Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

തീർത്തും വ്യക്തിപരം

വ്യക്തിപരമായ അനുഭവത്തിൽ ഏറ്റവും കൂടുതൽ അരാഷ്ട്രീയവാദികളെയും നിഷ്പക്ഷരെയും കണ്ടിട്ടുള്ളത് സർക്കാർ സർവ്വീസിലാണ്.അത് വ്യക്തിപരമായ അനുഭവമായതിനാൽ മുഖവിലക്കെടുക്കാതെ തളളുകയാണ് ചെയ്തിട്ടുള്ളത്.സ്വന്തം അനുഭവങ്ങളെ മുൻനിർത്തിയാണ് മനുഷ്യർ തങ്ങളുടെ ചുറ്റുപാടുകളെ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്.അത് ലാഘവത്തോടെ ആർക്കും ചെയ്യാനാവുന്ന ഒരു കാര്യമാണ്.ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണെങ്കിൽ ബാക്കി സകല സർക്കാർ ഉദ്യോഗസ്ഥരും കൈക്കൂലിക്കാരാണെന്ന് പറയാൻ ഈ ആളുകൾ പ്രത്യേകിച്ച് വിവരശേഖരണം നടത്തുകയോ അതിന്റെ അടിസ്ഥാനത്തിൽ ഗവേഷണം നടത്തുകയോ ചെയ്യാറില്ല.നിങ്ങളുടെ വ്യക്തിപരമായ അനുഭവം മാത്രമാണ് നിങ്ങൾക്ക് എളുപ്പം പ്രാപ്യമായ ഏക ഡാറ്റ.അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ലോകവീക്ഷണം ഉരുത്തിരിയുന്നത്.

വ്യക്തിപരമായ കേവല അനുഭവം വികലമായ ഒരു ധാരണയാണ് എനിക്കുണ്ടാക്കി തരുന്നത്.മുത്തൂറ്റ് ഫിനാൻസ് തൊഴിലാളികളുടെ സമരപ്പന്തലിലേക്ക് ഐകദാർഢ്യ റാലി നടത്തുന്ന സർക്കാർ ജീവനക്കാരും, തങ്ങളെ ഒരു തരത്തിലും ബാധിക്കാൻ ഇടയില്ലാത്ത കേന്ദ്രത്തിന്റെ തൊഴിൽ കോഡുകൾക്കെതിരായ അഖിലേന്ത്യാ പണിമുടക്കിൽ സജീവമായി പങ്കെടുക്കുന്ന ജീവനക്കാരും എന്റെ നേരത്തേയുള്ള ധാരണക്ക് കടകവിരുദ്ധമായാണ് വരുന്നത്.ലഭ്യമായ ചരിത്രത്തെയോ ഡാറ്റകളെയോ മുൻനിർത്തിയല്ല ഭൂരിഭാഗം മനുഷ്യരും നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്.

നിങ്ങളുടെ വീടിനു മുന്നിലുള്ള റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണെങ്കിൽ കേരളത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥ അതു തന്നെയെന്ന് നിങ്ങൾ കരുതും.നാളെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒരു വിനോദയാത്ര തരപ്പെടുന്നത് വരെ നിങ്ങളുടെ ഉറച്ച വിശ്വാസം അതു തന്നെയായിരിക്കും.കേരളത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ, ചികിൽസയും അനുബന്ധമായ ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നത് വരെ, അവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റൽ അന്തരീക്ഷം അനുഭവിക്കുന്നത് വരെ സർക്കാർ ആശുപത്രികളെ കുറിച്ചുള്ള നിങ്ങളുടെ മുൻധാരണകൾ മാറുകയില്ല.വീട്ടിൽ ഒരുദിവസം നിനച്ചിരിക്കാതെ വൈദ്യുതി മുടങ്ങുന്നതു പോലും നമ്മളെ അസ്വസ്ഥരാക്കും.ഇവിടെ എപ്പോഴും പവർക്കട്ടാണെന്ന് എടുത്ത വായ്ക്ക് പറയാനും നമ്മൾ മടിക്കില്ല.

ഇതേ മനോനില തന്നെയാണ് മറ്റേതൊരു വിഷയത്തിലെയും നിങ്ങളുടെ കാഴ്ച്ചപ്പാടിനെ നിർണയിക്കുന്നത്.റേഷൻ കടയിൽ നിന്നും എല്ലാ വീടുകളിലും കിറ്റും ഗുണമേന്മയുള്ള അരിയും കിട്ടിയപ്പോഴാണ് റേഷനരി കോഴിക്ക് കൊടുക്കാനുള്ളതാണെന്ന പൊതുബോധം തകർന്നു പോയത്.സ്വന്തം കുട്ടികൾ സ്മാർട് ക്ലാസ്റൂമുകളിൽ ഇരുന്നു തുടങ്ങിയതോടെയാണ് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ കുറിച്ചുള്ള മുൻധാരണകൾ തിരുത്തപ്പെട്ടതും, സർക്കാർ സ്ക്കൂളുകളിലേക്ക് അഞ്ച് ലക്ഷത്തോളം പുതിയ വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടായതും.മാറ്റം സാധാരണക്കാരുടെ കേവല അനുഭവമായി മാറുമ്പോഴാണ് പൊതുബോധങ്ങൾ ഉടഞ്ഞു പോകുന്നത്.തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാൽ ആദ്യം തെക്കനെ തല്ലണം എന്ന പഴഞ്ചൊല്ല് കാലഹരണപ്പെട്ടത് കഴിഞ്ഞ പ്രളയകാലത്താണ്.അതുവരെയും ഒരു കാര്യവുമില്ലാതെ തെക്കന്മാർ വടക്കൻ സംഭാഷണങ്ങളിൽ വ്യാപകമായി തല്ലുകൊണ്ടു!

പക്ഷേ, ഇത്തരം അനുഭവങ്ങൾ ജനകീയമാകുന്നതിന് വലിയ കാലവിളമ്പമുണ്ട്.നമ്മൾക്ക് വിവരങ്ങളും വാർത്തകളും എത്തിച്ചു തരുന്ന മാധ്യമങ്ങൾക്ക് ഈ അനുഭവങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും സ്വാധീനിക്കാനാകും.അപകടകരമായ ഈ പ്രവണതയാണ് സമീപകാലങ്ങളിലായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ കേരളത്തിൽ സജീവ ചർച്ചയായി കൊണ്ടിരിക്കുന്ന പി.എസ്.സി നിയമനത്തെ ചൊല്ലിയുള്ള സമരങ്ങളും, താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലും,യൂണിവേഴ്സിറ്റി നിയമനങ്ങളെ ചൊല്ലിയുള്ള പുകമറകളും എല്ലാം ഈ ഒരു ആംഗിളിൽ നോക്കി കാണേണ്ട കാര്യങ്ങളാണ്.ഒരു പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിക്ക്, തനിക്ക് ജോലി ലഭിക്കാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു പോകുന്ന സാഹചര്യം ഹൃദയഭേദകമായ അനുഭവമാണ്.ആ അനുഭവസാക്ഷ്യത്തെ മുൻനിർത്തിയാണ് പി.എസ്.സി നിയമനങ്ങളെ കുറിച്ചുള്ള അയാളുടെ കാഴ്ച്ചപ്പാട് തന്നെ രൂപപ്പെടുന്നത്.താൻ റാങ്ക് ലിസ്റ്റിൽ ഏറ്റവും പിറകിലാണെന്നതോ, തനിക്ക് ജോലി കിട്ടാൻ ആവശ്യമായത്ര ഒഴിവുകൾ ഇല്ല എന്നതോ അയാൾ പരിഗണിക്കുന്ന വിവരങ്ങളേ അല്ല.ഇന്ത്യയിൽ യു.പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനം നിയമന നിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യം അയാൾ മുഖവിലക്കെടുക്കില്ല.പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതും, ലാഭത്തിലുള്ളവയുടെ ഓഹരി വിറ്റഴിക്കുന്നതും, സർക്കാർ ജോലി എന്ന സംവിധാനം തന്നെ ഭാവിയിൽ ഇല്ലാതാക്കുമെന്ന കാര്യം ഈക്കൂട്ടർ കാണുകയില്ല.ഇന്ത്യയിലെ തൊഴിലില്ലായ്മ സർവ്വകാല റെക്കോഡിലെത്തുമ്പോഴും, കോവിഡ് മഹാമാരി മൂലം ലോകം മൊത്തം തൊഴിലവസരങ്ങൾ കുറയുമ്പോഴും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് മുൻകാലങ്ങളെക്കാൾ കുറഞ്ഞു നിൽക്കുന്നു എന്ന സ്ഥിതിവിവര കണക്ക് അവർ മനപ്പൂർവ്വം വിസ്മരിച്ചു കളയും.തനിക്ക് ജോലി കിട്ടിയില്ല എന്ന കേവല അനുഭവമാണ് കേരളത്തിൽ നിയമനമില്ല മറിച്ച് സ്വജനപക്ഷപാദം മാത്രമേയുള്ളു എന്ന പൊതുബോധത്തിലേക്ക് നയിക്കുന്നത്.കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടക്ക് ഒന്നരലക്ഷം പി.എസ്.സി നിയമനങ്ങൾ നടന്നു എന്നതും ഇരുപത്തിഅയ്യായിരം പുതിയ തസ്തികകൾ സൃഷ്ട്ടിക്കപ്പെട്ടു എന്നതും ഒരു ജനകീയ അനുഭവമായി വരാൻ ഇനിയും ഏറെ കാലമെടുക്കും.അതുവരെയും മാധ്യമങ്ങളും സ്ഥാപിത താൽപര്യക്കാരും, കൂടെ കുറച്ചു പേരുടെ വ്യക്തിപരമായ അനുഭവങ്ങളും ചേർന്ന് വികലമായ പൊതുബോധങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കും.സർവ്വകലാശാലയിലെ വിഷയവിദ്ധഗ്ദന്മാർ പോലും ഒരുവേള തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് സാധാരണക്കാരെ പഴി പറയുന്നതിൽ അർത്ഥമില്ല.എന്നിരുന്നാലും അനുഭവങ്ങളോടുള്ള നമ്മളുടെ സമീപനങ്ങളിൽ കാതലായ മാറ്റം വരേണ്ടതുണ്ട്.

ഇതെഴുതുമ്പോൾ തന്നെയും സമൂഹം ഇങ്ങനെയാണ് എന്ന എന്റെ ധാരണ പൂർണമായി ശരിയായിക്കൊള്ളണമെന്നില്ല.നിലവിലുള്ള ഒരു സാഹചര്യത്തെ വിശദീകരിക്കാൻ അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അനേകം സാഹചര്യങ്ങളെ നമ്മൾ നിരീക്ഷിക്കേണ്ടതായിട്ടുണ്ട്.അവയെ നിരന്തരം നീരിക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ശരിയായ വസ്തുത ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുമ്പോഴാണ് പല പഴഞ്ചൊല്ലുകളും നിരർത്ഥകമായി പോകുന്നത്‌.

1 thought on “തീർത്തും വ്യക്തിപരം

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner