയെ നടന്ന് ലോബിയിലേക്ക് പോയി. ഒരു ജോലിക്കാരൻ അവിടെ ഇരുന്നുറങ്ങുന്നുണ്ട്. കൊടകിന്റെ പ്രകൃതി ദൃശ്യങ്ങൾ ചുവരിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. മലനിരകളുടെയും കാടുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും കാപ്പിത്തോടങ്ങളുടെയും ചിത്രങ്ങൾ. അവിടെ ഒരു ഷെൽഫിൽ മനോഹരമായി ഒരുപാട് പുസ്തകങ്ങൾ അടുക്കിവെച്ചിട്ടുണ്ട്. ടൂർ ഗൈഡ് പുസ്തകങ്ങളുടെ പടം നോക്കാൻ വിനോദിന് ഒരുപാടിഷ്ടമാണ്. എത്രനേരം വേണമെങ്കിലും അങ്ങനെ മറിച്ചു നോക്കിയിരിക്കാം. പിന്നെയുള്ളത് കോഫീ ടേബിൾ ബുക്കുകളാണ്. ഒറ്റയിരിപ്പിന് അഞ്ചാറെണ്ണം വരെ മുട്ടായി പോലെ തിന്നു തീർക്കാം. പുസ്തകങ്ങൾ എടുത്ത് മാറ്റുന്നതിനിടയിൽ ചിരപരിചിതമായ ആ പുസ്തകം അയാളെ എത്തിനോക്കി. ‘മലകളെ സ്‌നേഹിച്ച പെൺകുട്ടി’ വിനോദിന് സന്തോഷവും സങ്കടവും ഒരുമിച്ച് പൊട്ടിവന്നു. ഹൃദയത്തിലാരോ ഒരു ചുറ്റിക കൊണ്ട് ആഞ്ഞടിക്കുന്നു. വെളുത്ത കാപ്പിപ്പൂക്കളുടെ മണം മഞ്ഞിനോട് ചേരുമ്പോൾ, എന്തെന്ത് പേടികളെയാണ് അത് മനസിൽ കുത്തിവയ്ക്കുന്നത്. വിറയലോടെ അയാൾ പുസ്തകം തുറന്നു. ആദ്യ പേജിൽ അയാൾ വരച്ച ചിത്രം. നിലാവ് പെയ്യുന്ന രാത്രിയെ അയാൾക്ക് ഭയമായി. വർഷങ്ങൾക്ക് മുമ്പ് അയാളുടെ കയ്യിൽനിന്നും ശ്യാമയ്ക്ക് കൊടുക്കാനായി നിധീഷ് കൊണ്ടുപോയ അതേ പുസ്തകം. പിന്നെ ഡെന്റിസ്റ്റിന്റെ ക്ലിനിക്കിൽവച്ച് അയാൾ വീണ്ടും കണ്ട പുസ്തകം. ഈ പുസ്തകം കറങ്ങിത്തിരിഞ്ഞ് വീണ്ടും തന്റെ കയ്യിൽതന്നെ വന്നുപെട്ടിരിക്കുന്നല്ലോ. ഇതിൽനിന്നും തനിക്ക് മോചനമില്ലേ. ഹോംസ്റ്റേ നടത്തിപ്പുകാർ പല സ്ഥലങ്ങളിൽ നിന്നും വാങ്ങിവച്ച പുസ്തകങ്ങളായിരിക്കും. ഇന്ന് എന്തായാലും ആ നീണ്ടകഥ മുഴുവനും വായിച്ചേ മതിയാകൂ. പകുതി വായിച്ചു വച്ച പുസ്തകം വല്യ നീറ്റലാണ്. ആ രാത്രി ഒരു കപ്പ് കാപ്പിയുമൊത്ത് വിനോദ് വായനയിൽ മുഴുകി. വർഷമേറെ കഴിഞ്ഞിട്ടും വായിച്ചു നിർത്തിയ ഭാഗം അയാൾ ഇന്നലെ എന്നപോലെ ഓർക്കുന്നുണ്ടായിരുന്നു. രാത്രിയിൽ ഒറ്റയ്ക്കിരുന്ന് വായിക്കാൻ വിനോദിന് ഇഷ്ടമാണ്. ലോകം മുഴുവനുമുറങ്ങുമ്പോൾ ഉറങ്ങാതിരിക്കുന്ന ആ വായനക്കാരനില്ലേ, ഏതൊരു എഴുത്തുകാരനേക്കാളും സുന്ദരനായ ആ വായനക്കാരൻ. അതാകാനായിരുന്നു വിനോദിനിഷ്ടം. ഭയവും സന്തോഷവും കൂടിക്കലർന്ന മനോനിലയിൽ വിനോദ് ആ നീണ്ട കഥയുടെ അടുത്ത ഭാഗം വായിച്ചു.

പെൺകുട്ടി കാമുകനെ കെട്ടിപ്പിടിച്ച് ബൈക്കിലിരുന്നു. അവർ കാറ്റുപോലെ പറന്ന് മലയെ തൊടാൻ പോയി. ഒരുമിച്ച് ജീവിക്കാൻ അവർ മനസുകൊണ്ട് ഉറപ്പിച്ചിരുന്നു. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ കൂടി എടുക്കേണ്ടതായിട്ടുണ്ടായിരുന്നു. ഒരു വിശ്രമസങ്കേതത്തിൽ മുറി പറഞ്ഞുവച്ചിട്ടുണ്ട്. വഴിയിൽ കഴിക്കാനുള്ള ഭക്ഷണം, കുടിക്കാനുള്ള വെള്ളം എല്ലാം പെൺകുട്ടി കരുതിയിരുന്നു. രണ്ടാമത്തെ ഹെയർപിൻ മുതലാണ് കുറേ ചെറുപ്പക്കാർ ബൈക്കിനു പിന്നാലെ വന്ന് അവരെ ശല്യപ്പെടുത്തിയത്. മലഞ്ചെരുവിൽ വച്ചേ അവർ പിന്നാലെയുണ്ട്. അവരെ ശ്രദ്ധിക്കാതെ പെൺകുട്ടി കാമുകനോട് ചേർന്നിരുന്നു. ‘ഹെൽമറ്റ് എടുത്തു മാറ്റെടീ. കാണട്ടെ നിന്റെ മുഖം’. ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഒരുമിച്ചുള്ള യാത്രയാണ് അവരെ അസ്വസ്ഥരാക്കിയത്. ബൈക്കിരമ്പിയും നിർത്താതെ ഹോണടിച്ചും മുന്നിൽ കയറി സ്പീഡ് കൂട്ടിയും കൂകിവിളിച്ചും വഴിതടഞ്ഞും അവർ ശല്യപ്പെടുത്താൻ തുടങ്ങി. അഞ്ചാമത്തെ ഹെയർപിന്നിൽ വച്ച് ചെറുപ്പക്കാരുടെ ബൈക്കിനെ വെട്ടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയും കാമുകനും സഞ്ചരിച്ച ബൈക്ക് മറിഞ്ഞു. തുമ്പികളെപ്പോലെയാണവർ മരണത്തിലേക്ക് പറന്നുപോയത്. മലമുകളിലെ പ്രഭാതം അവർക്ക് എന്നെന്നേക്കുമായി നഷ്ടമായി. വൈകുന്നേരത്തോടെ ടി.വി.യിൽ വാർത്ത വന്നു. തിരിച്ചറിയാൻ പറ്റാത്ത ഒരു യുവാവിനും യുവതിക്കും ഹൈറേഞ്ചിൽ വച്ച് അപകടം സംഭവിച്ചിരിക്കുന്നു. വാർത്ത ടി.വി.യിൽ കേൾക്കുകയായിരുന്നു പെൺകുട്ടിയുടെ അച്ഛനുമമ്മയും. കമ്പിളിനൂലുകൊണ്ട് ഉടുപ്പു തുന്നിക്കൊണ്ടിരുന്ന അമ്മ ആ സമയം തന്റെ മകളെ ഓർത്തു. ലോകത്തെ ഏതൊരു അമ്മയേയും പോലെ. കവിതയുടെ വീട്ടിലേക്ക് ഒന്ന് ഫോൺ ചെയ്ത് മകളുടെ ശബ്ദമൊന്ന് കേൾക്കണമെന്ന് അമ്മയ്ക്ക് തോന്നി. പഠിത്തത്തെ തടസ്സപ്പെടുത്തേണ്ട എന്നുവിചാരിച്ച് അവർ പൂന്തോട്ടം നനയ്ക്കാനായി പോയി. മഴ ചാറാൻ തുടങ്ങി.

