Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

വാർത്തകളുടെ വരേണ്യപക്ഷം

ദാരുണമായ രണ്ട് ദുരന്തങ്ങൾ നൽകി കേരളീയ മനസ്സാക്ഷിയെ മുറിവേൽപ്പിച്ചു കടന്നു പോയ ദിനമായിരുന്നു 2020 ആഗസ്റ്റ് 7. കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടവും ഇടുക്കി ജില്ലയിലെ പെട്ടിമുടിയിൽ സംഭവിച്ച ഉരുൾപൊട്ടലും അനേകം മനുഷ്യരുടെ ജീവൻ കവർന്നുവെന്ന് മാത്രമല്ല, കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിലേർപ്പെട്ടു നിൽക്കുന്ന ഒരു സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടുക കൂടിയാണ് ചെയ്തത്. എങ്കിലും അത്യസാധാരണമായ ഇച്ഛാശക്തിയോടെ കേരളീയജനത ഈ രണ്ടു ദുരന്തമുഖങ്ങളിലും കൈമെയ് മറന്ന് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടത് അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കുവാൻ സഹായിച്ചു എന്നത് മലയാളി എന്ന നിലയിൽ നമുക്ക് അഭിമാനകരമാണ്. എന്നാൽ അപകടങ്ങളുടെയും അതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളുടെയും വാർത്തകൾ പത്ര-ദൃശ്യ-സമൂഹമാധ്യമങ്ങളിൽ അതിതീവ്രമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ഒരു വാർത്തയ്ക്ക് മറ്റൊന്നിനെക്കാൾ കൂടുതൽ പ്രാധാന്യം ലഭിച്ചത് അധികമാരും ശ്രദ്ധിക്കാതെപോയ ഒരു വസ്തുതയാകാം.

വിമാനാപകടത്തിന്റെ വാർത്തകളിലേക്കും ചർച്ചകളിലേക്കും കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ ഇമവെട്ടാതെ തിരിച്ചുവെച്ചപ്പോൾ ഉരുൾപൊട്ടൽ തീർത്ത കെടുതി ചർച്ച ചെയ്യാൻ വേണ്ടി എത്ര സമയം ദൃശ്യമാധ്യമങ്ങൾ മാറ്റി വെച്ചു എന്നത് ഗൗരവമായി കാണേണ്ടതാണ്. രക്ഷാപ്രവർത്തനങ്ങളുടെ കാര്യവും മറിച്ചല്ല. മലപ്പുറത്തുകാരുടെ സന്നദ്ധമനോഭാവത്തെ കേരളം അകമഴിഞ്ഞ് പ്രശംസിച്ചപ്പോൾ(അത് പ്രശംസനീയമാണെന്നതിൽ യാതൊരു സംശയവുമില്ല) അതിലും പ്രതികൂലമായ സാഹചര്യങ്ങളിൽ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയവരെ തിരിച്ചറിയുന്നതിലും അഭിനന്ദിക്കുന്നതിലും ബോധപൂർവ്വമല്ലെങ്കിൽ കൂടി നമ്മൾ അല്പം പിറകോട്ടു പോയി. സമൂഹമാധ്യമങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഫേസ്ബുക്ക് ന്യൂസ്ഫീഡുകളിലും വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും കരിപ്പൂർ തിങ്ങി നിറഞ്ഞപ്പോൾ പെട്ടിമുടിയെക്കുറിച്ചുള്ള ആകുലതകൾ കണ്ടത് താരതമ്യേന ചുരുക്കം പോസ്റ്റുകളിൽ മാത്രം. വാർത്തകളിലെ ഈ വിവേചനം ഒരിക്കലും ബോധപൂർവ്വമായ ഒന്നാണെന്ന് കരുതുന്നില്ല. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കരുതുകയും വയ്യ.

എന്തു കൊണ്ടാണ് പലപ്പോഴും വാർത്തകൾക്ക് ഇത്തരം ശ്രേണീകൃതസ്വഭാവം കൈവരുന്നത്? ചില വാർത്തകൾക്ക് വലിയ രീതിയിൽ പൊതുസ്വീകാര്യത ലഭിക്കുമ്പോൾ മറ്റു ചിലത് ജനശ്രദ്ധ തീരെ പിടിച്ചു പറ്റാനാകാതെ തിരസ്കരിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം? ആദ്യമേ പറയട്ടെ, കരിപ്പൂർ ദുരന്തത്തിന്റെ വ്യാപ്തിയെ കുറച്ചുകാണിക്കാനോ രക്ഷാപ്രവർത്തനങ്ങളെ നിസ്സാരവത്കരിക്കാനോ വേണ്ടിയുള്ള ഒരു കുറിപ്പല്ലിത്. മറിച്ച്‌, കാലങ്ങളായി നമ്മുടെ വാർത്താമണ്ഡലങ്ങളിൽ നിലനിന്നു പോരുന്ന മധ്യവർഗ്ഗഹെജിമണിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ മാത്രമാണ്.

ഉരുൾപൊട്ടലിന്റെ ദുരിതങ്ങൾ നേരിട്ട് കാണുകയോ അനുഭവിച്ചറിയുകയോ ചെയ്യാത്തവരാണ് ഭൂരിപക്ഷം മലയാളികളും. ഉരുൾപൊട്ടലിൽ മരണപ്പെടുന്ന മനുഷ്യരുടെ ജീവിതസാഹചര്യങ്ങളും മുഖ്യധാരാസമൂഹത്തിനപരിചിതമാണ്.
വിമാനാപകടത്തിൽ മരണപ്പെട്ടവരോട് കൂടുതൽ സഹാനുഭൂതി പ്രകടിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രധാനഘടകവും ഇതു തന്നെയാണ്.

മധ്യവർഗ്ഗം ഒരു രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിർണ്ണായകമായ സ്വാധീനശക്തിയാണ്. ഏതൊരു സമൂഹത്തിന്റെയും പൊതുബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നതും അതിന്റെ മധ്യവർഗ്ഗമാണ്. സമൂഹമനസാക്ഷി എന്നത് എക്കാലവും മധ്യവർഗ്ഗയുക്തിയാൽ നിർണ്ണയിക്കപ്പെടുകയും, ഇതരജനവിഭാഗങ്ങളാൽ അറിഞ്ഞോ അറിയാതെയോ സ്വീകരിക്കപ്പെട്ടു പോരുകയും ചെയ്തു.

മുഖ്യധാരായുക്തികളെ തൃപ്തിപ്പെടുത്തുക എന്നതാണ് ഏതൊരു വാർത്താമാധ്യമത്തിന്റെയും അലിഖിതധർമ്മം. അതിൽ തന്നെയാണ് അവരുടെ നിലനിൽപ്പും. തങ്ങളുടെ സുരക്ഷിത ലക്ഷ്മണരേഖയ്ക്കകത്ത് സ്വൈര്യവിഹാരം നടത്തുന്ന മധ്യവർഗ്ഗത്തിന്, പുറമെയുള്ള പാർശ്വവത്കൃതരും അധഃസ്ഥിതരുമായുള്ള അനേകലക്ഷം ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും എക്കാലവും അന്യമായിരുന്നു. ബോധപൂർവ്വമായോ അല്ലാതെയോ അവരുടെ ജീവിതസംഘർഷങ്ങളിൽ നിന്നും മധ്യവർഗ്ഗം സുരക്ഷിതമായ അകലം പാലിച്ചു പോന്നു. ഈ വിമുഖത തന്നെയാണ് ചില വാർത്തകൾക്കു മാത്രം ലഭിക്കുന്ന മുൻഗണനകളിൽ കാലങ്ങളായി പ്രതിഫലിച്ചു പോരുന്നതും.

ഡൽഹി കൂട്ടബലാത്സംഗം പോലുള്ള സംഭവങ്ങൾ മധ്യവർഗ്ഗത്തിന്റെ സുഖസുഷുപ്തിക്കേറ്റ കനത്ത ആഘാതങ്ങളായിരുന്നു. തങ്ങളുടെ സുരക്ഷിതവലയത്തിനകത്തേക്കുള്ള അനീതിയുടെ കടന്നുകയറ്റത്തിനെതിരെ അവർ സാധ്യമായ സകലമാർഗ്ഗങ്ങളിലൂടെയും പ്രതിഷേധിച്ചപ്പോൾ മുഖ്യധാരാമാധ്യമങ്ങളും അതേറ്റു പിടിച്ചു. ഒരു പെൺകുട്ടിയുടെ ദാരുണമായ മരണത്തിലുള്ള പ്രതിഷേധാഗ്‌നി രാജ്യമെമ്പാടും പടർന്നു കയറി. എന്നാൽ 2014ൽ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ പന്ത്രണ്ടും പതിനാലും വയസ്സുള്ള ദളിത് പെണ്കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരക്കൊമ്പിൽ കെട്ടിത്തൂക്കിയ വാർത്ത രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴി വെക്കാഞ്ഞത് അത് മുഖ്യധാരയുടെ നീതിബോധത്തെ കാര്യമായൊന്നും പിടിച്ചുലയ്ക്കാത്തതു കൊണ്ടാണ്.

ഡൽഹി സംഭവത്തിനു സമാനമായ പല അതിക്രമങ്ങളും അതിന് മുൻപും പിൻപും രാജ്യത്തെമ്പാടും സംഭവിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ദളിതർക്കു നേരെയും അരിക്കുവത്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കു നേരെയുമായിരുന്നു. ഉത്തർ പ്രദേശിലെ പെൺകുട്ടികളുടെ ദാരുണമരണം നൂറ്റാണ്ടുകളായി രാജ്യത്തെ ദരിദ്രരായ ദളിത് ജനത അനുഭവിക്കുന്ന അടിച്ചമർത്തലുകളുടെ മൂർത്തരൂപമായിരുന്നു. പല കാലങ്ങളിലായി പല സംഭവങ്ങളും കാര്യമായ മാധ്യമശ്രദ്ധയൊന്നും നേടാനാകാതെ മറവിയിലേക്ക് പിൻവാങ്ങി. സ്വാതന്ത്യാനന്തരകാലം മുതൽ രണ്ടാംകിടപൗരത്വമനുഭവിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. മണിപ്പൂരിലെ പട്ടാളാതിക്രമങ്ങൾ ദേശീയശ്രദ്ധ പിടിച്ചു പറ്റിയത് ‘Indian army,rape us’ എന്ന ബാനറുമായി ഒരു പറ്റം സ്ത്രീകൾ സൈനികാസ്ഥാനത്തിനു മുന്നിൽ തങ്ങളുടെ വസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞപ്പോൾ മാത്രമാണ്. ഡൽഹി സംഭവത്തിന് ലഭിച്ച വാർത്താമൂല്യവും ജനപിന്തുണയും ഈ സംഭവങ്ങൾക്ക് ലഭിക്കാതെ പോയത് അവയെല്ലാം മുഖ്യധാരയുടെ ആകുലതകളുടെ പരിധിയ്ക്കു വെളിയിലായതു മൂലമാണ്.

പ്രമുഖമാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.സായ്‌നാഥ്‌ ഇന്ത്യയിലെ ദരിദ്രജനതയ്ക്ക് നിഷേധിക്കപ്പെട്ട മാധ്യമശ്രദ്ധയെക്കുറിച്ച് നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. 1994ൽ രാജ്യത്തെ ചിലയിടങ്ങളിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ സമാനതകളില്ലാത്ത വാർത്താപ്രാധാന്യമാണ് മാധ്യമങ്ങൾ സംഭവത്തിനു നൽകിയത്. വെറും 54 മരണമേ പ്ലേഗ് മൂലം സംഭവിച്ചുള്ളൂവെങ്കിലും സർവ്വനാശത്തിനു സമാനമായ പ്രചരണം അതിനു ലഭിക്കുകയുണ്ടായി. അതിനു കാരണം പ്ലേഗ് കടന്നു കയറിയത് മഹാനഗരങ്ങളിലെ വരേണ്യവിഭാഗങ്ങളുടെ സ്വീകരണമുറിയിലേക്കായതു കൊണ്ട് മാത്രമാണ്. അതേ സമയം ക്ഷയം,അതിസാരം,വിളർച്ച,പോഷകാഹാരക്കുറവ് എന്നീ രോഗങ്ങൾ മൂലം രാജ്യത്ത് വർഷാവർഷം പൊലിയുന്ന മനുഷ്യജീവനുകൾ അതിലും എത്രയോ മടങ്ങായിരുന്നു. പ്ലേഗിനു സമാനമായ ഭയാശങ്കകളൊന്നും ഈ ഗുരുതരാവസ്ഥയെക്കുറിച്ച് ഒരു മാധ്യമങ്ങളും പങ്കു വെച്ചതായി അറിവില്ല. ദരിദ്രന്റെ രോഗങ്ങൾക്കൊരിക്കലും ധനികന്റെ രോഗങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യത പ്രതീക്ഷിക്കാൻ പാടുള്ളതല്ലല്ലോ. അധഃസ്ഥിതവിഭാഗം ദുരിതമനുഭവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണെന്ന മുൻവിധി സാമാന്യയുക്തിപോലെ നാം അറിഞ്ഞോ അറിയാതെയോ മനസ്സിൽ സൂക്ഷിക്കുന്നു.

ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും വിവേചനപരമായ മുൻതൂക്കങ്ങൾ ചില വാർത്തകൾക്ക് ലഭിച്ചു പോരുന്നത് നമ്മുടെയെല്ലാം ശ്രദ്ധയിൽപ്പെടാതിരുന്നിട്ടുണ്ടാകണം. സമീപകാലം വരെ ആഗോളതലത്തിൽ അരങ്ങേറിയിരുന്ന ഭീകരാക്രമണങ്ങൾ തന്നെ ഉദാഹരണമായി എടുക്കുക. ന്യൂയോർക്കിലും പാരീസിലും ലണ്ടനിലും മറ്റും സംഭവിക്കുന്ന ഭീകരാക്രമണങ്ങളെ ലോകം നടുക്കത്തോടെ ഉറ്റു നോക്കിയപ്പോൾ ബാഗ്ദാദിലും കാബൂളിലും ഗാസാ മുനമ്പിലും ദിവസേനയെന്നോണം എരിഞ്ഞുതീർന്ന മനുഷ്യജീവനുകളുടെ കണക്കുകളെ സ്വർണ്ണവിലയുടെ കയറ്റിറക്കങ്ങൾ നിരീക്ഷിക്കുന്ന ലാഘവത്തോടെ നമ്മൾ വായിച്ചു തള്ളി. അമേരിക്കയ്ക്കും യൂറോപ്പിനും പഴയ കൊളോണിയൽ വരേണ്യതയുടെ ആദരവ് ഇന്നും ലഭിക്കുമ്പോൾ മധ്യപൂർവ്വേഷ്യയും ആഫ്രിക്കൻ വൻകരയുമെല്ലാം ലോകത്തിന്റെ രണ്ടാംകിടപൗരന്മാരായി മാറ്റിനിർത്തപ്പെടുന്നു.

നമുക്ക് തിരിച്ച് കേരളത്തിലേക്ക് വരാം. സമീപകാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ളാറ്റിന്റെ വാർത്തകൾ ആരും മറന്നു കാണാനിടയില്ല. ഫ്‌ളാറ്റിൽ നിന്നും ഒഴിപ്പിക്കപ്പെട്ട അന്തേവാസികളിലാർക്കും തെരുവിൽ കിടന്നുറങ്ങേണ്ടി വന്നിട്ടില്ല. എങ്കിലും അവരോടുള്ള സഹതാപംമൂലം കേരളീയജനതയുടെ ഹൃദയം വാർന്നൊഴുകി. മാധ്യമങ്ങൾ ആ അതിവൈകാരികതക്ക് എരിവും പുളിയും ചേർത്തു. ആഴ്ചകളോളം കേരളം മരട് വാർത്തകളിൽ കണ്ണും കാതും നട്ടിരുന്നു. എന്നാൽ കാലങ്ങളായി വികസനപ്രവർത്തനങ്ങളുടെ പേരിലും അനധികൃത വനഭൂമികയ്യേറ്റത്തിന്റെ പേരിലും കുടിയിറക്കപ്പെടുന്ന ആദിവാസിസമൂഹത്തിനു പറയാനുള്ള കഥകൾക്ക് ഒരിക്കലും വേണ്ട വാർത്താപ്രാധാന്യം ലഭിച്ചിരുന്നില്ല. മുത്തങ്ങ സമരത്തിനു ലഭിച്ച ജനശ്രദ്ധ പോലും അവർ രക്തം നൽകി നേടിയെടുത്തതായിരുന്നു.

“ഇങ്ങനെയൊക്കെ കാടു കയറി ചിന്തിക്കേണ്ടതുണ്ടോ? എല്ലാ വാർത്തകളും വാർത്തകളല്ലേ? അതിൽ എവിടെയാണ് വിവേചനം?” എന്നു കരുതുന്ന ചില നിഷ്കളങ്കയുക്തികളുണ്ടാകാം. പത്രകോളങ്ങളുടെയും ന്യൂസ്ഫീഡുകളുടെയും മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കാൻ അദൃശ്യസ്വാധീനമുള്ള വരേണ്യവിഭാഗത്തിന് ഇതൊന്നും പ്രശ്നമായി അനുഭവപ്പെടാത്തത് അവഗണിക്കപ്പെടുന്നവരുടെ ജീവിതാനുഭവങ്ങൾ അന്നുമിന്നും അവർക്കന്യമായത്‌ കൊണ്ടാണ്.

സമൂഹമാധ്യമങ്ങൾ ചില സാധ്യതകളൊക്കെ തുറന്നു വയ്ക്കുന്നുണ്ട് എന്നത് അല്പം ആശ്വാസകരമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ഒരേ പോലെ കടന്നു ചെല്ലാൻ സാധിക്കുന്നതിനാൽ തങ്ങളുടെ വാർത്തകൾ പൊതുമണ്ഡലത്തിലേക്കെത്തിക്കാൻ കുറേക്കൂടി വിശാലമായൊരു വേദിയാണ് സമൂഹമാധ്യമങ്ങൾ പാർശ്വവത്കൃതജനതയ്ക്കു മുന്നിൽ തുറന്നു വെക്കുന്നത്. മുൻകാലങ്ങളേക്കാലേറെ ദളിത് പീഡനങ്ങളും ലൈംഗികന്യൂനപക്ഷാവകാശങ്ങളും സമൂഹം ചർച്ച ചെയ്യുന്നതും അത് കൊണ്ടാണ്.

വാർത്തകളുടെ ജനാധിപത്യവത്കരണം സാധ്യമാവുക ജനതയുടെ ജനാധിപത്യവത്കരണത്തിലൂടെ മാത്രമാണ്. ജനാധിപത്യം എന്നത് ഒരു ഭരണസംവിധാനത്തേക്കാളുപരി ഒരു മൂല്യബോധം കൂടിയാണെന്ന് വരേണ്യവർഗ്ഗം തിരിച്ചറിയുമ്പോൾ അവഗണനയുടെ തുരുത്തുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന മനുഷ്യർ കൂടി മുഖ്യധാരയിലേക്ക് ഉൾച്ചേർക്കപ്പെടുന്നു. അത് സംഭവിക്കാത്തിടത്തോളം കാലം വാർത്തകൾ ഒരു കേന്ദ്രീകൃത അധികാരവ്യവസ്ഥ മാത്രമാണ്.

2 thoughts on “വാർത്തകളുടെ വരേണ്യപക്ഷം

  1. BUSINESS MUST GO ON!
    അതിപ്പോ മാധ്യമപ്രവർത്തനം ആയാലും രാഷ്ട്രീയം ആയാലും മറ്റെന്തായാലും.
    വികസനം എന്നത് അല്ലെങ്കിൽ ഉയർച്ച എന്നത് ആരും പട്ടിണികിടക്കാത്ത ഒരു സാമൂഹ്യസാഹചര്യം സൃഷ്ടിക്കലാണ് എന്നൊരു പൊതുബോധം ശക്തിപ്പെടാത്തിടത്തോളം കാലം അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner