ദി ലാസ്റ്റ് പെർഫോമൻസ്
എന്റെ അച്ഛൻ
ഇന്നലെ ഒരു സർക്കസ് കാണിച്ചു
മുൻപ് പന്തുകൾ കൊണ്ട് അമ്മാനമാടി
അച്ച്ഛൻ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട്
അമ്മയും ഞാനും
എന്റെ രണ്ട് അനുജത്തിമാരും
അത് കണ്ട് ചിരിക്കുമായിരുന്നു
പക്ഷേ ഇന്നലെ മുതൽ
അമ്മ കരച്ചിലായിരുന്നു
തീറ്റ കൊടുക്കാൻ കാശില്ലാതെ ചത്ത് പോയ
പശുവിന്റെ കയറിലാണ് അച്ഛൻ
സർക്കസ് കാണിച്ചത്
കണ്ണ് തുറിച്ച്
നാക്കെല്ലാം നീട്ടി
കഴുത്ത് വലിഞ്ഞ് മുറുകിയ
സർക്കസ് കണ്ട
കൊച്ചരി പല്ലുകളുള്ള എന്റെ അനുജത്തിമാർ
അച്ച്ഛൻ പേടിപ്പിച്ച് പറ്റിക്കുന്നതാണ്
എന്ന് കരുതി ചിരിച്ചു കൊണ്ടിരുന്നു
എന്റെ അച്ച്ഛൻ
കർഷകനായിരുന്നു
മണ്ണിനെ അച്ഛനും
അച്ഛനെ മണ്ണിനും ഇഷ്ടമായിരുന്നു
അമ്മയറിഞ്ഞു കൊണ്ടുള്ള
ഈ പ്രേമത്തിൽ
ഗോതമ്പും റാഗിയും
ചോളവും ബജ്റയും
പൂത്തു കായ്ക്കുമായിരുന്നു
ക്രിക്കറ്റും, സിനിമയും
അച്ച്ഛനും എനിക്കും ഇഷ്ടമായിരുന്നു
സച്ചിൻ ദൈവമാണെന്ന് പറയുമ്പോൾ
എന്തൊരു തെളിച്ചമായിരുന്നു അച്ച്ഛന്റെ മുഖത്ത്
സച്ചിന്റെ മുഖമുള്ള മുഖം മൂടികൾ
ഞങ്ങൾക്ക് വാങ്ങി തരാറുണ്ടായിരുന്നു
ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചാൽ
അച്ഛനതൊരു ആഘോഷമാക്കും
അന്ന് ഹോളിയും, വിഷുവും, ദീപാവലിയുമാകും വീട്ടിൽ
കഴിഞ്ഞ കുറച്ചു നാളുകൾ
അച്ഛൻ ഡെൽഹിയിൽ പോയി
ചൊക ചൊകാന്ന്
നിറമുള്ള കൊടിയുമായിട്ടാണ് പോയത്
അച്ഛൻ പോകുന്നതിന് മുൻപ്
കോട്ടും ടൈയുമിട്ട ഒരു കൂട്ടർ
അച്ച്ഛന്റെ മണ്ണിന് വില പറഞ്ഞു
പ്രേമിക്കുന്ന മണ്ണിനെ വിട്ട് കൊടുക്കില്ലാന്ന് പറഞ്ഞ്
പോണേന്റെ തലേസം വരെ
നല്ല കരച്ചിലായിരുന്നു
അമ്മക്കിത്തിരി അസൂയയുണ്ടായിരിക്കും
ഉണ്ടാക്കിയ ചപ്പാത്തിയിൽ
ഉപ്പ് കൂടുതലായിരുന്നു
ജനുവരി 26 ന് ട്രാക്ടർ സമരത്തിന്
ദേശീയ പതാക ഉയർത്തി
ഞാനും അനുജത്തിമാരും
അഭിവാദ്യം ചെയ്തു
ഇൻക്വിലാബ് വിളിച്ചു
ഇന്നലെ അച്ച്ഛൻ വീട്ടിലേക്ക് വന്നു
അമ്മയോട് മിണ്ടിയില്ല
കളിപ്പാട്ടം ചോദിച്ച അനുജത്തിമാരുടെ
മുഖത്തേക്ക് നോക്കിയില്ല
ഉമ്മ കൊടുത്തില്ല
ഞാനൊരു മൂലക്ക് ഇരിക്കുന്നത്
കണ്ടേയില്ല
ദൈവവുമില്ല മണ്ണാങ്കട്ടയുമില്ല
എന്ന് പിറുപിറുത്തു
എന്നിട്ടിറങ്ങി എങ്ങോട്ടോ പോയി
ഇന്ന് നോക്കുമ്പോൾ
ദേണ്ടെ സർക്കസ് കാട്ടി മരത്തിൽ
തൂങ്ങി കിടക്കുന്നു
മഞ്ഞ് പെയ്ത്
മണ്ണ് ചെറുതായി നനഞ്ഞിട്ടുണ്ട്
ചിലപ്പോൾ
കരയുന്നതാകും
തൂങ്ങുന്നത് പ്രാണേശ്വരനല്ലേ
കാറ്റ് അച്ച്ഛനെ താലോലമാട്ടുന്നു
അമ്മ കരഞ്ഞു കൊണ്ടിരുന്നു
ചപ്പാത്തി ഇനി കിട്ടാനില്ലല്ലോ
അതു കൊണ്ട് ഉപ്പ് കൂടുതൽ
ഇനി കഴിക്കേണ്ടി വരില്ല
കോട്ടും ടൈയും ഇട്ടവർ
നാളെ
വിത്ത് നടുമായിരിക്കും
നട്ടാലെന്ത് നട്ടില്ലെങ്കിലെന്ത്
ഇതായിരുന്നു അച്ഛന്റെ അവസാന
പെർഫോമൻസ്
ദി ലാസ്റ്റ് ആൻഡ് ഫൈനൽ പെർഫോമൻസ്
പ്രേംശങ്കർ അന്തിക്കാട്
വര: വൈശാഖ്
tadalafil pills 20mg: http://tadalafilonline20.com/ tadalafil 30 mg