കഥ അവസാനിക്കുകയാണ്. വായിച്ചുകഴിഞ്ഞ പുസ്തകം നെഞ്ചിൽ തന്നെ വച്ച് അയാൾ അവിടെയിരുന്നു. പേടിപ്പെടുത്തുന്ന നിശ്ശബ്ദത അയാളെ പുണർന്നു. വിഷാദം നിറഞ്ഞ കഥാ സന്ദർഭങ്ങൾ വായിക്കുമ്പോൾ എപ്പോഴുമെന്ന പോലെ അയാൾ പൊട്ടിക്കരഞ്ഞു. നിഷയും കുട്ടികളും കൂട്ടുകാരുമൊന്നും അയാളെ തേടിവന്നില്ല. നെഞ്ചിലെ ചൂടും മിടിപ്പും പുസ്തകത്തിലേക്കു പടർന്നു. അയാൾ ഉറക്കത്തിന്റെ കായലിലേക്ക് മുങ്ങി മുങ്ങി താഴ്ന്നു.

പിറ്റേന്ന് കാലത്ത് ചെക്ക്ഔട്ട് ചെയ്യുമ്പോൾ ഹോംസ്റ്റേയിലെ സ്റ്റാഫ് വിനോദിനോട് ഒരു റിവ്യൂ എഴുതാൻ ആവശ്യപ്പെട്ടു. വിസിറ്റേഴ്‌സ് ബുക്കിൽ ചൂടുകാപ്പി, ഓപ്പൺ ടോയ്‌ലറ്റ്, പൂന്തോട്ടം എല്ലാം നന്നായി എന്നയാൾ കുറിച്ചു. ‘വളരെ മനോഹരമാണ് ഇവിടത്തെ ലൈബ്രറി. ചെറുപ്പത്തിൽ വായിച്ച കുറേ പുസ്തകങ്ങൾ ഇവിടെ കണ്ടു.’ വിനോദ് പറഞ്ഞു.

പെട്ടികൾ എടുത്തു കാറിൽ വയ്ക്കുന്നതിനിടെ നൈറ്റ് വാച്ചർ ഒരു രഹസ്യം പറയുമ്പോലെ വിനോദിനോട് പറഞ്ഞു: സാറ് പറഞ്ഞില്ലേ പുസ്തകങ്ങൾ. അതിവിടത്തെ മാഡത്തിന്റെ പുസ്തകങ്ങളാണ്. അവരത് കേരളത്തിൽനിന്നും കൊണ്ടുവന്നതാണ്. മാഡം എപ്പോഴും വായന തന്നെയാണ്. മാഡം എന്നുപറഞ്ഞാൽ ഇവിടുത്തെ സാബിന്റെ ഭാര്യയൊന്നുമല്ല. കേരളത്തിലെ ഏതോ ഡോക്ടറുടെ ഭാര്യയാണെന്നാണ് എല്ലാരും പറയുന്നത്. അവരെ ഇവിടെ മടിക്കേരിയില് കൊട്ടാരം പോലുള്ള ഒരു ബംഗ്ലാവിൽ താമസിപ്പിച്ചിരിക്കുകയാണ്. അവിടെ ഞാനൊരിക്കൽ പോയിട്ടുണ്ട്. മുഴുവനും പുസ്തകങ്ങളാണ്. പുസ്തകങ്ങളെ വഴി തട്ടി നടക്കാൻ പറ്റില്ല. നമുക്ക് ശ്വാസം മുട്ടും. മാഡം ഇവിടെ ഇടയ്ക്കുവന്ന് ഒന്നുരണ്ടു ദിവസം താമസിച്ചിട്ടുപോകും. അപ്പോ വായിക്കാനാണ് ഇവിടുത്തെ പുസ്തകങ്ങൾ. കാപ്പിയൂതിക്കുടിച്ചും സിഗരറ്റ് വലിച്ചും പുസ്തകം വായിച്ച് ഒരുപാട് സമയമിവിടെ ഇരിക്കും. സാറിന്നലെ ചെക്കിൻ ചെയ്തപ്പോൾ അവരിവിടെ ഉണ്ടായിരുന്നു. കണ്ടിരുന്നോ നീണ്ട മുടിയുള്ള മാഡം.”

രഹസ്യങ്ങൾ പങ്കുവയ്ക്കുമ്പോൾ വാച്ചറുടെ മുഖഭാവം കണ്ടാൽ കോഴിയെ അറുക്കുന്നതു പോലെയുണ്ട്. അമ്പരപ്പും ഭയവും വിനോദിന്റെ മുഖത്ത് പച്ചകുത്തി. അയാൾ ചിരിച്ചുകൊണ്ടത് മായ്ക്കാൻ ശ്രമിച്ചു.

കൂടെയുള്ളവരെല്ലാം തിരികെ പോകാനായി വണ്ടിയിൽ കയറി. വിനോദ് റിസപ്ഷനിലേക്ക് തിരിച്ചു നടന്നു. ഒരു പേപ്പറും പേനയും ചോദിച്ചു. അയാൾ എഴുതാൻ തുടങ്ങി. പണ്ട് പണ്ട് ശ്യാമയ്ക്ക് എഴുതിയിരുന്നതുപോലെ. എരിയുന്ന തീയും ഭൂമിയിലെ പാപികളുമുള്ള നരഗമാണെന്റെ സ്വർഗ്ഗം. അയാളുടെ ഹൃദയം മുറിഞ്ഞു. ആ കടലാസ്സ് അയാൾ റിസപ്ഷനിൽ കൈമാറി. ഇവിടത്തെ പുസ്തകങ്ങളെ കുറിച്ചാണ്, ഇത് ശേഖരിച്ചു വച്ചയാൾക്ക് കൊടുത്തേക്കൂ എന്നു പറഞ്ഞ് അയാൾ കാറ്റിന്റെ വേഗത്തിൽ തിരിച്ചുനടന്നു.

ചെക്കിൻ ചെയ്ത ദിവസം പൂന്തോട്ടത്തിലിരിക്കുമ്പോൾ നീണ്ട മുടി പിന്നിയിട്ട് പിൻതിരിഞ്ഞു നടന്നുപോയ ആരെയോ ഒരാളെ കണ്ടത്. അയാൾ സ്വപ്‌നം പോലെ ഓർത്തു. കുർത്തയിലെ പൂക്കളും കാറ്റിലാടുന്ന മുടിയിഴകളും, തൂക്കു കമ്മലും. ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ… വർഷങ്ങളായി താൻ കാണാനാഗ്രഹിച്ച ശ്യാമയുടെ മുഖം. തന്റെ കയ്യക്ഷരം ശ്യാമ തിരിച്ചറിയും. പ്രതീക്ഷയോടെ അയാൾ കാറിൽ കയറി. എത്രയും പ്രിയപ്പെട്ട ശ്യാമേ… മലമുടിയിൽനിന്ന് ചൂളം വിളിച്ചെത്തുന്ന കാറ്റാടി മരങ്ങളിലെ തണുത്ത കാറ്റും ഒരു കൂട്ടം നീല കാട്ടുപൂക്കളും എന്റെ സമ്മാനമായി ഞാൻ തരുന്നു. നിന്നെക്കാത്തിരിക്കുന്ന ഈ വഴിയിലെ പൂക്കളോട് ഞാനെന്ത് പറയണം? നിനക്ക് വേണ്ടി കാത്തിരിക്കുന്ന മരങ്ങളോട്, കിളികളോട് ഞാനെന്തു പറയണം?

കൊടകിറങ്ങുമ്പോൾ സന്തോഷവും സങ്കടവും പേടിയും അനുരാഗവും ഇടകലർന്ന മനസ്സോടെ തനിക്ക് പല പ്രാവശ്യം വായിച്ചിട്ടും മനസ്സിലാകാത്ത ചില പുസ്തകങ്ങളെ ഓർത്ത് വിനോദ് ഉറങ്ങിപ്പോയി.

71 thoughts on “ശ്യാമയ്ക്കുള്ള കത്തുകൾ

  1. വീണേ, ഗംഭീരകഥ! പേടിയും മിസ്റ്ററിയും അനുഭവപ്പെടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner