Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

വർഗീയതയുടെ കോടതി ഭാഷ്യം

എല്ലാ മനുഷ്യരുടെയും അബോധത്തിൽ അജ്ഞാതരായ മനുഷ്യരുടെ സ്പർശത്തോടുള്ള അകാരണമായൊരു ഭയമുണ്ടെന്ന് ഏലിയാസ് കനേറ്റി എഴുതിയിട്ടുണ്ട്. ഈ വിട്ടുമാറാത്ത സ്പർശനഭയത്തെ മറികടക്കാൻ മനുഷ്യർ ആൾക്കൂട്ടത്തിലേക്ക് ഓടിക്കൂടുന്നുവെന്നും. എല്ലാ ആൾക്കൂട്ടരൂപീകരണത്തിന്റെയും ആന്തരികപ്രേരണ ഈ വൈയത്തികമായ ഭയത്തെ മറികടക്കലാണ്. ഇത്തരം മനുഷ്യസഹജമായ ആഭ്യന്തര വികാരങ്ങളൊന്നുമില്ലാത്തൊരു ആത്മീയസ്ഥാനമായിട്ടാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പൊതുബോധത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയാധികാരത്തിന് തികച്ചും സമാന്തരമായ സഞ്ചാരപഥമുള്ളൊരു സ്വതന്ത്ര സ്ഥാപനമായിട്ടാണതിനെ സ്ഥാനപ്പെടുത്തിയിരിക്കുന്നതും. ജനകീയമായ ഇത്തരം ചില മിഥ്യകൾക്കു കൂടിയാണ് ബാബരി മസ്ജിദ് തകർത്ത കേസിലെ വിധിപ്രസ്താവത്തിലൂടെ സിബിഐ കോടതി തീർപ്പു കല്പിച്ചത്.


ആർ എസ് എസ് ഒരു അടഞ്ഞ ആൾക്കൂട്ടമാണ് (Closed crowd). അടിമുടി വർഗീയമാണത്തിന്റെ പ്രത്യയശാസ്ത്രം. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് പുറത്തു നിൽക്കുന്ന വരെ ഉൾക്കൊള്ളാനോ, സാഹചര്യമാവശ്യപ്പെടാത്തപക്ഷം ചെറുതായൊന്ന് അഭിസംബോധന ചെയ്യാനോ അവർ തയ്യാറാവാറില്ല. ആൾക്കൂട്ടത്തിനകത്തെ ഗോത്രപരമായ ഐക്യമാണവരെ ചേർത്തു നിർത്തുന്നത്, അതിലാണവർ നിലനിൽക്കുന്നതും. തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമായ എന്തിനേയും കടന്നാക്രമിക്കാൻ അവർ സദാസന്നദ്ധരായിരിക്കും. വർഗീയമായി രൂപപ്പെട്ട ഈ ആൾക്കൂട്ടത്തിലേക്കാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കാലങ്ങളായി ഓടിക്കൊണ്ടിരുന്നത്. ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ നിരുപാധികം വിട്ടയച്ച വിധിയിലൂടെ ജനാധിപത്യ മൂല്യങ്ങളെ സമ്പൂർണ്ണമായും വിച്ഛേദിച്ചു കളഞ്ഞ് , തങ്ങളുമൊരു അടഞ്ഞ ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്ന് ഔപചാരികമായി വിളംബരം ചെയ്യുകയാണ് കോടതി ചെയ്തത്.

പതിറ്റാണ്ടുകളോളം നീണ്ടുനിന്ന കേന്ദ്രീകൃതമായ വർഗ്ഗീയ പ്രവർത്തനങ്ങളുടെ പാരമ്യത്തിലാണ് മതനിരപേക്ഷ ഭാരതത്തിന്റെ ഭരണചക്രം മോദിയിലേക്കെത്തുന്നത്. തൊണ്ണൂറിലെ രഥയാത്ര സഞ്ചരിച്ച വഴികളിലുടനീളം നടത്തിയ വർഗ്ഗീയലഹളകളടക്കം നിരവധി കലാപങ്ങളുടെ തുടർചരിത്രമുണ്ടതിന്. വരേണ്യ മാധ്യമങ്ങൾ മുതൽ മധ്യവർഗ്ഗ നിഷ്പക്ഷത വരെ ഈ അധികാര ലബ്ധിയിലേക്കുള്ള യാത്രയുടെ വിവിധ ഘട്ടങ്ങളിൽ അവരുടേതായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അധികമാരും പരാമർശിച്ചു കാണാത്തൊരു നിശ്ശബ്ദ സാന്നിധ്യമായി കോടതികളും മോദിയുടെ കൂടെ തന്നെയുണ്ടായിരുന്നു. ഗുജറാത്തിലെ കോടതികൾ മുഴുവൻ മോദിയുടെ കളിക്കോപ്പുകളായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ അനുബന്ധമായി നടന്നൊരു കൊലപാതക കേസിൽ നിന്ന് കഴിഞ്ഞ മാസമാണ് മോദിയുടെ പേര് ഗുജറാത്തിലെ പ്രാദേശിക കോടതി ഒഴിവാക്കിക്കൊടുത്തത്. ബാബറി മസ്ജിദ് കേസിലും റഫാൽ അഴിമതി കേസിലും ബി ജെ പി യ്ക്ക് അനുകൂലമായി വിധിപറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്നവരുടെ രാജ്യസഭാംഗമാണ്. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം മുൻ കേരളാ ഗവർണറാണ്.

ജനവിരുദ്ധ നയങ്ങളെ എതിർത്തുകൊണ്ട് പ്രക്ഷോഭ പര്യടനങ്ങൾ നടത്തുന്ന വിദ്യാർഥികളെയും ബഹുജനങ്ങളെയും ഒരുതരം ശവാഭിമുഖ്യത്തോടെയാണ് (necrophilia) ഭരണകൂടമെതിരിട്ടു പോരുന്നത്. ഭരണകൂടയന്ത്രങ്ങൾ കെട്ടിച്ചമച്ച കേസുകളിലകപ്പെട്ട് ജയിലിലാവുന്ന വിദ്യാർഥികൾക്കും ബഹുജനങ്ങൾക്കും ന്യായമായും ലഭിക്കേണ്ടുന്ന ജാമ്യം നിഷേധിച്ചും, പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ വിദ്യാർഥികളെ ശാസിച്ചുമാണിപ്പോൾ കോടതികൾ അവരുടെ ശരിയായ ആഭിമുഖ്യം വെളിവാക്കുന്നത്.ഇങ്ങനെയൊക്കെയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒരടഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ വിനീതവക്താവിന്റെ ഭാഗം അഭിനയിച്ചു തകർക്കുന്നത്.

കോടതിവ്യവഹാരങ്ങളോളം കാൽപ്പനികവൽക്കരിക്കപ്പെട്ട മറ്റൊരു സ്ഥാപനം ഇന്ത്യയിലില്ല. കാലങ്ങളോളം നീതിനിർവ്വഹണത്തിലെ നയപരമായ വീഴ്ച്ചകളെ കോടതിമുറികൾ മറച്ചു പിടിച്ചത് ജനങ്ങളർപ്പിച്ച വിശ്വാസത്തിന്റെ ഭാഗമായികൂടി രൂപപ്പെട്ട കാൽപ്പനികപരിവേഷത്തിലൂടെയാണ്. ഇനിയും ജനാധിപത്യപരമായി നിർവ്വചിക്കപ്പെട്ടിട്ടില്ലാത്ത കോടതിയലക്ഷ്യം പോലുള്ള തികച്ചും ഏകപക്ഷീയമായ സങ്കേതങ്ങളുപയോഗിച്ചാണ് ന്യായാധിപന്മാർ വിമർശനങ്ങളുടെ മുനയോടിക്കുന്നത്. പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ ഈ അപ്രായോഗികമായ ഏകപക്ഷീയതയാണ് വെളിവാക്കിയത്. മൂന്നാം തൂണും ജനങ്ങളും തമ്മിലുള്ള അന്തരം മുൻപെങ്ങുമുണ്ടായിട്ടിലാത്തത്രയും വികസിതമായ സമീപകാല ഇന്ത്യൻ പശ്ചാത്തലത്തിൽ കോടതിവ്യവഹാരങ്ങളും പൊതുമണ്ഡലത്തിൽ നിശിതമായി വിമർശിക്കപ്പെടേണ്ടതുണ്ട്. ഒറ്റയടിപാതയിലൂടെ ചൂട്ടും തെളിച്ച് വരുന്ന ക്ലാസ്സിക്കൽ രൂപമായിരിക്കില്ല ഇന്ത്യയിലെ ഫാസിസത്തിന് ഉണ്ടായിരിക്കുകയെന്ന് ഐജാസ് അഹമ്മദിനെ പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണസംവിധാനങ്ങളെ മുഴുവൻ സ്വാംശീകരിച്ചെടുത്ത് തങ്ങൾക്കിണങ്ങുന്ന രീതികളിലേക്കതിനെ പരുവപ്പെടുത്തുന്ന നവീന പ്രയോഗപദ്ധതിയാണത്. മുതലാളിത്ത മാധ്യമങ്ങൾ മുതൽ ന്യായാധിപന്മാർ വരെ അണിനിരക്കുന്ന വിശാല ഫാസിസത്തെ അതിജീവിക്കാൻ, നീതിനിർണ്ണയത്തിന്റെ പരമ്പരാഗത വഴികളെ മറികടക്കുന്ന പ്രക്ഷോഭ പര്യടനങ്ങൾ അനിവാര്യമാണെന്നതിന്റെ സത്യവാങ്മൂലമായിട്ട് കോടതി വിധിയെ കാണാവുന്നതാണ്.

റഫറൻസ്

1.Crowds and Power ( Elias Cannetti)
2.The Anatomy of Human Destructiveness (Erich Fromm)

2 thoughts on “വർഗീയതയുടെ കോടതി ഭാഷ്യം

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner